Wednesday 08 December 2021 04:42 PM IST

‘ആഭരണങ്ങൾ വാടകയ്ക്ക്, ഒരുതരി പൊന്നില്ല, വേണമെങ്കിൽ കല്യാണവസ്ത്രവും കിട്ടും’: മാതൃകയാക്കാം ഈ കല്യാണം

Binsha Muhammed

vinaya-bharath

‘നിങ്ങളെന്തു കൊടുക്കും..’. അൽപം കൂടി മയപ്പെടുത്തിയാൽ ‘നിങ്ങളെന്താണോ കരുതിയത് അത് കൊടുക്കുക.’

ചോദ്യം രണ്ടു വിധത്തിലുള്ളതാണെങ്കിലും മനസിലിരുപ്പ് ഒന്നു തന്നെയായിരിക്കും. കല്യാണ പന്തലിൽ പെണ്ണെത്തുമ്പോൾ ഇട്ടുമൂടാനുള്ള ആഭരണങ്ങൾ അത് ‘മസ്റ്റാണെന്നാണ്’ സഭകൂടി പറഞ്ഞുവയ്ക്കുന്നതിന്റെ ചുരുക്കം.

കല്യാണ ചർച്ചകളിൽ മുന്നോട്ടു വയ്ക്കുന്ന തേനിൽ ചാലിച്ചുള്ള ഈ ഡിമാന്റ് പലപ്പോഴും പെൺവീട്ടുകാരുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളായിരിക്കും. കയ്യിൽ കരുതിയതും സ്വരുക്കൂട്ടയതുമായ പൊന്നും പണവും പണ്ടങ്ങളും പോരാതെ വരുമ്പോൾ ആ പാവങ്ങള്‍ പിന്നെ ചെന്നെത്തി നിൽക്കുന്നത് അറക്കവാളു പോലും തോൽക്കുന്ന കൊള്ളപ്പലിശക്കാരന്റെ മുന്നിലായിരിക്കും.

ബാങ്കുകളായ ബാങ്കുകളൊക്കെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ, അവസാന പ്രതീക്ഷയും അസ്തമിച്ചപ്പോൾ ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ച വിപിന്റെ ചിതയിലെ തീ ഇനിയും കെട്ടടങ്ങിയിട്ടുണ്ടാകില്ല. ആ ചെറുപ്പക്കാരന്റെ മരണം വേദനയായി മുന്നിലുള്ളപ്പോഴും പാഠം പഠിക്കാത്ത മലയാളി അടുത്ത കല്യാണ കച്ചവടം ഏതെങ്കിലും വീടിന്റെ ഉമ്മറത്തിരുന്ന് ഊട്ടിയുറപ്പിക്കുന്നുണ്ടാകും. ആൺപിറന്നോൻമാരുടെ കണ്ണീരു വീഴുന്ന ഈ കാലത്ത്, വിവാഹ ധാരാളിത്തങ്ങൾ നൽകിയ ബാധ്യതകളുടെ കെട്ടുമാറാപ്പുകളും പേറി ജീവിക്കുന്ന ശരാശരി കുടുംബങ്ങളുടെ കണ്ണീരിനെ സാക്ഷിയാക്കി ‘വനിത ഓൺലൈൻ’ വേറിട്ട ചില ജീവിതങ്ങളെ പരിചയപ്പെടുത്തുകയാണ്. പവൻ തിളക്കമോ പണച്ചാക്കുകളോ ഇല്ലാതെ ആഘോഷങ്ങളില്ലാതെ ജീവിക്കാൻ തീരുമാനിച്ചവരുടെ കഥ. ഇട്ടുമൂടാൻ പണ്ടമോ ബാങ്ക് ബാലൻസോ ഇല്ലാതെ ലളിതമായി കല്യാണം നടത്തിയവരുടെ മാതൃകാ ജീവിതകഥ. മുംബൈ സ്വദേശിയായ ജയലക്ഷ്മി ജയകുമാറിന് പറയാനുള്ളത് കല്യാണപ്പൊന്ന് വാടകയ്ക്കെടുത്ത് മകളെ അവളുടെ ജീവിതപ്പാതിയോടു ചേർത്തു നിർത്തിയ കല്യാണക്കഥ. ‘വനിത ഓൺലൈൻ പരമ്പര’ തുടങ്ങുന്നു, ‘കണ്ണീരാകരുത് കല്യാണം...’

jaya-4

പെണ്ണല്ലേ പൊന്ന്...

