വെറോണ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ചഡി വിദ്യാര്‍ഥിനിയായ നിദുല മുല്ലപ്പിള്ളി മറുനാട്ടില്‍ ഒറ്റയ്ക്ക് പിന്നിട്ട ലോക്ഡൗണ്‍ ദിനങ്ങളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...
വെറോണയില്‍ വലിയ കുഴപ്പമില്ല എന്നാണ് ഞാന്‍ വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. സത്യം അതല്ലെങ്കില്‍ കൂടി... ഓരോ നിമിഷവും ആംബുലന്‍സുകളുടെ നിലവിളി ശബ്ദം ശക്തിയോടെ കാതുകളില്‍ തുളഞ്ഞു കയറി. എപ്പോഴും തിരക്കും ബഹളവുമായല്ലാതെ കണ്ടിട്ടില്ലാത്ത സിറ്റി വിജനമായിക്കിടക്കുന്നത് പുതിയ കാഴ്ചയായി. ഒരാളെപ്പോലും കാണാതെ 25 ദിവസങ്ങള്‍... നാട്ടില്‍ നിന്നെത്തുന്ന ഫോണ്‍ കോളുകളും പുസ്തകങ്ങളും ചെടികളും പക്ഷികളും യോഗയുമൊക്കെ, തളരാതെ പിടിച്ചുനിര്‍ത്തിയ ദിവസങ്ങള്‍. പഴങ്ങളും പച്ചക്കറികളുമില്ലാതെ ഒരു മാസം. ചുറ്റും വല്ലാത്ത അവസ്ഥ. അതില്‍ നിന്നൊക്കെ പുറത്തുവരാന്‍ എനിക്കു സാധിച്ചിരിക്കുന്നു!
ഗൗരവമറിയാതെ പ്രഫസറും ജനങ്ങളും
യൂറോപ്പില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ച രാജ്യമാണ് ഇറ്റലി. ഫെബ്രുവരി 21ന് ഇറ്റലിയുടെ വടക്കുകിഴക്കുഭാഗത്തുള്ള ലൊമ്പാര്‍ഡി പ്രവിശ്യയില്‍ കൊറോണ സ്ഥിരീകരിച്ചു. ജാഗ്രതയോടെയിരിക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയെങ്കിലും ചെറിയൊരു ജലദോഷമല്ലേ എന്ന നിസാരമട്ടായിരുന്നു ആളുകള്‍ക്ക്. ഫെബ്രുവരി അവസാനത്തോടെ മരണനിരക്കുകള്‍ ക്രമാതീതമായി കൂടിയതോടെ ആ ധാരണ മാറി. ലൊംബാര്‍ഡിയില്‍ നിന്ന് വലിയ ദൂരമില്ലാത്ത വെനെറ്റോ പ്രവിശ്യയിലെ വെറോണ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ ബയോകെമിസ്ട്രി പിഎച്ചഡി വിദ്യാര്‍ഥിനിയാണ് ഞാന്‍. മാര്‍ച്ച് 6 വരെ ഞാനും യൂണിവേഴ്‌സിറ്റിയില്‍ പോയിരുന്നു. ബസിലാണ് വരുന്നത് എന്നു പറഞ്ഞപ്പോഴും സ്വന്തം കാറില്‍ വന്നിരുന്ന പ്രഫസര്‍ക്ക് അതിന്റെ ബുദ്ധിമുട്ടും ഗൗരവവും മനസ്സിലായിരുന്നില്ല. കുറച്ച് പേടിയോടെ തന്നെയാണ് ആ ദിവസങ്ങളില്‍ യാത്ര ചെയ്തത്. മാസ്‌കും ഗ്ലവ്‌സും ഫാര്‍മസികളില്‍ കിട്ടാനുമില്ലായിരുന്നു. മാര്‍ച്ച് 6 രാത്രി മുതല്‍ ഇറ്റലി പൂര്‍ണമായി ലോക്ഡൗണ്‍ ആയി. ഇത്രയും ഗൗരവമുള്ള അവസ്ഥയാണെന്ന് എന്റെ പ്രഫസറെപ്പോലുള്ള അനേകം പേര്‍ക്ക് ബോധ്യമായത് അപ്പോഴാണ്. ലാബിലേക്ക് പോകാന്‍ കര്‍ശന നടപടികളായതുകൊണ്ട് യൂണിവേഴ്‌സിറ്റി മുഴുവനായി അടച്ചിട്ടു. ദിവസം 8-10 ബസുകള്‍, അതിലേറെയും ആശുപത്രി വരെ എത്തുന്നവ, മാത്രം ഓടി. വെറോണയില്‍ നിന്ന് ആഴ്ചയില്‍ ഒന്നോ രണ്ടോ ട്രെയിന്‍ സര്‍വിസുകള്‍ മാത്രം. അതും കര്‍ശന പരിശോധനകള്‍ക്കു ശേഷം മാത്രമേ ട്രെയിനില്‍ കയറാനാകൂ. ഫാര്‍മസിയും സൂപ്പര്‍മാര്‍ക്കറ്റും മാത്രം തുറന്നിരുന്നു. ഇന്ത്യയിലെപ്പോലെ, വരി നിര്‍ത്തി നിശ്ചിത ആളുകളെ മാത്രം കയറ്റും. റോഡുകള്‍ അക്ഷരാര്‍ഥത്തില്‍ വിജനമായിക്കിടന്നു.എല്ലായിടത്തും പൊലിസ് പട്രോളിങ് നടത്തി. എന്റെ പരിചയത്തിലുള്ള രണ്ടുപേര്‍ക്ക് സൈക്കിള്‍ ചവിട്ടി പുറത്തിറങ്ങിയതിന് ഫൈന്‍ അടയ്‌ക്കേണ്ടി വന്നു. തുടക്കം മുതല്‍ തന്നെ 200 യൂറോ അതായത് 16,000 ഇന്ത്യന്‍ രൂപ ആണ് ഫൈന്‍ ഈടാക്കിയിരുന്നത്.
ആ 25 ദിവസങ്ങള്‍
അധ്യാപികയായ ഒരു ജര്‍മന്‍ സുഹൃത്തിനൊപ്പം ഒരു ഫഌറ്റിലാണ് ഞാന്‍ താമസിക്കുന്നത്. പൂര്‍ണലോക്ഡൗണ്‍ ആയതോടെ അവര്‍ സ്വന്തം കാറില്‍ നാട്ടിലേക്ക് പോയി.അതോടെ ഫഌറ്റില്‍ ഞാന്‍ ഒറ്റയ്ക്കായി. ആദ്യ ഒരാഴ്ച വല്ലാതെ ബുദ്ധിമുട്ടി. പതിയെ അതൊരു ശീലമായി മാറി. ചെടിസംരക്ഷണവും യോഗയും ഒക്കെയായി ബിസിയായിരിക്കാന്‍ ശ്രദ്ധിച്ചു. ഒരാളെപ്പോലും കാണാത്ത 25 ദിവസങ്ങള്‍... വയോധികയായതു കൊണ്ട് ഫഌറ്റ് ഉടമയോടു പോലും ഞാന്‍ സമ്പര്‍ക്കം പുലര്‍ത്തിയില്ല. ചെറിയൊരു ആശ്വാസമായി എനിക്ക് ലാപ്‌ടോപ്പും സിനിമയും വാട്‌സ് ആപും എങ്കിലുമുണ്ടല്ലോ. ടിവിയും പുസ്തകവുമല്ലാതെ മറ്റൊന്നിനെയും സുഹൃത്താക്കാനറിയാത്ത അവരെപ്പോലെയുള്ളവരുടെ കാര്യമാലോചിച്ചപ്പോള്‍ സങ്കടം തോന്നി. അതുകൊണ്ട് എല്ലാ ദിവസവും ഞാന്‍ കുഞ്ഞുകുഞ്ഞു കത്തുകള്‍ എഴുതി അവരുടെ വാതില്‍ വഴി ഇട്ടു. ഇടയ്ക്ക് ഫോണ്‍ വിളിച്ച് അന്വേഷിച്ചു. ഒരു മാസത്തിനു ശേഷമാണ് അവരെ ബാല്‍ക്കണിയില്‍ നിന്നുകണ്ട് സംസാരിച്ചത്. ഞാനതു വരെ കാണാത്ത രണ്ടുമൂന്നുതരം പക്ഷികള്‍ അതിനകം എന്റെ നിത്യസന്ദര്‍ശകരായിക്കഴിഞ്ഞിരുന്നു. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായി കുറേപ്പേര്‍ ഇടയ്ക്കിടെ വിളിച്ചും മെസേജ് അയച്ചും ഞാന്‍ സേഫ് ആണെന്ന് ഉറപ്പു വരുത്തിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത കുറേപ്പേര്‍ വിളിച്ച് അന്വേഷിച്ചത് ഏറെ സന്തോഷം നല്‍കി. ബാല്‍ക്കണിയില്‍ നിന്ന് നൃത്തം ചെയ്യാനും ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാനായി ദേശീയഗാനം ആലപിക്കാനും ആവശ്യപ്പെട്ടു ഗവണ്‍മെന്റ്. വളരെ സന്തോഷത്തോടെ ഞാനും അതിലെല്ലാം പങ്കുചേര്‍ന്നു. ലോക്ഡൗണ്‍ തുടങ്ങി നാല്‍പ്പത് ദിവസം കഴിഞ്ഞപ്പോള്‍ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ കുട്ടികള്‍ കളിക്കുന്നതും അടുത്ത വീടുകളിലെ ആളുകളെയും കാണാന്‍ തുടങ്ങി. ആളുകളെ കണ്ടതോടെ മനസ്സിലെ പിരിമുറുക്കവും ആധിയും പതിയെ കുറഞ്ഞു വന്നു. പഠനത്തിരക്കില്‍ താല്‍ക്കാലികമായി മാറ്റി വച്ചിരുന്ന പുസ്തകവായന ഇക്കാലത്ത് തിരിച്ചുപിടിച്ചു. അറുപത് ദിവസത്തിനുള്ളില്‍ 12 പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. അതും വലിയ സന്തോഷമായി.

ജനുവരിയില്‍ നാട്ടില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ കൊണ്ടുവന്ന സാധനങ്ങളെല്ലാം തീര്‍ന്നതുകൊണ്ട് ലോക്ഡൗണിനു മുമ്പേ കുറച്ചേറെ സാധനങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. മാര്‍ച്ച് 6 മുതല്‍ 60 ദിവസം പൂര്‍ണമായി വീട്ടില്‍ അടച്ചുകഴിഞ്ഞു. ആദ്യത്തെ 10 ദിവസം കഴിഞ്ഞപ്പോള്‍ വാങ്ങി വച്ച പച്ചക്കറിയും പഴങ്ങളും തീര്‍ന്നു. ഇതൊന്നുമില്ലാതെ പിന്നീടുള്ള 35 ദിവസങ്ങള്‍ തള്ളിനീക്കി. ഏപ്രില്‍ 3 വരെയായിരുന്നു ആദ്യലോക്ഡൗണ്‍ പറഞ്ഞിരുന്നതെങ്കിലും അതിനുശേഷം അത് 15 വരെയാക്കി. പിന്നെയത് മെയ് വരെ എന്നായി. ഏപ്രില്‍ 15 ന് ശേഷം ഇന്ത്യന്‍, ബംഗ്ലാദേശി, ശ്രീലങ്കന്‍ പലചരക്കുകടകള്‍ തുറക്കാന്‍ അനുമതി കൊടുത്തു. എന്നെപ്പോലുള്ള ഇന്ത്യക്കാര്‍ക്ക് ഇത് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. പയറും കടലയും പോലുള്ള നമ്മുടെ പയറുവര്‍ഗങ്ങള്‍ ഈ കടകളിലേ കിട്ടിയിരുന്നുള്ളൂ. അതിനകം വാങ്ങിവച്ചതെല്ലാം ഏതാണ്ട് തീരാറായിരുന്നു. 45 ദിവസത്തിനു ശേഷമാണ് സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയത്. വയസ്സായതുകൊണ്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്നവരെക്കുറിച്ച് അന്നു ഞാനറിയാതെ ഓര്‍ത്തുപോയി.
