ജനജീവിതത്തെ നിശ്ചലമാക്കിയ ലോക് ഡൗണ്‍ പ്രഖ്യാപനം ഒരു മാസം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ്. മേയ് മൂന്ന് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിക്കുമ്പോഴും അതിന് ശേഷം എന്ത് സംഭവിക്കുമെന്ന ചോദ്യം മാത്രം ഉത്തരമില്ലാതെ തുടരുന്നു. അടച്ചു കെട്ടിയ അതിര്‍ത്തികളും നിശ്ചലമായി പോയ ഗതാഗതവും സേവനങ്ങളും എത്രകാലം ഇങ്ങനെ പിടിച്ചു നിര്‍ത്തുമെന്ന് അറിയേണ്ടിയിരിക്കുന്നു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് ചേക്കേറാനാകാതെ... പ്രിയപ്പെട്ടവരുടെ അരികിലേക്ക് എത്താനാകാതെ അന്യ നാടുകളില്‍ കുടുങ്ങിപ്പോയ ജനങ്ങളാണ് ലോക് ഡൗണ്‍ കാലത്തെ ഏറ്റവും സങ്കടകരമായ കാഴ്ച. ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്ന പക്ഷം രോഗ വ്യാപനം ഇനിയുമുണ്ടാകുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം നാടുകളിലേക്ക് മടങ്ങാനുള്ള പലരുടേയും സ്വപ്‌നങ്ങള്‍ വിലങ്ങു തടിയായി മാറി. കേന്ദ്രം ഇടപെട്ടതോടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനവും പ്രതീക്ഷകള്‍ അസ്തമിപ്പിച്ചു. മറുവശത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും കാര്യത്തില്‍ ഒരു വിഭാഗത്തിനിടയില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. യാത്രകള്‍ സംബന്ധിച്ച ഇളവുകള്‍ പിന്‍വലിച്ചതു പോലും അറിയാതെ യാത്ര ചെയ്യുന്ന ഒരു വിഭാഗം നിരത്തിലെ കാഴ്ചയാണ്. അവശ്യ സാഹചര്യങ്ങളില്‍ മാത്രം യാത്ര ചെയ്യാമെന്നിരിക്കേ, ആര്‍ക്കൊക്കെ യാത്ര ചെയ്യാം എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ ഗരുഡിന്‍. അന്യ സംസ്ഥാനങ്ങളിലും, അന്യജില്ലകളിലും  കുടുങ്ങിപ്പോയവര്‍ക്ക് ഏതൊക്കെ സാഹചര്യങ്ങളില്‍ നാട്ടിലേക്ക് വരാം എന്നത് സംബന്ധിച്ചും വിശദമായി വനിത ഓണ്‍ലൈനുമായി സംസാരിക്കുകയാണ് അദ്ദേഹം...

യാത്രാ ഇളവുകള്‍ ആര്‍ക്കൊക്കെ?

ലോക് ഡൗണ്‍ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും കാര്യത്തില്‍ ഒരു വിഭാഗത്തിനിടയില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അതിന് തെളിവാണ് സംസ്ഥാനം ആദ്യം പ്രഖ്യാപിച്ച ഇളവുകള്‍ മുതലെടുത്ത് നിരത്തിലേക്കൊഴുകിയ ജനങ്ങള്‍. ഒറ്റ-ഇരട്ട അക്ക നമ്പറുകള്‍ അനുസരിച്ച് ഊഴം കാത്തിരുന്ന് പുറത്തിറങ്ങിയ ജനങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസിന് വലിയ തലവേദനയാണ് പലയിടത്തും സൃഷ്ടിച്ചത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ അറിവിലേക്കായി ഇക്കാര്യങ്ങള്‍ അറിയിക്കുന്നു.

ജില്ലകളില്‍ നിന്നും ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ഇപ്പോഴും വിലക്കുണ്ട്. അതേ സമയം ഉദ്യോഗസ്ഥര്‍ക്കും അവശ്യ സര്‍വീസുകള്‍ക്കും അതാതു ജില്ലകളില്‍ അവരുടെ സേവനം തുടരാവുന്നതാണ്. അവശ്യ സേവനങ്ങളുടെ പരിധിയില്‍ വരുന്നത് ചുവടെ ചേര്‍ക്കുന്നവയാണ്.

