അമ്മയുടെ കൺമുന്നിൽ വാഹനാപകടത്തിൽ പരുക്കേറ്റ പതിമൂന്നുകാരി മരിച്ചു. പിതൃസഹോദരന്റെ മകൾ ഗുരുതരാവസ്ഥയിൽ. ചവറ നീണ്ടകര പുത്തൻതുറ പരേതനായ അനിമോൻ–ഡോണ ചന്ദ്രൻ ദമ്പതികളുടെ മകൾ അനഘ (13) ആണ് മരിച്ചത്. അനിമോന്റെ സഹോദരന്റെ മകൾ ആറുവയസ്സുകാരി സ്വാസികയാണ് ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നത്. 26നു രാത്രി 9നു ദേശീയപാതയിൽ നീണ്ടകര താലൂക്ക് ആശുപത്രിക്കു സമീപമായിരുന്നു അപകടം.

ഡോണയും കുട്ടികളും സ്വാസികയുടെ വീട്ടിലേക്കു പോകാനായി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഇരുവരെയും കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1ന് അനഘ മരിച്ചു. സംസ്കാരം നടത്തി. നീണ്ടകര സെന്റ് ആഗ്നസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. മത്സ്യത്തൊഴിലാളിയായിരുന്ന പിതാവ് അനിമോൻ രണ്ടു മാസം മുൻപ് മുതലപ്പൊഴിയിൽ വച്ച് വള്ളം മറിഞ്ഞ് മരിച്ചിരുന്നു.