Monday 16 December 2019 04:17 PM IST

‘അവൾ ആളൊരു പരാതിപ്പെട്ടിയാ..’; എന്തിനും ഏതിനും പരാതി പറയുന്ന സ്വഭാവമുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

Rakhy Raz

Sub Editor

shutterstock_753717616

‘അവൾ ആളൊരു പരാതിപ്പെട്ടിയാ...’ എന്തിനും ഏതിനും പരാതി പറയുന്ന ചിലരെക്കുറിച്ചു മറ്റുള്ളവർ പറയുന്നത് കേൾക്കാറില്ലേ.  ഇത്തരക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകില്ല. എപ്പോഴും നിരാശയാകും മുഖത്ത്. നിങ്ങളും അക്കൂട്ടത്തിൽപ്പെടുന്ന ആളാണോ? പരാതി പറയുന്ന സ്വഭാവം മാറ്റി ജീവിതത്തിൽ പ്രതീക്ഷ നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

നിരാശ പരാതിയാകുമ്പോൾ

മറ്റുള്ളവരുടെ പ്രവൃത്തികളാണ് പരാതി പറയാൻ ഇടയാക്കുന്നത് എന്നാകും  പരാതി പറയുന്നവരുടെ  ന്യായം. യഥാർഥ പ്രശ്നം തങ്ങളിൽ തന്നെയാണ് മറഞ്ഞിരിക്കുന്നത് എന്ന് ഇവരിൽ ഭൂരിഭാഗവും മനസ്സിലാക്കാറില്ല.

നിരാശയിൽ നിന്നാണ് എന്തിനും ഏതിനും പരാതി പറയുന്ന സ്വഭാവം ഉരുത്തിരിയുന്നത്. സങ്കടത്തിന്റെ മൂർധന്യാവസ്ഥയിലുള്ള  ഭാവമാണ് നിരാശ. പ്രതീക്ഷയില്ലായ്മ, കരച്ചി ൽ, ദേഷ്യം, ധൈര്യമില്ലായ്മ, നിസ്സംഗത തുടങ്ങിയ വിവിധ ഭാവങ്ങൾ നിരാശയ്ക്കുണ്ട്. അക്കൂട്ടത്തിലൊന്നാണ് നിരന്തരമായ പരാതി പറയലും.

നിരാശ രണ്ട് രീതിയിലാണ് ആളുകൾ കൈകാര്യം ചെയ്യുക. ചിലർ നിരാശയെ വ്യക്തിത്വത്തിന് അനുകൂലമായി ഉപയോഗിക്കുമ്പോൾ ചിലർ അതിനടിപ്പെട്ടു പോകുന്നു. ആദ്യത്തെ കൂട്ടർ ജീവിതത്തിൽ നിരാശയെ ഒരു പാഠപുസ്തകമായി കരുതി സ്വയം മനസ്സിലാക്കാനും ബലപ്പെടുത്താനും വ്യക്തിത്വത്തെ വിശാലമാക്കാനും  ഉപയോഗിക്കുന്നു. നിരാശയെ മറികടന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും തോൽവിയെ ജയത്തിലേക്കുള്ള  പടവാക്കി മാറ്റുകയും ചെയ്യുന്നു. ‘തീയിൽ കുരുത്തത് വെയിലത്ത് വാടില്ല’ എന്ന ചൊല്ല് ഇത്തരക്കാരെ ഉദ്ദേശിച്ചുള്ളതാണ്.

രണ്ടാമത്തെ വിഭാഗം നിരാശയെ അബോധമനസ്സിൽ എപ്പോഴും ചേർത്തു വയ്ക്കും. ജീവിതത്തിലെ എല്ലാ പ്രവൃത്തിയിലും നിരാശ ഒരു ഘടകമായി പ്രവർത്തിക്കും. ക്രമേണ നിരാശ ഇവരുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാകുകയും ഇവരുടെ വ്യക്തിമുദ്ര തന്നെ നിരാശയായി മാറുകയും ചെയ്യും. ഇത് ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. അത്തരം പ്രശ്നങ്ങളിലൊന്നാണ്  സദാ പരാതി പറയുന്ന സ്വഭാവം.

ലക്ഷണങ്ങൾ തിരിച്ചറിയാം

എല്ലാത്തിലും വെപ്രാളം, ഒറ്റപ്പെടൽ തോന്നുക, ആത്മവിശ്വാസം നഷ്ടപ്പെടുക, ഞാനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് കുറ്റബോധം തോന്നുക എന്നിവയെല്ലാം നിരാശയുടെ മാനസികമായ ലക്ഷണങ്ങളാണ്. ഇത് പ്രകടമാകുന്നതോടെ നിരാശ കൂടുകയും ചെയ്യും. തലവേദന, മൈഗ്രെയ്ൻ ഉള്ളവർക്ക് അത് കൂടുക, ശരീരത്തിൽ തരിപ്പും പെരുപ്പും, പ്രതിരോധശേഷി കുറയുന്നതിനാൽ പലതരം അസുഖങ്ങൾ, ഉറക്കം കുറയുക, ഉദരസംബന്ധമായ അസുഖങ്ങൾ, നെഞ്ചിടിപ്പ് കൂടുക, ക്ഷീണം തോന്നുക എന്നിവ ശാരീരിക ലക്ഷണങ്ങളാണ്. സ്ഥിരം പരാതിക്കാർ തങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക.