സ്വന്തം പെങ്ങൾക്ക് ഇത്തിരിപ്പൊന്ന് തേടി അലഞ്ഞ വിപിനെന്ന ചെറുപ്പക്കാരന്റെ മരണം ഇനിയും ഞങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. എന്തുണ്ടെങ്കിലും സ്വർണമില്ലെങ്കിൽ കല്യാണം നടക്കില്ലാ എന്ന നാട്ടു നടപ്പിന്റെ ഇരയാണ് ഈ ചെറുപ്പക്കാരൻ. വിപിന്റെ മരണം സംഭവിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ്, നവംബർ 10ന് ഒരു വിവാഹം നടന്നിരുന്നു. മറ്റാരുടെയുമല്ല, എന്റെ മകൾ വിനയയുടേയും അവളുടെ കൂട്ടുകാരൻ ഭരതിന്റേയും. അവളണിഞ്ഞത് റോൾഡ് ഗോൾഡാണ്. അതും വാടകയ്ക്ക് എടുത്തത്. ലെഹങ്കയും ഇത്തരത്തിൽ വാടകയ്ക്ക് കിട്ടുമെന്ന് വൈകിയാണറിഞ്ഞത്. അല്ലെങ്കിൽ ഒറ്റ ദിവസം ഇട്ടിട്ട് അലമാരയിലെ പൊടിക്കും മാറാലയ്ക്കും കൊടുക്കുന്ന വിവാഹ വസ്ത്രവും അത്തരത്തില്‍ വാടകയ്ക്ക് എടുത്തേനെ. പുതിയത് മേടിക്കാൻ കാശില്ലായിട്ടില്ല, ചെയ്തതു തുറന്നു പറയുന്നതിൽ നാണക്കേടുമില്ല– ജയലക്ഷ്മി പറഞ്ഞു തുടങ്ങുകയാണ്.

jaya-2

ഞാനും കുടുംബവും മുബൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഭർത്താവ് ജയകുമാർ ബാങ്കിൽ നിന്നും റിട്ടയർ ചെയ്തു. ഞാനൊരു ഇൻഷ്വറൻസ് കമ്പനിയിൽ ജോലിനോക്കുന്നു. പൊതുവേ എനിക്ക് സ്ത്രീധന കല്യാണങ്ങളോട് എതിർപ്പ് മാത്രമല്ല, വല്ലാത്തൊരു വെറുപ്പാണ്. സമൂഹത്തിൽ കുറേ പെൺകുട്ടികളുടെ കണ്ണീരു കണ്ടതു കൊണ്ടാണ് ആ വെറുപ്പ് ഉള്ളിലുള്ളത്. മക്കളെ സ്വയം പര്യാപ്തരാക്കുക, യാതൊരു കണക്കു പറച്ചിലിനും ഇടകൊടുക്കാതെ അവരെ വിവാഹം കഴിപ്പിച്ചയക്കുക അത്രയേ ഞങ്ങൾക്കും ഉണ്ടായിരുന്നുള്ളൂ. ഭാഗ്യവശാൽ മകൾ വിനയ കണ്ടെത്തിയ ചെറുക്കൻ ഭരതും ഞങ്ങളുടെ അതേ വേവ് ലെംഗ്ത് ഉള്ളയാളായിരുന്നു. ഒരു തരി പൊന്നോ നയാപ്പൈസയോ പോലും അവർ വിവാഹ ചർച്ചകളായി ഡിമാന്റായി മുന്നോട്ടു വച്ചിട്ടില്ല. രണ്ടു കുടുംബങ്ങൾ ഒരേ മനസോടെ എടുത്ത ആ തീരുമാനത്തിൽ നിന്നുമായിരുന്നു വിവാഹ ഒരുക്കങ്ങളും മുന്നോട്ടു പോയത്. വിനയ വിപ്രോയിലാണ് ജോലി ചെയ്യുന്നത്. ഭരത് ക്രിയേറ്റീവ് ഡയറക്ടറാണ്.  

