Thursday 31 December 2020 12:52 PM IST

‘സുഖമില്ലാത്ത അമ്മയെയും മകളെയും അടിച്ചു കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം’: ഞാൻ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകം: കെജി സൈമൺ പറയുന്നു

Rakhy Raz

Sub Editor

kgs

ഉത്തരം കിട്ടാതെ പോയതും പ്രമാദമായതുമായകൊലക്കേസുകളുടെ കുരുക്കുകളഴിച്ച പൊലീസ് ഉദ്യോഗസ്ഥന്‍. കേരളത്തെ ഞെട്ടിച്ച  ‘കൂടത്തായി’  കൊലപാതകങ്ങൾ വരെ നീളുന്ന കേസുകളിൽ ആ മനുഷ്യന്റെ കർമ്മ കുശലത കേരളം ദർശിച്ചു. കർമ്മവഴിയിൽ സമാനതകളില്ലാത്ത മേൻമയും മികവും കാഴ്ച വച്ച് പത്തംനിട്ട ജില്ല പൊലീസ് മേധാവി കെജി സൈമൺ പടിയിറങ്ങുകയാണ്.

ഓർമ്മകളെ ചികയുമ്പോൾ സൈമന്റെ അന്വേഷണ ബുദ്ധിയിൽ വെളിച്ചം കണ്ടത് അമ്പത്തി രണ്ടോളം കൊലപാതക കേസുകൾ. ‘വനിതയോട്’ സംസാരിക്കുമ്പോഴും സൈമൺ വാചാലനായത് തന്റെ കർമ്മ മേഖലയെക്കുറിച്ചാണ്. 2020 ജൂലൈ രണ്ടാം ലക്കം വനിതയ്ക്ക് കെജി സൈമൺ നൽകിയ അഭിമുഖം ചുവടെ വായിക്കാം:

വിജയങ്ങളും പുരസ്‌കാരങ്ങളും തരുന്ന ആനന്ദം കെ. ജി. സൈമൺ എന്ന കുറ്റാന്വേഷകൻ ഒരളവിൽ കവിഞ്ഞു മനസ്സിലേക്ക് എടുക്കാറില്ല. ഓ രോ വിജയങ്ങളും ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ഊർജമാക്കി മാറ്റുകയാണ് പതിവ്. ഈ സമചിത്തതയും നിയന്ത്രണവും ആണ് കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കെ. ജി. സൈമൺ എന്ന പേര് എഴുതിചേർത്തത്. 35 വർഷത്തെ സർവീസിൽ തെളിയിച്ചത് 52 കേസുകൾ.

മൂന്നാറിൽ ഇൻസ്പെക്ടർ ആയിരിക്കെ, പ്രതികളെക്കുറിച്ച് ഒരു തുമ്പും കിട്ടാത്ത ഏഴു കേസുകൾ ഒരു വർഷത്തിനുള്ളിൽ തെളിയിച്ചതിന് മെറിറ്റോറിയൽ സർവീസ് എൻട്രി. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ആയിരിക്കെ 19 കേസുകൾ തെളിയിച്ചു. കാസർകോട് സേവനം അനുഷ്ഠിക്കെ ഒരു വർഷത്തിനുള്ളിൽ പത്തു കേസുകൾ തെളിയിച്ച റെക്കോർഡോടെ കോഴിക്കോട്ടേക്ക്. അവിെട റൂറൽ എസ്പി ആയി ചുമതലയേറ്റ ശേഷമാണ് കേരളത്തെ ഞെട്ടിച്ച, ഏറ്റവും വിവാദമായ കൂടത്തായി െകാലക്കേസ് ചുരുളഴിയുന്നത്. 2002 മുതൽ 2016 വരെ കാലയളവിൽ നടന്ന, ‘ഇനി പിടിക്കപ്പെടില്ല’ എന്ന് പ്രതി ഉറപ്പിച്ച, കൂടത്തായി കൊലക്കേസിെല പ്രതിയെ കണ്ടെത്തിയതോടെ, കെ. ജി. സൈമൺ എന്ന പേര് മലയാളികൾ ഓരോരുത്തർക്കും സുപരിചിതമായി.

