വഴിയിൽ വീണു കിടക്കുന്നവരെ വാരിയണയ്ക്കുന്ന നല്ല ശമരിയാക്കാർ ഇപ്പോഴും നമുക്കിടയിലുണ്ട്. മറ്റുള്ളവരുടെ കഷ്ടപ്പാടും ഇല്ലായ്മകളും കാണുമ്പോൾ ‘എന്തെങ്കിലും ചെയ്തേ തീരൂ’ എന്ന ചിന്ത മനസ്സിനെ പിടികൂടുന്ന അപൂര്‍വം ചിലർ. ആ അസ്വസ്ഥതയെ പ്രവൃത്തി കൊണ്ട് പരിഹരിക്കുകയും  ചെയ്യുന്നു, ഈ നല്ല മനുഷ്യർ.

അവർ ആരും വലിയ ധനികരല്ല. സാധാരണ കുടുംബങ്ങളിൽ നിന്നു വന്ന, തികച്ചും സാധാരണ ജീവിതപരിസരങ്ങളില്‍ കഴിയുന്നവര്‍. വീടില്ലാത്തവർക്ക് ഇവര്‍ വീടുവച്ചു നൽകുന്നത് നിലപാടിന്റെ കരുത്തിലും ഹൃദയത്തിലെ അളവില്ലാത്ത കരുണയുടെ സാന്നിധ്യത്താലും ആണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് സുവോളജി വിഭാഗം മേധാവിയായി വിരമിച്ച ഡോ. എം. എസ്. സുനിൽ ഒരുക്കിയ സ്നേഹവീടുകളു‍ടെ കഥകളിലൂടെ...

മനുഷ്യർക്ക് മനുഷ്യരോടുള്ള വിശ്വാസമാണ് 16 വർഷമായി ഒരു തടസ്സവുമില്ലാതെ പ്രഫസർ എം. എസ് സുനിൽ ടീച്ചറുടെ ഭവന നിർമാണ പദ്ധതി തുടരുന്നതിന്റെ രഹസ്യം. ആദ്യത്തെ വീട് കെട്ടുമ്പോഴും ഇതേ ആത്മവിശ്വാസം ടീച്ചർക്കുണ്ടായിരുന്നു. പണം കൂട്ടിവച്ചിട്ടല്ല കാര്യങ്ങൾ നടക്കുന്നതെന്ന വിശ്വാസം. ലക്ഷ്യബോധത്തോടെ ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചാൽ പണവും പിന്തുണയും എല്ലാം വഴിയേ വരും എന്നാണ് ടീച്ചർ പുഞ്ചിരിയോടെ പറയുന്നത്.

ആദ്യവീട് ക്ലാസിലെ കുട്ടിക്ക്

 ‘‘പത്തനംതിട്ട കാതോലിക്കേറ്റ്  കോളജിൽ പഠിപ്പിക്കുമ്പോൾ നാഷനൽ സർവീസ് സ്കീമിന്റെ പ്രോഗ്രാം കോ ഓർഡിനേറ്ററായിരുന്നു. ആ സമയത്താണ് ആദ്യമായി ക്ലാസിലെ ഒരു പെൺകുട്ടിക്ക് വീടു നിർമിച്ചു നൽകിക്കൊണ്ട് സേവനത്തിന് തുടക്കമിടുന്നത്.

മാതാപിതാക്കൾ ഉപേക്ഷിച്ച അവളെ വല്യമ്മയാണ് വളർത്തിയിരുന്നത്. പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ചിരുന്ന ഇരുവർക്കും പഞ്ചായത്ത് പ്രസിഡന്റിനോട് അഭ്യർഥിച്ച് സ്ഥലം സമ്പാദിച്ച് വീട് വച്ചു നൽകാൻ കഴിഞ്ഞു. വീടുപണിക്കായി തുടക്കത്തിൽ സഹായം വാഗ്ദാനം ചെയ്ത പലരും അന്ന് പകുതി വഴിയിൽ പിന്മാറിയപ്പോൾ ഒരു ആവേശത്തിന് കയ്യി ൽ നിന്നും പണമെടുത്താണ് പണി പൂർത്തിയാക്കിയത്.

പിന്നീടത് വേണ്ടി വന്നില്ല. വേണ്ടി വന്നിരുന്നെങ്കിലും നടക്കുമായിരുന്നില്ല. അതുകൊണ്ടായിരിക്കാം, പിന്നീടൊരിക്കലും ദൈവം സന്മനസുള്ളവർക്ക് മുട്ടു വരുത്തിയിട്ടില്ല. കാതോലിക്കേറ്റ് കോളജിൽ നിന്നും സുവോളജി വിഭാഗം മേധാവിയായി റിട്ടയർ ചെയ്തു. ജോലി ഉണ്ടായിരുന്നപ്പോൾ ജോലിക്ക് ശേഷമുള്ള സമയമേ മിച്ചമുണ്ടായിരുന്നുള്ളൂ. ഇ പ്പോൾ മുഴുവൻ സമയവും അതിനു ചെലവഴിക്കുന്നു.