jaya-3

ലളിതം സുന്ദരം മിന്നുകെട്ട്

മുംബൈയിലെ മുലുന്ദ് ഭക്തസംഘം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു വിവാഹ വേദി. വിവാഹത്തിനുള്ള റോൾഡ് ഗോൾഡ് രണ്ട് സെറ്റ്എടുത്തു. ഒന്ന് അമ്പലത്തിൽ വച്ചു നടന്ന കെട്ടിനും മറ്റൊന്ന് റിസപ്ഷനും. അതിന് മൂന്ന് ദിവസത്തേക്കുള്ള വാടക വെറും 8500 രൂപ മാത്രമേ ആയുള്ളൂ. ഒന്ന് ആലോചിച്ചു നോക്കൂ, ശരിക്കും ഒരു കല്യാണം നടത്താൻ പ്രത്യേകിച്ച് സ്വർണാഭരണങ്ങൾക്കു വേണ്ടി എത്ര ലക്ഷങ്ങൾ വീട്ടുകാർ പൊടിക്കും. ഒന്നു കൂടി പറയട്ടേ, ഞങ്ങളുടെ പക്കൽ കാശില്ലായിട്ടല്ല, സ്വർണം പവൻ കണക്കിന് വാങ്ങി ലോക്കറിൽ വയ്ക്കാൻ മനസില്ലായിട്ടാണ് ആ വഴിക്ക് തിരിയാത്തത്. സ്വർണം ശരിക്കും ‘വേസ്റ്റ് ഓഫ് മണി’ തന്നെയാണ്, ആ കാശ് കൊണ്ട് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്നു ചിന്തിച്ചു നോക്കൂ.

സ്വർണം എടുക്കാൻ ചെല്ലുമ്പോഴാണ് ലെഹങ്കയും വാടകയ്ക്ക് ലഭിക്കും എന്നറിയാൻ കഴിഞ്ഞത്. പക്ഷേ അതിനു മുന്നേ ഞങ്ങൾ ലെഹങ്ക വാങ്ങിയിരുന്നു. അല്ലെങ്കിൽ ലെഹങ്കയും വാടകയ്ക്ക് തന്നെ എടുത്തിരുന്നേനെ. 65000 രൂപ വിലമതിക്കുന്ന ലെഹങ്കയ്ക്ക് 18000 രൂപയാണ് വാടക. 20000 രൂപയ്ക്കുള്ള ലെഹങ്ക 5000 രൂപ വാടകയ്ക്ക് ലഭിക്കും. ഒരാൾ ധരിച്ച വസ്ത്രം അണിയാൻ ബുദ്ധിമുട്ടുള്ളവർ ഇങ്ങനെയൊരു ഓപ്ഷൻ എടുക്കണം എന്നില്ല. പക്ഷേ സ്വർണത്തിന്റെ കാര്യത്തിലെങ്കിലും ഇങ്ങനെയൊരു സാധ്യത ഉണ്ട് എന്നുള്ളത് പലർക്കും സൗകര്യപ്രദവും ആശ്വാസവുമായിരിക്കും. പ്രത്യേകിച്ച് സാധാരണക്കാരായ ആൾക്കാർക്ക്.

jaya-5

മകൾ വിനയയും ഇതേ ചിന്താഗതിക്കാരിയാണ് എന്നതിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളൂ. അവളുടെ അനിയത്തിക്കുട്ടി വിഭയ്ക്ക് നാളെയൊരു വിവാഹം ഉണ്ടാകുമ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരിക്കും. കാരണം നമ്മൾ അവർക്ക് കൊടുക്കാനുള്ളത് വിദ്യാഭ്യാസമാണ്. അതു ഞങ്ങൾ കൊടുത്തിട്ടുണ്ട്. അവൾ സ്വയം പര്യാപ്തരുമാണ്.

പിന്നെ ഇതൊരു മഹാസംഭവമായി കാണേണ്ടതില്ല, മറിച്ച് കച്ചവട കല്യാണങ്ങളുടെ കാലത്ത് ദുരഭിമാനം വെടിഞ്ഞ് മക്കളെ കൈപിടിച്ചു നൽകാൻ തയ്യാറായാൽ പെൺകുട്ടികളുടേയും അവരുടെ ആങ്ങളമാരുടെയും ആത്മഹത്യ വാർത്തകൾ കേൾക്കാൻ ഇടവരില്ല.– ജയലക്ഷ്മി പറഞ്ഞുനിർത്തി.

jaya-6