Monday 16 November 2020 11:41 AM IST

‘മോൾ പോയി മൂന്ന് മാസത്തിനു ശേഷമാണ് യൂട്യൂബ് ചാനലിൽ വിഡിയോ ഇട്ടത്; അന്ന് ചിലർ ചോദിച്ചു, നിങ്ങളൊരു അമ്മയാണോ? എങ്ങനെ ഇതെല്ലാം സാധിക്കുന്നു?’

Rakhy Raz

Sub Editor

cri8866amma334 ഫോട്ടോ: ബേസിൽ പൗലോ

ശലഭത്തെപ്പോലെ പാറി നടന്ന മകൾ തട്ടിമറിഞ്ഞ പൂപാത്രം പോലെ കൺമുന്നിൽ ചിതറിയതു കാണേണ്ടി വന്ന ഒരമ്മയും അച്ഛനും...

നന്ദിത എന്ന പത്താംക്ലാസുകാരി 2019 ഡിസംബർ ആറിനാണ് ഷാർജ നബയിലെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിലെ ഫ്ലാറ്റിൽ  നിന്നു വീണു മരിച്ചത്. ഷാർജ എത്തിസലാത്തിൽ എൻജിനീയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുരളീകൃഷ്ണന്റെയും‘നിഷാസ് സ്പൈസസ്’ എന്ന ജനപ്രിയ വ്ലോഗറായ നിഷയുടേയും മകൾ.  

ആത്മഹത്യ ആയിരുന്നോ ? നിങ്ങളവളെ വഴക്കു പറഞ്ഞിരുന്നോ ? മകൾ മരിച്ചിട്ടും കരയാത്ത നിങ്ങളൊരു അമ്മയാണോ ? എന്നെല്ലാം ക്രൂരമായി ചോദിക്കുന്ന ലോകത്തോട് ആ അച്ഛനും അമ്മയും എന്തു പറയാനാണ്. അമ്മ ഇന്നും തന്റെ സങ്കടങ്ങളെല്ലാം പറയുന്നത് തന്റെ പൊന്നുമകളോടാണ്. തീയതിയില്ലാത്ത ഡയറിക്കുറിപ്പിലൂടെ..

നന്ദൂട്ടിയേ, ഇന്ന് അമ്മ നിനക്ക് ഇഷ്ടമുള്ള ഐസ്ക്രീമിന്റെ റെസിപ്പി ആണ് നമ്മുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. അതിഷ്ടപ്പെട്ട നമ്മുടെ വ്യൂവേഴ്സിലൊരാൾ ചോദിച്ചു. നന്ദിത എവിടെ എന്ന്? അമ്മ എന്താടാ പറയേണ്ടത്. അവൾ ദൂരെ ഒരിടത്തു പോയിരിക്കുകയാണെന്നു മാത്രം ഞാൻ പറഞ്ഞു.

നിന്റെ ആദ്യത്തെ ചിരി ഇന്നും അമ്മ ഓർത്തു. എന്തു ഭംഗിയായിരുന്നു. അമ്മയോട് ചേർന്നു നിന്ന് അച്ഛനും അത് കാണുന്നുണ്ടായിരുന്നു. എൻജിനീയറിങ് പഠിച്ചതല്ലേ ജോലിക്ക് പൊയ്ക്കൂടേ എന്ന് അച്ഛനെപ്പോഴോ ചോദിച്ചെങ്കിലും ‘എനിക്ക് എന്റെ കുഞ്ഞിക്കിളിയെ വിട്ട് ജോലിക്ക് പോകണ്ട മുരളിയേട്ടാ...’ എന്ന് അമ്മ പറഞ്ഞു. നിന്റെ കാര്യത്തിൽ അച്ഛൻ വേറെന്തു പറയാൻ.

