സ്വന്തം ഗ്രാമമായ ഇടുക്കി പൂമാലയിലെ പ്രശസ്തരായ കഥാപാത്രങ്ങളെ വച്ച് രസകരമായ പൂമാലക്കഥകള്‍ പറയുന്ന നാടകത്തിന്റെ രചനയിലായിരുന്നു തൃശൂര്‍ നാടകസംഘത്തിലും ഊരാളി ബാന്‍ഡിലെയും നടനായ മല്ലു പി. ശേഖര്‍. അതിനിടയിലാണ് ലോക്ഡൗണ്‍ വന്നത്. അതോടെ നാടകത്തിനുള്ള സാധ്യതയ്ക്ക് തല്‍ക്കാലം വിലക്കു വീണു. 'എന്തായാലും വീട്ടിലിരിക്കുകയല്ലേ, ഫെയ്‌സ്ബുക്കിലൂടെ പൂമാലയിലെ കുറച്ചു കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയാലോ എന്ന് തോന്നി. വിഡിയോ ഇറക്കിയതിന് തലേന്ന് പോസ്റ്റര്‍ ഇട്ടു. മൂര്‍ഖന്‍ പിള്ളയെ അവതരിപ്പിച്ച ആദ്യ വിഡിയോ കണ്ടപ്പോഴേ പൂമാലക്കാര്‍ ഹാപ്പി. മറ്റു സ്ഥലങ്ങളിലുള്ളവര്‍ നാടിനെ അറിയുന്നതിന്റെ സന്തോഷം. അടുത്തതിന് വേണ്ടി കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് എഫ് ബി ഇന്‍ബോക്‌സിലും ഫോണ്‍വിളിയുടെയും ബഹളമായി. ഇപ്പോള്‍ വിഡിയോ അപ്ലോഡ് ചെയ്യാന്‍ കുറച്ച് വൈകിയാല്‍തന്നെ വിളി വരാന്‍ തുടങ്ങിയിരിക്കുന്നു.' മല്ലുവും ഹാപ്പി.
ഇരട്ടപ്പേരുകള്‍ ഇഷ്ടംപോലെ
പ്രത്യേകതകള്‍ കുറേയുണ്ട് പൂമാലയ്ക്ക്. തൊണ്ണൂറുകളില്‍ ഈ ഗ്രാമത്തില്‍ ജീവിച്ചിരുന്ന പലരും ഇരട്ടപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവരുടെ യഥാര്‍ഥ പേര് ആര്‍ക്കും അറിയില്ല. ഈ ഇരട്ടപ്പേരുകളിടുന്നതാര് എന്നതും ആര്‍ക്കും ഇതുവരെ കണ്ടുപിടിക്കാനാകാത്ത രഹസ്യമാണ്. അതുപോലെ കവലകള്‍ക്കുമുണ്ട് ഇരട്ടപ്പേര്. പൂമാലയിലെ ഒരു കവലയില്‍ പണ്ട് ഒരു സ്വാമി ജീവിച്ചിരുന്നു. ആ കവല സ്വാമിക്കവലയായി. ലൂസിഫര്‍ എന്നു പേരുള്ളയാള്‍ താമസിച്ചിരുന്ന ജങ്ഷന്‍ ചെകുത്താന്‍കൂടും, കള്ളുകുടിച്ചവര്‍ വന്നിരുന്ന് തെറി പറയുന്ന കവല സരസ്വതിക്കവലയുമായി.

പൂമാലയില്‍ അന്ന് പിള്ളമാര്‍ ഒന്നല്ല, നാലായിരുന്നു. പാമ്പുകളുടെ പേരിട്ടാണ് ഓരോരുത്തരെയും വിളിച്ചിരുന്നത്. മൂര്‍ഖനെപ്പോലെ പെട്ടെന്ന് പത്തി വിടര്‍ത്തുന്നവനാണ് ദേഷ്യക്കാരനായ മൂര്‍ഖന്‍പിള്ള. ശാന്തനായി കാണപ്പെട്ടാലും ഘോരവിഷമുള്ളവനാണ് അണലിപ്പിള്ള. മെലിഞ്ഞ് എപ്പോഴും സന്തോഷവാനായിരുന്നയാള്‍ നീര്‍ക്കോലിപ്പിള്ളയായി. രാത്രി മാത്രം കാണപ്പെടുന്നയാള്‍ മഞ്ചട്ടിപ്പിള്ളയും.മൂര്‍ഖന്‍ പിള്ളയെ മുഖത്തുനോക്കി അങ്ങനെ വിളിക്കുന്നത് മൂപ്പര്‍ക്ക് കലിയാണ്. പക്ഷെ, മക്കള്‍ അതിനോട് വലിയ എതിര്‍പ്പൊന്നും കാണിച്ചിരുന്നില്ല. ഒരിക്കല്‍ പൂമാലയില്‍ സര്‍ക്കസ് വന്നു. സര്‍ക്കസ് കമ്പനിക്കാര്‍ക്ക് കറന്റ് കൊടുത്തത് മൂര്‍ഖന്‍ പിള്ളയുടെ ചായക്കടയില്‍ നിന്നാണ്. ഷോ കഴിഞ്ഞ് കമ്പനിക്കാര്‍ മൈക്കിലൂടെ മൂര്‍ഖന്‍പിള്ളയ്ക്ക് നന്ദി അറിയിച്ചു. കലി കയറിയ പിള്ള അപ്പോള്‍ തന്നെ ആ കണക്ഷന്‍ വയറങ്ങ് വലിച്ചിട്ടു. അങ്ങനെ ഓരോരുത്തരുമായിച്ചേര്‍ത്തും രസകരമായ പല സംഭവങ്ങളുണ്ട്.
