Thursday 13 February 2020 03:52 PM IST

ഇല്ലാത്ത പണമുണ്ടാക്കി കടം മടക്കി കൊടുത്തു, നോട്ട് കീറി കളഞ്ഞപ്പോൾ ഉള്ളു പൊള്ളി! പരാതി ഇല്ലെങ്കിൽ കേസും ഇല്ലെന്ന് പൊലീസ്

Binsha Muhammed

note-destroy

‘കഴിക്കുന്ന ഭക്ഷണത്തേയും ചോര നീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തേയും ബഹുമാനിക്കാത്തവൻ മനുഷ്യനാണോ.’ കണ്ണിൽച്ചോരയില്ലാത്തൊരു മനുഷ്യന്റെ ചെയ്തി കണ്ട് സോഷ്യൽ മീഡിയയിൽ ആരോ കുറിച്ചിട്ട വാക്കുകളാണിത്. ഉറുമ്പ് സ്വരുക്കൂട്ടും പോലെ ചേർത്തുവച്ച്, മണലാരണ്യത്തിലെ പൊരിവെയിലത്ത് ഒരു മനുഷ്യൻ ചോര നീരാക്കി ഉണ്ടാക്കിയ പണം നിഷ്കരുണം വലിച്ചു കീറിക്കളഞ്ഞൊരു മനുഷ്യനാണ് സോഷ്യൽ മീഡിയയുടെ വിമർശന ചൂടേറ്റ് വാങ്ങുന്നത്. കൊല്ലത്തു നിന്നാണ് ആ കണ്ണില്ലാത്ത ക്രൂരതയുടെ കഥ പുറത്തു വരുന്നത്.

കടം നല്‍കിയ പണം തിരികെ കിട്ടാന്‍ കാലതാമസം നേരിട്ടെന്ന കാരണം പറ‍ഞ്ഞാണ് നിവാസ് എന്ന മനുഷ്യൻ പണം കീറിക്കളയുന്നത്. തീർന്നില്ല കഥ, ആ ക്രൂരതയുടെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുകയും ചെയ്തു. കൊല്ലം സ്വദേശിയായ സിദ്ദീഖിന്റെ ഭാര്യ സനിലയാണ് വേദനിപ്പിക്കുന്ന ആ നിമിഷങ്ങൾക്ക് സാക്ഷിയായത്. സനിലയുടെ ഭർത്താവ് നാളുകൾക്ക് മുമ്പാണ് നിവാസ് എന്ന വ്യക്തിയിൽ നിന്നും പണം കടം വാങ്ങുന്നത്. കടം വാങ്ങിയ കാശ് കൃത്യ സമയത്ത് തിരികെ നല്‍കിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞ് നിവാസ് അരിശം തീർക്കുകയായിരുന്നു.

സാമ്പത്തിക പരാധീനത മൂലമാണ് ഭർത്താവിന് കാശ് തിരിച്ചടയ്ക്കാൻ കഴിയാതിരുന്നത്. എന്നിട്ടും ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം തിരികെ നൽകാനുള്ള പണം സംഘടിപ്പിച്ചത്. അത് എന്റെ മുന്നിൽ വച്ച് തന്നെ കീറി എറിഞ്ഞപ്പോൾ ചങ്കു തകർന്നു പോയി. ഒന്നുമില്ലെങ്കിലും എന്റെ ഭർത്താവ് അന്യ നാട്ടിൽ കഷ്ടപ്പെട്ടുണ്ടാക്കിയ കാശല്ലേ– സങ്കടം സഹിക്ക വയ്യാതെ സനില ചോദിക്കുന്നു.

2400 രൂപയാണ് നിവാസിൽ നിന്ന് കടം വാങ്ങിയത്. കാശ് തരപ്പെട്ട ഉടനേ, ആ വീട്ടിൽ കൊണ്ടെത്തിച്ചു. ഞാനവിടെ ചെല്ലുമ്പോൾ കാശ് കൊണ്ടു വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. പിന്നീടാണ് നിങ്ങളീ കാണുന്ന സംഭവങ്ങൾ അരങ്ങേറിയത്. കാശ് വാങ്ങി കീറികളഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയെ കൊണ്ട് വിഡിയോ എടുപ്പിക്കുകയും ചെയ്തു. കാശ് കീറിക്കളയുന്നത് കണ്ടപ്പോൾ തന്നെ വിഷമമായി. ഒന്നും മിണ്ടാൻ പോലും പറ്റിയില്ല. പിന്നീട് അവിടുന്ന് തിരിച്ചു പോരുകയാണ് ചെയ്തത്. നോട്ട് വലിച്ചു കീറിയത് രാജ്യദ്രോഹ കുറ്റമാണെന്നറിയാം. അതിനൊപ്പം സങ്കടമുണ്ട്, അങ്ങനെ അപമാനിതയാകേണ്ടി വന്നതിൽ– സനില പറയുന്നു.

അതേസമയം പ്രതിഷേധം കനത്തപ്പോൾ നിവാസ് ഇയാള്‍ ന്യായീകരണവുമായി ഫെയ്സ്ബുക്ക് ലൈവിലെത്തി. താന്‍ കീറിക്കളഞ്ഞത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ നോട്ടുകളാണെന്ന് പറഞ്ഞ ഇയാള്‍ കീറിയ ഏതാനും പേപ്പര്‍ നോട്ടുകളും കാണിച്ചു. എന്നാല്‍ ആദ്യ വീഡിയോയില്‍ കീറി ചുരുട്ടിയെറിഞ്ഞ നോട്ടുകള്‍ക്ക് വീഡിയോയില്‍ ഒരു ചുളുക്കവുമില്ലേയെന്ന മറുചോദ്യവുമായി ആളുകൾ എത്തിയപ്പോൾ വിഡിയോ തന്നെ അപ്രത്യക്ഷമായി. കീറിക്കളഞ്ഞ നോട്ടുകള്‍ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.

തന്നോട് വൈരാഗ്യമുള്ള ഒരാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും ഇയാള്‍ ന്യായീകരണ വീഡിയോയില്‍ പറയുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടും ഏല്‍ക്കുന്നില്ലെന്നു കണ്ട ഇയാള്‍ വീഡിയോ ഫെസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്യുകയായിരുന്നു. വൈറലായ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന വാർത്തകൾ കൊട്ടിയം പൊലീസ് നിഷേധിച്ചു. നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കൊട്ടിയം സർക്കിൾ ഇൻസ്പെക്ടർ‌ ദിലീഷ് അറിയിച്ചു. അതേസമയം നോട്ട് കീറി കളഞ്ഞാൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ പൊലീസ് കേസെടുക്കുകയുള്ളോ എന്നാണ് സമൂഹ മാധ്യമങ്ങളിലെ മറുചോദ്യം.