റേഡിയോയിലൂടെയും ഇഷ്ടമുള്ള പാട്ടുകള്‍ നിറച്ച കസെറ്റ് ടേപ്പ് റെക്കോര്‍ഡറിലിട്ടും മാത്രം പാട്ടു കേള്‍ക്കാന്‍ കഴിഞ്ഞിരുന്ന കാലത്തു നിന്നാണ് എന്റെ ബാല്യം തുടങ്ങുന്നത്. വീട്ടില്‍ ഉപ്പയും ഉമ്മയും എപ്പോഴും എനിക്കിഷ്ടമുള്ള പാട്ടുകള്‍ വച്ചു തരും. അപാരമായ മ്യൂസിക് സെന്‍സും ആസ്വാദനശേഷിയുമുള്ള സംഗീതാരാധകനായിരുന്നു വാപ്പുപ്പ എന്നു ഞാന്‍ വിളിക്കുന്ന എന്റെ ഗ്രാന്‍ഡ്ഫാദര്‍ പ്രഫ.കെ.കെ. കുഞ്ഞുമൊയ്തീന്‍. മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, ഹേമന്ത് കുമാര്‍, മുകേഷ് തുടങ്ങി അക്കാലത്തെ എല്ലാ ഗായകരുടെയും പാട്ടുകളുടെ വലിയൊരു ശേഖരം മഹാരാജാസ് കോളജിലെ കെമിസ്ട്രി പ്രഫസര്‍ ആയിരുന്ന അദ്ദേഹത്തിന്റെ കൈയിലുണ്ട്. പാട്ടു കേള്‍ക്കാന്‍ വേണ്ടി മാത്രം അദ്ദേഹം ഏറെ നേരം ചെലവിടുമായിരുന്നു. അപ്പോഴെല്ലാം എന്നെയും വിളിച്ച് മടിയിലിരുത്തും. അങ്ങനെ വളരെ ചെറുപ്പത്തിലേ ക്ലാസിക് ഗാനങ്ങള്‍ കേട്ടു ശീലിച്ചു. എന്നിലെ സംഗീതത്തെ വളര്‍ത്തിയതില്‍ വലിയൊരു പങ്കുണ്ട് വാപ്പുപ്പയ്ക്ക്. സംഗീതസംവിധായകൻ അഫ്സൽ യൂസഫ് സംഗീതത്തോടു കൂട്ടുകൂടിയ കഥ ഓർക്കുന്നു.
ആലുവ സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡിലെ ബോര്‍ഡിങ്ങില്‍ നി്ന്നാണ് ഞാന്‍ പഠിച്ചത്. ബോര്‍ഡിങ്ങിലും ഒരു റേഡിയോ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഊണു കഴിക്കാന്‍ പോകുമ്പോള്‍ റേഡിയോയില്‍ ചലച്ചിത്രഗാനങ്ങള്‍ തുടങ്ങിയിരിക്കും. ഒരു മണിക്കൂര്‍ ലഞ്ച് ടൈം മുഴുവന്‍ പാട്ടും കേട്ടിരിക്കും. അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കാലമായിരുന്നു അത്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ചലച്ചിത്രഗാനങ്ങള്‍ അരമണിക്കൂര്‍ ആക്കി കുറച്ചു. എങ്കിലും പാട്ടു കേള്‍ക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. ദൂരദര്‍ശനിലും ചിത്രഹാറും രംഗോലിയുമൊക്കെ ഹിറ്റായി ഓടിയിരുന്ന കാലവുമായിരുന്നു. പാട്ടുമായി ബന്ധമുള്ള അത്തരം പരിപാടികളും വിടാതെ കാണും. വാപ്പുപ്പ കേള്‍പ്പിച്ച ക്ലാസിക് ഹിന്ദി ഗാനങ്ങളും റേഡിയോയിലൂടെ കേട്ട ബാബുക്കയുടെയും മറ്റു സംഗീതസംവിധായകരുടെയും പാട്ടുകളും സംഗീതത്തോടുള്ള എന്റെ പ്രണയത്തിന് അടിത്തറയിട്ടു. ആ ഗാനങ്ങള്‍ കേട്ടു കേട്ട് സംഗീതം എന്റെ സഹചാരിയായി മാറി. ഞാന്‍ പോലുമറിയാതെ.

