എന്താണ് പ്രതീക്ഷിക്കുന്നത്...?
സ്ത്രീധനത്തിന്റെ പേരില്‍ നിസ നേരിട്ട വേദന നിറഞ്ഞ പഴയകാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് വീട്ടുകാര്‍ ഫിറോസിനോട് ആ ചോദ്യം ചോദിച്ചത്. രണ്ടാമതൊരു ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ഇടം നല്‍കാതെ ഉടന്‍ മറുപടിയെത്തി.
'എനിക്കവളെ മാത്രം തന്നാല്‍ മതി...പൊന്നോ പണമോ ഒന്നും വേണ്ട. ജീവനുള്ള കാലത്തോളം അവള്‍ എനിക്കൊപ്പം സന്തോഷവതിയായിരിക്കും. ഞാനായിട്ട് അവളെ സങ്കടപ്പെടുത്തില്ല. കരയിക്കില്ല. ആ വാക്കാണ് എനിക്ക് തരാനുള്ളത്.'
ഒരാണിന്റെ നാവില്‍ നിന്നും ഒരു പെണ്ണ് കേള്‍ക്കുന്ന ഏറ്റവും കരുത്തുറ്റ വാക്കുകള്‍. നിസയുടെ താലിയുടെ ബലം പോലും ഫിറോസ് അന്നു പറഞ്ഞ ആ വാക്കുകളുമായി വിളക്കിച്ചേര്‍ത്തതാണ്. നല്ലൊരു ജീവിതം കൊതിച്ച് രണ്ടു വട്ടം കഴുത്തു നീട്ടിക്കൊടുത്തവളാണ് . പക്ഷേ പെണ്ണിന്റെ ജീവിതത്തിന് പണത്തൂക്കവും പൊന്നിന്റെ തിളക്കവും കൊണ്ട് വിലയിടുന്നവരുടെ ലോകത്ത് കണ്ണീരുകുടിച്ചു ഈ കരുനാഗപ്പള്ളിക്കാരി. ആ വേദനകള്‍ക്ക് വിധി പ്രായശ്ചിത്തം ചെയ്തത് ഫിറോസ് എന്ന ചെറുപ്പക്കാരന്റെ രൂപത്തിലാണ്.
ഒരു സാന്ത്വനം കൊണ്ടും ശമിക്കാത്ത വേദനയാണ് നിസ അനുഭവിച്ചത്. രണ്ടു വിവാഹ ബന്ധങ്ങളും സ്ത്രീധന തര്‍ക്കങ്ങളുടേയും മാനസിക പീഡനങ്ങളുടേയും പേരില്‍ ഒഴിഞ്ഞു പോയി. ഒടുവില്‍ വേദനകള്‍ക്കും പകരമായി നിസയ്ക്കായി ദൈവം മറ്റൊരു നന്മയെ കാത്തുവച്ചു. ആ നന്മയാണ് ഫിറോസ്. സ്ത്രീധനത്തിനെതിരെയുള്ള ഉറച്ച ശബ്ദമായി വനിത ഓണ്‍ലൈന്റെ പെണ്ണാണ് പൊന്ന് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ നിസയും ആ കണ്ണിയിലെ തിളക്കമുള്ള അധ്യായമാകുകയാണ്. സ്ത്രീധനം ജീവിതത്തില്‍ ഏല്‍പ്പിച്ച മുറിവുകള്‍... ഒടുവില്‍ എല്ലാ വേദനകള്‍ക്കും മുറിവായി തന്നെ മാത്രം സ്‌നേഹിക്കാന്‍ എത്തിയ ഫിറോസ്. വിശുദ്ധ ഖുര്‍ആനും താലിയും മഹറായി നല്‍കി ഫിറോസ് നിസയുടെ കൈപിടിക്കുമ്പോള്‍ അവിടെ സ്ത്രീധനമെന്ന വീര്‍പ്പുമുട്ടലില്ലായിരുന്നു. ജീവനുള്ള കാലത്തോളം പൊന്നുപോലെ നോക്കിക്കോളാം എന്ന താലിയുടെ ഉറപ്പ് മാത്രം. പെണ്ണാണ് പൊന്നെന്ന തെളിയിച്ച തന്റെ കഥ നിസ പറയുന്നു.
