Saturday 09 May 2020 04:52 PM IST

കുഴിയാനയാണോ തുമ്പിയായി മാറുന്നത് ? ചോദ്യങ്ങൾക്കുത്തരമായി ഫോട്ടോഗ്രഫര്‍ ജോർഡിന്റെ ’പറക്കും കുഴിയാന’ വിശേഷങ്ങളിതാ!

V N Rakhi

Sub Editor

ttt

തട്ടേക്കാടും പാലക്കാടും വയനാട്ടിലെ കുറുവ ദ്വീപിലുമൊക്കെ തുമ്പിയുടെ പിറകെ നടന്ന് മൂന്നു വര്‍ഷം ചെലവിട്ടത് വെറുതെയൊരു രസത്തിനല്ല. കാമറയില്‍ പതിപ്പിച്ച വിഷ്വലുകള്‍ ചേര്‍ത്ത് ഡ്രാഗണ്‍ ഫ്‌ളൈകളെക്കുറിച്ച് നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ മാതൃകയില്‍ ഒരു ഡോക്യുമെന്ററി ആയിരുന്നു ലക്ഷ്യം. 2016ല്‍ മൂന്നാറില്‍ നടന്ന റെയിന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ ബെസ്റ്റ് ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു 27 മിനിറ്റ് ദൈര്‍ഘ്യത്തിനകത്ത് തുമ്പിയുടെ ജീവിതം കാണിക്കുന്ന, ജോര്‍ഡിന്‍ മാത്യുവിന്റെ 'ഡ്രാഗണ്‍ ഫ്‌ളൈ'.

yyu

ഈ കുഴിയാനകളാണല്ലേ തുമ്പിയായി മാറുന്നത്? തുമ്പിയെക്കുറിച്ച് ഗവേഷണത്തിലാണെന്നറിഞ്ഞപ്പോള്‍ പലരും ജോര്‍ഡിനോടു ചോദിച്ചു. തുമ്പിക്കൊപ്പം, അന്നേ മനസ്സില്‍ കയറിക്കൂടിയതാണ് കുഴിയാനയും. ആ ധാരണ മാറ്റിക്കൊടുക്കണമെന്ന് അന്നേ മനസ്സിലുറച്ചു. അങ്ങനെ തുമ്പിക്കൊപ്പം എടുത്ത കുഴിയാന വിഷ്വലുകളും പിന്നീട് എടുത്ത പുതിയവയുമെല്ലാം കൂട്ടിച്ചേര്‍ത്ത് ലോക്ഡൗണ്‍ കാലത്ത് മറ്റൊരു ഡോക്യുമെന്ററി തയാറാക്കി. ആന്റ്‌ലയണ്‍സ് എന്ന ഈ ഡോക്യുമെന്ററിയില്‍ കുഴിയാനയുടെ ജീവിതചക്രമാണ് പറയുന്നത്.

'സത്യത്തില്‍ കുഴിയാന പറക്കുന്ന ഒരു ഇന്‍സെക്റ്റ് ആണ്. ഇത് സൂര്യപ്രകാശം നേരിട്ടടിക്കാത്ത സ്ഥലങ്ങളിലും മരത്തിന്റെ ചുവട്ടിലുമൊക്കെയുള്ള മണ്ണില്‍ മുട്ടയിടും. മുട്ടയില്‍ നിന്ന് ലാര്‍വയുണ്ടാകും.ഉറുമ്പാണ് ഇവയുടെ പ്രധാന ആഹാരം. കുട്ടിക്കാലത്ത് മണ്ണിലെ കുഴികള്‍ തോണ്ടി നമ്മളൊക്കെ പുറത്തെടുത്തിട്ടുള്ളത് ലാര്‍വ അവസ്ഥയിലുള്ള കുഴിയാനയാണ്. പിന്നെയിവ കൊക്കൂണുകള്‍ ഉണ്ടാക്കി അതിനകത്തിരിക്കും. ഒരു മാസം കഴിയുമ്പോള്‍ കൊക്കൂണ്‍ പൊട്ടിച്ച് പുറത്തു വരും. അപ്പോള്‍ കാണുന്ന കുഴിയാനയും ലാര്‍വാ അവസ്ഥയിലുള്ള സൂചിത്തുമ്പിയും കണ്ടാല്‍ ഒരുപോലിരിക്കും. അതാണ് കുഴിയാനകളാണ് തുമ്പികളായി മാറുന്നത് എന്നു തെറ്റിദ്ധാരണ വരുന്നത്. ഫ്‌ളൈ രൂപത്തിലുള്ള കുഴിയാന ഇലകളും അവയിലെ നീരുമൊക്കയാണ് കഴിക്കുക.പൂര്‍ണ സസ്യഭുക്ക്. ലോകത്താകെ 2000ലേറെ ഇനം കുഴിയാനകളുണ്ട്. അതില്‍ മൂന്നോ നാലോ തരം കുഴിയാനകളെ മാത്രമേ ഞാനിതുവരെ കണ്ടിട്ടുള്ളൂ.' ജോര്‍ഡിന്‍ പറയുന്നു.

കാനന്‍ 560Dയിലാണ് ഡ്രാഗണ്‍ ഫ്‌ളൈ ഷൂട്ട് ചെയ്തത്. ആന്റ് ലയണ്‍സ് കാനന്‍ MARK 4 കാമറയിലും. ഇത്തരം കാമറകളിലും നല്ല ഫോട്ടോഗ്രഫി ചെയ്യാമെന്നൊരു പാഠം കൂടി നല്‍കുന്നുണ്ട് തൊടുപുഴ കാഞ്ഞാര്‍ സ്വദേശിയായ ജോര്‍ഡിന്‍. പരസ്യങ്ങളും സോഷ്യല്‍ മീഡിയ പ്രൊമോഷനുകളും റീബ്രാന്‍ഡിങ്ങും ചെയ്യുന്ന ജോര്‍ഡിന് ഡ്രാഗണ്‍ ഫ്‌ളൈ മീഡിയ പ്രൊഡക്ഷന്‍സ് എന്ന എഫ് ബി, ഇന്‍സ്റ്റഗ്രാം പേജുകളുണ്ട്.