കോഴിക്കോട്ട് നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി സൈമൺ എത്തിയതിനു പിന്നാലെ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്ത, രണ്ടു വർഷമായി നടപടിയാകാതെ തുടർന്ന ജെസ്ന തിരോധാന കേസിൽ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ്. കേരളാ പൊലീസിലെ അഭിമാന താരം കെ. ജി സൈമൺ തന്റെ അനുഭവങ്ങളിലേക്ക്...

കോഴിക്കോട് നിന്നു പത്തനംതിട്ടയിലേക്ക്, സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയതാണോ ?

മാറ്റം വേണം എന്നു മേലധികാരികളോടു പറഞ്ഞിരുന്നു. കാരണം വലിയ രീതിയിൽ 'ഇൻവോൾവ്' ചെയ്ത കേസ് ആണ്  കൂടത്തായി. ഒരേ സമയം ആറു കേസ്. ഊഹിക്കാവുന്നതിന് അപ്പുറമാണ് ചിന്തകളും ആ കേസിനു വേണ്ടിയുള്ള ഓട്ടവും. ചെസ് കളിക്കുന്നത് പോലെയാണ് കേസന്വേഷണവും. നമ്മൾ നടത്തേണ്ട നീക്കം, എതിരാളിയുടെ നീക്കം, മറ്റുള്ളവരുടെ ഇടപെടലുകളുടെ നിയന്ത്രണം എല്ലാം ശ്രദ്ധിക്കണം. തലയ്ക്കകത്തു മുഴുവൻ നാളുകളായി ആ കേസാണ്. ഒരു മാറി നിൽക്കൽ അത്യാവശ്യമായിരുന്നു.

മാധ്യമങ്ങളും ജനവും അറിയുന്നതിനു മുൻപുതന്നെ കൂടത്തായി കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും ഞ ങ്ങൾ േശഖരിച്ചിരുന്നു. ഒരു കേസിൽ ആളുകൾ അറിഞ്ഞു ചെയ്യേണ്ട, സാക്ഷികൾ വേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. എ ക്‌സ്ഹ്യുമേഷൻ (മൃതദേഹം പുറത്തെടുക്കൽ) പോലുള്ളവ. അതിന് അനുയോജ്യമായ സമയത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അതും ഉദ്ദേശിച്ച രീതിയിൽ നീങ്ങി. ഇ പ്പോൾ ആറു കേസുകളുടെയും ചോദ്യം ചെയ്യലും അന്വേഷണവും പൂർണമായി കഴിഞ്ഞു. കോഴിക്കോട്ട് തന്നെ തുടർന്നുകൂടെ എന്നു സർക്കാരും ഡിജിപിയും ചോദിച്ചിരുന്നു. സ്ഥലം മാറിയാലും ചാർജിൽ തുടരണം എന്നും പറഞ്ഞു. അങ്ങനെ ആവശ്യപ്പെട്ടത് അവിടെ വരുന്ന പുതിയ ആളുകൾക്ക് കേസ് കൈകാര്യം ചെയ്യാൻ അറിയാത്തതു കൊണ്ടല്ല. പുതിയ ടീമിനെ ഇത്രയും കാര്യങ്ങൾ പഠിപ്പിച്ചെടുക്കുക ബുദ്ധിമുട്ടാണ്. അതിനാൽ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻ ടീം തുടരുകയാണ്.

ഇനി ആ കേസിനു വേണ്ടത് ഫോളോഅപ് ആക്‌ഷൻ ആ ണ്. ടെസ്റ്റുകൾ നടത്തൽ, കേസുമായി ബന്ധപ്പെട്ടു വരുന്ന മ റ്റു പരാതികൾ കൈകാര്യം ചെയ്യൽ. അത് ഇവിടെ ഇരുന്നും ചെയ്യാം. മാത്രമല്ല, എല്ലാ കേസിന്റെയും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അവിടെ തന്നെയുണ്ട്. ആ കേസിന്റെ ഇനിയുള്ള കാര്യങ്ങൾ പുതിയ എഡിജിപിയും എസ്പിയും ഞങ്ങളും ഒരുമിച്ചാണു ചെയ്യുന്നത്.

