Thursday 05 November 2020 03:23 PM IST

സുകുമാരിദേവിക്ക് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സ് അവാർഡ്; ആദരം മംഗളാദേവി ക്ഷേത്രത്തിന്റെ ചരിത്രം പറഞ്ഞ ‘ചേരമർവംശവും സ്വത്വബോധവും’ പുസ്തകത്തിന്

Unni Balachandran

Sub Editor

temp

കണ്ണകിദേവിയുടെ പ്രതിഷ്ടയുള്ള മംഗളാദേവി ക്ഷേത്രത്തെക്കുറിച്ചുള്ള ചരിത്രരേഖങ്ങകൾ തയാറാക്കിയതിന് സുകുമാരീ ദേവിക്ക് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിന്റെ ആദരം. ‘ചേരമർവംശവും സ്വത്വബോധവും’ എന്ന പുസ്തകത്തിന്റെ രചനയ്ക്കാണ് ആംഗീകാരം ലഭിച്ചത്. മംഗളാദേവിക്ഷേത്രം, കേരള – തമിഴ്നാട് സർക്കാർ സംയുക്തമായാണ് നോക്കി നടത്തുന്നത്. ക്ഷേത്രത്തിന്റെ ആചാരങ്ങളിൽ താൽപര്യം തോന്നിയതിനെയും പുസത്കരൂപത്തിലാക്കാൻ ശ്രമിച്ചതിനെയും കുറിച്ച് സുകുമാരീ ദേവി വനിത ഓൺലൈനോട് സംസാരിക്കുന്നു.

തികച്ചും യാദൃശ്ചികം

പഠിച്ചതും ചെയ്യുന്നതും ലാബ് ടെക്നീഷ്യൻ ജോലിയാണെങ്കിലും മനസിലെപ്പോഴും ചരിത്രവും കഥകളുമൊക്കെയാണ്. അതുകൊണ്ടാകാം ചെറുപ്പം തൊട്ടേ മംഗളാദേവി ക്ഷേത്രത്തെ  പറ്റി ശ്രദ്ധിച്ചിരുന്നത്. അന്നുണ്ടായ കൗതുകം വർഷത്തിൽ ഒരിക്കൽമാത്രം ക്ഷേത്രം തുറക്കുന്നുവെന്ന അറിവായിരുന്നു. ക്ഷേത്രത്തിൽ പോകണമെന്ന് ഉണ്ടായിരുന്നുവെങ്കിലും ചെറുപ്പത്തിലതിന്  സാധിച്ചില്ല. പക്ഷേ, കല്യാണശേഷം ഒരു അത്ഭുതം നടന്നു. ഭർത്താവ് രാജുവിന് പീരുമേട്ടിൽ വനംവകുപ്പില്‍ ജോലിയായിരുന്നു. അതുകൊണ്ട് ക്ഷേത്രം കാണാനും അവിടെ പോകാനുമൊക്കെ തീരെ ബുദ്ധിമുട്ടില്ലാത്ത സാഹചര്യം കൈവന്നു. ചില കാര്യങ്ങള് നമ്മള് പ്രതീക്ഷ വിട്ടാലും, നമ്മളറിയാതെ അത് സംഭവിക്കാറില്ലേ. അത്തരത്തിലൊന്നായിരുന്നു ഈ അത്ഭുതവും

കുഞ്ഞിനൊപ്പം പഠിത്തം

temple2

കുമളിയിൽ നിന്നും ഏഴ് കിലോമീറ്റർ മാറി തിരുച്ചുംകുന്നത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടിഞ്ഞു പൊളിഞ്ഞു പഴക്കം പോലും നിശ്ചയിക്കാനാവാത കിടക്കുന്നൊരു ക്ഷേത്രമായിരുന്നു അത്. പക്ഷേ, എന്തുകൊണ്ടോ ക്ഷേത്രത്തെ പറ്റി കൂടുതൽ അറിയാനും മനസിലാക്കാനും മനസിൽ ചെറിയൊരു ആഗ്രഹമുണ്ടായിക്കൊണ്ടേയിരുന്നു. ഒരുപാട് കാലം കാത്തിരുന്ന് ഞാൻ ഗർഭിണിയായ സമയമായിരുന്നു. അതുകൊണ്ട് തന്നെ ആ സമയം ഞാൻ ജോലിക്കൊന്നും പോകാതെ മുഴുവൻ നേരവും റെസ്റ്റായിരുന്നു. അങ്ങനെ വെറുതെ ഇരിക്കുന്ന നേരത്തെല്ലാം ഞാൻ മംഗളാദേവിക്ഷേത്രത്തെ പറ്റി അറിയാനായി പല ബുക്കുകളും വായിക്കാൻ തുടങ്ങി . അങ്ങനെ പല ബുക്കുകളിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഓരോയിടത്തും കുറിച്ചു വച്ചിരുന്നത്. ഇത് കണ്ടപ്പോൾ ഭർത്താവ് രാജുവാണ് ബുക്കാക്കികൂടെ എഴുതിയൊരു ബുക്ക് ആക്കികൂടെ എന്നൊരു ആശയം മുന്നോട്ട് വച്ചത്. അങ്ങനെയാമ്  ഞാൻ  എഴുത്ത്  കുറച്ച് കൂടി വിപുലീകിരച്ചത്.

