Monday 01 July 2019 05:19 PM IST : By സ്വന്തം ലേഖകൻ

കുത്തുവാക്കുകൾ കേട്ട് ഏഴ് കൊല്ലം കാത്തിരുന്നു; പിന്നെ കിട്ടിയ മുത്തിനെ വിധിയും കൊണ്ട് പോയി; ഇപ്പോൾ ആറു മാസം ഗർഭിണി

INV

‘വിശേഷം ഒന്നു ആയില്ല്യേ...മോളേ...’ കല്യാണം കഴിഞ്ഞ് രണ്ടാഴ്ച തികയേണ്ട. അതിനു മുന്നേ ഉമ്മറക്കോലായിൽ നിന്നും ആ ചോദ്യം മുഴങ്ങും. പെൺപിറന്നോളുമാരുടെ വിശേഷം തിരക്കാനുള്ള പേറ്റന്റ് മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിക്കുന്ന അമ്മായിമാരുേടയും അയൽപ്പക്കക്കാരുടേയും ശുഷ്കാന്തി, അതൊന്നു കേൾക്കേണ്ടത് തന്നെ..വിശേഷം ഒന്നും ആയില്ല്യേ എന്ന്...ഒരു ചെറുചിരിയിൽ ഇല്ലെന്ന് മറുപടിയൊളിപ്പിച്ച് ചോദ്യം തിരക്കലുകാരെ പറഞ്ഞയക്കാനുള്ള പാട് അത് പെണ്ണുങ്ങക്കേ അറിയൂ...

ആഴ്ചകൾ മാസങ്ങൾക്ക് വഴിമാറുമ്പോൾ ഇതാ എത്തി ചോദ്യശരം സീസൺ ടു. ‘ഡോക്ടറെ കാണിച്ചില്ലേ മോളേ...’. മുഖം കറുപ്പിക്കാതെ ചായയും കൊടുത്ത് അവരെ പറഞ്ഞയക്കുമ്പോൾ ക്ഷമയുടെ നെല്ലിപ്പലക അവിടെയിവിടെ കണ്ടു തുടങ്ങും.

ഇനിയാണ് ഐതിഹാസികമായ ചോദ്യം. മോളേ പ്രശ്നം മോൾക്കാണോ അതോ മോനാണോ...എനിക്കറിയാവുന്ന ഒരു ഡോക്ടറുണ്ട് പറഞ്ഞു തരട്ടെയോ? അവിടൊന്നും നിൽക്കാതെ എണ്ണം പറഞ്ഞ ദണ്ണങ്ങൾ വരെ ഭേദമാക്കുന്ന മന്ത്രവാദികളുടെ അപ്പോയിൺമെന്റ് വരെ തരപ്പെടുത്തി കൊടുക്കുന്ന അഭ്യൂദയകാംക്ഷികൾ വരെയുണ്ട് നമ്മുടെ നാട്ടിൽ, അതാണ് അവസ്ഥ. ഇത്രയൊക്കെ ആകുമ്പോഴേക്കും ആണിന്റേയും പെണ്ണിന്റേയും നിയന്ത്രണം കപ്പല് കയറിയിട്ടുണ്ടാകും. ചിലർ ശക്തമായി പ്രതികരിക്കും, ചിലർ കരഞ്ഞു കലങ്ങിയ കണ്ണീരോടെ കാലം കഴിക്കും.

ഒരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹിച്ച് അത് നടക്കാതെ പോയവരും, ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ പ്രവസകാലം നീട്ടി വച്ചവരും, ഉത്തരവാദിത്തങ്ങളുടേയും ജോലിയുടേയും പേരിൽ കുഞ്ഞുങ്ങൾ തത്കാലം വേണ്ടെന്ന് തീരുമാനിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ഏറ്റവും രസകരം.

ഒരു കുഞ്ഞിക്കാല് കാണാൻ കൊതിച്ച നീണ്ട 14 കൊല്ലത്തിനിടെ ഇജ്ജാതി വെറുപ്പിക്കുന്ന ചോദ്യങ്ങൾ ആവോളം കേട്ടിട്ടുണ്ടെന്ന് പറഞ്ഞത് കുഞ്ചാക്കോ ബോബന്റെ പത്നി പ്രിയയാണ്. കുഞ്ഞെന്ന സ്വപ്നത്തിനായി നീറി നിൽക്കുന്നവരുടെ മേൽ മുളകുപുരട്ടുന്ന ചോദ്യങ്ങളുമായെത്തിയവരെ ഏറെ വേദനയോടെയാണ് പ്രിയ തുറന്നു കാട്ടിയത്. കുഞ്ഞില്ലാത്ത വേദന എത്ര അടക്കി വച്ചാലും സങ്കടച്ചില്ലു കൊണ്ട് മുറിവേൽപ്പിക്കുന്നവരെ കുറിച്ചു കൂടിയാണ് പ്രിയ പറഞ്ഞ‌ു വച്ചത്.

hash

പ്രിയയുടെ വേദനകൾ ‘വനിത ഓൺലൈൻ’ വായനക്കാർക്കു മുന്നിലെത്തിയപ്പോഴും ഉണ്ടായിരുന്നു സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോയ നിരവധി സ്ത്രീജന്മങ്ങൾ. ചങ്കുപൊള്ളിക്കുന്ന ആ അനുഭവ സാക്ഷ്യങ്ങളിലേക്ക് വനിത ഓൺലൈൻ കടന്നു ചെന്നപ്പോൾ കേട്ടത് വേദനിപ്പിക്കുന്ന ഒരുപിടി കഥകൾ.