എത്ര പെട്ടെന്നാന്റെ നന്ദൂട്ടിയേ.. നീ വലുതായത്. നീ വലുതായപ്പോഴാണ് അമ്മ നന്നായി പാചകം ചെയ്യാൻ പഠിച്ചത്. സത്യം ആണെടാ... നിന്റെ അച്ഛനെ കല്യാണം കഴിച്ചു ഷാർജയിലേക്ക് വിമാനം കയറുമ്പോൾ വരെ അമ്മ അടുക്കള കണ്ടിട്ടു പോലും ഇല്ലായിരുന്നു. ചിരിക്കണ്ടടാ... സത്യം ആണ്. നീയും നിന്റെ അച്ഛനെ പേലെ ഒരു ഭക്ഷണപ്രിയ ആണല്ലോ..

നന്ദൂട്ടിയെ.. നിനക്ക് അറിയാമോ അമ്മയ്ക്ക് ഏറ്റവും സന്തോഷം തോന്നിയിരുന്നത് എപ്പോൾ ആണെന്ന് ? ബിരിയാണിക്കൊതിച്ചി ആയ നീ ‘റസ്റ്ററന്റിൽ നിന്നു കഴിക്കുന്ന ബിരിയാണിയേക്കാൾ എന്റെ അമ്മക്കുട്ടി ഉണ്ടാക്കുന്ന ബിരിയാണിക്കാണല്ലോ രുചി’ എന്നു പറയുമ്പോൾ...

അമ്മേടെ പൊന്നേ.... ഇനി അമ്മ എന്തിനാ ഇതൊക്കെ ഉണ്ടാക്കുന്നേ...

എന്താ നീ ചോദിച്ചേ... അമ്മ കരയുവാണോ എന്നോ? അല്ലെടാ.. കണ്ണിൽ കരട് പോയതാ. നീ അടുത്ത് ഉള്ളപ്പോ അമ്മ എന്തിനാ കരയുന്നേ. ആരും കരയുന്നത് എന്റെ പൊന്നിന് ഇഷ്ടം അല്ലല്ലോ.

നീ പോയതിൽ പിന്നെ നമ്മുടെ യു ട്യൂബ് ചാനലിൽ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. പിന്നെ തോന്നി നിനക്ക് വേണ്ടി അമ്മ ഇത് ചെയ്യണമെന്ന്. എന്നെക്കൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങിച്ചത് നീയായിരുന്നല്ലോ. ഉഴപ്പരുത് എന്നു നീ പറഞ്ഞിരുന്നു. ഉഴപ്പുന്നില്ല നന്ദൂ... ചിരി വരില്ലെങ്കിലും നല്ലപോലെ ചിരിച്ച്, വാക്കുകൾ വരില്ലെങ്കിലും നല്ലപോലെ സംസാരിച്ച് അമ്മ റെസിപ്പികൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും ഒക്കെ നീയെന്നെ പഠിപ്പിച്ചത് അമ്മ ഇതൊക്കെ തനിയേ ചെയ്യേണ്ടി വരും എന്ന് കരുതിയിട്ടാണോ? ഒരു കുഞ്ഞുവാവയെ വേണം എന്ന് നീ പറഞ്ഞത് അമ്മയ്ക്കും അച്ഛനും ആരും ഇല്ലാതെ വരരുത് എന്നു വിചാരിച്ചിട്ടാണോ?

അമ്മേടെ വാവേ...

‘പ്ലസ് ടു കഴിഞ്ഞാൽ എനിക്ക് വിദേശത്തു പഠിക്കാൻ പോകണം. അപ്പോൾ എന്റെ അമ്മക്കിളി ഒറ്റയ്ക്കായി പോകില്ലേ. അപ്പോൾ കൂട്ടുണ്ടാകാനാണ് കുഞ്ഞു വാവ’ എന്നു നീ പറഞ്ഞു. പോകും വരെ കുഞ്ഞുവാവയെ നീ നോക്കിക്കൊള്ളാം എന്നും.  എനിക്ക് നിന്നെ മതി കണ്ണാ.. നിനക്ക് തിരിച്ചു വരാമോ? .നീ കൂടെയുണ്ട്, എന്നാലും തൊടാൻ പറ്റുന്നില്ലല്ലോ. ശബ്ദം കേൾക്കാൻ കൊതി തോന്നുന്നെടാ. ഒരു തവണ നീ ഒന്ന് വരാമോ? അമ്മയെ ഇറുക്കെ ഇറുക്കെ കെട്ടിപ്പിടിക്കാമോ?