1. ആരോഗ്യ പ്രവര്‍ത്തകര്‍/ ആംബുലന്‍സ് സര്‍വീസ്

2. ബാങ്കിംഗ് ഉദ്യോഗസ്ഥര്‍.

3. പത്രം/ മീഡിയ

4. പാല്‍

5. അവശ്യ സര്‍ക്കാര്‍ സേവനങ്ങള്‍ (ഉദാ; ദുരന്ത നിവാരണ വകുപ്പ്, വില്ലേജ് ഓഫിസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങള്‍, ഫയര്‍ ഫോഴ്്‌സ്, പൊലീസ്)

ജോലിക്കെത്തുന്ന ഉദ്യോഗസ്ഥര്‍ അതാത് സ്ഥാപനങ്ങളിലെ ഐഡി കാര്‍ഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണം. അതിര്‍ത്തി ജില്ലയില്‍ജോലിക്കെത്തുന്നവര്‍ക്ക് ഇളവുണ്ട്. അതായത് തിരുവനന്തപുരം ജില്ലയിലുള്ള വ്യക്തിക്ക് അതിര്‍ത്തി ജില്ലയായ കൊല്ലത്തേക്ക് ജോലിക്കു പോകുന്നതില്‍ നിയന്ത്രണമില്ല. അതിര്‍ത്തി ജില്ലകളില്‍ മാത്രമാണ് ഈ ഇളവുകള്‍ ഉള്ളതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. 

സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് ഈ നിബന്ധനകള്‍

അന്യ സംസ്ഥാനങ്ങളിലുള്ളവര്‍ ലോക് ഡൗണ്‍ അവസാനിക്കുന്നതു വരെ അതാത് സംസ്ഥാനങ്ങളില്‍ തുടരുകയേ നിവൃത്തിയുള്ളൂ. അതേസമയം അടിന്തിര സാഹചര്യം പരിഗണിച്ച് അന്യ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഉപാധികളോടെ അനുവദിക്കും. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ആര്‍ക്കൊക്കെ ഏതൊക്കെ സാഹചര്യങ്ങളില്‍ യാത്രാ ചെയ്യാം എന്നുള്ളത് ചുവടെ പറയുന്നു.

1. അടുത്ത ബന്ധുക്കളുടെ മരണം

2. അടിയന്തിര ചികിത്സാര്‍ത്ഥമുള്ള യാത്ര

3. ഗര്‍ഭിണികളുടെ യാത്ര

നിലവില്‍ ഈ മൂന്ന് വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. മതിയായ യാത്രാ രേഖകളും അനുമതിയും നിര്‍ബന്ധം. അടിയന്തിര സാഹചര്യങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ അനുമതിയോടെ മാത്രമേ യാത്ര ചെയ്യാനാകൂ. ഉദാഹരണത്തിന് രോഗം മൂലം ബുദ്ധിമുട്ടുന്ന അടുത്ത ബന്ധുക്കളുടെ അരികിലേക്ക് അടിയന്തിരമായി പോകേണ്ടതുണ്ടെങ്കില്‍ ആദ്യം താമസിക്കുന്ന  ജില്ലയിലെ കലക്ടറുടെ അനുമതി തേടണം. സാഹചര്യവും യാത്രാ കാരണവും മുന്‍നിര്‍ത്തി അനുമതി രേഖാമൂലം നേടിയ ശേഷം അത് പോകേണ്ട സ്ഥലത്തെ/ജില്ലയിലെ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. കലക്ടറുടെ ഒഫിഷ്യല്‍ മെയില്‍ ഐഡിയിലേക്കാണ് രേഖകള്‍ അയച്ചു കൊടുത്താല്‍ മതിയാകും. എത്തിച്ചേരേണ്ട ജില്ലയിലെ കലക്ടര്‍ അപേക്ഷ അപ്രൂവ് ചെയ്യുന്ന പക്ഷം ആ അനുമതി പത്രം ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരുന്ന മുറയ്ക്ക് 14 ദിവസം ക്വാറന്‍റിനില്‍ ഇത്തരക്കാര്‍ കഴിയണമെന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ട്.