നിരാശ തലച്ചോറിന്റെ പ്രവർത്തനത്തിൽ ഒരുപാട് വ്യത്യാസം വരുത്തും. ചിന്തയെ ഉണർത്തുന്ന ഭാഗങ്ങൾ,  ശ്രദ്ധയുണ്ടാകുന്ന തലച്ചോറിന്റെ ഭാഗങ്ങൾ, വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ, കേന്ദ്ര നാഡീവ്യൂഹം എന്നിവയുടെ പ്രവർത്തനക്ഷമതയെ ഇത് ബാധിക്കും. എല്ലാത്തിൽ നിന്നുമുള്ള ഉൾവലിയൽ, കാര്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം പോലെയുള്ള സ്വഭാവവൈകല്യങ്ങളിലേക്കും വിഷാദരോഗത്തിലേക്കും ഇത് നയിക്കാം. നിരാശയെ നേരിടാൻ  മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ ദുശ്ശീലങ്ങളിലേക്കു നീങ്ങുന്നവരുമുണ്ട്. ജീവിതത്തിന്റെ  എല്ലാ മേഖലയിലും  ഇത് പ്രതിഫലിക്കുകയും സാമൂഹികജീവിതത്തെ ബാധിക്കുകയും ചെയ്യാം.

കാരണം തിരിച്ചറിയാം

തന്നെ നിരാശ ബാധിച്ചിട്ടുണ്ട് എന്ന് സ്വയം തിരിച്ചറിയുക പ്രധാനമാണ്. പലപ്പോഴും പലരും ഇത് തിരിച്ചറിയാതെയാണ് സങ്കീർണമായ ജീവിതപ്രശ്നങ്ങളിലേക്ക് നീങ്ങുന്നത്. സ്വന്തം നിരാശ തിരിച്ചറിഞ്ഞാലും അത് അംഗീകരിക്കാൻ മനസ്സിന് പ്രയാസമാകുമ്പോഴാണ് പരാതി പറയാൻ ഇടയാകുന്നത്. ഉള്ളിലെ നിരാശയുണ്ടാക്കുന്ന നെഗറ്റീവ് എനർജി ചുറ്റുവട്ടത്തേക്കു കൂടി പ്രവഹിപ്പിക്കുകയാണ് പരാതി പറയുക വഴി നമ്മൾ ചെയ്യുന്നത്.

തന്റെ പ്രശ്നങ്ങൾ മറ്റുള്ളവരെ അറിയിക്കാനുള്ള ആശയവിനിമയ മാർഗമായും കൈത്താങ്ങ് കിട്ടാനും വേണ്ടിയാണ് ചിലർ പരാതി പറയുന്നത്. ‌ ബന്ധങ്ങളിൽ ആധിപത്യം സ്ഥാപിച്ചെടുക്കാൻ വേണ്ടിയും മനസ്സിൽ പതഞ്ഞു പൊന്തുന്ന വികാരങ്ങളെ പുറന്തള്ളാനുള്ള മാർഗമായും  സ്വയം രക്ഷപെടാൻ മനസ്സ് തന്നെ കണ്ടുപിടിച്ച തെറ്റായ മാർഗമായും പരാതി പറയുന്നവരുണ്ട്.

പ്രതീക്ഷയ്ക്കൊത്ത് പങ്കാളി, മക്കൾ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർ വളരുന്നില്ലെങ്കിൽ നമുക്ക് വേണ്ട രീതിയിൽ  അവരെ മാറ്റിയെടുക്കാനുള്ള ശ്രമമായും ചിലർ പരാതി പറയാറുണ്ട്. സ്വയം മതിപ്പില്ലായ്മ മറ്റുള്ളവരെക്കുറിച്ച് പരാതി പറയാനുള്ള കാരണമാകാം.

പരാതികൾ മറക്കാം; പ്രതീക്ഷ നിറയ്ക്കാം

ആദ്യമായി ചെയ്യേണ്ടത് മനസ്സിലെ പ്രതീക്ഷകൾ ജീവിതത്തിൽ യാഥാർഥ്യമാവുന്നതാണോ എന്ന് പരിശോധിക്കുകയാണ്. പ്രാവർത്തികമാക്കാനാകാത്ത പ്രതീക്ഷകൾ നിരാശയുടെ ആഴം കൂട്ടും. പ്രതീക്ഷയ്ക്ക് തരക്കേടില്ലാത്ത ഫലം ലഭിക്കുന്നുണ്ടെങ്കിൽ തൃപ്തികരമായി അവയെ സ്വീകരിക്കാൻ നമ്മൾ പഠിക്കണം.  