അമ്മയ്ക്ക് വയ്യാതായി പോയ കൊണ്ടാണ് കുഞ്ഞു വാവയെ വേണ്ടെന്ന് പറഞ്ഞത്. കാൻസറിന്റെ തുടക്കം കണ്ടപ്പോൾ മൂന്ന് മാസം അച്ഛനെയും മോളേയും വിട്ട് അമ്മ നാട്ടിലേക്കു പോന്നില്ലേ?. കാൻസർ സ്പെഷലിസ്റ്റ് ഗംഗാധരൻ ഡോക്ടറെ കണ്ടു ചികിത്സിക്കാൻ. അപ്പോൾ അമ്മയ്ക്ക് തോന്നി അതിനേക്കാൾ വലിയ വിഷമം ഇനി വരാനില്ലെന്ന്. അപ്പോഴൊക്കെ നീയായിരുന്നു എന്റെ ധൈര്യം. നിനക്കു വേണ്ടി അമ്മ ചിട്ടയായി ചികിത്സയെടുത്തു. അസുഖം മാറി. നമ്മൾ വീണ്ടും ചാനൽ ഭംഗിയായി കൈകാര്യം ചെയ്തു തുടങ്ങി.

നമ്മൾ ചെയ്തതിൽ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം ‘മകളോടൊപ്പം ഒരു ദിവസം’ എന്ന എപ്പിസോഡ് ആണ്. അന്ന് നീ ഒരു സ്‌പെഷൽ ചിക്കൻ ബിരിയാണി ഉണ്ടാക്കി. ചിക്കൻ കഴുകാൻ മാത്രം എന്നെ വിളിച്ചു,  മറ്റെല്ലാം നീ തന്നെ ചെയ്തു.  ഇടയ്ക്കിടെ അമ്മ അതെടുത്തു കാണും. ‘നിഷാസ് ഡ്രീംസ്’ എന്ന ചാനലിൽ നമ്മൾ പോസ്റ്റ് ചെയ്തിരിക്കുന്ന ചുറ്റാൻ പോക്കുകൾ. എന്തു രസം ആയിരുന്നു അല്ലെടാ.. ? എന്തു സന്തോഷം ആയിരുന്നു നമുക്ക്.

അച്ഛൻ ഇപ്പോഴും നിർബന്ധിച്ചു അമ്മയെ പുറത്തു കൊണ്ടു പോകും. കുറേ വർത്തമാനം പറയാൻ ശ്രമിക്കും. ഒടുവിൽ ഒന്നും പറയാനാകാതെ ഞങ്ങൾ തിരിച്ചു വരും.

അറിയില്ല ആർക്കുമീ നൊമ്പരം

മോൾ പോയ ശേഷം അച്ഛൻ അമ്മയെ ഒരു സിനിമയ്ക്ക് കൊണ്ടുപോയി. അന്ന് പരിചയക്കാരിൽ ഒരാൾ ദേഷ്യത്തോടെ ചോദിച്ചു. സിനിമ കാണാൻ നിങ്ങൾ വന്നിരിക്കുന്നോ? ഭ്രാന്ത് പിടിക്കാതിരിക്കാൻ ആണ് ഞങ്ങൾ സിനിമ കാണാനെത്തിയത് എന്ന് അവർക്ക് മനസിലായില്ല.