കച്ചവടം പോലെ മിന്നുകെട്ട്
12 കൊല്ലം മുമ്പാണത് സംഭവിച്ചത്, എന്റെ ആദ്യ വിവാഹം. വീട്ടുകാരായിട്ട് കൊണ്ടു വന്ന ആലോചനയില്‍ ഞാനും തൃപ്തയായിരുന്നു. ചായകുടിയും ചര്‍ച്ചകളും പുരോഗമിച്ച് ഒടുവില്‍ അത് വിവാഹ നിശ്ചയത്തില്‍ വരെയെത്തി. വിവാഹ നിശ്ചയത്തിന്റെ തലേന്നാണ് ഓര്‍ക്കാപ്പുറത്ത് പ്രമാണിമാരുടെ ആദ്യ അറിയിപ്പെത്തിയത്. നിശ്ചയത്തിനെത്തുമ്പോള്‍ 2 ലക്ഷം രൂപയെങ്കിലും കൊണ്ടു വരിക. കരുനാഗപ്പള്ളി ഭാഗത്ത് ഈ ഏര്‍പ്പാടിന്റെ പേര് പോക്കറ്റ് മണി എന്നാണ്. ആദ്യം ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടിയെങ്കിലും എന്റെ ഭാവിയെക്കരുതി അതിനോട് ഓകെ പറഞ്ഞു. എനിക്കായി എന്റെ വീട്ടുകാര്‍ കരുതി വച്ചതിനു പുറമേയാണ് ഈ പോക്കറ്റ് മണി എന്നോര്‍ക്കണം.

വിവാഹത്തിനു ശേഷം പെണ്ണിന്റെ വീട്ടില്‍ നിന്നും ചെക്കന്റെ വീട്ടിലേക്ക് പോകുന്നൊരു ചടങ്ങുണ്ട്. അവിടെ വച്ച് പുതിയൊരു ഡിമാന്റ് കൂടി വന്നു. പുതിയൊരു വണ്ടി വേണം! എല്ലാം പറഞ്ഞുറപ്പിച്ചതിനും വിവാഹത്തിനും ശേഷമായിരുന്നു പുതിയ ആവശ്യം. വിവാഹം കഴിഞ്ഞതു കൊണ്ടു തന്നെ അതിനെ ചോദ്യം ചെയ്യാനോ രണ്ടാമതൊരു ചര്‍ച്ചയ്‌ക്കോ പോയില്ല. വണ്ടി ബുക്ക് ചെയ്തു, പക്ഷേ ബുക്ക് ചെയ്ത വണ്ടിയുടെ ഡെലിവറി താമസിച്ചു പോയി. അതിന്റെ പേരില്‍ വിവാഹ ശേഷം നടന്ന സല്‍ക്കാര ചടങ്ങില്‍ വച്ച് ഭര്‍തൃവീട്ടുകാര്‍ കയര്‍ത്തു സംസാരിച്ചു. എന്റെ വീട്ടുകാരെ അപമാനിച്ചു. അന്ന് രംഗം വഷളായതു കണ്ട് ബോധംകെട്ടു വീണു.
എല്ലാം ക്ഷമിച്ചും സഹിച്ചും മുന്നോട്ടു തന്നെ പോയി. പക്ഷേ ദിവസം കഴിഞ്ഞു പോകുന്തോറും കൊടുത്ത സ്വര്‍ണവം സ്വത്തും കുറഞ്ഞു പോയി എന്ന മട്ടില്‍ ചര്‍ച്ചകള്‍ വന്നു. ചര്‍ച്ചകള്‍ കുത്തുവാക്കുകളായി...ശാപവാക്കുകളായി. ഇതിനെല്ലാം പുറമേ പുള്ളിക്കാരന്‍ ഒരു വല്ലാത്ത ടൈപ്പ് ആയിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശനമുണ്ടാക്കി എന്നെ വഴിയില്‍ ഇറക്കി വിടും. പിന്നീട് എപ്പോഴെങ്കിലും ആയിരിക്കും വന്നു കൂട്ടിക്കൊണ്ടു പോകുന്നത്. എന്തിനേറെ പറയാന്‍ വേദനയും കണ്ണീരും നിറഞ്ഞ ജീവിതം അധികകാലം നീണ്ടില്ല. 3 മാസത്തിനുള്ളില്‍ ആ ബന്ധം പിരിഞ്ഞു.
