Monday 20 July 2020 10:24 AM IST

ഫുൾ എ പ്ലസ് എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് മനസിലായില്ല,പാസ്സായോ എന്ന് അമ്മ പേടിയോടെ തിരിച്ചു ചോദിച്ചു ; പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടി ജയൂസൂര്യയുടെ ‘ഫുൾ എപ്ലസ്’ തിളക്കം

Unni Balachandran

Sub Editor

1595069119462

‘അച്ഛൻ ആക്സിഡന്റിന് ശേഷം കിടപ്പിലായി. അമ്മ ആക്രി സാധനങ്ങൾ പെറുക്കിയാണ് വീട് നോക്കിയിരുന്നത്. സഹായിക്കാൻ ആരുമില്ല. അമ്മ ഇടയ്ക്ക പറയും നമ്മുടെ ഈ സാഹചര്യമൊക്കെ മാറും, നീ നന്നായി പഠിച്ചാൽ മതിയെന്ന്. അമ്മയുടെ ആ വാക്കുകൾ മാത്രമായിരുന്നു എന്റെ മനസ്സിൽ. ഞാൻ പഠിച്ചത് ഫുൾ എ പ്ലസ് വാങ്ങാനായിരുന്നില്ല, എന്റെ വീടിനെ നോക്കാൻ ഞാനേ ഉള്ളൂ എന്ന വിശ്വാസത്തിലായിരുന്നു ’ കെട്ടിടനിർമാണ തൊഴിലിനിടെ പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കിയ മലപ്പുറത്തെ പടിഞ്ഞാക്കരകാരൻ ജയസൂര്യ തന്റെ വിജയകഥ വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു....

വിജയം അറിഞ്ഞപ്പോൾ

കൊറോണ വന്ന ശേഷം ആക്രി പെറുക്കൽ മുടങ്ങി, വീടുകളിലേക്കൊന്നും അമ്മയെ കയറ്റിയിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ വീടിന് മുന്നോട്ട് പോകാൻ പണമില്ലാതെ വന്നു. എന്തെങ്കിലും ജോലി വേണമെന്ന് ഉറപ്പിച്ച് ഞാൻ രാവിലെ പണിക്കുള്ള സാധനങ്ങളുമെടുത്ത കാടാമ്പുഴ സ്റ്റാൻഡിൽ ചെന്ന് നിൽക്കും, ആരെങ്കിലും എന്നെ പണിക്ക് വിളിച്ചോണ്ട് പോകും. കെട്ടിടനിർമാണ മേഖലയിൽ ബംഗാളികൾ കുറവായതുകൊണ്ട് അവിടെ ആളെ വേണമായിരുന്നു. അങ്ങനെ തേപ്പിന്, വാർപ്പിനും കൽപണിക്കുമൊക്കെയായി ജോലിക്ക് പോയിതുടങ്ങി.

അങ്ങനെ ഒരു ദിവസം പണിസ്ഥലത്ത് ഇരിക്കുമ്പോഴാണ് എന്റെ കൂട്ടുകാരൻ റിസൽറ്റ് വരുന്നതിനെ പറ്റി പറയുന്നത്. ഭക്ഷണം കഴിക്കാനിരുന്ന നേരത്തായിരുന്നു അവനത് പറഞ്ഞത്. കഴിക്കുന്നതിനിടയിൽ ഞങ്ങൾ റിസൽറ്റ് നോക്കി, ഫുൾ എ പ്ലസ് എന്ന് കണ്ടപ്പോൾ പിന്നീട് ഒരു വറ്റ് പോലും ഇറങ്ങിയില്ല . ഞാനോടി അമ്മയ്ക്ക് അരികിലേക്ക് എത്തി. ഫുൾ എ പ്ലസ് എന്ന പറഞ്ഞപ്പോൾ അമ്മയ്ക്ക് മനസിലായില്ല. അമ്മയും അച്ഛനുമൊന്നും അത്ര വിദ്യാഭ്യാസമുള്ളവരല്ല. പാസ്സായോ എന്ന് അമ്മ പേടിയോടെ ചോദിച്ചു, ഞാൻ ആയെന്ന് തലയാട്ടിയപ്പോൾ അമ്മ ചിരിച്ചു. പിന്നീട് കാര്യങ്ങൾ കൂടുതൽ മനിസാലയപ്പോൾ അമ്മ എന്നെ അടുത്തേക്ക് പിടിച്ച് കവിളിലൊരു ഉമ്മ തന്നു. ആക്സിഡന്റിന് ശേഷം അച്ഛന് എല്ലാറ്റിനോടും ദേഷ്യമാണ്. പക്ഷേ, എന്തുകൊണ്ടോ ഞാൻ വിജയിച്ചെന്ന് അച്ഛന് മനസിലായിക്കാണും. അച്ഛൻ എന്നെ നോക്കിയൊന്നും പുഞ്ചിരിച്ചു.