പല കേസിലും ഇരകൾ പാവപ്പെട്ടവർ ആണ്. അവർക്കു ചോദിക്കാൻ ആരുമില്ല. അവർക്കു വേണ്ടിയാണ് െപാലീസ് എന്നാണു താങ്കളുെട അഭിപ്രായം. പക്ഷേ, പൊലീസിനെക്കുറിച്ചു ജനങ്ങളുടെ ധാരണ തിരിച്ചല്ലേ ?

ശരിയാണ്. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട്. ഞാൻ അന്വേഷി ച്ച ബഹുഭൂരിപക്ഷം കേസുകളിലും ഇരകൾ പാവപ്പെട്ടവർ ആ യിരുന്നു. ചില കേസുകളിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താനും ആക്‌ഷൻ കമ്മിറ്റി രൂപീകരിക്കാനും ആരും ഉണ്ടാകില്ല. അങ്ങനെ ഉള്ള അവസരത്തിൽ മരിച്ചവർക്ക് നീതി ഉറപ്പാക്കുക എന്ന തത്വം അന്വേഷണ ഉദ്യോഗസ്ഥർ ഏറ്റെടുക്കണം. എന്റെ മുന്നിൽ വരുന്ന കേസുകളിൽ ഞാൻ അത് പാലിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയിൽ തെരുവിൽ അലഞ്ഞ സ്ത്രീയെ കൊലപ്പെടുത്തിയ കേസ്, കാസർകോട് ഒറ്റയ്ക്ക് താമസിച്ച ഉമ്മയെ മൂന്നു പേർ ചേർന്ന് കൊലപ്പെടുത്തിയ കേസ്, വണ്ടിപെരിയാറിൽ അമ്മയെയും മകളെയും ബലാത്സംഗം ചെയ്തു കൊല പ്പെടുത്തിയ കേസ് എന്നിവ അക്കൂട്ടത്തിൽ പെടും.

പൊലീസിനെക്കുറിച്ചു ജനങ്ങളുടെ ധാരണ തിരിച്ചാണ്   എന്നു പറയുന്നത് ശരിയല്ല. ചില കേസുകളിൽ തെറ്റ് പറ്റുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. അതിന്റെ കാരണമായി പറയുന്ന വ്യാഖ്യാനങ്ങൾ എല്ലാം ശരിയായിക്കൊള്ളണം എന്നില്ല.

ധനവാന്മാരുടെ കേസിലും നീതി ബോധം കുറയുന്നില്ല. അബ്കാരി കോണ്‍ട്രാക്ടര്‍ മിഥിലാ മോഹൻ കേസും ചീമേനി കൊലക്കേസും ഉദാഹരണം. സ്പിരിറ്റ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള പക മൂലം മോഹന്റെ ബിസിനസ് പങ്കാളിയായ, ‘കുരുമുളക് അണ്ണൻ’ എന്നു വിളിക്കുന്നയാൾ ഗൂഢാലോചന നടത്തി തമിഴ്നാട് സ്വദേശികളെ ഉപയോഗിച്ചു മിഥിലാ മോഹനെ കൊലപ്പെടുത്തുകയായിരുന്നു. കാസർകോട് ചീമേനിയിലെ അധ്യാപികയെ കൊലപ്പെടുത്തിയത് സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്ക് വരെ നീണ്ട അന്വേഷണത്തിനൊടുവിൽ അയൽവാസികളെ പിടികൂടി. സസൂക്ഷ്മം നിരീക്ഷിച്ചു തന്ത്രപരമായ നീക്കം നടത്തിയാണ് ചീമേനി പ്രതികളെ പിടിച്ചത്.