സിനിമാ തിയറ്ററിൽ രണ്ടു മണിക്കൂർ ഇരിക്കാറുണ്ടെങ്കിലും ഞങ്ങൾക്കിപ്പോൾ സിനിമ കാണാൻ കഴിയാറില്ല എന്നവർ അറിയുന്നില്ല. അനുഭവങ്ങളുടെ പൊള്ളൽ, കണ്ടു നിൽക്കുന്നവർക്ക് അറിയില്ലല്ലോ കുഞ്ഞേ... കരയാത്തവരെ ദുഃഖം കരിങ്കൽ ചീളു പോലെ മുറിവേൽപിക്കുമെന്ന് ആരറിയാൻ.

മോൾ പോയി മൂന്ന് മാസത്തിനു ശേഷമാണ് യൂട്യൂബ് ചാനലിൽ അമ്മ വിഡിയോ ഇട്ടത്. അന്ന് ചിലർ ചോദിച്ചു ‘നിങ്ങൾ ഒരു അമ്മയാണോ? എങ്ങനെ ഇതെല്ലാം സാധിക്കുന്നു?  ഇത് കണ്ട അച്ഛൻ അമ്മയെ ചേർത്തു പിടിച്ചിട്ടു പറഞ്ഞു. ‘നീ നന്ദൂട്ടി പറയുന്നത് മാത്രം കേട്ടാൽ മതി. മറ്റുള്ളവർ എന്തും പറയട്ടേ.’

2019 ഡിസംബർ ആറ്. ഓർക്കാൻ വയ്യ ആ ദിനം ഓർക്കാതെയും വയ്യല്ലോ.. നിന്റെ മണം അമ്മയ്ക്ക് നഷ്ടപ്പെട്ടത് അന്നാണ്. ഇനി ഒരു ഡിസംബറും അമ്മയ്ക്കും അച്ഛനും മഞ്ഞു കാലമല്ല കണ്ണാ... നീയില്ലാതെ എന്തു മഴ, എന്തു മഞ്ഞ്.

അന്ന് നിനക്ക് എന്തു സന്തോഷം ആയിരുന്നു. അമ്മൂമ്മ വന്ന ശേഷം നീയൊരു പൂമ്പാറ്റയായിരുന്നു. അമ്മൂമ്മയോട് വായ് നിറയെ വിശേഷങ്ങൾ പറഞ്ഞു നടന്നു. ആ ഒരാഴ്ചക്കാലം നമുക്ക് അവധിയായിരുന്നു. പുറത്തുപോയി ഭക്ഷണം കഴിക്കാം എന്നു പ്ലാനിട്ട് നമ്മൾ ഒരുങ്ങാൻ നമ്മുടെ മുറികളിലേക്ക് പോയി. ഞാനും അച്ഛനും അമ്മൂമ്മയും ഒരുങ്ങിയെത്തി. നീ മാത്രം വന്നില്ല.  

ഇനിയും ഒരുങ്ങി തീർന്നില്ലേ എന്നു നോക്കാനാണ് അമ്മ നിന്റെ മുറിയിൽ വന്നത്. നിന്നെ കണ്ടില്ല. അമ്മയ്ക്ക് വാവയോട് ഒത്തിരി പുന്നാരം തോന്നുമ്പോ വിളിക്കുന്ന പേരല്ലേ അപ്പൊ അമ്മ വിളിച്ചത്. ഡൺലൂ... എന്ന്. മോൾ ഓർക്കുന്നുണ്ടോ. എന്നിട്ടും മോൾ വിളി കേട്ടില്ല. എല്ലാ മുറിയിലും അമ്മ തിരഞ്ഞു. നിന്നെ കണ്ടില്ല.

അഴികളില്ലാത്ത ജനൽ തുറന്നു കിടക്കുന്നതു കണ്ട് അമ്മ പേടിച്ചു. ജനലിലേക്ക് ചൂണ്ടി അമ്മ അച്ഛനെ ഉറക്കെയുറക്കെ വിളിച്ചു. ജനലിലൂടെ താഴേക്ക് നോക്കിയ അച്ഛന്റെ മുഖം കറുത്തു കരുവാളിക്കുന്നത് കണ്ട് അമ്മയ്ക്ക് തല കറങ്ങി. അമ്മ തളർന്നുപോയി. തപ്പിത്തടഞ്ഞു താഴേക്കോടിയ അമ്മയെ അച്ഛനും മറ്റാരൊക്കെയോ ചേർന്നു തടഞ്ഞു എന്നറിയാം.