പഠന രീതി

ഗവ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം.  മലയാളം മീഡിയം ആയിരുന്നു. പത്താം ക്ലാസിൽ ഒൻപത് എ പ്ലസും ഒരു ബിയുമാണ് എനിക്കുണ്ടായിരുന്നു. ഏഴാം ക്ലാസ് വരെ കുഴപ്പമില്ലാതെ നിന്നിരുന്ന മാത്‌സ് , പിന്നീട് പ്രശ്നമായി മാറി. അങ്ങനെയാണ് ഒരു വിഷയം ബി ആയിപ്പോയത്. അതുകൊണ്ട് തന്നെ പ്ലസ് 2 വിൽ മാത്സ് എടുക്കാതെ കൊമേഴ്സിലേക്ക് തിരിഞ്ഞു. കൊറോണ ആയതുകൊണ്ട് അവസാന ചില പരീക്ഷകൾ മാറ്റിവച്ചിരുന്നു. എങ്കിലും കൃത്യമായി റിവൈസ് ചെയ്ത് ഞാൻ മുന്നോട്ട് പോയി. പഠിക്കാൻ ഒത്തിരി സമയമൊന്നും എടുക്കാറില്ല. എട്ടു മുതൽ പത്ത് വരെ സാധാരണ ദിവസങ്ങളിൽ , പരീക്ഷയുള്ളപ്പോൾ കുറച്ചുകൂടെ അധികം അത്രേ ഉള്ളൂ.

ജീവിതം മാറ്റിയ ആക്സിഡന്റ്

ഇരുപത് വർഷങ്ങൾക്ക് മുൻപാണ് തമിഴ്നാട്ടിൽ നിന്ന് ഞങ്ങൾ കേരളത്തിലേക്കു എത്തിയത്. കേരളത്തിലെത്തി ഒരു വർഷത്തിനിപ്പുറം അച്ഛൻ രാജാക്കണ്ണിനെ കോട്ടയ്ക്കൽ ജംങ്ഷനിൽ വച്ച്,  ഓട്ടോയിടിച്ചു. ഒരു കൈയുടെ സ്വാധിനം നഷ്ടപ്പെട്ടു, തലയ്ക്കും സാരമായ അപടകടമുണ്ടായി. ആക്സിഡന്റിന് ശേഷം അച്ഛൻ എപ്പോഴും ദേഷ്യമായിരുന്നു. ആ സമയത്താണ് അമ്മ ഗോവിന്ദാമ്മ ആക്രിപ്പണിക്ക് പൊയി തുടങ്ങുന്നത്. അമ്മയോടൊപ്പം വീട്ടിൽ സാധനങ്ങൾ പെറുക്കാൻ പോകാൻ ഞാൻ വാശിപിടിച്ചിരുന്നു, കുട്ടികൾ കളിപ്പാട്ടത്തിന് വാശിപിടിക്കും പോലെ. അമ്മ കൊണ്ടപോകാത്തപ്പോൾ കരയും. ഞാൻ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകനാണ്. അമ്മ വീട്ടിൽ നിന്ന് ജോലിക്ക് പോയി കഴിഞ്ഞാൽ വയ്യാത്ത അച്ഛൻ മാത്രമുള്ള വീ്ട്ടിൽ ഞാനെപ്പോഴും വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു. കളിക്കാനോ ഒന്ന് സംസാരിക്കാനോ പോലും ആരുമിമല്ല. ആ ദിവസങ്ങളൊക്കെ ഞാൻ എങ്ങനെയൊ തള്ളിനീക്കി. പതുക്കെ ഏകാന്തതയെ ഇഷ്ടപ്പെടാൻ ശ്രമിച്ചു. വളർന്നപ്പോൾ പഠിക്കുന്ന കുട്ടികൾ ആക്രിപെറുക്കാൻ വരരുതെന്ന് അമ്മ പറയുമ്പൊ ഞാൻ കരഞ്ഞില്ല. പകരം എന്നെകൊണ്ട് ആകുന്ന ചെറിയ പണികൾ ചെയ്ത് അമ്മയ്ക്കു സഹായമാകാൻ ശ്രമിച്ചു. അപ്പോഴെല്ലാം അമ്മയുടെ വാക്കുകൾ മനസിലുണ്ടായിരുന്നു, നമ്മുടെ ഈ സാഹചര്യം മാറാൻ നീ വിചാരിച്ചാൽ മതിയെന്ന്. ആ വാക്കുകൾ എനിക്ക് ഊർജം തന്നുകൊണ്ടേയിരുന്നു.

വലിയ സ്വപ്നങ്ങൾ

അധ്യാപകനാകണെന്നാണ് എന്റെ ആഗ്രഹം. കോളജിൽ ബിഎ ഇംഗ്ലിഷോ ഹിന്ദിയോ പഠിക്കണം. ഭാഷകളോട് എനിക്ക് പണ്ടേ വലിയ കമ്പം തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാകും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയിട്ടും ഭാഷകളൊന്നും എന്നെ ബുദ്ധിമുട്ടിക്കാതിരുന്നത്. ആരാലും അറിയപ്പെടാതിരുന്ന ഞാൻ നന്നായി പഠിച്ചപ്പോൾ , എന്നെത്തേടി ആളുകൾ സ്നേഹവും അഭിനന്ദനവുമായെത്തി. പഠനം മാത്രം തന്നെ വിജയമാണത്. ഇനിയും നന്നായി പഠിച്ച് സ്വന്തമായൊരു വീടും, അച്ഛന്റെ അസുഖവുമൊക്കെ മാറ്റണം എന്നാണനിക്ക്. ഞാനത് ചെയ്യും.

Tags:
  • Spotlight