കോടതി മുറിയിലെ കണ്ണീര്‍
മനസു കൊണ്ടു തകര്‍ന്നു പോയ നിമിഷങ്ങള്‍. എല്ലാത്തിനും ആശ്വാസം കണ്ടെത്തിയത് ഒരു ജോലിയിലായിരുന്നു. വിവാഹം പിരിഞ്ഞ ശേഷം ജോലി നേടുക മാത്രമായി ലക്ഷ്യം. അതിനായി നന്നായി അധ്വാനിച്ചു. ബിഎഡ് കഴിഞ്ഞ് ടെസ്റ്റുകള്‍ എഴുതി ടീച്ചറായി ജോലിക്ക് കയറി. അതിനിടയില്‍ വീണ്ടുമൊരു വിവാഹം എന്ന ചര്‍ച്ചകള്‍ സജീവമായി. പക്ഷേ ഞാനൊട്ടും പ്രിപ്പയേഡ് അല്ലായിരുന്നു. പക്ഷേ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഒടുവില്‍ ചര്‍ച്ചകള്‍ സജീവമായി.
മാട്രിമോണിയില്‍ പരതി ഒടുവില്‍ ആലോചനയെത്തിയത്, വീടിന് 15 കിലോമീറ്റര്‍ അപ്പുറമുള്ള ഒരു കുടുംബത്തില്‍ നിന്നും. പുള്ളിയുടേയും രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം ആയപ്പോഴാണ് മനസിലായത് പുള്ളിക്കാരന് താത്പര്യം സ്ത്രീകളെ ആയിരുന്നില്ലെന്ന്. അയാളുടെ ആദ്യ വിവാഹം വേര്‍പിരിഞ്ഞതും ഒരു പക്ഷേ ഇതേ കാരണം കൊണ്ടായിരിക്കണം. അതറിയാവുന്ന വീട്ടുകാര്‍ ആദ്യമേ എന്നെ തളച്ചിടാന്‍ എന്റെ വീട്ടുകാര്‍ തന്ന സ്വര്‍ണം വിറ്റ് പ്രോപ്പര്‍ട്ടി വാങ്ങി. അതാകുമ്പോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലും ഞാന്‍ ഒഴിഞ്ഞ് പോകില്ലല്ലോ? പക്ഷേ ഒരു തരത്തിലും അയാളുമായൊരു ദാമ്പത്യബന്ധം എനിക്ക് സാധ്യമല്ലായിരുന്നു.
പിന്നീടങ്ങോട്ട് കേസും കുടുംബ കോടതിയുമായി കഴിഞ്ഞ നാളുകള്‍. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചതന്നെ പഞ്ചാബിലേക്ക് പോയ അയാള്‍ കോടതിയിലെ ഒരു സിറ്റിംഗിനും ഹാജരായില്ല. ഞങ്ങളെ വട്ടം കറക്കി. അതോടൊപ്പം എന്റെ സ്വര്‍ണം വിറ്റു തുലച്ചതിന് പരിഹാരവും കണ്ടില്ല. ഒടുവില്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ അവര്‍ സ്വര്‍ണത്തിനു പകരമായി വളരെ ചെറിയൊരു തുക തരാമെന്ന് സമ്മതിച്ചു. അംഗീകരിക്കാനാകുന്ന ഒത്തുതീര്‍പ്പായിരുന്നില്ലെങ്കിലും ഞങ്ങള്‍ അത് സമ്മതിച്ചു. ആ വിവാഹവും അതോടെ ഒഴിഞ്ഞു പോയി.