എന്റെ കണ്ണാ... നീ എന്തിനാണ് ജനലരികിൽ പോയി നിന്നത്. ഓരോ പുതിയ വേഷത്തിലും അവിടെ നിന്നു നീ ഫോട്ടോ എടുക്കുമ്പോൾ, വിമാനം പറക്കുന്ന ആകാശവും ദൂര കാഴ്ചകളും കൊണ്ടു മോഹിപ്പിക്കുന്ന ആ ജനൽ ഒരുനാൾ ചതിക്കുമെന്ന് അമ്മ ഓർത്തില്ലെടാ... എങ്കിൽ അനുവദിക്കില്ലായിരുന്നു. ഒരിക്കലും അനുവദിക്കില്ലായിരുന്നു.

പത്താം നിലയിൽ എന്തിനാണ് നമ്മൾ താമസിച്ചത്? കാലിൽ നീ ക്രീം വല്ലതും പുരട്ടിയിരുന്നോ? വഴുതിയത് എങ്ങനെയാണ്? ആരോട് ചോദിക്കാനാണ്. ആര് ഉത്തരം തരും?

IMG_E4473_0001

ഇനിയതൊക്കെ പറഞ്ഞിട്ട് എന്തിനാണ്. ഒരു നിമിഷം കൊണ്ട് നിന്നെ ദൈവം ഞങ്ങളിൽ നിന്നു തട്ടിയെടുത്തു. തന്ന മറ്റെല്ലാ വിഷമങ്ങളും സഹിക്കാം. ഇതു മാത്രം എനിക്ക് പറ്റുന്നില്ലടാ പൊന്നേ...

‘ഡൺലുവിനെ കാണണം മുരളിയേട്ടാ...’ അമ്മ അച്ഛനോട് പറഞ്ഞു. 'അത് വേണോ’ എന്ന് അച്ഛൻ ചോദിച്ചു. ‘വേണം’ എന്ന് അമ്മ പറഞ്ഞു. അമ്മയ്ക്ക് എവിടെ നിന്നോ ധൈര്യം കിട്ടി.  അച്ഛൻ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. ഒടുവിൽ അനുവാദം കിട്ടി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യരുത് എന്ന് പൊലീസുകാർ പറഞ്ഞു. ഞങ്ങൾ മോർച്ചറിയിലെത്തി നിന്നെ കണ്ടു. അമ്മ കരഞ്ഞില്ല കണ്ണാ... നിന്റെ മുഖത്ത് അപ്പോഴും പുത്തനടുപ്പിട്ടു പുറത്തു പോകാൻ ഒരുങ്ങി നിൽക്കുന്ന ഭാവമായിരുന്നു.  

മുറിവേൽപ്പിടിച്ച വാക്കുകൾ

ഡൺലൂ.. എന്നെങ്കിലും അച്ഛനും അമ്മയും നിന്നെ മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞിട്ടുണ്ടോ? എന്തെങ്കിലും കാര്യത്തിൽ വിഷമിപ്പിച്ചിട്ടുണ്ടോ ? എന്തു പഠിച്ചാലും എത്ര നന്നായി പഠിച്ചാലും വിധിച്ച വഴിയിലൂടെ നടക്കും എന്നു നമ്മൾ എത്ര വട്ടം പറഞ്ഞിരിക്കുന്നു. എൻജിനീയറിങ് പഠിച്ച അമ്മ ഫുഡ് വ്ലോഗർ ആയതിനെക്കുറിച്ചു പറഞ്ഞു നമ്മൾ എത്ര ചിരിച്ചിട്ടുണ്ട്. മോൾ നന്നായി പഠിച്ചിരുന്നു. അ ച്ഛനും അമ്മയ്ക്കും അതിൽ സന്തോഷമായിരുന്നു.