∙നിരാശ ആവർത്തിച്ചുണ്ടാകുന്നുണ്ടെങ്കിൽ നിരാശയെ സ്വയം  ക്ഷണിച്ചു  വരുത്തുന്നതാണോ എന്ന് പരിശോധിക്കുക.  എന്തുകൊണ്ടാണ് ലക്ഷ്യങ്ങൾ സാധിക്കാതെ പോയത് എ ന്ന് വിലയിരുത്തണം. കാഴ്ചപ്പാടിലും  സ്വഭാവത്തിലും ആശയവിനിമയത്തിലും മാറ്റം വരുത്തിയിരുന്നെങ്കിൽ നിരാശയ്ക്ക് ഇടയാകാതെയിരിക്കുമായിരുന്നോ, മറ്റുള്ളവരെ ആശ്രയിച്ചതിനാലാണോ കാര്യങ്ങൾ പരാജയമായത് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുക.  

∙ പരാതി പറയാനുള്ള വെമ്പൽ ഉണ്ടാകുമ്പോൾ  ഉള്ളിലുണ്ടാകുന്ന ആ ശബ്ദത്തെ നിശ്ശബ്ദമാക്കുകയാണു വേണ്ടത്. സ്വയം ‘നോ’ എന്ന് പറയാൻ പഠിക്കുക. പരാതികൾ പലപ്പോഴും പഴയ കാലത്തു നിന്നു വരുന്നതാണ്. അതിനാൽ പഴയകാലത്തിന്റെ ഭാണ്ഡം അഴിക്കില്ല എന്ന് സ്വയം തീരുമാനിക്കണം.

∙നിരാശ ഉണ്ടായ സാഹചര്യങ്ങളെ മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ് മറ്റൊരു പരിഹാരം. സാഹചര്യങ്ങളെ മാറ്റാൻ നിർബന്ധമായി ശ്രമിക്കുകയും നടപ്പാക്കുകയും ചെയ്യുക.

∙ചില സാഹചര്യങ്ങൾ ഒഴിവാക്കാനാകില്ല. അത്തരം സാഹചര്യവുമായി പൊരുത്തപ്പെടുകയാണു വേണ്ടത്. പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെയും ഉൾക്കൊള്ളാൻ കഴിവതും ശ്രമിക്കുക.

നിരാശ ശക്തമായ വികാരമാണ്. അതിനെ പൊസിറ്റീവ് ആക്കി മാറ്റുക എളുപ്പമല്ല. ശക്തമായി ശ്രമിച്ചാൽ മാത്രമേ അത് സാധ്യമാകൂ. പരാതി പറയുന്ന സ്വഭാവമുള്ള പ്രിയപ്പെട്ടവരെ കുറ്റപ്പെടുത്തുക മാത്രം ചെയ്യുന്നതിൽ അർഥമില്ല.  അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അടിയറവയ്ക്കാതെയും നമ്മുടെ നയം വ്യക്തമാക്കിയും അവരുടെ വാശിക്കൊത്ത് കാര്യങ്ങൾ നീങ്ങാതെ  തന്നെ തന്മയത്തത്തോടെ ഇടപെടാനും ശ്രമിക്കണം. അവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മനോരോഗ വിദഗ്ധന്റെയോ ബിഹേവിയറൽ തെറപ്പിസ്റ്റിന്റെയോ സഹായം തേടുക.

പരാതി വേണ്ടേ വേണ്ട

എപ്പോഴും പരാതി കേൾക്കേണ്ടി വരുന്നവർക്ക് അലോസരമുണ്ടാകുകയും അകൽച്ച തോന്നുകയും ചെയ്യും. പരാതി പറയുന്നവർ മിക്കവാറും സ്വയം ന്യായീകരിക്കുകയാണ് ചെയ്യുക. എതിർഭാഗത്തെക്കൂടി കേൾക്കുകയും ഇരു വ്യക്തികൾക്കും തുല്യ പ്രാധാന്യം നൽകുകയുമാണ് മര്യാദ. സങ്കടകരമായ അനുഭവങ്ങളാണെങ്കിലും അത്  ശാശ്വതമായി തുടരില്ല. കാര്യങ്ങൾ മാറിമറിയും. അത് ഉൾക്കൊള്ളുകയും അതിജീവിക്കുകയും ചെയ്യുന്നതിലൂടെ നമ്മൾ കരുത്തുള്ളവരാക്കി മാറുകയാണ് ചെയ്യുക എന്ന്  മനസ്സിലാക്കി പരാതി പറച്ചിലിൽ നിന്നും പിൻവാങ്ങുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

Tags:
  • Spotlight
  • Motivational Story