കരളുറപ്പു കൊണ്ട് നേരിട്ട ആ ചോദ്യശരങ്ങൾ, വേദനയുടെ പ്രസവകാലങ്ങൾ, നെഞ്ചുനീറ്റുന്ന കുത്തുവാക്കുകൾ വായനക്കാർ അവർ ഇതാ ലോകത്തോടു പങ്കുവയ്ക്കുകയാണ്. വിശേഷം തിരക്കലുകാരുടെ വേദനയൊളിപ്പിച്ച ചോദ്യങ്ങൾക്ക് അവർക്ക് മറുപടി പറയാൻ വനിത ഓൺലൈൻ തന്നെ വേദിയൊരുക്കിയിരിക്കുന്നു. പണ്ടെങ്ങോ പറയാൻ ബാക്കിവച്ച അവരുടെ മറുപടി കാലത്തിന്റെ കാവ്യനീതിയെന്നോണം ഇതാ വായനക്കാരിലേക്കെത്തുന്നു #ഇവിടെനല്ലവിശേഷം...

#ഇവിടെനല്ലവിശേഷം ഹാഷ്ടാഗിൽ വനിത അനുഭവങ്ങൾ തേടിയപ്പോൾ അഭൂതപൂർണമായ മറുപടികളാണ് ലഭിച്ചത്. തെര‍ഞ്ഞെടുത്ത അനുഭവങ്ങളിലൊന്ന് ചുവടെ ചേർക്കുന്നു.

രമ്യ രാമചന്ദ്രൻ എന്ന വീട്ടമ്മ വനിതയോട് പങ്കുവച്ച അനുഭവം ഇങ്ങനെ;

വനിത....മോശമായ അനുഭവങ്ങൾ തന്നെ യാണ് ഞങ്ങൾ ക്കും പറയാനുള്ളത്......കുട്ടികൾ വൈകിയപ്പോൾ ഞങ്ങൾ പ്ലാനിങ് ൽ ആണെന്നുള്ള പഴി കേട്ടു. ചില പേരുകൾ, വാക്കുകൾ കൊണ്ട് ആക്ഷേപിച്ചു .....ഞാനും ഭർത്താവും ആള് കൂടുന്നിടത്തുന്ന് ഒക്കെ മാറി നിന്നു.

ദൈവാനുഗ്രഹം ഇല്ലാത്തവരെ പോലെ, എന്തോ അപരാധം ചെയ്തവരെ പോലെ ഞങ്ങളെ പരിഹസിച്ചു...അന്യോന്യം ആശ്വസിപ്പിക്കാൻ അല്ലാതെ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും... 7 വർഷം ആയപ്പോൾ ഗർഭിണിയായി...

ഈ സന്തോഷത്തിന് 9 മാസം വരെ മാത്രം ദൈവം ആയുസ് വിധിച്ചു...33 ആഴ്ച യിൽ എമർജൻസി സിസേറിയൻ നടത്തേണ്ടി വന്നു... മൂത്രത്തിലൂടെ ആൽബുമിൻ നഷ്ടപ്പെട്ടതും bp കൂടി placenta വേർപെട്ട് പോകുന്ന abruption നും.... സങ്കീർണമായ അവസ്‌ഥ...2.500 gm ഉണ്ടായിരുന്നു ഞങ്ങളുടെ മകൻ...കുട്ടികൾ ഇല്ലാതിരുന്ന ദുഃഖ ത്തിന്റെ ആയിരം മടങ്ങു ദുഃഖം തന്നുകൊണ്ടു അവൻ പോയി......

അതുവരെ ഉള്ള എല്ലാ പരിശോധന കളും നോർമൽ ആയിരുന്നു....6 മാസം ഓർമ ഇല്ലാതെ... പേര് പോലും പണിപ്പെട്ട് ഓർത്തു എടുക്കേണ്ട അവസ്ഥ.....അടുത്ത ബന്ധുക്കളെ കൂട്ടുകാരെ ഒക്കെ മറന്നുപോയി....ആദ്യം ദ്രോഹിച്ചവർ, ഗർഭിണി ആയപ്പോൾ കാണാൻ വരാത്തവർ എല്ലാം വീണ്ടും എത്തിത്തുടങ്ങി.. ഒരാളെയും വീട്ടിൽ കയറ്റിയില്ല... കുഞ്ഞു നഷ്ടപ്പെട്ട തിനെക്കുറിച് അവരവർക്ക് തോന്നുന്ന കഥകൾ പറഞ്ഞു... മരിച്ചാൽ കൊള്ളാം എന്ന് തോന്നിയ നിമിഷങ്ങൾ...ഇപ്പൊ കല്യാണം കഴിഞ്ഞു10 വർഷം.....പുതിയ പ്രതീക്ഷ എന്നോണം ഞാൻ 6 മാസം ഗർഭിണി..... Negative feedback തരുന്ന വരെ എല്ലാം മാറ്റിനിർത്തി പരമാവധി സന്തോഷത്തോടെ ഇരിക്കുന്നു... പ്രാർത്ഥന കളോടെയും.....