അതൊന്നുമറിയാതെ, അറിയാൻ ശ്രമിക്കാതെ ആളുകൾ കഥകൾ മെനഞ്ഞു. അമ്മയും അച്ഛനും മാർക്ക് കുറഞ്ഞതിന് നിന്നെ വഴക്കു പറഞ്ഞിരിക്കാം. അതിൽ മനം നൊന്ത് ആകാം നീ... എന്നൊക്കെ.

എന്നെയും അച്ഛനെയും പൊലീസ് ചോദ്യം ചെയ്യുകയാണെന്ന് ചില പത്രങ്ങളും ചാനലുകളും പറഞ്ഞു. സംശയത്തിന്റെ നൂലിഴ ഉണ്ടെങ്കിൽ അവർ നിന്നെ ഞങ്ങൾക്ക് തന്നെ വിട്ടു തരില്ലായിരുന്നു. ആരോട് പറയാനാണ്. പറഞ്ഞിട്ട് എന്തിനാണ് കുഞ്ഞൂ... നീ ഇല്ല എന്ന സങ്കടത്തേക്കാൾ വലുത് അല്ലല്ലോ ഒന്നും.

ക്രൂരമായ ആ വാക്കുകൾക്ക് ചെവി കൊടുക്കാതെ ഞങ്ങൾ നീ വീട്ടിലേക്ക് വരുന്നതും കാത്ത് ഇരുന്നു. മൂന്നാം ദിവസമാണ് നിന്നെയവർ ഞങ്ങൾക്ക് തന്നത്.

കർമങ്ങൾ ചെയ്യിക്കാനെത്തിയ പോറ്റി, അദ്ദേഹത്തിനോട് അമ്മയ്ക്ക് ബഹുമാനവും സ്നേഹവും തോന്നുന്നു. അവസാന യാത്രയ്ക്ക് എന്റെ മോളെ ഞാൻ ഒരുക്കാം എന്നു പറഞ്ഞപ്പോൾ പലരും വിലക്കി. പക്ഷേ, അദ്ദേഹം പറഞ്ഞു ‘അവളെ ഒരുക്കി സുന്ദരിയാക്കി സന്തോഷത്തോടെ വിടൂ.. അവൾ ചിരിച്ചു കൊണ്ട് ദൈവസന്നിധിയിൽ ചെല്ലട്ടെ.’

ഉണ്ണിയേ..

അമ്മ നിന്നെ കുളിപ്പിച്ചിട്ട് എത്ര നാളായിക്കാണും. ഒത്തിരി നാൾ ആയിക്കാണില്ല. വലുതായ ശേഷവും നിന്നെ ഞാൻ കുളിപ്പിച്ചിരുന്നല്ലോ.. നിന്റെ അവസാന യാത്രയിലും അമ്മ അത് ചെയ്തു. നിന്റെ കാലുകൾ അല്പം ചതഞ്ഞു വീർത്തിരുന്നു.അതുകണ്ട് അമ്മയ്ക്ക് നെഞ്ചുപൊട്ടി. എങ്കിലും അമ്മ നിന്നെ കുളിപ്പിച്ചു വേദനിപ്പിക്കാതെ...

‘നമുക്ക് ഡൺലുവിനെ നാട്ടിലേക്ക് കൊണ്ടു പോകണ്ട മുരളിയേട്ടാ’ എന്ന് അമ്മ അച്ഛനോട് പറഞ്ഞിരുന്നു. നാട്ടിൽ കൊണ്ടു പോയാൽ അമ്മയ്ക്ക് അവസാനമായി നിന്നെ ഒന്ന് തൊടാൻ കഴിയില്ലായിരുന്നു, നിന്നെ ഒരുക്കി സുന്ദരിയാക്കി വിടാൻ കഴിയില്ലായിരുന്നു. അവിടെ അത് അനുവദിക്കില്ലെന്ന് അമ്മയ്ക്ക് അറിയാം.

കുളിപ്പിക്കുമ്പോൾ നീ കുഞ്ഞു വാവയായി കൈകാൽ ഇളക്കിക്കളിച്ചത് അമ്മ ഓർത്തു. നിന്റെ ഭംഗിയുള്ള വിരലുകളിലെ നെയിൽ പോളിഷ് തുടച്ച് പുതിയ നിറത്തിലുള്ളത് അമ്മ ഇടുവിച്ചു. ഉടുപ്പിനനുസരിച്ചുള്ള നെയിൽ പോളീഷ് ഇടാനല്ലേ മോൾക്ക് ഇഷ്ടം. അമ്മ നിന്നെ കണ്ണെഴുതിച്ചു. മസ്ക്കാര അണിഞ്ഞപ്പോൾ നിന്റെ കൺപീലികൾ കൂടുതൽ നീണ്ടു ഭംഗി വച്ചു. നിന്റെ ഇഷ്ടനിറമായ ഇളം പിങ്ക് ലിപ്സ്റ്റിക്ക് ചുണ്ടിൽ ഇടുവിക്കുമ്പോൾ അമ്മേ എന്നു വിളിക്കാൻ നീ വെമ്പുന്ന പോലെ തോന്നി.

നിനക്ക് ഇഷ്ടപ്പെട്ട പാവാടയും ഹുഡ് ഉള്ള ടീഷർട്ടും ആയിരുന്നു അണിയിക്കാൻ അമ്മ തെരഞ്ഞെടുത്തത്. യാത്ര പോകുമ്പോൾ പാവാടയല്ലേ എന്റെ ഡൺലുവിന് ഇഷ്ടം.

തലേന്ന് മോൾ കൊതിച്ചു വാങ്ങിയ കമ്മൽ ആണ് ഇടുവിച്ചത്. ആ കമ്മൽ മോൾക്ക് നല്ല ചേർച്ച ഉണ്ടായിരുന്നു. നിനക്ക് ഇഷ്ടപ്പെട്ട പാവക്കുട്ടികൾ, ചോക്ലേറ്റുകൾ ഒന്നും കൂടെ വയ്ക്കാൻ അമ്മ മറന്നില്ല.

അണിഞ്ഞൊരുങ്ങിയപ്പോൾ ഉറങ്ങിക്കിടക്കുന്ന ഒരു മാലാഖ കുഞ്ഞിനെപ്പോലെയാണ് അമ്മയ്ക്ക് തോന്നിയത്.

മനസിൽ മടിയിൽ വളരൂ നീ

മോൾ പോയതിൽ പിന്നെ അച്ഛനും അമ്മയും ആ ഫ്ലാറ്റിൽ നിന്നില്ല. കുറച്ചു ദിവസം മിനി അമ്മായിയുടെ കൂടെ ആയിരുന്നു. പിന്നെ മറ്റൊരു ഫ്ലാറ്റിലേക്ക് മാറി.

മോൾ പോയ നാളുകളിൽ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടി. അമ്മ മിണ്ടാതായി, ഇടയ്ക്ക് ശ്വാസംമുട്ടൽ വരാൻ തുടങ്ങി. അച്ഛൻ ജോലിക്ക് പോയാലും ഉച്ചയ്ക്ക് വരുമായിരുന്നു. ഒരു ദിവസം നന്ദുവിനെ ഓർത്തിരുന്നതിനാൽ അച്ഛൻ വിളിച്ചപ്പോൾ ഫോൺ വന്നത് അറിഞ്ഞില്ല. അച്ഛൻ വല്ലാതെ പേടിച്ചു. ഓഫിസിൽ നിന്ന് ഓടി വന്നു.

ഓഫിസിൽ പോയാലും അച്ഛന് സദാ അമ്മയെക്കുറിച്ചുള്ള വിചാരം ആണ്. ഇടയ്ക്ക് വിളിച്ചുകൊണ്ടേയിരിക്കും. അ ച്ഛൻ യോഗ ചെയ്യുന്നുണ്ട്. അമ്മയെ നിർബന്ധിക്കും. എങ്കിലും ചെയ്യാറില്ല, മെഡിറ്റേഷൻ മാത്രം ചെയ്യും.

അമ്മയുടെ പിറന്നാളിന് ഇനിയാര് സർപ്രൈസ് സമ്മാനം തരും എന്നു ഞാൻ നിന്നോട് പരാതി പറഞ്ഞത് നീ കേട്ടുവല്ലേ.  

മേയ് മുപ്പതിന് നമ്മുടെ ചാനലിൽ 2 ലക്ഷം സബ്‌സ്ക്രൈബേഴ്സ് ആയപ്പോൾ അച്ഛൻ ചോദിച്ചു ‘ഇത് മോളുടെ സർപ്രൈസ് സമ്മാനം അല്ലേ നിഷേ’ എന്ന്. അമ്മയ്ക്ക് ഉറപ്പാണ് അത് മോൾ അമ്മയ്ക്ക് തന്ന പിറന്നാൾ സമ്മാനമാണ്. പിറ്റേന്ന്, അമ്മയുടെ പിറന്നാളായ ജൂൺ ഒന്നിന് അമ്മയെ അതിശയിപ്പിച്ചു കൊണ്ട് നീ മറ്റൊരു സമ്മാനം കൂടി തന്നു.

നുറുക്ക് ഗോതമ്പ് കൊണ്ട് അമ്മ ഉണ്ടാക്കിയ ഉപ്പുമാവ് ട്രെൻഡിങ് ലിസ്റ്റിൽ വന്നു. ഇത് പോലെ ഒരു സാധാരണ പാചകം ഒരിക്കലും യുട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ വരേണ്ടതല്ല. അതും നീ അമ്മയ്ക്ക് തന്ന സർപ്രൈസ് സമ്മാനമല്ലാതെ മറ്റൊന്നുമല്ല.

പുതിയ ഫ്ലാറ്റിൽ നന്ദുവിന്റെ റൂം പഴയ പോലെ അമ്മ സെറ്റ് ചെയ്തിട്ടുണ്ട് കേട്ടോ... അവിടെയിരുന്നാണ് അമ്മ ഇപ്പോൾ യൂട്യൂബ് ചനലിലേക്ക് വേണ്ട വിഡിയോ ചെയ്യുന്നത്. അപ്പൊ മോൾ അടുത്തുവന്നു നിൽക്കുന്നത് പോലെ തോന്നും.

ആദ്യമൊക്കെ അമ്മ അച്ഛനോട് എപ്പോഴും  ചോദിക്കുമാ യിരുന്നു ‘ഇനിയെന്തിനാ മുരളിയേട്ടാ നമ്മൾ ജീവിക്കുന്നത്’ എന്ന്. അച്ഛൻ അപ്പോൾ പറയും ‘നമ്മുടെ മനസ്സിൽ അല്ലേ നമ്മുടെ നന്ദൂട്ടി ഇനി വളരാൻ പോകുന്നത്. അപ്പോൾ നമ്മൾ ഇവിടെ ഉണ്ടാകണ്ടേ. ?’

ശരിയാണ് നന്ദു. നീ അച്ഛന്റെയും അമ്മയുടെയും മനസിൽ വളരുന്നുണ്ട്. ജൂലൈ 22 ന് അച്ഛനും അമ്മയും നിന്റെ പിറന്നാൾ ആഘോഷിച്ചു. അന്നു നിനക്ക് പതിനാറ് വയസ്സായി.

നീ ഇനിയും ഞങ്ങളുടെ മനസിന്റെ മടിയിൽ ഇരുന്ന് വളരും. വളർന്ന് മിടുക്കിയാകും. അതിനായി മാത്രം ഈ അച്ഛനും അമ്മയും ജീവിക്കും.

Tags:
  • Spotlight