കുഞ്ഞ് ഇസ്ഹാഖിന്റെ പുഞ്ചിരിയിൽ ഈ ലോകം തന്നെ കാണുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും നല്ല പാതി പ്രിയയും. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം കനിഞ്ഞരുളിയ കണ്മണിയിലാണ് ഈ താരദമ്പതിമാരുടെ സന്തോഷങ്ങളത്രയും.
ഇസ്ഹാഖ് എന്ന പൊൻപൂവിനെക്കുറിച്ചുള്ള ഓരോ ചോദ്യത്തിനും ഇവിടെയിതാ ഹൃദയം കൊണ്ട് മറുപടി പറയുകയാണ് ചാക്കോച്ചനും പ്രിയയും. ഒരു കുഞ്ഞോമനയ്ക്കായി പ്രാർത്ഥനയും നേർച്ച കാഴ്ചകളുമായി കാത്തിരുന്ന നാളുകൾ. ഒടുവിൽ അതിന്റെയെല്ലാം പൂർണതയായി അവനെ ദൈവം ഭൂമിയിലേക്കയച്ച സുന്ദര നിമിഷം. മനസു തുറക്കുകയാണ്...പ്രേക്ഷകരുടെ പ്രിയതാരമായി മാത്രമല്ല...നല്ലൊരു അച്ഛനായി കൂടി. വനിത ജൂലൈ ലക്കത്തിന് അനുവദിച്ച പ്രത്യേകിച്ച അഭിമുഖത്തിന്റെ പ്രസക്ത ഭാഗം ചുവടെ.

സന്തോഷിച്ചതും സങ്കടപ്പെട്ടതുമായ ഒരുപാടു നിമിഷങ്ങൾ ഒാർത്തിരിക്കുന്നില്ലേ?
പ്രിയ: പൊസിറ്റിവ് എനർജി തന്നുകൊണ്ട് ചാക്കോച്ചൻ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞുപോയ അവ സരങ്ങളുണ്ടായിട്ടുണ്ട്.
ചില പിറന്നാൾ ആഘോഷങ്ങൾക്കു പോകുമ്പോൾ മനസ്സിനെ എത്ര ശാന്തമാക്കി വയ്ക്കാൻ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേൽപിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോൾ ഞാൻ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. ‘പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരച്ചു വരുന്നതെന്ന്’ പലരും ഒാർത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവർ കാണില്ലല്ലോ...
പലപ്പോഴും പ്രായമായവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് മാറി നിൽക്കുമായിരുന്നു. ചോദ്യങ്ങളും ‘അഭിപ്രായ പ്രകടനങ്ങളും’ നമ്മളെ എത്ര മുറിവേൽപിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളിൽ ചിലരുടെ പൊതു സ്വഭാവമാണിത്.
‘മോളേ കുഞ്ഞുങ്ങളില്ലല്ലേ... ഇത്രയും പ്രായമായ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞുണ്ടാകാൻ പ്രയാസമായിരിക്കും അല്ലേ? എന്നൊക്കെ ചോദിച്ചവരുണ്ട്. ഇത്തരം ഭയത്തിന്റെ വിത്തുകൾ മനസ്സിൽ വീഴുമ്പോൾ ചാക്കോച്ചൻ തന്ന എല്ലാ പൊസിറ്റിവ് ചിന്തകളും ഉണങ്ങിപ്പോകും. പിന്നെ, ഒന്നിൽ നിന്നു തുടങ്ങും.
ഇങ്ങനെയുള്ള സംശയാലുക്കൾ ദയവായി ഒരു കാര്യം ഒാർക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനിൽക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്.
കൂടുതൽ വായനയ്ക്ക് വനിത ജൂലൈ 1-14 ലക്കം കാണുക