ഞാൻ കോട്ടയത്തു െപാലീസ് സൂപ്രണ്ട്  ആയിരിക്കുമ്പോഴാണ്, തലയോലപ്പറമ്പിൽ ബ്ലേഡ് ബിസിനസ് നടത്തിയിരുന്ന മാത്യുവിന്റെ കൊലപാതകം. പലിശയ്ക്ക് പണം വാങ്ങിയ ഒരാൾ ആണ് അതു നടത്തിയത്. പണം തിരികെ കൊടുക്കാൻ എന്നു പറഞ്ഞു മാത്യുവിന്റെ ബിസിനസ്  സ്ഥാപനത്തിൽ എ ത്തിയ പ്രതി അദ്ദേഹത്തെ കൊന്ന് കെട്ടിടത്തിനു പുറകിൽ വെറുതെ കിടന്ന സ്ഥലത്തു കുഴിച്ചിട്ടു. ഇതറിയാതെ സ്ഥലം ഉടമ അവിടെ നാലു നില കെട്ടിടം പണിതു. അതോടെ ഇനി പിടിക്കപ്പെടില്ല എന്നു കരുതി പ്രതി. പക്ഷേ, പിടികൂടി. എട്ടു വർഷം മുൻപുള്ള കേസാണ്. അന്ന് അയാളുടെ കൂട്ടുപ്രതി തിരുവനന്തപുരം സെൻട്രൽ ജയിലിൽ മറ്റൊരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു കിടക്കുകയാണ്.

തിരുവനന്തപുരത്തേക്ക് ഒരു സിഐയെ അയക്കുകയും കോട്ടയത്തു പ്രതിക്കൊപ്പം ഞാൻ നിൽക്കുകയും ചെയ്തു കൊണ്ട് ടെലിഫോൺ ചോദ്യം ചെയ്യലിലൂടെയാണ് കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്. പത്തു ദിവസം എടുത്തു കെട്ടിടത്തിന്റെ തറ കുഴിച്ച്, മാത്യുവിന്റെ എല്ലുകളും വാച്ചും കണ്ടെത്തി കേസ് തെളിയിച്ചു.

കൂടത്തായി കേസിന്റെ തുടക്കത്തിൽ ലോക ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കില്ലറായ ഡോക്ടർ ഹാരോൾഡ്‌ ഷിപ്മാനെ കുറിച്ചു പറഞ്ഞിരുന്നു ?

അതു ഞാൻ വായിച്ചറിഞ്ഞതാണ്. ആ സമയത്ത് ഷിപ്മാനെക്കുറിച്ച് ഓർമിപ്പിച്ചത് മൂത്ത മകനാണ്. കഠിനാധ്വാനിയും രോഗികളോട് അലിവുമുള്ള ഡോക്ടറായി പേരെടുത്ത ഷിപ്മാൻ കൊല നടത്തും എന്ന് ഊഹിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അവസാനം കൊലപ്പെടുത്തിയ കാത്‌ലീൻ ഗ്രണ്ടി എന്ന വൃദ്ധയുടെ പേരിൽ കള്ള വിൽപത്രം ഉണ്ടാക്കി സ്വത്തു തട്ടിയെടുക്കാൻ നോക്കിയപ്പോൾ കുടുങ്ങി. വായിച്ചു മനസ്സിലാക്കാമെങ്കിലും കുറ്റാന്വേഷണത്തിൽ ഇത്തരം കാര്യങ്ങൾ ബന്ധപ്പെടുത്താനാകില്ല. അത് മുൻവിധിയായിപോകും. സമയം വന്നപ്പോ ൾ ഓർത്തു പറഞ്ഞു എന്നേയുള്ളൂ.

പരിശീലനം എത്രത്തോളം സഹായിക്കും ?

കുറ്റാന്വേഷണ മാർഗങ്ങളെക്കുറിച്ചു ക്ലാസ്സുകൾ ലഭിക്കും. അ തിൽ ഏത്, എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതും അവ പ്രയോഗിക്കാനുള്ള കഴിവ് വളർത്തിയെടുക്കുന്നതും നമ്മുടെ താൽപര്യം ആണ്. കയ്യക്ഷരം കൊണ്ട് സ്വഭാവം മനസ്സിലാക്കാൻ കഴിയുന്നതിനെക്കുറിച്ച് ഒരു മണിക്കൂർ മാത്രം നീണ്ട ഒരു ക്ലാസില്‍ ഞാന്‍ പങ്കെടുത്തു. അന്നു മുതൽ ഞാന്‍ സുഹൃത്തുക്കളുടെ കയ്യക്ഷരം നിരീക്ഷിച്ചു തുടങ്ങി. അവരുടെ സ്വഭാവം നമുക്ക് അറിയാം. കയ്യക്ഷരവുമായി അതു ശരിയാകുന്നുണ്ട് എന്നു മനസ്സിലായി. ആ പഠനം ഞാൻ തുടർന്നു. ശാസ്ത്രീയമായ മാർഗം ഒന്നും അല്ല അത്. എങ്കിലും കേസന്വേഷണ  ത്തിൽ സഹായകം ആയിട്ടുണ്ട്.

ഫുട്ബോളിൽ ചില ഗോളുകൾ അടിക്കുന്നതു കണ്ടാൽ ന മ്മൾ അന്തംവിട്ടുപോകും. ‘അങ്ങിനെ ഒരടി അടിക്കാൻ കഴി യുമോ’ എന്ന് പോലും തോന്നിപ്പോകും. ഫോർവേഡ് ആകും േഗാള്‍ അടിച്ചത്. പക്ഷേ, അതു ടീം വര്‍ക്കിന്‍റെ ബലമാണ്. കേസന്വേഷണത്തിലും ടീമിന്റെ പാസുകൾ പ്രധാനം ആണ്. അതുപോലെ ലീഡ് ചെയ്യുന്ന വ്യക്തിയുടെ ധൈര്യം, ടെക്നിക്കുകൾ ഒക്കെ പ്രധാനം ആണ്. ഇല്ലെങ്കിൽ നല്ല ടീം ആണെങ്കിൽ പോലും റിസൽറ്റ് ഉണ്ടാകില്ല.

ജോളിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ല എന്ന് പറഞ്ഞിരുന്നു. സാഹചര്യമാണോ ക്രിമിനലിസത്തിന് കാരണം ?

സൈക്കോ ക്രിമിനലുകൾ വേറൊരു വിഭാഗം ആണ്. സാഹചര്യം കൊണ്ട് ഒരാൾ ക്രിമിനൽ ആകില്ല. കഠിനമായ ഹൃദയം ആണ് ക്രിമിനലിസത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. സ്വാർഥ ലാഭത്തിനു വേണ്ടിയാണ് ആളുകൾ ക്രൈം ചെയ്യുന്നത്. ഉദ്ദേശിക്കുന്ന കാര്യം സാധിക്കുക എന്ന ലക്ഷ്യത്തോടാണ് അവർക്ക് കൂറ്.

സമൂഹത്തിൽ സ്ഥാനം, പണം, സുഖം, അങ്ങനെ പലതാകും ലക്ഷ്യങ്ങൾ. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതു തന്നെ ചിലർക്ക് ആനന്ദമാണ്. കാര്യം സാധിക്കാൻ അവർ ചെയ്യുന്ന ക്രൂരത, ക്രൂരതയായി അവർക്ക് തോന്നില്ല. അലിവുള്ള ഹൃദയം ഉള്ളവർക്കാണ് ഇതെല്ലാം ക്രൂരതയായി തോന്നുന്നത്.

ജോളിക്ക് മാറാനുള്ള വസ്ത്രം വാങ്ങി നൽകി എന്നു പത്രവാര്‍ത്തകളില്‍ വായിച്ചു?

അതേ. കൊലപാതകി ആണെങ്കിലും മനുഷ്യസ്ത്രീ ആണ് അവര്‍. ഒരേ വസ്ത്രം ധരിച്ച് എത്ര ദിവസം കഴിയും? ‘സാറിനു വേറെ പണിയില്ലേ ?’ എന്നു ചോദിച്ചു കുറേ മെസ്സേജുകൾ വന്നു. സ്റ്റേഷനിൽ നേരിട്ടെത്തി എതിർപ്പ് പറഞ്ഞു ചിലർ. സ്ത്രീകൾ ആയിരുന്നു കൂടുതൽ.