ANDRA TUTTA BENE
നിസ്സഹായരായ ആളുകളെ സഹായിക്കാനായി RECUP,SOCIAL STREET പോലുള്ള സന്നദ്ധസംഘടനകള്‍ രംഗത്തു വന്നു. ഇത്തരം സംഘടനകളില്‍ ഞാനും അംഗമായതുകൊണ്ട് അവരെ സഹായിക്കാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. നാട്ടില്‍ നിന്നു വിളിച്ച് വീട്ടുകാരും ബന്ധുക്കളും ആധിയോടെ തടഞ്ഞപ്പോള്‍ എനിക്കത് അനുസരിക്കുകയേ നിവൃത്തിയുണ്ടായുള്ളൂ. ഇതിനിടയില്‍ രണ്ടു തവണ മിലാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇവക്വേഷന്‍ ഫ്‌ളൈറ്റ് സര്‍വിസ് നടത്തി. മാര്‍ച്ച് 14നും ഏപ്രില്‍ ആദ്യവാരത്തിലും. ഡല്‍ഹിയില്‍ ക്വാറന്റീനില്‍ ഇരിക്കണമെന്നതുകൊണ്ടും ആദ്യതവണ ഡല്‍ഹിയില്‍ എത്തിയവര്‍ക്ക് നാട്ടിലെത്താനായില്ല എന്ന വാര്‍ത്തയറിഞ്ഞതുകൊണ്ടും വെറോണയില്‍ നിന്ന് മിലാനിലേക്കോ റോമിലേക്കോ എത്തിപ്പെടാന്‍ സാധിക്കില്ല എന്നുള്ളതുകൊണ്ടും നാട്ടിലേക്കു വരാന്‍ ശ്രമിച്ചില്ല. പഠിക്കാനുള്ളതും പ്രോജക്റ്റുമൊക്കെ പ്രഫസര്‍ അയച്ചുതരും. ആഴ്ചയില്‍ ഒരു ദിവസം സൂം ആപ് വഴി ലാബിലെ എല്ലാവരെയും ഒരുമിച്ചു കണ്ട് അടുത്തപടി എന്തെന്ന് തീരുമാനിക്കും. എല്ലാ വെള്ളിയാഴ്ചയും ആ ആഴ്ചയിലെ പ്രവര്‍ത്തനറിപ്പോര്‍ട്ട് പ്രഫസര്‍ക്ക് അയച്ചു കൊടുക്കണം. ഫൈനല്‍ ഇയര്‍ ആയതുകൊണ്ടും സെപ്റ്റംബറില്‍ കോഴ്‌സ് തീരുന്നതുകൊണ്ടും തീസിസിന്റെ പ്രവര്‍ത്തനവും മുടക്കാനാകില്ലായിരുന്നു.
ഇന്നിപ്പോള്‍ അനാവശ്യമായി പുറത്തിറങ്ങാതെ ശ്രദ്ധിക്കുന്നുണ്ട് ജനങ്ങള്‍, പ്രത്യേകിച്ച് വയോധികര്‍. മാസ്‌ക്കും ഗ്ലവ്‌സും ഇല്ലാതെ ഒരാളെപ്പോലും കാണാനാവുന്നില്ല. മരണനിരക്ക് ഇത്രയേറെ കൂടിയതുകൊണ്ട് ഭയം എല്ലാവരിലും ആഴ്ന്നിറങ്ങിയിരിക്കുന്നു. സെപ്റ്റംബറിലേ ഇനി സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും തുറക്കൂ. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകളാകും. മെയ് ആദ്യവാരം മുതല്‍ ഞങ്ങളുടെ ലാബ് പ്രവര്‍ത്തിച്ചു തുടങ്ങി. ലാബില്‍ മാസ്‌കും ഗ്ലവ്‌സും നിര്‍ബന്ധമാണ്. ഒരു സമയം ഒരാള്‍ മാത്രമേ ലാബില്‍ ഉണ്ടാകാവൂ എന്നും പറഞ്ഞിട്ടുണ്ട്. മാസ്‌ക് ഇല്ലാതെ അടുത്തൊന്നും ഒരു കാലം ഇറ്റലിയിലുണ്ടാകില്ല എന്ന കാര്യം ഉറപ്പ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെറോണയ്ക്ക് സാധാരണഗതിയില്‍ മെയ് മുതല്‍ സെപ്റ്റംബര്‍ വരെ തിരക്കിന്റെ കാലമാണ്. അടുത്തകാലത്തൊന്നുമിനി ആ തിരക്കുമുണ്ടാകില്ല എന്നും ഇക്കഴിഞ്ഞ ദിനങ്ങള്‍ പറയുന്നു. ഈ കാലവും നമ്മള്‍ അതിജീവിക്കും, എല്ലാം ശരിയാകും എന്നര്‍ഥം വരുന്ന ANDRA TUTTA BENE എന്ന ഇറ്റാലിയന്‍ വാചകം ഓരോ വീടിന്റെയും ബാല്‍ക്കണിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്നു...
(പാലക്കാട് കല്ലേപ്പുള്ളിയില്‍ മുല്ലപ്പിള്ളി നാരായണന്റെയും അജിതയുടെയും മകളാണ് നിദുല)