മംഗളാദേവിക്ഷേത്രം

ഏപ്രിലിൽ ചൈത്രപൗർണമിയിൽ മാത്രം നടതുറക്കുന്ന ക്ഷേത്രമാണ് മംഗളാദേവിക്ഷേത്രം. കേരള-തമിഴ്നാട് സർക്കാർ സംയുക്തമായാണ് ആ സമയത്ത് ഉത്സവം നടത്താറുള്ളത്. മധുരയെ തന്റെ ശാപത്താൽ വെണ്ണീറാക്കിയ ശേഷം കണ്ണകിയെത്തിയത് ഈ ക്ഷേത്രപരിസരത്താണെന്നാണ് വിശ്വാസം. അക്കാലതത് കേരളം ഭരിച്ചിരുന്ന ചേരൻചെങ്കൊട്ടുവൻ പ്രകൃതിയെ മാത്രം ആരാധിച്ചിരുന്നയാളായിരുന്നു. എന്നാൽ നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടി ക്ഷേത്രം നി‍ർമിക്കണമെന്ന് ശ്രേഷ്ഠൻമാർ ഉപദേശിച്ചു. ക്ഷേത്രനിർമാണത്തിന് അനുമതി കൊടുത്തു ശേഷം,  അദ്ദേഹത്തിന്റെ  നി‍ർദേശപ്രകാരം ആദിപരാശക്തിയുടെ രൂപത്തിലേക്ക് കണ്ണകി ദേവിയെ ആവാഹിച്ച് ഇവിടെ കുടിയിരുത്തുകയായിരുന്നു. അങ്ങനെയാണ് ഈ ക്ഷേത്രമുണ്ടായതെന്നാണ് വിശ്വാസം. തമിഴ്നാട് നിവാസികൾ കണ്ണകിയായും കേരളത്തിലുള്ളവർ മംഗളാദേവിയായുമാണ് ഇവിടെ പ്രാർഥിക്കുന്നത്. എന്റെ പുസ്തകത്തിൽ ഈ ക്ഷേത്രത്തെ ഭാര്യ-ഭർതൃ ബന്ധത്തിന്റെ ശക്തികാട്ടുന്ന ദേവിയായി കണ്ണകിയുടെ ജീവിതം വിവരിച്ച് ബന്ധപ്പെടുത്തിയിട്ടുമുണ്ട്.

പുസ്തകം പൂർത്തിയായയപ്പോൾ തിരുവിതാകൂർ കൊട്ടാരത്തിൽ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയോട് വിളിച്ചു സംസാരിക്കുകയും, പ്രസിദ്ധീകരിക്കാമോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. അവിടെ എത്തിയപ്പോഴാണ് ഞാൻ ചെയ്ത കാര്യത്തിന്റെ വലിപ്പത്തെ പറ്റി അറിഞ്ഞത്. ഒരിടത്തും രേഖകളില്ലാത്ത ക്ഷേത്രത്തിന്റെ വിശദാംശങ്ങളോടൊപ്പം വിവിധ കാഴ്ചപ്പാടുകളിലൂടെയുള്ള വിശകലനങ്ങളും ചേർത്താണ് ‘ചേരമർവംശവും സ്വത്വബോധവും’ എന്നപേരിൽ പുസ്തകം പ്രകാശനം ചെയ്തത്.

നമ്മളായി ചെയ്യാതിരിക്കണ്ട എന്ന തോന്നലിന്റെ പുറത്ത് മാത്രമാണ് പുസ്തകം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്ക് അയച്ച് കൊടുത്തത്. പക്ഷേ, അവരിൽ നിന്ന് ഇത്രയും മികച്ച പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പുസ്തകം അയച്ചു കുറച്ചു നാളുകൾക്കകം തന്നെ ആദ്യമായി മംഗളാദേവി  ക്ഷേത്രത്തിന്റെ ചരിത്രം അടയാളപ്പെടുത്തിയതിനുള്ള റെക്കാർഡ് എനിക്ക് നൽകുകയാണെന്ന അവർ അറിയിച്ചു. ദേവിയുടെ അനുഗ്രഹംകൊണ്ടുണ്ടായ മകളാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ദേവിമാരുടെ പേരായ മീനാക്ഷിയെന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്നത്. ഭർത്താവിന്റെ ജോലി ആവശ്യംകൊണ്ട് ഇപ്പോൾ പീരുമേട്ടിലാണ് താമസം. അവിടെയൊരു ലാബും ഞാൻ നടത്തുന്നുണ്ട്. ഞങ്ങളിപ്പൊ മംഗളാദേവി ക്ഷേത്രത്തിലെ കാര്യങ്ങൾക്കായി ഒരു ട്രസ്റ്റ് തുടങ്ങിയിട്ടുണ്ട്. എന്തായാലും  ക്ഷേത്രത്തെയും പരിസരത്തെയും പറ്റി കുറച്ചധികം വിശകലനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. എല്ലാത്തിനും ദേവിയുടെ അനുഗ്രഹങ്ങളും പ്രാർഥനകളും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു

Tags:
  • Spotlight