ജോളി ചെയ്ത തെറ്റിന്റെ ശിക്ഷ കോടതി വിധിക്കും. അന്വേഷണത്തിൽ ഒരു ഇളവും അവർക്ക് വേണ്ടി ചെയ്തില്ല. വസ്ത്രം വാങ്ങി നൽകിയത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള മാന്യമായ പെരുമാറ്റം ആയി കണ്ടാൽ മതി. ഭക്ഷണം നൽകിയതും പൊലീസ് ആണല്ലോ.

ഏറ്റവും ക്രൂരമായത്

കൂടത്തായി കേസ് ആണ് ഞാന്‍ അന്വേഷിച്ചതില്‍ ഏറ്റവും ക്രൂരമായ കൊലപാതകം. പക്ഷേ, ഏറെ വൈകാരികമായി വിഷമിപ്പിച്ച ക്രൂരമായ കൊലപാതകം ഞാൻ ക ട്ടപ്പന ഡിവൈഎസ്‌പി ആയിരുന്ന കാലത്ത് വണ്ടിപ്പെരിയാറിൽ നടന്നതാണ്. 

വീട്ടിൽ അച്ഛനും സഹോദരനും ഇല്ലാത്ത രാത്രി അതിക്രമിച്ചു കടന്ന പ്രതികളുടെ പദ്ധതി സുഖമില്ലാതെ കിടന്ന അമ്മയെയും ഇരുപത്തിരണ്ടുകാരിയായ മകളെയും അടിച്ചു കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം     ചെയ്യലായായിരുന്നു. 

അടിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നില്ല. ആദ്യ ബ ലാത്സംഗം കഴിഞ്ഞ് ഉണർന്ന അവൾ പ്രതിയോട് പറഞ്ഞു, ‘മരിച്ചാലും എന്റെ ശരീരത്തിൽ തൊടാൻ നിന്നെ ഞാൻ അനുവദിക്കില്ലെടാ...’ എന്ന്. 

അടിയുടെ ആഘാതത്തിൽ അവിെട നടന്നതൊക്കെ അവൾ മറന്നു പോയിരുന്നു. ഇതു കേട്ടപ്പോൾ അയാൾ ഇരുമ്പ് ആയുധം കൊണ്ട് വീണ്ടും അടിച്ചു മരണം ഉറപ്പാക്കിയ ശേഷം ഒന്നുകൂടി ബലാത്സംഗം ചെയ്തു. 

പിറ്റേന്ന് വെളുപ്പിന് അവളുടെ ഏഴു മാസം പ്രായമുള്ള കുഞ്ഞ് ദേഹത്താകെ ചോര പുരണ്ട നിലയിൽ തുറന്നു കിടന്ന വാതിലിലൂടെ മുറ്റത്ത് എത്തിയതു കണ്ട ആളാണ് െപാലീസിൽ റിപ്പോർട്ട് ചെയ്തത്. പത്തു പേരടങ്ങുന്ന ടീം രൂപീകരിച്ചു പിറ്റേന്നു തന്നെ പൊലീസ് പ്രതിയെ പിടിച്ചു. ചോദ്യം ചെയ്യുന്നതിനിടയ്ക്ക് പ്രതി തന്നെയാണ് പെൺകുട്ടിയുടെ അവസാന വാക്കുകൾ എന്നോട് പറഞ്ഞത്.

തിരക്കിനിടയിലും പള്ളിയിലെ കൊയർ ടീമിന്റെ നേതൃത്വം തുടരുന്നു ?

എന്റെ നാടായ തൊടുപുഴ എള്ളുപുറം പള്ളിയിലെ കൊയറിന്റെ ഭാഗമാണ്. സംഗീതത്തിൽ ഉള്ള താൽപര്യം ഞാൻ ഒരു തിരക്കിലും വിട്ടുകളഞ്ഞില്ല. ഡ്യൂട്ടി കഴിഞ്ഞു സമയം കിട്ടുമ്പോ ൾ പ്രാക്റ്റീസ് ചെയ്യുന്ന പതിവും ഉണ്ട്. കഴിവതും പള്ളിയിലെ കൊയറിൽ പങ്കെടുക്കുകയും ചെയ്യും.