Wednesday 13 March 2019 11:57 AM IST

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി

Nithin Joseph

Sub Editor

ksrtc-raju-siji2 ഫോട്ടോ: ബേസിൽ പൗലോ, വിഷ്ണു നാരായണൻ

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് സ്ഥലം മാറി വന്ന കണ്ടക്ടർ സ്‌റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി. ‘സാർ എനിക്ക് ഈയാഴ്ച രണ്ടു പെണ്ണുകാണലുണ്ട്. കുറച്ച് ദിവസം ലീവ് വേണം.’ ഉടനെയെത്തി സ്‌റ്റേഷൻ മാസ്റ്ററുടെ മറുപടി. ‘എടോ, കല്യാണം കഴിക്കാനാണെങ്കിൽ താൻ ആ കുയിലിമല റൂട്ടിലെ ബസിൽ ഒരാഴ്ച പോയാൽ മതി. അതാകുമ്പോ തന്റെ കല്യാണവും നടക്കും, ഇവിടത്തെ ജോലിയും മുടങ്ങില്ല.’

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽ നിന്ന് കുയിലിമലയിലേക്കുള്ള  കെഎസ്ആർടിസി ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി കൂടെ കൂട്ടിയത് ഇതേ ബസിലെ യാത്രക്കാരികളെ. അവയോരോന്നും സംഭവബഹുലമായ കഥകൾ. തുളച്ചുകയറുന്ന തണുപ്പ് സഹിക്കാൻ തയാറാണെങ്കിൽ രാവിലെ ഏഴു മണിക്ക് കല്യാണവണ്ടിയിൽ കേറിക്കോ, മൂന്നാറിൽനിന്ന് കുയിലിമലയിലേക്കുള്ള സവാരിക്ക്.

ആദ്യ കാഴ്ചയിൽ തോന്നിയ ഇഷ്ടം

ഡബിൾ ബെല്ലടിച്ചതും ബസ് നീങ്ങി. പ്രളയം പാഞ്ഞ വഴിയിലൂടെ പള്ളിവാസലും ആനച്ചാലും കടന്ന് അടിമാലിയിലേക്ക്. അടിമാലി വരെ വല്യ തിരക്കില്ല വിശാലമായി വിസ്തരിച്ചിരുന്ന് കഥ കേൾക്കാം. പതിനാറു വർഷത്തിനു മുൻപുള്ള കഥയാണ്. മൂന്നാർ ‍ടൗണിൽ നിന്ന് കുയിലിമലയിലേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. മൂന്നാർ ഡിപ്പോയിലേക്കു സ്ഥലംമാറ്റം കിട്ടിയെത്തിയ മൂവാറ്റുപുഴക്കാരൻ രാജുവാണ് ബസിലെ കണ്ടക്ടർ.

കുയിലിമലയിലേക്കുള്ള ബസിലെ പ്രധാന യാത്രക്കാർ മുരിക്കാശ്ശേരി പാവനാത്മ കോളജിലെ വിദ്യാർഥികളാണ്. രാവിലെയും വൈകിട്ടും ട്രിപ്പുകളിൽ ഇതൊരു കോളജ് ബസ് ആണോയെന്ന് തോന്നും. എന്നും കാണുന്ന ഒരുപാട് മുഖങ്ങളിൽ ഒന്ന് മാത്രം കണ്ടക്ടർ രാജുവിന്റെ മനസ്സിൽ കയറി.

‘‘പാവനാത്മ കോളജില്‍ ബി.കോമിന് പഠിക്കുകയായിരുന്നു സിജി. കണ്ടപ്പോൾ തോന്നിയ ഇഷ്ടം മൂന്നാലു മാസത്തിനുള്ളിൽ അവളോടങ്ങ് പറഞ്ഞു. പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്. ‘എന്റെ വീട്ടിൽ വന്ന് ആലോചിച്ചോളൂ, അവർ സമ്മതിച്ചാൽ എനിക്കും സമ്മതമാണെ’ന്ന മറുപടി കിട്ടി.’’

സിജിയോട് ഇഷ്ടമാണെന്നു പറയും മുൻപ് അനുഭവിച്ച കുഞ്ഞു കൺഫ്യൂഷന്റെ കഥ പറയുമ്പോൾ രാജുവിന്റെ വാക്കുകളിൽ ചിരി പടരുന്നു. ‘‘സിജിക്ക് എന്നെക്കാൾ പൊക്കമുണ്ടോ എന്നൊരു സംശയം. പിറ്റേ ദിവസം ഡിപ്പോയിൽ നിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപേ ഞാൻ ബസിൽ എന്റെ പൊക്കം അടയാളപ്പെടുത്തി. അവൾ സ്ഥിരമായി നിൽക്കുന്ന ഭാഗത്താണ് അടയാളമിട്ടത്. ചിന്നാറിലെത്തിയപ്പോൾ സിജി കയറി, പതിവ് സ്ഥലത്ത് തന്നെ നിന്നു. ഒന്നുമറിയാത്ത മട്ടിൽ ഞാൻ അവളെ നോക്കി. പിന്നെ, ആരുമറിയാതെ ബസിൽ മാർക്ക് ചെയ്തിരുന്ന അടയാളവും. ആശ്വാസമായി, പൊക്കം കുറവാണ്. 

പിന്നെയും രണ്ടുമൂന്നു ദിവസം മനക്കോട്ട കെട്ടി നടന്നു. ഒടുവിൽ ഇഷ്ടം തുറന്നു പറഞ്ഞു. അവൾ പറഞ്ഞതു പോലെ വീട്ടുകാർ തമ്മിൽ ആലോചിച്ചു വിവാഹം നടത്തി. രണ്ട് മക്കളുണ്ട്, മൂത്തയാൾ ബെൻ, എട്ടിൽ പഠിക്കുന്നു. ഇളയവൻ ഇമ്മാനുവൽ ഒന്നിലും.’’ കഥ തീർന്നപ്പോഴേക്കും അടിമാലി എത്തി. തിരക്കൊരൽപം കൂടിയോന്നൊരു സംശയം ഇല്ലാതില്ല. പലതരം യൂണിഫോമുകളുടെ ഒരു ഘോഷയാത്ര. ഇടയ്ക്കോരോ ഡയലോഗും, ‘ചേട്ടാ, ഈ ബാഗൊന്ന് പിടിക്കാവോ.’ വിദ്യാർഥികളുടെ ചിരിക്കും ബഹളത്തിനുമൊപ്പം ബസ് നീങ്ങി.