നാമൊന്ന്,നമുക്കൊന്ന് ’ ഒറ്റക്കുട്ടിയായാൽ എന്തൊക്കെ ഗുണങ്ങളാണ്. നല്ല വിദ്യാഭ്യാസം കൊടുക്കാം, സ്നേഹം ചിതറി പോകാതെ പൂർണമായി ഒരാളിലേക്ക് തന്നെ ചൊരിയാം. ഇതെല്ലാം നിൽക്കട്ടെ, ഒരു കുഞ്ഞായാൽ പിന്നെ വീണ്ടും പത്തുമാസത്തെ ബുദ്ധിമുട്ടുകളും, പ്രസവവും, അതിനു ശേഷമുള്ള ബഹളവും നീളുന്ന പരിഭവ പട്ടികകളും എല്ലാം നൈസായിട്ടങ്ങ് ഒഴിവാക്കാം.

ഇതൊക്കെ ഒരു വശത്ത് നടക്കുമ്പോൾ കുട്ടികളുടെ പൊട്ടിച്ചിരികൾ നിറയുന്ന, കുഞ്ഞികഥകളും പാട്ടുകളും ഒഴുകുന്ന, വാശി പിടിക്കുന്ന, ഉമ്മകൾ ഉതിരുന്ന ചില വീടുകളുമുണ്ട്. ഒന്നും രണ്ടും മൂന്നുമല്ല, നാലും മക്കളുള്ള ഒരമ്മയെ പരിചയപ്പെടാം. ഭൂമിയിൽ അവർ തീർത്ത സ്വർഗ്ഗത്തിലേക്ക് പോകാം. സഞ്ജിത്ത് ഭാര്യ ട്വിങ്കിൾ സഞ്ജിത്ത് പിന്നെ അവരുടെ നാലു കൺമണികളുടേയും കഥ...

**********************************************

ഞങ്ങളുടെ വീട്ടിൽ വേറെ നാമം ജപിക്കേണ്ട കാര്യമില്ലല്ലോ എന്ന് കൂട്ടുകാർ പറയാറുണ്ട്. മക്കളെ നിരന്തരം വിളിച്ചു കൊണ്ടിരുന്നാൽ മതിയല്ലോ എന്ന്.’’ തലശ്ശേരി ഒതയോത്ത് സഞ്ജിത്തിന്റെ ഭാര്യ ട്വിങ്കിൾ സഞ്ജിത്ത് പറഞ്ഞുതുടങ്ങി.

‘‘നാലു പെൺമക്കൾക്കും പരമ്പരാഗത പേരുകൾ നൽകണമെന്നത് എന്റെ ഇഷ്ടമാണ്. അങ്ങനെയാണ് ജാനകി, പാർവതി, ലക്ഷ്മി, സരസ്വതി എ ന്ന് അവരെ വിളിച്ചത്. 2000 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. ആ സമയത്ത് അദ്ദേഹം അമേരിക്കയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിവാഹ ശേഷം ഞാനും അമേരിക്കയ്ക്ക് പറന്നു.

ആറുമാസത്തിനുള്ളിൽ ഞങ്ങൾ പുതിയ കമ്പനി തുടങ്ങി. മറ്റെല്ലാ തുടക്കക്കാരെയും പോലെ ജീവിതത്തോട് പൊരുതുന്ന സമയം. ദൈവം നാലു വർഷങ്ങൾക്കു ശേഷമാണ് ആദ്യത്തെ കൺമണിയെ നൽകിയത്. 2004 ൽ തിരക്കുള്ള ജീവിതത്തിലേക്കാണ് അവൾ കടന്നു വരുന്നത്. രണ്ടു കൊല്ലങ്ങൾക്കു ശേഷമാണ് രണ്ടാമത്തെ കുഞ്ഞുണ്ടാകുന്നത്. സത്യം പറഞ്ഞാൽ ഒരിക്കൽ പോലും ഞാൻ ദൈവത്തോട് എനിക്ക് ഒരാണിനെ തരണേ, ഒരു പെണ്ണിനെ തരണേ എന്ന് പ്രാർഥിച്ചിട്ടില്ല. ഒരു ഹെൽതി ബേബിയെ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ.

ഞങ്ങൾക്ക് രണ്ടു പേർക്കും നാട്ടിൽ ജീവിക്കാനായിരുന്നു ഇഷ്ടം. സഞ്ജിത്തിന് ഇന്ത്യയിൽ വന്ന് കൃഷിയിൽ പുതിയതായി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു. അങ്ങനെ ഞങ്ങൾ നാട്ടിലെത്തി ബന്ദിപ്പൂരിൽ സ്ഥലം വാങ്ങി. അവിടെ പുതിയ ബിസിനസിന് തുടക്കം കുറിച്ചു. 2013 ൽ ഞാൻ മൂന്നാമതും ഗർഭിണിയായി. മൂന്നാമത്തെ പ്രസവം നാട്ടിൽ വച്ചായിരുന്നു.

നാലു പെൺമക്കളോ അയ്യോ !!!

kids1

മൂത്തതു രണ്ടും പെൺകുട്ടികളായപ്പോൾ ഒരു ആൺകുട്ടി വേണം എന്നു കരുതിയല്ല മൂന്നാമതും ഗർഭിണിയായത്. മറിച്ച് വീട് നിറയെ കുട്ടികൾ വേണം എന്ന ആഗ്രഹം കൊണ്ടാണ്. എന്റെ വീട്ടിലും അദ്ദേഹത്തിന്റെ വീട്ടിലും ഞങ്ങൾ രണ്ട് സഹോദരങ്ങൾ വീതമാണ്.