പൂമാലയ്ക്ക് പുതിയ ടെക്‌നോളജികള്‍ പരിചയപ്പെടുത്തുന്നത് കിഞ്ചന്‍ കോവിയാണ്. സ്വാമിക്കവലയിലെ സ്വാമിയില്‍ നിന്ന് കഞ്ചാവ് വാങ്ങിവലിച്ച് ഒരിക്കല്‍ കിഞ്ചനായി നടന്നു ഗോപി. പിന്നീട് കഞ്ചാവൊന്നും വലിച്ചില്ലെങ്കിലും ഗോപിയെ പിന്നീട് കിഞ്ചന്‍ കോവി എന്നു പറഞ്ഞാലേ അറിയൂ എന്നായി. ടേപ്പ് റെക്കോഡറും ബോണി എമ്മിന്റെ പാട്ടുള്ള കസെറ്റും ടോര്‍ച്ചുമൊക്കെ ഗോപിയുടെ കൈയിലാണ് പൂമാലക്കാര്‍ ആദ്യം കണ്ടത്. മകരവിളക്ക് എന്നറിയപ്പെട്ടിരുന്ന ഒരു എസ് ഐ, പണ്ട് ഏതോ രാഷ്ട്രീയക്കാരനോട് 'കുഞ്ഞുമോന്‍ ഗാന്ധി' എന്ന രണ്ടാമത്തെ വിഡിയോയിലെ അതേ ഡയലോഗ് അടിച്ചിട്ടുണ്ട്. അങ്ങനെയാണ് അയാള്‍ക്ക് ആ പേര് വീണത്. 'ബാസ്' ഇട്ട് സംസാരിക്കുന്ന ബാസ് മണിയും ഉറക്കെ പത്രം വായിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സ്പീക്കര്‍ അച്ചായനുമൊക്കെ അവിടെ ജീവിച്ചിരുന്നു. വ്യക്തിജീവിതത്തിലേക്ക് കടക്കാതെ ആ പേരുകള്‍ മാത്രമെടുത്ത് പലരിലും കണ്ട സ്വഭാവങ്ങള്‍ ചേര്‍ത്തും സിറ്റേഷ്വന്‍ ക്രിയേറ്റ് ചെയ്തുമാണ് വിഡിയോയിലെ കഥാപാത്രങ്ങളെ ഉണ്ടാക്കിയിരിക്കുന്നത്. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ലക്ഷ്യം. ചേഷ്ഠകളെല്ലാം മനോധര്‍മമനുസരിച്ച്. ഇവരെ അന്വേഷിച്ച് പൂമാലയിലെത്തിയാല്‍ കണ്ടെന്നും കണ്ടില്ലെന്നും വരാം. സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധപരാമര്‍ശങ്ങളും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഗൗരവമുള്ള ചില സന്ദേശങ്ങള്‍ പകരുക എന്നൊരു ലക്ഷ്യവും മനസ്സില്‍ വച്ചാണ് ചെയ്യുന്നത്. ആഴ്ചയില്‍ ഒരു വിഡിയോ വീതമായിട്ടാണ് ഇറക്കുന്നത്. ഇനി ഇതൊരു സീരീസ് ആക്കണം.
