Wednesday 24 July 2019 06:07 PM IST

നയനക്കും അഭിജിത്തിനും ഒറ്റ നിർബന്ധം മാത്രം, വിവാഹ ഫൊട്ടോ വൈറലാകണം! ബിബിസി ‘സിൽമേലെടുത്ത’ ദമ്പതികൾ ഇവരാണ്

Binsha Muhammed

bbc

‘ചിന്നപ്പ്... ഷോൾഡർ ഡൗൺ... ചിൻ ഡൗൺ... ചിൻപൊടിക്ക്... ഐസ് ഓപ്പൺ... റെഡി...’ ഒറ്റ ക്ലിക്കിൽ ഫൊട്ടോയുമെടുത്ത് ബാഗും തൂക്കി പോകുന്ന ‘മഹേഷേട്ടൻമാരുടെ’ കാലമൊക്കെ കഴിഞ്ഞു. മനസിലാഗ്രഹിച്ചത് മരത്തിൽ കാണും മുന്നേ ഫ്രെയിമിൽ കാണുന്ന ഫൊട്ടോഗ്രാഫർമാരുടെ കാലമാണിത്. അണ്ടർ വാട്ടർ ഫൊട്ടോഗ്രഫി, വവ്വാൽ ഫൊട്ടോഗ്രഫി, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവയിൽ തുടങ്ങി വിവാഹ വിഡിയോ വിപ്ലവത്തിൽ വായിൽ കൊള്ളാത്ത പരീക്ഷണങ്ങൾ വേറെയുമുണ്ട്. കല്യാണക്കുറിമാനം തൊട്ട് പോസ്റ്റ് വെഡ്ഡിംഗ് വരെ നീളുന്ന ആഘോഷക്കാഴ്ചകൾ ക്യാമറക്കുള്ളിലാക്കുമ്പോൾ ന്യൂജെൻ പിള്ളേർ പൊടിക്കുന്നത് ലക്ഷങ്ങൾ. അക്കൂട്ടത്തിലൊരെണ്ണം സാക്ഷാൽ ബിബിസി ‘കണ്ണുവച്ചതോടെ’ ലോകത്തിന്റെ ലെൻസുകൾ ഇന്ത്യയിലേക്ക് നീളുകയാണ്.

bbc-5

ഇന്ത്യൻ വിവാഹത്തെ കുറിച്ചും, ഫോട്ടോ- വിഡിയോ ഷൂട്ടിങ്ങിലെ ന്യൂജെൻ ശൈലിയെക്കുറിച്ചുമുള്ള ബിബിസിയുടെ വിഡിയോ റിപ്പോർട്ടിലൂടെ നേരമിരുട്ടി വെളുത്തപ്പോൾ താരമായിരിക്കുന്നത് ആലപ്പുഴ സ്വദേശികളായ അഭിജിത്തും നയനയും. സോഷ്യൽ മീഡിയയിൽ ലൈക്കിലേറിയതിനു പുറമേ ബിബിസിയിലൂടെ ലോകമെമ്പാടുമുള്ളളരുടെ ഹൃദയത്തിലേക്ക് കുടിയേറിയതിന്റെ ത്രില്ലിലാണ് വൈറൽ ജോഡികൾ. അപ്രതീക്ഷിതമായി വന്ന താരപരിവേഷവും സന്തോഷവും ‘വനിത ഓൺലൈനി’നോട് പങ്കുവയ്ക്കുകയാണ് അഭിജിത്തും നയനയും.

bbc4

സ്റ്റാർട്ട്... കാമറ... ഫീവർ...

‘ഒരു വെറൈറ്റി വിവാഹ ചിത്രം ഒപ്പിച്ചെടുക്കുന്നതിനു വേണ്ടി മൂന്ന് മണിക്കൂറാണ് വെള്ളത്തിൽ കിടന്നത്. ഫൊട്ടോ കൈയ്യിൽ കിട്ടും മുന്നേ ഒന്നാന്തരം ഒരു പനി ഇങ്ങ് കൂടെപ്പോന്നിരുന്നു. അതെന്തായാലും വെറുതെയായില്ല. ബിബിസിക്കാര് നമ്മളെ സിൽമേലെടുത്തല്ലോ!’– സംസാരിച്ചു തുടങ്ങിയത് നയനയാണ്.

bbc-2

പുള്ളിക്കാരി ആലപ്പുഴക്കാരിയാണ് ഞാൻ ചേർത്തലക്കാരനും. ഞങ്ങളീ ആലപ്പുഴക്കാർക്ക് വെഡ്ഡിംഗ് ഷൂട്ടെന്നാൽ ഒന്നുകിൽ ഹൗസ് ബോട്ട്, അതല്ലെങ്കിൽ ബീച്ച്! അതു വിട്ടൊരു കളിയില്ല. ഞാനും അതേ നയനയും അത്യാവശ്യം സോഷ്യൽ മീഡിയ ക്രേസുള്ളവരാണ്. എല്ലാരും ശ്രദ്ധിക്കപ്പെടുന്ന ഒരു വെഡ്ഡിംഗ് ഷൂട്ട് വേണമെന്ന് ഒരു പോലെ ആഗ്രഹിച്ചു. ആ ആഗ്രഹം ഞാൻ എന്റെ സുഹൃത്ത് ഷൈനിനോട് പങ്കുവയ്ക്കുകയായിരുന്നു. പിന്നെക്കണ്ടത് പുള്ളിക്കാരന്റെ കരവിരുത്.– അഭിജിത്ത് വിഡിയോ പിറന്ന വഴി ഓർക്കുന്നു.

