Monday 14 December 2020 11:50 AM IST

‘പ്രണയത്തിൽ ഒളിച്ചു കളിക്കേണ്ട പ്രായം എനിക്ക് കഴിഞ്ഞു’: ആദ്യ ഡേറ്റിനു ശേഷം എന്നോട് ഡഗ്ലസ് പറഞ്ഞു: പ്രണയകാലം ഓർത്ത് കമല

Rakhy Raz

Sub Editor

kamala

‘‘Justice... Let’s talk about that. Because the reality is that the life of a black person in America has never been treated as fully Human. And we have yet to fulfill that promise of equal justice under law.’’

(നീതി... അതിനെക്കുറിച്ചാകാം സംസാരം. കാരണം, യാഥാർഥ്യം എന്തെന്നാൽ അമേരിക്കയിൽ ഇനിയും ഒരു കറുത്ത വർഗക്കാരൻ പൂർണമായും മനുഷ്യൻ എന്ന രീതിയിൽ പരിഗണിക്കപ്പെട്ടു തുടങ്ങിയിട്ടില്ല. നിയമത്തിനു കീഴിൽ നീതിസമത്വം ഓരോരുത്തർക്കും ലഭ്യമാക്കുക എന്ന വാഗ്ദാനം ഇനിയും സഫലീകരിക്കപ്പെടേണ്ടതുണ്ട്. )

വാഷിങ്ടനിൽ നടന്ന, ഡോണാൾഡ് ട്രംപിന്റെ റിപബ്ലിക്കൻ നാഷനൽ കൺവൻഷനു ശേഷമുള്ള കൗണ്ടർ പ്രോഗ്രാമിലാണ് കമല ഹാരിസ് ഉ റച്ച സ്വരത്തിൽ ഇങ്ങനെ പറഞ്ഞത്. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച ആദ്യ ഏഷ്യൻ വംശജയും കറുത്ത വർഗക്കാരിയുമാണ് കമല.

തികഞ്ഞ ശാന്തതയോടെ, ആത്മവിശ്വാസത്തോടെ കമല ഹാരിസ് നീതിയെക്കുറിച്ചു പറയുമ്പോൾ തന്നെ ഉറപ്പായിരുന്നു, വംശീയ അധിക്ഷേപങ്ങളേൽക്കുന്ന, നീതി തേടുന്ന അ മേരിക്കയിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതീക്ഷയായി ഈ സ്വരം മാറുമെന്ന്.

വിജയങ്ങളുടെ കാലം

കലിഫോര്‍ണിയയിലെ ഓ‌ക്‌ലന്‍ഡിലാണ് കമലയുടെ ജന നം. വളര്‍ന്നത് ബർക്കിലിയിൽ. വംശീയ വേർതിരിവിനെതിരേ നടന്ന ‘ബർക്കിലി കോംപ്രിഹൻസീവ് ഡീ സെഗ്രിഗേഷൻ പ്രോഗ്രാ’മിന്റെ ഭാഗമായി അതു വരെ 95 ശതമാനവും വെളുത്തവർ പഠിച്ചിരുന്ന തൗസന്‍ഡ് ഓക്‌സ് എലിമെന്ററി സ്കൂളിൽ 40 ശതമാനം കറുത്ത വർഗക്കാരെക്കൂടി ഉൾപ്പെടുത്തിയതിൽ കമലയും ഭാഗമായി.

വാഷിങ്ടൻ ഡിസിയിലെ പ്രശസ്തമായ കുറുത്ത വർഗക്കാരുടെ സ്വകാര്യ സർവകലാശാലയായ ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നു പൊളിറ്റിക്കൽ സയൻസസും ഇക്കണോമിക്സും വിഷയമായി ബിരുദം സ്വന്തമാക്കി. ‘ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ നമ്മളെപ്പോലെ ഒരുപാട് പേരെ നമ്മൾ കാണും’ എന്ന് അവർ പറഞ്ഞിട്ടുണ്ട്. അതിനായി തന്നെയാണ് താൻ പഠനം ഇവിടെ ആക്കിയതെന്നും.

പിന്നീട് കലിഫോർണിയ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹേസ്റ്റിങ്സ് കോളജ് ഓഫ് ലോയിൽ നിയമപഠനത്തിന് ചേർന്നു. അവിടെ ബ്ലാക്ക് ലോ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന കമല പഠന ശേഷം അലമെയ്ഡ ഡിസ്ട്രിക്റ്റ് അറ്റോർണിയായി 1990 ൽ ചുമതലയേറ്റു. 2003 ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയായി മത്സ രിച്ചു വിജയിച്ചു. ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായിരുന്നു കമലാ ഹാരിസ്.

2010 ൽ കലിഫോർണിയ അറ്റോർണി ജനറൽ സ്ഥാനത്തേക്കും മത്സരിച്ചു വിജയം വരിച്ചു. 2014 ൽ വിജയം ആവർത്തിച്ചു. 2016 ൽ ലോറെറ്റാ സാൻഷെയെ പിന്നിലാക്കി സെനറ്റ് ഇലക്‌ഷനിൽ വിജയിച്ച കമല ആ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ – അമേരിക്കൻ വനിതയും ആദ്യ ഏഷ്യൻ– അമേരിക്കൻ വനിതയുമായി.

കമല എന്ന മോമല

കോർപറേറ്റ് അഭിഭാഷകനും രണ്ടു കുട്ടികളുടെ പിതാവുമായ ഡഗ്ലസ് എംഹോഫിനെയാണ് കമല വിവാഹം കഴിച്ചത്. ‘ഞങ്ങളുടെ ആദ്യ ഡേറ്റിനു ശേഷം അദ്ദേഹം എനിക്ക് അദ്ദേഹത്തിന് അടുത്ത രണ്ടു മാസം സാധ്യമായ ഡേറ്റുകൾ അറിയിച്ചു കൊണ്ട് ഇ–മെയിൽ അയച്ചു. ‘പ്രണയത്തിന്റെ കാര്യത്തിൽ ഒളിച്ചു കളിക്കേണ്ട പ്രായം എനിക്ക് കഴിഞ്ഞു, എനിക്ക് നിന്നെ വളരെയധികം ഇഷ്ടമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.‘എനിക്ക് മറുത്ത് ചിന്തിക്കാനൊന്നും ഉണ്ടായിരുന്നില്ല. പ ക്ഷേ, അതിനെക്കാളുപരി അദ്ദേഹത്തിന്റെ മിടുക്കരായ മക്കൾ കോളും എല്ലിയും എന്നെ അദ്ദേഹത്തെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചു എന്നു പറയുന്നതാകും ശരി. ഡഗ്ലസിന്റെ മക്കൾ എന്നെ സ്റ്റെപ് മോം എന്നു വിളിക്കുന്നതിന് പകരം മോമല (Momala) എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്.’

കമലയുടെ ഈ സ്നേഹത്തിന്റെ ഭാഷയും ജനാധിപത്യബോധം നിറഞ്ഞ സാമൂഹിക വീക്ഷണവുമാകാം അമേരിക്കൻ ജനതയുടെ മനം കവർന്നത്.

തയാറാക്കിയത് : രാഖി റാസ്

വിശദമായ വായന വനിത വനിത നവംബർ രണ്ടാം ലക്കത്തിൽ