മൂന്നാമത്തേത് ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞതോടെ സന്തോഷം ഇരട്ടിയായി. പക്ഷേ, കാണാൻ വരുന്ന പലരും പറഞ്ഞത് ‘‘ വിഷമിക്കണ്ട, മോളേ ഇരട്ടകളിൽ ഒന്നെങ്കിലും ആൺകുട്ടിയായിരിക്കും.’എന്നാണ്. എനിക്ക് ചിരിയടക്കാൻ കഴിയില്ല ഇങ്ങനത്തെ ആശംസ കേൾക്കുമ്പോൾ. കുട്ടികൾ ജനിച്ചപ്പോൾ രണ്ട് ഇരട്ട പെൺകുട്ടികളാണെന്ന് അറിഞ്ഞ് സുഖവിവരം അന്വേഷിച്ചു വരുന്നവർ പോലും എന്നെ സമാധാനിപ്പിക്കുന്ന ഭാവത്തോടെയാണ് നിൽക്കുന്നത്. ഞാൻ എല്ലാവരോടും ഉറക്കെ പറഞ്ഞു. ‘എന്റെ പെൺകുട്ടികളാണ് എന്റെ ഭാഗ്യം.’

ഇപ്പോഴും പല വേദികളിലും ഇത്തരം കളിയാക്കൽ തുടരാറുണ്ട്. ആൺമക്കൾ ഇല്ലല്ലോ കഷ്ടമായിപ്പോയി എന്ന് പറയുന്നവരോട് സഹതാപം മാത്രം.

അച്ഛൻ കുട്ടികളാണിവർ

അച്ഛന് എപ്പോഴും തിരക്കാണ്, പെൺമക്കൾ പൊതുവേ അച്ഛൻ കുട്ടികളാണെന്ന് പറയും. ഇവിടെയും അങ്ങനെ തന്നെ. പക്ഷേ, അവരുടെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണ്. അച്ഛൻ നന്നായി ഭക്ഷണമുണ്ടാക്കും. വീട്ടിലുള്ളപ്പോൾ അച്ഛനുണ്ടാക്കുന്ന ഭക്ഷണം മതിയെന്ന് കുട്ടികൾക്ക് നിർബന്ധമാണ്. എപ്പോഴും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നാണ് എനിക്ക് നിർബന്ധം. കുട്ടികളുടെ സ്കൂളിലെ കാര്യവും പഠന കാര്യവും എല്ലാം നോക്കുന്നത് ഞാൻ തന്നെയാണ്.

ഇപ്പോൾ മുതിർന്നവർ ഇളയവരുടെ കാര്യങ്ങൾ കൂടി നോക്കിക്കോളൂം. ഇളയ കുഞ്ഞുങ്ങളെ മൂത്തവളെ ഏൽപിച്ച് ഞാ ൻ അൽപദിവസം മാറി നിന്നാലും പ്രശ്നമൊന്നുമില്ല. പിന്നെ ഏറ്റവും വലിയൊരു കാര്യം അവർ നാലു പേരും നല്ല കൂട്ടുകാരാണ്. അൽപസ്വൽപം വഴക്കൊക്കെയുണ്ട്. മൂത്തവളുടെ പ്രൊജക്ട് ബുക്ക് കാണുമ്പോളായിരിക്കും ഏറ്റവും ചെറുതിന് അതിൽ കുറച്ച് കളർ ചെയ്താലോ എന്ന് തോന്നുക. പിന്നത്തെ ബഹളം പറയണ്ടല്ലോ. അവധി ദിവസങ്ങളിൽ പുറത്തു പോയി ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഞങ്ങൾക്കിഷ്ടം ഞങ്ങളുടെ വീട്ടിൽ തന്നെ എല്ലാവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതാണ്.

ഡിഎൽജി (ഡിജിറ്റൽ ലിബേർട്ടി ഗ്രൂപ്പ്) എന്ന കമ്പനിയുടെ സിഇഒയാണ് സഞ്ജിത്ത്. ഡയറക്ടറാണ് ഞാൻ. അമേരിക്കയിൽ ആയിരിക്കുമ്പോൾ തന്നെ കേരളത്തിന്റെ ഹരിതാഭയും പച്ചപ്പും ആസ്വദിക്കാൻ കഴിയുന്ന ഒരു വീടു വേണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. മക്കളെല്ലാം ഒരുമിച്ച് ആ വീടിന്റെ മുറ്റത്ത് കളിച്ചു വളരുന്നത് സ്വപ്നം കാണുമായിരുന്നു.

അങ്ങനെ തൃപ്പൂണിത്തുറയിൽ കായൽ തീരത്ത് ഞങ്ങൾ വീടു വാങ്ങി. എല്ലാ ഞായറാഴ്ചയും ഞങ്ങളെല്ലാവരും കൂടി ആ വീട്ടിൽ പോകും. മുറ്റത്തെ മണ്ണിലും പൊടിയിലും കുട്ടികൾ ഓടി കളിക്കും. കളിക്കാൻ ആരും കൂട്ടിനില്ലാതെ വീടിനുള്ളിൽ തന്നെ അടച്ചിരുന്ന് അവധി ദിവസങ്ങൾ തള്ളി നീക്കുന്ന കുട്ടികളെക്കുറിച്ച് അപ്പോൾ ഞാൻ ഒാർക്കും. നമ്മുടെ ഒക്കെ ബാല്യം പോലെ കളിചിരികളുടെ നിറവിൽ ആണല്ലോ ഇവർ എന്ന് സന്തോഷം തോന്നും അപ്പോൾ.