Wednesday 25 September 2019 06:56 PM IST

അർബുദമെന്നു കേട്ടതും ഭാര്യ നിലത്ത് ബോധംകെട്ടു വീണു! കാൻസറിനെ കീഴടക്കിയ ‘ലാത്തിച്ചാർജ്’; ഒരു പൊലീസുകാരന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ

Santhosh Sisupal

Senior Sub Editor

fight

രംഗബോധമില്ലാത്ത കോമാളി’–മരണത്തെക്കുറിച്ച് അങ്ങനെ പറയാറുണ്ട്. എന്നാൽ പലരുടെയും ജീവിതത്തിൽ പൊടുന്നനെ തിരിച്ചറിയുന്ന കാൻസർ എന്ന രോഗത്തിനാണ് ആ വിശേഷണം കൂടുതൽ ചേരുക. ചിലപ്പോൾ നിമിഷങ്ങൾ കൊണ്ട് ജീവനെടുക്കുന്ന ഹൃദയാഘാതം മുതൽ പരിഹാരം തീരെയില്ലാത്ത പലരോഗങ്ങളും ഉണ്ടെങ്കിലും ഏറ്റവും ഭയമുള്ള രോഗം കാൻസറാണ്. ആരെയും എപ്പോൾ വേണമെങ്കിലും അർബുദം ബാധിക്കാമെന്ന അനിശ്ചിതത്വം മുതൽ തിരിച്ചറിയാൻ വൈകി പോകുന്ന അവസ്ഥ വരെ കാൻസർ ഭീതിയുടെ കാരണങ്ങളാണ്. ഒപ്പം പുകയില ഉപയോഗത്തിനെതിരെ നിരന്തരം മാധ്യമങ്ങളിലൂെട നടത്തുന്ന പരസ്യങ്ങളും നമ്മുടെ മനസ്സിലേക്ക് ‘കാൻസർ ഭയം’ പരോക്ഷമായി കുത്തിവയ്ക്കുന്നുണ്ട്.

അറിയുന്ന ആ നിമിഷം

ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെങ്കിലും കാൻസർ ഉണ്ടെന്ന് അറിയുന്ന നിമിഷം ഏതൊരു രോഗിയും ‘തന്റെ ജീവിതം ഇതാ കഴിയുന്നു’ എന്ന മിഥ്യാബോധത്തിലേക്കു വലിച്ചെറിയപ്പെടുന്നു. കാൻസർ തിരിച്ചറിയുന്ന ഏതാണ്ട് 10 ശതമാനം പേർ വിഷാദരോഗികളായി കൂടി മാറുന്നുവെന്നും പഠനങ്ങൾ പറയുന്നു. വിഷാദവും ഉത്കണ്ഠയും നിറഞ്ഞമാനസികാവസ്ഥ കാൻസർ ചികിത്സയെയും അതിന്റെ ഫലത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

‘‘താങ്കൾക്ക് കാൻസർ ആണ്’’ എന്ന മോശം വാർത്ത (ബാഡ് ന്യൂസ്) രോഗികളോട് പറയേണ്ടിവരുന്ന ഒരു കാൻസർ ചികിത്സകൻ, കാൻസർ രോഗികളുടെ മനസ്സിനെ തൊടുന്ന ഒരു സൈക്കോളജിസ്റ്റ്, ഒപ്പം രോഗാനുഭവത്തിനു നേർസാക്ഷ്യം പറയുന്ന, കാൻറിനെ അതിജീവിച്ച ഒരു രോഗി– അവർ ആ രോഗാനുഭവം മനസ്സിലേൽപിക്കുന്ന ആഘാതത്തെ വിലയിരുത്തുകയും മറികടക്കാനുള്ള വഴി പറയുകയും ചെയ്യുന്നു.

രംഗബോധമില്ലാത്ത വരവ്

കോതമംഗലത്ത് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നുകെ.എസ്. വർഗീസ്. ആ 49കാരന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നുവന്നത് തീർത്തും രംഗബോധമില്ലാത്ത പോലെയായിരുന്നു. ഒരു സിനിമാ താരത്തോട് കിടപിടിക്കുന്ന ശരീരസൗന്ദര്യവും ആറടി ഉയരവും ഒത്ത കരുത്തും. ആരും മോഹിക്കുന്ന പദവിയും. പെട്ടെന്നൊരു ദിവസം കാൻസർ രോഗിയാണെന്ന് തിരിച്ചറിയുമ്പോൾ, അതും മുഖസൗന്ദര്യം ആകെ കളയുന്ന വായിലെ കാൻസർ. ആ അനുഭവം അദ്ദേഹം തന്നെ പറയട്ടെ.

‘‘2008. എസ്.പി. ഓഫീസിൽ മീറ്റിങ്ങിനു പോയി മടങ്ങുമ്പോൾ ജീപ്പ് അപകടത്തിൽ പെട്ടു.. അതായിരുന്നു തുടക്കം. തലയിൽ ആറ് സ്റ്റിച്ചിടേണ്ടി വന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖത്തെ ഒരു വശത്തെ വേദന കുറഞ്ഞില്ല. അങ്ങനെയാണ് ഒരു ദന്തഡോക്ടറെ കാണാൻ പോകുന്നത്. വായ പരിശോധിച്ച് അദ്ദേഹം കവിളിലെ ഒരു വെളുത്ത അടയാളത്തെ കുറിച്ച് സംശയം പറഞ്ഞു. ബയോപ്സി പരിശോധന വേണമെന്ന് പറഞ്ഞപ്പോൾത്തന്നെ അത് ആവശ്യമില്ലാത്തതാണ് എന്ന് തോന്നി. കാരണം എന്റെ ആരോഗ്യത്തിന് ഒരു കുറവുമില്ല. പിന്നെ കുടുംബത്തിൽ ആർക്കും ഈ രോഗമുണ്ടായെന്ന കേട്ടുകേൾവിപോലുമില്ല. ഡോക്ടർ പറഞ്ഞതല്ലേ എന്നു കരുതി ഞാൻ ബയോപ്സി ചെയതു.

