മാസ്ക് ദീർഘനേരം ഉപയോഗിക്കുന്നത് കാർബൺഡയോക്സൈഡ് കൂടുതലായി ശ്വസിക്കാനിടയാക്കുകയും ഹൈപ്പർ കാപ്നിയ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ഫോർവേഡഡ് മെസേജിന് പിന്നിലെ വാസ്തവമെന്ത്? ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളജ് ശ്വാസകോശരോഗ വിഭാഗം അഡീഷനൽ പ്രഫസർ ഡോ. പി. എസ്. ഷാജഹാൻ വ്യക്തമാക്കുന്നു.

“തെറ്റായ പ്രചാരണമാണിത്. വായു ഒട്ടും കടക്കാത്ത വിധത്തിലല്ലല്ലോ നാം മാസ്ക് ധരിക്കുന്നത്. മാസ്ക് വയ്ക്കുമ്പോൾ നമുക്ക് ആവശ്യമായ ഓക്സിജൻ ശരീരത്തിന് ലഭിക്കുന്നുണ്ട്." ഡോ. പി. എസ്. ഷാജഹാൻ പറയുന്നു. “ മാസ്ക് ധരിക്കുമ്പോൾ രോഗാണുക്കളെ അരിച്ചു മാറ്റിയ ശേഷം ഓക്സിജൻ ശ്വസിക്കാനാകും. പുറത്തേക്ക് വിടുന്ന കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പോകുന്നുമുണ്ട്. അതായത് നാം ഉച്ഛ്വാസത്തിലൂടെ പുറത്തേക്ക് വിടുന്ന കാർബൺഡയോക്സൈഡ് ശ്വസിക്കേണ്ട അവസ്ഥ ഉണ്ടാകുന്നില്ല. ഒട്ടും ഓക്സിജൻ കിട്ടാതെ കാർബൺഡയോക്സൈഡ് മാത്രം ശ്വസിക്കുന്ന അവസ്ഥയിലാണ് hypercapnia ഉണ്ടാവുക.

ചിലർക്ക് ആദ്യമായി മാസ്ക് ധരിക്കുമ്പോൾ വളരെ ചെറിയ തോതിൽ അസ്വസ്ഥത ഉണ്ടാകാം. കുറച്ചു ദിവസം കഴിയുമ്പോൾ ഇത് മാറും.ദീർഘകാല ശ്വാസകോശരോഗങ്ങൾ ഉള്ളവർക്കും ഇന്റർസ്റ്റിഷൽ ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്കും ആദ്യമായി മാസ്ക് ധരിക്കുന്ന രണ്ടു മൂന്നു ദിവസം ആയാസരഹിതമായി ശ്വസിക്കാൻ കഴിയുന്നില്ലെന്ന തോന്നൽ ഉണ്ടാകാം. കുറച്ചു ദിവസം കഴിയുമ്പോൾ ഇതു മാറും. ഇത്തരം അസ്വസ്ഥത ഹൈപ്പർകാപ്നിയ മൂലമുണ്ടാകുന്നതല്ല.

തീരെ ചെറിയ കുഞ്ഞുങ്ങളെ മാസ്ക് അണിയിക്കുന്നത് ഒഴിവാക്കണം. മൂന്ന് വയസ്സിന് മുകളിലുള്ള കുഞ്ഞുങ്ങളെ മാസ്ക് അണിയിക്കുന്നതാണ് സുരക്ഷിതം. മാസ്ക് പോലെ പ്രധാനമാണ് സാമൂഹിക അകലം പാലിക്കുക എന്നത് . ചെറിയ കുഞ്ഞുങ്ങളെ ഒരു കാരണവശാലും വീടിന് പുറത്തിറക്കാതിരിക്കുന്നതാണ് നല്ലത്. ചികിത്സ ആവശ്യമുള്ള സാഹചര്യം പോലെ പ്രധാനപ്പെട്ട ഘട്ടങ്ങളിൽ മാത്രമേ കുഞ്ഞുങ്ങളെ പുറത്തിറക്കാവൂ. അത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരിൽനിന്ന് സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുകയും വേണം. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികളെ മാസ്ക് അണിയിക്കണം. സാമൂഹിക അകലം പാലിക്കാൻ അവരെ സഹായിക്കേണ്ടത് മുതിർന്നവരാണ്. കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്നതിനൊപ്പം മുതിർന്നവരും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. " ഡോ. പി. എസ്. ഷാജഹാൻ വ്യക്തമാക്കുന്നു.