ഫിറോസ് എനിക്ക് പടച്ചവന്‍ തന്ന നിധി
ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല എന്ന് അതോടെ ഉറപ്പിക്കുകയാണ്. കാരണം റിക്കവര്‍ ചെയ്യാനാകാത്ത വിധം ഞാന്‍ തകര്‍ന്നു പോയി. രണ്ടാമത്തെ ബന്ധം എനിക്ക് അത്രയ്ക്കും വലിയ ഷോക്ക് ആയിരുന്നു. അവിടെയും പെണ്ണായ എന്നെയാണ് തെറ്റുകാരിയാക്കാന്‍ ശ്രമിച്ചത്. ഉമ്മയും ഉപ്പയും ചടങ്ങുകള്‍ക്കു പോയിട്ട് ഒരു വിവാഹത്തിനു പോലും പങ്കെടുത്തില്ല. കാരണം എല്ലായിടത്തു നിന്നും കുത്തുവാക്കുകള്‍. അങ്ങനെയിരിക്കേയാണ് ഫിറോസിന്റെ ആലോചന വന്നത്. ഫിറോസിന്റെ ആദ്യ വിവാഹം!
വിവാഹം കഴിക്കാനുള്ള താത്പര്യം ഫിറോസ് എന്നോട് നേരിട്ട് പറയുമ്പോഴും വീട്ടുകാരോട് പറയുമ്പോഴും 'നോ' എന്നു തന്നെയായിരുന്നു മറുപടി. ഒടുവില്‍ ആലോചിക്കാം എന്ന ഘട്ടമെത്തി. എന്റെ വേദന നിറഞ്ഞ ഭൂതകാലം മുന്‍നിര്‍ത്തി എന്താണ് വേണ്ടതെന്ന് ആദ്യമേ വീട്ടുകാര്‍ചോദിച്ചു. പക്ഷേ എന്നെ മാത്രം മതിയെന്ന വാക്കില്‍ ആ മനുഷ്യന്‍ ഉറച്ചു നിന്നു. ജീവിതത്തില്‍ എന്തൊക്കെയോ കിട്ടിയെന്ന പ്രതീതിയായിരുന്നു. അപ്പോഴും ഫിറോസിന്റെ കുടുംബക്കാര്‍ എന്ത് പറയുമെന്ന പേടിയുണ്ടായിരുന്നു. അപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞത് വിവാഹം കഴിക്കുന്നത് ഞാനാണ്, അല്ലാതെ കുടുംബക്കാര്‍ അല്ല എന്ന മറുപടിയാണ് കിട്ടിയത്.
മൂന്ന് വര്‍ഷമാകുന്നു, ഞാന്‍ ഫിറോസിന്റെ കൈപിടിച്ചിട്ട്. അന്ന് ഫിറോസ് എനിക്ക് തന്ന വാക്കുകള്‍ക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. പുള്ളിക്കാരന്റെ വീട്ടുകാരും എന്നോട് സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഞങ്ങള്‍ക്ക് വീടു വയ്ക്കാന്‍ എന്റെ വീട്ടുകാര്‍ സഹായിച്ചത് ഒഴിച്ചാല്‍ മറ്റൊന്നും പൊന്നോ പണമോ ഒന്നും ഈ ബന്ധത്തിന് മാനദണ്ഡമായിരുന്നില്ല. വിവാഹത്തിന് ഞാന്‍ ഉപയോഗിച്ച സ്വര്‍ണം പോലും ഫിറോസ് എനിക്ക് മഹര്‍ നല്‍കിയതാണ്. ഒത്തിരി വേദനിപ്പിച്ചതിന് പകരമായി പടച്ചവന്‍ എനിക്ക് നല്‍കിയ നിധിയാണ്... ഫിറോസും ഫിറോസിനൊപ്പമുള്ള ജീവിതവും. കരുനാഗപ്പള്ളി എല്‍പി സ്‌കൂളില്‍ ടീച്ചറാണ് ഞാന്‍, ഫിറോസ് ഒമാനില്‍ സേഫ്റ്റി ഓഫീസറും.-നിസ പറഞ്ഞു നിര്‍ത്തി.