സ്‌കൂളില്‍ എന്റെ കൂട്ടുകാര്‍ ഓരോരുത്തരും ഓരോ കഴിവുകളുള്ളവരായിരുന്നു. സംഗീതമാണ് ഈശ്വരന്‍ എനിക്കു നല്‍കിയത്. ഹാര്‍മോണിയം വായിക്കാനായിരുന്നു അന്നെനിക്കിഷ്ടം. സ്‌കൂളിലും പരിപാടികള്‍ക്ക് ഹാര്‍മോണിയം വായിക്കും. മല്‍ഹിയ സാറും ശൈലജ ടീച്ചറുമാണ് സ്‌കൂളില്‍ ഞങ്ങളെ സംഗീതം പഠിപ്പിച്ചിരുന്നത്. മല്‍ഹിയ സാര്‍ സംഗീതത്തില്‍ അഗാധമായ അറിവുകളുള്ള ആളായിരുന്നു. ഒരുപാട് സംഗീതോപകരണങ്ങള്‍ അദ്ദേഹം വായിക്കും. വെസ്റ്റേണ്‍ മ്യൂസിക്കിലായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ അറിവ്.ശൈലജ ടീച്ചറാണെങ്കില്‍ കര്‍ണാടകസംഗീതത്തിലാണ് അഗ്രഗണ്യ. വെസ്റ്റേണ്‍-ഈസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാനും ആസ്വദിക്കാനും പഠിപ്പിച്ചത് ഇവരാണ്.
ഹൈസ്‌കൂളിലായപ്പോള്‍ കളിപ്പാട്ടം പോലുള്ള ചെറിയൊരു കീബോര്‍ഡ് അമ്മാവന്‍ ഗിഫ്റ്റ് തന്നു. പിന്നെ അതിലായി എന്റെ സംഗീതപരീക്ഷണങ്ങള്‍. അതില്‍് പ്രാക്ടീസ് ചെയ്തു തുടങ്ങി. പ്രീഡിഗ്രിയായപ്പോള്‍ അമെച്വര്‍ ഓര്‍ക്കെസ്ട്രകള്‍ക്കു വേണ്ടി കീബോര്‍ഡ് വായിക്കാന്‍ പോയി. പിന്നീട് കുറേ പ്രഫഷണല്‍ ഗ്രൂപ്പുകള്‍ക്കു വേണ്ടിയും വായിച്ചു. ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പോള്‍ എംജി യൂണിവേഴ്‌സിറ്റി കലോത്സവത്തിന് പങ്കെടുക്കാന്‍ അധ്യാപകരും കൂട്ടുകാരും നിര്‍ബന്ധിച്ചു. അങ്ങനെ വിന്‍ഡ് ഈസ്റ്റേണ്‍ വിഭാഗത്തില്‍ മത്സരിച്ചു. 1999ല്‍ ആ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനായി.

ഉപ്പയാണ് നല്ലൊരു പ്രഫഷണല്‍ കീബോര്‍ഡ് വാങ്ങിച്ചു തന്നത്. കീബോര്‍ഡ് പ്രോഗ്രാമിങ്ങും പഠിച്ചെടുത്തു. ഔസേപ്പച്ചന്‍ സാറിന്റെ കൂടെ സ്വപ്‌നം കൊണ്ടു തുലാഭാരത്തില്‍ ആദ്യമായി സിനിമയ്ക്കു വേണ്ടി കീബോര്‍ഡ് പ്രോഗ്രാമിങ് ചെയ്തു. രവീന്ദ്രന്‍മാസ്റ്റര്‍, കൈതപ്രം സഹോദരന്‍മാര്‍, രഘുകുമാര്‍ സാര്‍, ബേര്‍ണി ഇഗ്നീഷ്യസ് തുടങ്ങി കുറേ പേര്‍ക്കൊപ്പം പ്രോഗ്രാമര്‍ ആയി. അറബിക്കഥ മുതല്‍ കുറച്ചു ചിത്രങ്ങളില്‍ ബിജിബാലിനൊപ്പവുമുണ്ടായി. ചന്ദ്രനിലേക്കുള്ള വഴിയിലൂടെ സ്വതന്ത്രമായി സംഗീതം ചെയ്തു തുടങ്ങി. കലണ്ടര്‍ ആദ്യത്തെ എന്റെ കമേഴ്ഷ്യല്‍ ഹിറ്റ്. ഷെയ്ന്‍നിഗം നായകനായ ഖുര്‍ബാനി വരെ കൈപിടിച്ചെത്തിച്ചു നില്‍ക്കുന്നു സംഗീതമെന്ന എന്റെ ആത്മമിത്രം. പാട്ടുണ്ടാക്കുന്നത് ഒരിക്കലും സ്‌ട്രെസ് തരുന്ന ജോലിയല്ല എനിക്ക്. ഏറെ ആസ്വദിച്ചു ചെയ്യുന്ന, ഒരിക്കലും മടുപ്പിക്കാത്ത എന്റെ തന്നെ ഒരംശമാണെനിക്കു സംഗീതം.