ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള  കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി കൂടെ കൂട്ടിയത് ഇതേ ബസിലെ യാത്രക്കാരികളെ. അവയോരോന്നും സംഭവബഹുലമായ കഥകൾ. 

ഒന്നര രൂപയിൽ തുടങ്ങിയ പ്രേമം

‘പതിനാറാംകണ്ടത്തു നിന്ന് തടിയമ്പാട്ടേക്കുള്ള ടിക്കറ്റ് ചാർജ് എട്ടര രൂപയല്ലേ ചേട്ടാ. പിന്നെയെന്തിനാ പത്തു രൂപേടെ ടിക്കറ്റ്. എന്റെ ഒന്നര രൂപ തിരിച്ചുതന്നേ.’ സൂചി കുത്താൻ ഇടമില്ലാത്ത ബസിനകത്ത് കഷ്ടപ്പെട്ട് ടിക്കറ്റ് കൊടുക്കുമ്പോഴാണ് രാജേഷ് ആദ്യമായി ആ ശബ്ദം കേട്ടത്. ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിൽ തട്ടമിട്ടൊരു പെൺകുട്ടി. ‘സോറി, കുട്ടീ, മുരിക്കാശ്ശേരിയിൽനിന്ന് കയറിയതാണെന്ന് വിചാരിച്ചു. സാരമില്ല, ഞാൻ വേറെ ടിക്കറ്റ് തരാം.’ അതായിരുന്നു അവർക്കിടയിലെ ആദ്യത്തെ സംസാരം. 

‘‘തടിയമ്പാട് കർഷക ക്ഷേമനിധി ഓഫിസിലെ താൽക്കാലിക ജീവനക്കാരിയാണ് അന്ന് ഷെമീറ. രാവിലെ വീട്ടിൽനിന്ന് ഓഫിസിലേക്ക് പൊയ്ക്കൊണ്ടിരുന്നത് പ്രൈവറ്റ് ബസ്സിലാണ്. രാവിലത്തെ രണ്ട് ബസുകളിൽ ആദ്യത്തേതിൽ കയറിയാൽ ഒരുപാട് നേരത്തെ എത്തി ഓഫിസ് തുറക്കുന്നതു വരെ കാത്തിരിക്കണം. രണ്ടാമത്തേതിൽ കയറിയാൽ ലേറ്റാകും. ഇതിനിടയിൽ മൂന്നാറിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസിൽ കേറിയാൽ കൃത്യസമയത്ത് എത്താം. അങ്ങനെയാണ് 2009 ൽ ഈ ബസിനുള്ളിൽ ഞങ്ങൾ തമ്മിൽ കാണുന്നത്.’’

ഒന്നര രൂപയിൽ തുടങ്ങിയ പരിചയം പതിയെ സൗഹൃദവും പ്രണയവുമായ കഥ പറയുകയാണ് രാജേഷും ഷെമീറയും. ‘‘ദിവസവും ബസ്സിൽ കയറുന്ന പരിചയം വച്ച് പരസ്പരം സംസാരിച്ചു തുടങ്ങി. ഞാൻ ഒരു ദിവസം ഇവളോട് മൊബൈൽ നമ്പർ ചോദിച്ചു. പക്ഷേ, തന്നില്ല. ഒരു മാസം പുറകെ നടന്ന് ചോദിച്ചതിനു ശേഷം തന്നു. പിന്നീട് ഫോണിലൂടെയായി സംസാരം. അധികം വൈകാതെ ഞാൻ ഇഷ്ടം അറിയിച്ചു. ആദ്യം മറുപടിയൊന്നും കിട്ടിയില്ല. പിന്നെ അവളും തിരിച്ച് ഇഷ്ടമാണെന്ന് പറ‍ഞ്ഞു. ഞങ്ങളുടെ പ്രണയം മൊട്ടിട്ടതും പൂത്തതും തളിർത്തതുമെല്ലാം ഈ ബസ്സിലാണ്.’’ 

പ്രണയം വിപ്ലവവും കലാപവുമായത് ഒരുമിച്ചുള്ള ആദ്യത്തെ യാത്രയ്ക്കു ശേഷമാണെന്ന് ഷെമീറ. ‘‘എനിക്ക് കട്ടപ്പനയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പോകേണ്ട ആവശ്യം വന്നപ്പോൾ രാജേഷേട്ടനും ഒപ്പം വന്നു. പ്രൈവറ്റ് ബസിലാണ് പോയത്. ആ ബസ്സിലെ കണ്ടക്ടർ ഇക്കാര്യം എന്റെ വീട്ടിൽ അറിയിച്ചു. വീട്ടിൽ വലിയ വഴക്കായി. മതമായിരുന്നു ഞങ്ങളുടെ പ്രേമത്തിലെ തടസ്സം. പക്ഷേ, ആ പേരിൽ മനസ്സിലുള്ള  ഇഷ്ടം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. 

‘‘അങ്ങനെ ഞാൻ ഇവളെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോന്നു. കൂട്ടുകാരുടെ സഹായത്തോടെ 2012 ജനുവരി 19 ന് കല്യാണം റജിസ്റ്റർ ചെയ്തു. രണ്ട് മക്കളുണ്ട്. മൂത്ത മകൻ ആദിത്യരാജ്, ഇളയവൻ അശ്വിൻരാജ്.’’- രാജേഷ് പറഞ്ഞവസാനിപ്പിച്ചു. ഷെമീറ അടിമാലിയിൽ ലോട്ടറി സബ് ഓഫിസിലെ ജീവനക്കാരിയാണ്. രണ്ട് മക്കളുമായി ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവച്ച് സന്തോഷത്തോടെ ജീവിക്കുന്നു ഈ ദമ്പതികൾ.

‘ഉമേഷേട്ടൻ ഈ ബസിൽ കണ്ടക്ടറായി വന്നില്ലെങ്കിൽ ഒരുപക്ഷേ...’; ‘കല്യാണവണ്ടി’യിൽ കളിക്കൂട്ടുകാരിയെ തിരികെ കിട്ടിയ കഥ!

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി