കാലം മാറുമ്പോള്‍ കോലവും മാറണമെന്നല്ലേ ചൊല്ല്. ചൊല്ലിന്റെ കാര്യം പറഞ്ഞപ്പോഴാ... ഇതുവരെ ആരും കാണാത്ത ഒരു കാലമാണല്ലോ ഈ കൊറോണക്കാലം. കാലം മാറി കൊറോണക്കാലം വന്നപ്പോള്‍ ദേ, കുറച്ച് പഴഞ്ചൊല്ലുകള്‍ പഴയ വേഷമൊക്കെ മാറ്റി നല്ല കിടിലന്‍ ന്യൂജെന്‍ കുപ്പായമിട്ടു കോലം മാറി വന്നിരിക്കുന്നു!

sayv-2

ട്രോളുകള്‍ പോലെ, തകര്‍ത്തോടുന്ന പലതരം ക്രിയേറ്റിവിറ്റികള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ഏറ്റവും പുതിയ 'കലാസൃഷ്ടി'കളിലൊന്നാണ് ഈ പഴഞ്ചൊല്ലുകള്‍, സോറി ന്യൂജെന്‍ ചൊല്ലുകള്‍. ഇപ്പോള്‍ വാട്‌സ് ആപുകള്‍ തോറും ഓടിയും ചുറ്റിക്കറങ്ങിയുമൊക്കെ എത്തുന്നുണ്ട് ഈ ന്യൂജെന്‍ ചൊല്ലുകള്‍. ഇന്റര്‍നെറ്റും മൊബൈല്‍ റേഞ്ചും ബ്രൗസിങ്ങും ടിക് ടോക് റോസ്റ്റിങ്ങും പബ്ജിയും പോലെ ഇന്നത്തെക്കാലത്തിന്റെ പ്രതീകമായ വാക്കുകള്‍ മുതല്‍ ന്യൂജെന്‍ ചൊല്ലുകളില്‍ കയറി സ്ഥലം പിടിച്ചിട്ടുണ്ട്. പോരാത്തതിന് ലേറ്റെസ്റ്റ് അപ്‌ഡേറ്റ് ആയ കൊറോണയും മാസ്‌കും കൊറോണക്കാലത്തെ കേരളത്തിന്റെ ചെറുത്തു നില്‍പ്പും വരെ ഇവയില്‍ വിഷയങ്ങളാകുന്നു.

പഴയ ചൊല്ലുകളെപ്പോലെ വളരെ അര്‍ഥവത്തായ രീതിയില്‍ രസകരമായിത്തന്നെയാണ് ഈ ന്യൂജെന്‍ ചൊല്ലുകളും സൃഷ്ടിച്ചിരിക്കുന്നത് എന്നത് കൗതുകകരമാണ്. ഇത്രയും വ്യത്യസ്തമായ സൃഷ്ടികള്‍ക്കു പിന്നില്‍ 'ഡി റൈറ്റേഴ്‌സ്' എന്ന ടീമിന്റെ 'കൈകള്‍' ആണ്. സംഗതി റിലീസ് ചെയ്തയുടന്‍ തന്നെ വന്‍ ഹിറ്റായി. ഒരേ പാറ്റേണില്‍ തീര്‍ത്ത സ്ലൈഡുകളിലായി ആകര്‍ഷകവും രസകരവുമായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതും ഇവ ക്ലിക് ആകാന്‍ കാരണമായി.