bbc-6

ഉച്ച കഴിഞ്ഞ് രണ്ടര ആയപ്പോഴേക്കുമാണ് ഷൈനും സംഘവും ഞങ്ങളെ വെള്ളത്തിലേക്കിറക്കിയത്. പക്ഷേ ഫൊട്ടോഗ്രഫി ടീം രാവിലെ തന്നെ നമ്മുടെ വെറൈറ്റി പരീക്ഷണത്തിനു വേണ്ടിയുള്ള പണി തുടങ്ങിയിരുന്നു. ഫൊട്ടോഗ്രാഫർ ഷൈനിന്റെ ഒരു സുഹൃത്തിന്റെ പുരയിടമാണ് ഞങ്ങളുടെ വൈറൽ ഫൊട്ടോഗ്രഫിക്ക് വേദിയായത്. അതിന്റെ പരിസരത്തുള്ള കാടും പടർപ്പുമെല്ലാം വെട്ടിത്തളിച്ചു. പിന്നെ അവിടെയുള്ള ചെറിയ കുളത്തിൽ വെള്ളം നിറച്ചു. ക്യാമറ, ലൈറ്റ്, ലാഡർ തുടങ്ങിയ അവരുടെ പണിയായുധങ്ങളൊക്കെ കൃത്യമായി അറേഞ്ച് ചെയ്തു. ശരിക്കും പറഞ്ഞാൽ ആ വിഡിയോ അങ്ങനെയൊക്കെ ആക്കിയെടുക്കാൻ അവർ നന്നേ പണിപ്പെട്ടു.– അഭിജിത്ത് പറയുന്നു.

bbc-3

ഉച്ചയ്ക്ക് രണ്ടരയ്ക്ക് വെള്ളത്തിൽ കയറിയിട്ട് നാലുമണി കഴിഞ്ഞപ്പോഴാണ് അവർ ഞങ്ങളെ വിട്ടത്. അഭിനയമൊക്കെ തകർപ്പനായിരുന്നു. കല്യാണം അറേഞ്ച് ചെയ്ത് അത്യാവശ്യം പ്രേമിക്കാനുള്ള ഗ്യാപ്പൊക്കെ വീട്ടുകാർ തന്നതു കൊണ്ട് അഭിനയിക്കാൻ ചമ്മലൊന്നും വേണ്ടി വന്നില്ല. എന്തായാലും തകർപ്പൻ അഭിനയവും കഷ്ടപ്പാടുമൊന്നും വെറുതെയായില്ല ബിബിസി വരെ ഞങ്ങളെ തേടി വന്നല്ലോ. സുഹൃത്തുക്കളൊക്കെ ഒരുപാട് പേർ വിളിച്ചു. വീട്ടുകാരുടെ അന്തം വിടൽ ഇനിയും മാറിയിട്ടില്ല. ക്യാമറാമാൻ ഷൈൻ ചേട്ടൻ മുഖാന്തിരമാണ് ബിബിസിക്കാർ തേടിയെത്തിയത്. പുള്ളിക്കാരൻ എടുത്ത ഒരുപാട് ഫൊട്ടോസ് വൈറലായിട്ടുണ്ട്. അങ്ങനെയാകണം പുള്ളിക്കാരനെ തേടിയെത്തിയത്–നയന പറഞ്ഞു നിർത്തി.

bbc-1

ആദ്യത്തെ കാഴ്ചയിൽ അനുരാഗം

സ്പൈസസ് കമ്പനിയിൽ ഓഫീസറായി ജോലി നോക്കുകയാണ് അഭിജിത്ത്. നയന നഴ്സിങ്ങ് പഠനം പൂർത്തിയാക്കി നിൽക്കുന്നു. ഇരുവരുടെയും വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണ് വിവാഹം. അഭിജിത്ത് ആദ്യമായാണ് ഒരു പെണ്ണുകാണാൻ പോകുന്നത്. നയനയുടെയും കന്നി പെണ്ണുകാണൽ ചടങ്ങായിരുന്നു. ഇരുവരുടെയും പ്രാർഥന പോലെ എല്ലാം ഒത്തുവന്നു. ജാതകവും പൊരുത്തവും എല്ലാം ഓകെ ആയപ്പെൾ പിന്നെ വീട്ടുകാർ തീയതിയും മുഹൂർത്തവും കുറിച്ചു. – വിവാഹത്തെക്കുറിച്ച് അഭിജിത്ത് പറയുന്നു. വെറൈറ്റി വേണമെന്ന ഒറ്റ ആഗ്രഹമാണ് ഈ സാഹസത്തിന് മുതിരാൻ കാരണമെന്നും ഇവർ പറയുന്നു. അക്കാര്യത്തിൽ അഭിജിത്തും നയനയും ഒറ്റക്കെട്ടായതോടെ ഷൂട്ട് പൊടിപൊടിച്ചു. വൈറലായ ചിത്രവും പിറന്നു.

bbc-7
Tags:
  • Social Media Viral