ജീവിക്കാൻ കുറുക്കുവഴികളും ഓഫറുകളും തേടി പോകുന്ന മലയാളിയുടെ മറ്റൊരു മുഖമാണ് ഇനി വരച്ചു കാട്ടാൻ പോകുന്നത്. പതിവു പോലെ മലയാളി വിലപേശി ലാഭമുണ്ടാക്കുന്ന ഫുട്പാത്തിലും നിരത്തിലും ആണ് ആ കാഴ്ചകൾ കണ്ടത്. ‘ആയിരം രൂപയുടെ ഫ്രൈപാനിന്റെ സ്ഥാനത്ത് ചീപ്പ് റേറ്റിൽ മൺതവ.’ അങ്ങാടിക്കച്ചവടം കാട്ടു തീപോലെ പരന്നപ്പോഴേക്കും ഗൃഹനാഥൻമാർക്കും, വീട്ടമ്മമാർക്കും ഇരിക്കപ്പൊറുതിയില്ലാതായി. നൂറു രൂപയുടെ മൺതവയുള്ളപ്പോൾ ആയിരം രൂപയുടെ ഫ്രൈപാൻ എന്തിനെന്നായി ചോദ്യം. കച്ചവടമങ്ങനെ പൊടിപൊടിക്കുകയാണ്. പക്ഷേ ‘തേപ്പിന്റെ കഥകൾ’ പുറത്തു വരാൻ മോഹവില കൊടുത്ത് വാങ്ങിയ ഈ സാധനം തറയില്‍ വീണ് പൊട്ടുന്നതു വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രൈപാന്‍ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്രാനൈറ്റിന്റെ സ്ഥാനത്ത് മാർബിൾ വേസ്റ്റ് ഉപയോഗിച്ചായിരുന്നു ഈ ഓഫർ തവകളുടെ നിർമ്മാണം. മാരക കെമിക്കലുകൾ ചേർത്ത് നിർമ്മിക്കുന്ന ഈ പാത്രത്തിൽ ഭക്ഷണം വേവിച്ചു കഴിച്ചാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ സുനിശ്ചിതമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു. മലയാളിയെ പറ്റിച്ച മൺതവയും, അതിനു പിന്നിലെ അപകടത്തെക്കുറിച്ചും വനിത വായനക്കാരോട് സംസാരിക്കുകയാണ് വിഷയം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കല്ലമ്പലം ജീവസ്പർശം ആയൂർവേദ ആശുപത്രിയിലെ ഡോ. മുഹമ്മദ് അഫ്സൽ.

മൺതവയല്ല വിഷപ്പാത്രം
ഡോക്ടർ എന്നതിനേക്കാളുപരി അനുഭവസ്ഥൻ എന്ന നിലയിൽ സംസാരിക്കാനാണ് എനിക്ക് താത്പര്യം. വീട്ടിൽ വാങ്ങിയ ഈ മൺതവ പാചകം ചെയ്യുന്നതിനിടെ പൊട്ടിപ്പോയപ്പോഴാണ് സത്യം മനസിലാകുന്നത്. സാധാരണ ബ്രാൻഡഡ് ഫ്രൈയിങ് പാനുകൾ ആയിരത്തിനും രണ്ടായിരത്തിനും ലഭിക്കുമ്പോൾ ഈ മൺതവകൾ നൂറിനും ഇരുന്നൂറിനും കിട്ടുന്നത് എങ്ങനെയെന്ന് അന്വേഷിച്ചു. അറിഞ്ഞതാകട്ടെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ കഥയും–ഡോക്ടർ അഫ്സൽ പറഞ്ഞു തുടങ്ങുന്നു.

സാധാരണ ഗ്രാനൈറ്റിലാണ് ഫ്രൈയിങ് പാനുകൾ നിർമ്മിക്കുന്നത്. ഗ്യാസ് ഉൾപ്പെടെയുള്ള എല്ലാം അടുപ്പിലേയും ചൂടിനെ പ്രതിരോധിക്കുന്ന വിധത്തിലാണ് അതിന്റെ നിർമാണം. പക്ഷേ ഇവിടെ കഥ നേരെ തിരിച്ചാണ്. മാർബിൾ വേസ്റ്റ് അഥവാ ഗ്രാനൈറ്റ് ചാരം ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ പാത്രത്തില്‍ ഭക്ഷണം വേവിക്കാൻ തുടങ്ങി അധിക നാളാകും മുമ്പേ ഈ പാത്രം പൊട്ടിത്തരിപ്പണമാകും. തീർന്നില്ല, ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കൽ ചേർത്ത് റെഡ് ഓക്സൈഡ് കൊണ്ടു പെയിന്റ് അടിച്ചിരിക്കുന്നു, ഇത് ഗ്യാസ്
സ്റ്റൗവിലോ, അടുപ്പിലോ വച്ച് ചൂടാക്കുമ്പോൾ രുചികരമായ ഭക്ഷണത്തിന്റെ മണമല്ല ഒരു പ്രത്യേക കെമിക്കലിന്റെ മണമാണ് ഉണ്ടാകുന്നത്. ഇതിന്റെ വിലയുടെ കാര്യമാണ് വലിയ തമാശ, 500 രൂപയിൽ തുടങ്ങി കച്ചവടക്കാർ വില പറയും, അവസാനം75 രൂപയ്ക്ക് വരെ വാങ്ങിയവരുണ്ട്.

അധികൃതർ അറിയണം
കായംകുളം മുതൽ കരുനാഗപ്പള്ളി വരെയുള്ള പ്രദേശങ്ങളിൽ ഇത് കച്ചവടത്തിന് വച്ചിരിക്കുന്നതിന് കണ്ടിട്ടുണ്ട്. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും ഇത്തരം വ്യാജ തവകളുടെ നിർമാണം നടക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ഇത്തരം മൺതവകൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാർ ആക്കാൻ അധികൃതർ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. ശ്വാസകോശ കാൻസർ പോലുള്ള മാരക രോഗങ്ങളാണ് ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള പരിണിത ഫലം. അറിഞ്ഞിടത്തോളം വിദേശ രാജ്യങ്ങളിൽ സെൽഫ് കോമ്പാക്റ്റ് കോമൺക്രീറ്റ് എന്ന മിശ്രിതം ഉണ്ടാക്കാനാണ് ഇത്തരം മാർബിൾ വേസ്റ്റ് ഉപയോഗിക്കുന്നത്. ലാഭം നോക്കി പോയാൽ ജീവനും ജീവിതവും കാണില്ല, സൂക്ഷിച്ചാൽ ദുഖിക്കേണ്ട.– ഡോക്ടർ പറയുന്നു.
