Friday 08 March 2019 12:57 PM IST

എന്തൊരു പണിയാ ഞാനീ കാണിച്ചത് ദൈവമേ; കിടക്കയിൽ മുള്ളൽ എന്ന ‘കൊടുംപാതകം’

Lakshmi Premkumar

Sub Editor

kadambari

പെൺമയുടെ ആഘോഷ ദിനമാണിന്ന്. കരുത്തും കരുതലും കൈമുതലാക്കിയ പെൺമനസുകൾക്കു മുന്നിൽ ലോകം ശിരസു നമിക്കുന്ന നിമിഷം. അന്താരാഷ്ട്ര വനിതാ ദിനം ഒരുപിടി ഓർമപ്പെടുത്തലുമായി നമുക്ക് മുന്നിലെത്തുമ്പോൾ വനിത ഓൺലൈൻ പരിചയപ്പെടുത്തുകയാണ് ചില പെൺമണികളെ. പലരും നമുക്ക് ചിരപരിചിതർ. വെള്ളിത്തിരയിലും, എഴുത്തിന്റെ ലോകത്തും, ബ്ലോഗറായുമൊക്കെ മികവു തെളിയിച്ച പെൺതരികൾ.

ബ്ലോഗറും കവയത്രിയുമായ കാദംബരി വൈഗ തിരികെ നടക്കുകയാണ്, മായ്ച്ചാലും മായാത്ത ഗതകാല സ്മരണകളിലേക്ക്.

ഒന്നിൽ പഠിക്കുകയാണ്. ഞാനീ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഒക്കെ മാറ്റി കൊണ്ടിരിക്കുന്ന കാലം. എല്ലാ കുട്ടികളും ‘പരിഷ്കൃതരായി’ തുടങ്ങുന്നത് അങ്ങനെയാണല്ലോ.

പുലർച്ചെ രണ്ട് മണിക്ക്, മൂത്രമുദിക്കുന്ന നേരം. അമ്മ കുളിമുറിയിൽ കൊണ്ട് പോയി ടാപ് തുറന്ന് എനിക്ക് മൂത്രമൊഴിക്കാൻ പ്രേരണ ഉണ്ടാക്കുന്നതും, രാത്രി 7 മണിക്ക് ശേഷം കഞ്ഞി തരാതെ, അവലും മറ്റും തന്ന് എന്റെ മൂത്രശങ്ക അകറ്റിയതുമായ കാലം.

കിടക്കയിൽ മൂത്രമൊഴിക്കുക എന്ന കൊടുംപാതകത്തിൽ നിന്ന് മക്കളെ രക്ഷിക്കാൻ അമ്മമാർ ഇതു പോലെ പല നമ്പറുകളും ഇറക്കാറുണ്ടെന്ന് പിൽക്കാലത്ത് കേട്ടു. ഇത്തരം കരുതൽ നടപടികൾ ഒക്കെ ഉണ്ടായിട്ടും ഒരു ദിവസം രാവിലെ ഉറക്കം ഉണരുമ്പോൾ എനിക്ക് അത്യന്തം മൂത്രമൊഴിക്കാൻ മുട്ടുന്നു. ഇന്നത്തെപ്പോലെ അന്നും മടിച്ചിക്കോതയാണ്.

എനിക്ക് എണീക്കാൻ ഒരു മൂഡില്ല. അപ്പോ ഞാൻ കിടക്കയിൽ ഒഴിക്കാൻ പ്ലാൻ ഇട്ടു. മടിയും കുറ്റവും തമ്മിലുള്ള മൽസരത്തിനിടിയിൽ ഏപ്പോഴോ പിടിവിട്ടു പോയി. കിടക്കയിൽ മൂത്രമൊഴിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ.
ഒഴിച്ച് കഴിഞ്ഞപ്പോഴാ ദൈവമേ, എന്തൊരു പണിയാണ് ഞാനീ കാണിച്ചതെന്ന് തോന്നുന്നത്. എന്നാലും വേണ്ടായിരുന്നു. പ്രവർത്തിയുടെ അപകടം അറിയുന്ന ആ നിമിഷം. ഇനി എങ്ങനെ എണീക്കും, എന്നായി ചിന്ത.
ഞാൻ ആകെ കുറ്റബോധത്തോടെ പിടിക്കപ്പെടാനിരിക്കുന്ന കള്ളനെപ്പോലെ കട്ടിലിൽ തിരിയാണ്ടും അനങ്ങാണ്ടും കിടന്നു. ഞാൻ പ്ലാനിട്ട് മൂത്രമൊഴിച്ചതാന്ന് അമ്മയോട് പറഞ്ഞില്ല. ഉറക്കത്തിനിടെ പരാജയപ്പെട്ട കുഞ്ഞായി മൂത്രത്തെ ന്യായീകരിച്ചു.

അമ്മ എന്തെല്ലാം പദ്ധതികൾ അക്കാലത്ത് ആസൂത്രണം ചെയ്തിരിക്കുന്നു. കിടക്കയിൽ മൂത്രമൊഴിക്കാത്ത ദിവസങ്ങളിൽ കിട്ടിയ സമ്മാനങ്ങളും, പായയിലല്ല, കിടക്കയിൽ തന്നെ കിടക്കുമെന്ന എന്റെ വാശിയും ഒക്കെ ഇപ്പോഴും ഒാർമയുണ്ട്. പക്ഷേ, അന്നും കുറ്റസമ്മതം നടത്താനൊന്നും പോയില്ല. എന്നെ അറിയാതിരിക്കുമോ അമ്മയ്ക്ക്.