കൂട്ടിന് കുടുംബം
അയല്‍പക്കത്തെ പാത്രങ്ങളും തൃശൂര്‍ വ്യവസായ വകുപ്പില്‍ ഉദ്യോഗസ്ഥയായ ഭാര്യ റാണിയുടെ ഷോളും വരെ പ്രോപ്പര്‍ട്ടീസ് ആയി. തൃശൂരിലെ വീടിന്റെ ഉപയോഗിക്കാതെ കിടന്ന പിന്നാമ്പുറം ചായക്കടയാക്കി. മകന്‍ മൂന്നര വയസ്സുകാരന്‍ തേനനും, കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കി റാണിയും സഹായികളായി. ചമയവും കാമറയും സ്‌ക്രിപ്റ്റും സ്വയം ചെയ്യും. ലൈറ്റ് ഒന്നും വയ്ക്കാതെ സാധാരണ ഫോണ്‍ കാമറയിലാണ് ഷൂട്ട്. ചരിത്ര പുസ്തകത്തിലേക്ക് ഒരേട്, ഭൂമിയുടെ അവകാശികള്‍, ദീപന്‍ ശിവരാമന്റെ 'സ്‌പൈനല്‍ കോഡ'്, പിയര്‍ ഗിന്റ് എന്നീ നാടകങ്ങളുടെ പിന്നരങ്ങില്‍ പ്രവര്‍ത്തിച്ച എന്‍. സാജനാണ് വിഡിയോകള്‍ എഡിറ്റ് ചെയ്യുന്നത്. 'രണ്ട് ഗുണങ്ങളാണ് ഇതിലൂടെ കിട്ടിയത്. വീട്ടിലിരിക്കുന്നതിന്റെ മുഷിച്ചിലും മാറി, നടനെന്ന നിലയില്‍ സ്വയം പരിശീലനവുമായി. പരിമിതികള്‍ക്കുള്ളില്‍ നിന്നു ചെയ്യുന്നതുകൊണ്ട് പെര്‍ഫെക്ഷന്‍ ശരിയാകാത്തതിന്റെ ചെറിയ പ്രശ്‌നങ്ങളുണ്ട്.'

കേരള സംഗീതനാടക അക്കാദമിയുടെ നാടകസംഘത്തിലൂടെ 2007ലാണ് മല്ലു പ്രഫഷണല്‍ നാടകനടനാകുന്നത്. അക്കാദമിയുടെ ആദ്യ ഇറ്റ്‌ഫോക് ഫെസ്റ്റിവല്‍ ഡയറക്ടറായ ജെ. ശൈലജയ്‌ക്കൊപ്പം സംഘാടകനായി ആദ്യ ഇറ്റ്‌ഫോകില്‍ പങ്കാളിയായി. പപ്പറ്റ് തിയേറ്ററുമായി ഫ്രഞ്ച് സംവിധായിക ബ്രിജിത്ത് റവേലിക്കൊപ്പം ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചു. ദേശീയ- അന്തര്‍ദേശീയ നാടകോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇറ്റാലിയന്‍ നാടകകൃത്തും നൊബേല്‍ ജേതാവുമായ ദാരിയോ ഫോയുടെ 'കാണ്‍ട് പേ? വോണ്‍ട് പേ?'യുടെ മലയാള ആഖ്യാനമായ 'സൂപ്പര്‍മാര്‍ക്കറ്റ്' (സംവിധാനം - ജെ. ശൈലജ), ശാസ്ത്രസാഹിത്യ പരിഷത്തിനു വേണ്ടി പ്രഫ. പി. ഗംഗാധരന്‍ സംവിധാനം ചെയ്ത 'ഗലീലിയോ', ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത പിയര്‍ ഗിന്റ്, തൃശൂര്‍ നാടകസംഘത്തിന്റെ പോസ്റ്റ് ഓഫിസ്, ചക്ക, മാര്‍ട്ടിന്‍ ഊരാളിയുടെ ഓടിച്ചോടിച്ച് ഒരു ബസ് നാടകം, ജോസ് കോശിയുടെ ചരിത്ര പുസ്തകത്തിലേക്ക് ഒരേട് തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. കന്നഡ നാടകപ്രവര്‍ത്തകന്‍ കെ. ജി. കൃഷ്ണമൂര്‍ത്തി, സുര്‍ജിത്ത്, കെ. ആര്‍. രമേശ്, സാംകുട്ടി പട്ടങ്കരി, ജെയിംസ് ഏലിയ തുടങ്ങി പ്രമുഖ നാടകപ്രവര്‍ത്തകരുടെ നാടകങ്ങളിലും വേഷങ്ങള്‍ ചെയ്തു. ആഭാസം, ലഡ്ഡു, നമുക്കൊരേ ആകാശം, ത്രിശ്ശിവപേരൂര്‍ ക്ലിപ്തം തുടങ്ങിയ മലയാള സിനിമകളിലും ചാര്‍ളിയുടെ തമിഴ് പതിപ്പായ 'മാരാ'യിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ചക്രവാളത്തിനുമപ്പുറം എന്ന സിനിമയില്‍ അഭിനയിച്ചതോടെ പൂമാലയിലെ 'പ്രശസ്ത സിനിമാനടന്‍' ആയതാണ് മല്ലു. പക്ഷെ സിനിമ പകുതി വച്ച് നിന്നു പോയി. ശരിക്കൊന്നു ഷൈന്‍ ചെയ്യാനുള്ള അവസരം അന്ന് നഷ്ടമായെങ്കിലും ഇന്ന് പൂമാല വിഡിയോകളിലൂടെ നാട്ടുകാരുടെ കുഞ്ഞുതാരമായിക്കൊണ്ടിരിക്കുകയാണ് മല്ലു. അതുകൊണ്ട് ലോക്ഡൗണിനു ശേഷവും പുതിയ കഥാപാത്രങ്ങളുമായി വരാമെന്ന് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വാഗ്ദാനവും നല്‍കിക്കഴിഞ്ഞു.