ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബന്റേയും ഭാര്യ പ്രിയയുടേയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൺമണിയെത്തുന്നത്. സന്തോഷ വർത്തമാനം പുറംലോകം അറിഞ്ഞപാടെ ആശംസകൾക്കും അഭിനന്ദനപ്പെരുമഴകൾക്കും നടുവിലായിരുന്നു ചാക്കോച്ചനും പ്രിയതമയും. പിന്നാലെ കൺമണിയുടെ ഫൊട്ടോയും പേരും എന്തെന്നുള്ള അന്വേഷണമായി സോഷ്യൽ മീഡിയയിൽ മുഴുവൻ.
ചോദ്യങ്ങൾക്കെല്ലാമുള്ള ആദ്യ ക്ലൂ ഇക്കഴിഞ്ഞ ദിവസം മഴവിൽ എന്റർടെയിൻമെന്റ് അവാർഡ് ഷോയിലാണ് ചാക്കോച്ചൻ വെളിപ്പെടുത്തിയത്. കുഞ്ഞിന് പേരിട്ടോ എന്ന ഗായകൻ യേശുദാസിന്റെ ചോദ്യത്തിന് തന്റെ പേര് തിരിച്ചിട്ടാൽ കുഞ്ഞിന്റെ പേരായി എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. അതോടെ കുഞ്ഞിന്റെ പേര് ബോബൻ കുഞ്ചാക്കോ എന്ന് ആരാധകർ ഉറപ്പിച്ചു. പക്ഷേ, യഥാർത്ഥ പേര് അപ്പോഴും സസ്പെൻസ് ആക്കി വച്ചിരിക്കുകയായിരുന്നു താര ദമ്പതികൾ.
ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ട് ദിനമായ ഇന്ന് ജൂനിയർ ചാക്കോച്ചന് പേരിട്ടു. ഇസഹാഖ് കുഞ്ചാക്കോ ബോബൻ എന്നാണ് താരപുത്രന്റെ പേര്. ഈ സന്തോഷവാർത്ത ചാക്കോച്ചൻ തന്നെയാണ് വനിതാ ഓൺലൈനുമായി പങ്കുവച്ചത്. ബോബന് കുഞ്ചാക്കോ എന്ന പേരിനു പുറമേ രണ്ടാമതൊരു പേരായാകും ഇസഹാഖ്. എന്തായാലും സസ്പെൻസുകൾക്കൊടുവിൽ പുറത്തുവന്ന താരപുത്രന്റെ പേര് ആരാധകർ ആഘോഷമാക്കുമെന്ന് ഉറപ്പ്.