പക്ഷേ പരിശോധനയുടെ കാര്യംഅപ്പാടെ മറന്നു. റിസൽറ്റ് വാങ്ങിയത് ഒരു സുഹൃത്തായിരുന്നു. കാൻ‌സറാണെന്ന് അറിഞ്ഞ അദ്ദേഹം പേടിച്ച് രണ്ട് ദിവസം ആരോടും പറയാതെ നടന്നു. പിന്നെ ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ഡോക്ടർ വഴിയാണ് എന്നെ അറിയിക്കുന്നത്. ഡോക്ടർ ഫോൺ വച്ച ഉടനെ ഞാൻ സുഹൃത്തിനെ വിളിച്ച് ‘ഷൗട്ട്’ ചെയ്തു–. ‘‘കാൻസറല്ല എന്തു കുന്തമായാലും തനിക്ക് എന്നോട് പറഞ്ഞുകൂടെ?’’–ഫോണിലൂടെ പൊട്ടിത്തെറിച്ചു.

പെട്ടെന്ന് പിന്നിൽ വലിയൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. ഭാര്യ നിലത്ത് ബോധംകെട്ടു കിടക്കുന്നു. ഞാൻ ഫോണിൽ സംസാരിക്കുന്നതിൽ നിന്നും ഭാര്യയ്ക്കു കാര്യം മനസ്സിലായിക്കഴിഞ്ഞിരുന്നു. ആ നിമിഷം മനസ്സിൽ ഒരു വെള്ളിടി പാഞ്ഞു. രോഗം അർബുദമാണ്. ആയുസ്സ് എണ്ണപ്പെട്ടുവെന്ന ഞെട്ടലോടെ അർബുദമെന്ന സത്യം ഞാൻ ഉൾക്കൊണ്ടത് ആ നിമിഷത്തിലാണ്. കാര്യങ്ങൾ കൈവിട്ടു പോണല്ലോ ദൈവമേ... ഭാര്യ, കുടുംബം, മക്കൾ, ജീവിതം, ഒക്കെ തലകീഴായി മറിയുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഒരു നല്ല നടനാവുകയായിരുന്നു. തികട്ടിവരുന്ന സങ്കടം കടിച്ചമർത്തി എല്ലാവരുടെയും മുന്നിൽ ഞാൻ ധൈര്യം അഭിനയിച്ചു. എന്റെ ധൈര്യം മാത്രമാണ് ഭാര്യയുടെയും കുട്ടികളുടെയും ഒക്കെ ആശ്വാസം.

ചികിത്സയ്ക്കായി ആർസിസിയിൽ എത്തിയപ്പോഴാണ് എന്റെ മന പ്രയാസം മാറിത്തുടങ്ങിയത്. ഇടയ്ക്കിടെ കഴിച്ചിരുന്ന പാൻപരാഗ് ആണ് എനിക്കു രോഗം വരുത്തിയ വില്ലൻ. സ്വയം ശപിച്ച നിമിഷങ്ങളായിരുന്നു അവ. ആദ്യ ശസ്ത്രക്രിയ കഴിഞ്ഞു. രോഗവ്യാപനം കണ്ട് മൂന്നു മാസത്തിനു ശേഷം രണ്ടാമത്തെ ശസ്ത്രക്രിയ. താടിയെല്ലിലെ ഒരുവശം ഉൾപ്പെടെ എടുത്തുമാറ്റി. പഴയ മുഖംതന്നെ നഷ്ടമായി.

രോഗം മാറി. ഇപ്പോൾ പത്തു വർഷം കഴിഞ്ഞു. പൊലീസിൽ ഇന്റലിജൻസ് വിഭാഗം സിഐ ആയി വിരമിച്ചു. ഇപ്പോൾ കോടനാട്ട് ഹോട്ടൽ ബിസിനസ്സിൽ സജീവം. ഇത്രയേ ഉള്ളൂ കാൻസർ’’– ചിരിയോടെ കെ.എസ്. വർഗീസ് പറഞ്ഞു. കാൻസർ അദ്ദേഹത്തെ പഠിപ്പിച്ച ഒരുപാട് പാഠമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ ധനം ആരോഗ്യമാണ്. ഒന്നിന്റെ പേരിലും അഹങ്കരിക്കാൻ നമ്മൾ ആരുമല്ല. രൂപവും സൗന്ദര്യവുമല്ല, പെരുമാറ്റവും വ്യക്തിത്വവുമാണ് നമ്മുടെ മികവ്... ഇങ്ങനെ ഒരുപാട് തിരിച്ചറിവുകളുണ്ട് വർഗീസിന്റെ അർബുദജീവിതത്തിൽ.