മിനിമലിസം ജീവിതശൈലി ലോകമെമ്പാടുമുള്ള ട്രെൻഡായിട്ട് കാലം കുറച്ചായി. ഈ ജീവിത ശൈലി സ്വീകരിച്ചവർക്ക് ലോക് ഡൗൺ കാലത്തെ ജീവിതം അത്ര ബുദ്ധിമുട്ടായില്ല. വളരെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് മിതത്വത്തോടെ ജീവിക്കുന്നത് ഇവരുടെ ശീലമാണ്. മിനിമലിസം ജീവിതത്തിന്റെ ഭാഗമാക്കാൻ ഈ കാര്യങ്ങൾ അറിയാം.
ആദ്യം മിനിമലിസം ശീലിക്കുന്നതിലൂടെ ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് തീരുമാനിക്കുക. ചിലർക്ക് തിരക്കിട്ട ജീവിതത്തിലും വീട് ചിട്ടയോടെയും അടുക്കോടെയും സൂക്ഷിക്കുകയാകും പ്രധാനം. ചിലർക്ക് അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കി ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കണമെന്നാകും ആഗ്രഹം. ഈ ലക്ഷ്യത്തിന് അനുസരിച്ച് വേണം മിനിമലിസം ജീവിതശൈലി രൂപീകരിക്കേണ്ടത്.
ഊർജം, പണം, സമയം ഇവ അനാവശ്യമായി നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ പരമാവധി ഒഴിവാക്കണം. എന്ത് വാങ്ങുന്നതിന് മുൻപും മനസ്സിൽ നന്നായി വിലയിരുത്തുക. ആവശ്യമുള്ള സാധനങ്ങൾ മാത്രമേ വാങ്ങാവൂ. വില കുറഞ്ഞ ഗുണമേന്മയില്ലാത്ത സാധനങ്ങൾ കുറേ വാങ്ങിക്കൂട്ടുന്നതിന് പകരം ഗുണമേന്മയുള്ള കുറച്ചു സാധനങ്ങൾ വാങ്ങുന്നതാണ് നല്ലത്. ഷോപ്പിങ്ങിന് പോകുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ ഓർമിക്കണം. അത്യാവശ്യമുള്ള കാര്യങ്ങൾ കുറിച്ച ലിസ്റ്റ് കയ്യിൽ കരുതുന്നത് അനാവശ്യമായ വസ്തുക്കൾ വാങ്ങുന്നത് ഒഴിവാക്കാം.
വീടിന്റെ അകത്തളങ്ങളിൽ ആവശ്യമുള്ള സാധനങ്ങൾ മാത്രമേ സൂക്ഷിക്കാവൂ. അവിടവിടെയായി സാധനങ്ങൾ കുന്ന് കൂടി കിടക്കുന്നത് ഒഴിവാക്കണം. ദിവസേന, ആഴ്ച തോറും, മാസത്തിലൊരിക്കൽ … ഇങ്ങനെ പല ഘട്ടമായി വീട് വൃത്തിയാക്കാം. കേട് വന്നതും ഉപയോഗശൂന്യമായ വസ്തുക്കൾ ഉപേക്ഷിക്കണം. വീടിനകം വൃത്തിയായി കിടക്കുന്നത് പൊസിറ്റീവ് എനർജിയേകും.
വാഡ്രോബിലെ വസ്ത്രങ്ങൾ ഇടയ്ക്ക് പരിശോധിക്കുക. ദീർഘകാലമായി ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അനാവശ്യമായി വസ്ത്രങ്ങൾ വാങ്ങിക്കൂട്ടരുത്. രണ്ട് വസ്ത്രം ഉപേക്ഷിക്കുന്ന സമയത്ത് ഒരു വസ്ത്രം വാങ്ങാം. ഇങ്ങനെ ചെയ്യുന്നത് അമിതമായി പണം ചെലവഴിക്കുന്നത് തടയാനും ജീവിതത്തിൽ സാമ്പത്തിക അച്ചടക്കം ശീലിക്കാനും സഹായിക്കും.
സമയം ചെലവഴിക്കുന്നതിലും മിനിമലിസം ശീലിക്കണം. അനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി സമയം കളയരുത്. അതേ പോലെ സ്ക്രീൻ ടൈമിനും പരിധി നിശ്ചയിക്കണം. ദിവസവും നിശ്ചിത സമയം മാത്രം സ്ക്രീനിനു മുന്നിൽ ചെലവഴിക്കാം. ജീവിതത്തിലെ ലക്ഷ്യങ്ങൾക്കും നൽകാം മിനിമലിസം. പൂർത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങളുടെ നീണ്ട ലിസ്റ്റ് സൂക്ഷിക്കുന്നതിന് പകരം ഏറ്റവും പ്രധാനമായ ഒന്നോ രണ്ടോ ലക്ഷ്യം മനസ്സിൽ കാണുക. ഇവ പൂർത്തീകരിച്ച ശേഷം അടുത്ത ഒന്നോ രണ്ടോ ലക്ഷ്യം യാഥാർഥ്യമാക്കാൻ പരിശ്രമിക്കാം. ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യുക. ഇത് മികവോടെ കാര്യങ്ങൾ ചെയ്യുന്നതിന് സഹായകമാകും.