IMG-20210302-WA0006-copy

‘ഒരു വീടു പണിയാൻ കുറഞ്ഞത് എട്ടു ലക്ഷം വേണം, ടീച്ചറെങ്ങനെയാണത് നാലിൽ നിര്‍ത്തുന്നത്’ എന്നു ചോദിക്കുന്നവരുണ്ട്. വീടു വയ്ക്കേണ്ട സ്ഥലത്ത് ഞാൻ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ നേരിട്ട് പോയി അളവുകൾ എടുത്ത്, സാധ്യമായ വിധത്തിൽ വാസ്തു നോക്കി, പ്ലാൻ വരച്ചു തയാറാക്കും. എൻജിനീയറും സൂപ്പർവൈസറും കോൺട്രാക്റ്ററും എല്ലാം നമ്മൾ തന്നെയാണ്. അതുകൊണ്ടാണ് ചെലവ് കുറച്ച് വീട് പണിയാൻ കഴിയുന്നത്. എങ്കിലും ഗുണനിലവാരത്തിൽ ഒരു വിധത്തിലും കുറവ് വരുത്തില്ല. കാരണം കിട്ടുന്നവർക്ക് വീട് ഇടയ്ക്കിടെ മെയിന്റനൻസ് ചെയ്യാനും പെയിന്റടിക്കാനുമൊന്നും സാധിച്ചെന്നു വരില്ല.

650 സ്ക്വയർ ഫീറ്റ് ഉള്ള രണ്ടു മുറിയും അടുക്കളയും  ഹാളും ബാത്‌റൂമും സിറ്റൗട്ടും ഉള്ള വീടുകളാണ് ഞാൻ നിർമിക്കാറ്.  ഏകദേശം  നാല് ലക്ഷം രൂപയ്ക്ക് ചെയ്തു കൊടുക്കാൻ കഴിയാറുണ്ട്. അപൂർവമായി മാത്രം മെറ്റീരിയൽ വില കൂടിയാൽ അഞ്ച് ലക്ഷം രൂപയാകും. ചെലവ് കുറയ്ക്കാനായി പൊളിച്ച കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും മറ്റുമാണ് ഉപയോഗിക്കുന്നത്.

ഒരു വീടിന് ഏഴ് ജനലുകളെങ്കിലും ഉപയോഗിക്കാറുണ്ട്. നല്ല കാറ്റും വെളിച്ചവും കിട്ടുന്ന വിധത്തിലാണ് നിർമാണം. മുഴുവൻ തറയും ടൈലിട്ട് യൂറോപ്യൻ ക്ലോസറ്റ് പിടിപ്പിച്ച ബാ ത്‌റൂമോടെയുള്ള വീടുകൾ ആണ് നിർമിക്കാറ്. വീട് പിന്നീട് അവർക്ക് ബാധ്യതയായി മാറരുത് എന്ന നിർബന്ധം എനിക്കുണ്ട്. വീടില്ലാത്തവരിൽ അധികം പേരും ദുർബല വിഭാഗത്തിൽ പെട്ടവർ കൂടി ആയിരിക്കും എന്ന ഓർമയോടെയാണ് ഓരോ വീടും പണിയുന്നത്.

വീട് എന്ന ശക്തി

വീട് കിടക്കാനുള്ള ഇടം മാത്രമല്ല, ദുർബലരെ ശക്തിപ്പെടുത്തുന്നതിന്റെ ആദ്യ പടികൂടിയാണ്. വീടു വച്ചു കൊടുത്തിട്ട് തിരിച്ചു പോരുകയല്ല ചെയ്യാറ്, ജീവിതം നേരിടാൻ അവരെ പ്രാപ്തരാക്കുക കൂടി ചെയ്യാറുണ്ട്.

ആവശ്യമെങ്കിൽ വീടുപണിക്കൊപ്പം വരുമാന മാർഗം കൂടി തുടങ്ങിക്കൊടുക്കും. ഗപ്പി വളർത്തലിനുള്ള ടാങ്ക് നിർമാണം പഠിപ്പിച്ചു കൊടുക്കുക, കോഴികളെയോ ആടിനെയോ വാങ്ങിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യും. സഹായിക്കുന്ന ധാരാളം ഗ്രൂപ്പുകളും വ്യക്തികളുമുണ്ട്.

അർഹർക്കാണ് കൊടുക്കുന്നത് എന്ന ഉറപ്പാണ് ആവശ്യക്കാരും സഹായിക്കാൻ മനസ്സുള്ളവരും തേടി എത്തുന്നതിന്റെ കാരണം. പ്രളയകാലത്ത് 24 വീടുകൾ വച്ചു നൽകി. ഇപ്പോൾ 200 വീടുകൾ പൂർത്തിയായി.’’  

പത്തനംതിട്ടയിലാണ് കൂടുതൽ വീടുകളെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം എം. എസ്. സുനിൽ ടീച്ചറുടെ വീടുകളുണ്ട്, സേവനത്തിന്റെ തളരാത്ത പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകിക്കൊണ്ട്.

SHA_0263