Wednesday 16 October 2019 04:22 PM IST

‘ഒരു കുഞ്ഞില്ലാത്ത വേദന ഞാൻ മറക്കുന്നത്, കിച്ചനെ ഇങ്ങനെ മനസു നിറഞ്ഞ് സ്നേഹിക്കുമ്പോഴാണ്’; മരണം പോലും തോറ്റുപോയി ഈ കരുതലിനു മുന്നിൽ

Binsha Muhammed

nisha

ജീവിതത്തിലേക്ക് തിരികെ വരാൻ കേവലം അഞ്ചു ശതമാനം സാധ്യത മാത്രമെന്ന് സൂചിപ്പിക്കുന്ന ടെസ്റ്റ് റിപ്പോർട്ടുകൾ. പക്ഷേ, യഥാർഥ അവസ്ഥ പറയാതിരിക്കാനും വയ്യ. ആ ധർമസങ്കടത്തിലാണ് ഡോക്ടർ ഷാജഹാൻ, കൃഷ്ണകുമാറിന്റെ ഭാര്യ നിഷാ ജോസിനോട് സംസാരിച്ചു തുടങ്ങിയത്.

‘നിഷാ... ഹോപ് യൂ അണ്ടർസ്റ്റാൻഡ് ദ സിറ്റുവേഷൻ...’ അത് കേട്ടപ്പോൾ ന്യൂറോ സർജിക്കൽ ഐസിയുവിന്റെ ഇടനാഴിയിൽ തളർന്നു വീഴുമെന്ന് നിഷയ്ക്കു തോന്നി. ഡോക്ടറുടെ ആ വാക്കുകളുടെ അർഥം സീനിയർ നഴ്സ് നിഷയ്ക്ക് പെട്ടെന്നു തന്നെ മനസ്സിലായി. ബ്രെയിൻ ഡെത്ത് എന്ന അവസ്ഥയ്ക്ക് തൊട്ടരുകിലാണ് കൃഷ്ണകുമാറിന്റെ ജീവൻ. പക്ഷേ, പ്രിയപ്പെട്ടവനെ വിട്ടുകൊടുക്കാൻ നിഷ ഒരുക്കമായിരുന്നില്ല. നിഴലുപോലെ കൂടെ നിന്ന് പൊരുതി അവർ ഭർത്താവിന്റെ ജീവൻ തിരികെ നേടി.

സ്ട്രോക് ചിതറിച്ചു കളഞ്ഞ ഓർമകളെ അടുക്കിപ്പെറുക്കിയെടുത്ത് കൃഷ്ണകുമാർ ജീവിതത്തിലേക്കു വരുമ്പോൾ അമ്മയുടെ സാന്ത്വനവും ഭാര്യയുടെ പരിചരണവും ഒരു പോ ലെ പകർന്ന ദിനങ്ങളെക്കുറിച്ച് തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലിരുന്ന് നിഷ പറഞ്ഞു തുടങ്ങി.

പൊയ്ക്കിനാവു പോലെ പോയകാലം

ഒരു കുഞ്ഞിനെപ്പോലെ ആയിരുന്നു സ്ട്രോക്കിന് ശേഷമുള്ള എന്റെ കിച്ചൻ (കൃഷ്ണ കുമാർ). കഴിഞ്ഞ ഒരു വർഷമായി ജീവിതം ഇങ്ങനെയാണ്. തോൾപറ്റി ചേർന്നിരുന്ന കൃഷ്ണകുമാറിനെ നോക്കുമ്പോൾ നിഷയുടെ കണ്ണുകളിൽ അ റിയാതെ നിറയുന്ന വേദന.

നിങ്ങൾക്കൊപ്പം കളിച്ചും ചിരിച്ചും ആരോഗ്യത്തോടെ ഉണ്ടായിരുന്ന ഒരാൾ ഇതാ മരിക്കാൻ പോകുകയാണെന്ന് മുൻകൂട്ടി ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? വല്ലാത്തൊരു മനക്കട്ടി വേണം അതു കേൾക്കാൻ. രക്തം ഐസു കട്ട പോലെ മരവിച്ചു പോകും ആ നിമിഷം! ഞാൻ അനുഭവിച്ചതും അതാണ്. കഴിഞ്ഞ വർഷം ഏപ്രില്‍ 26. ആ ദിവസത്തെ ദുഃസ്വപ്നമെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. കിച്ചനെ എനിക്ക് നഷ്ടപ്പെട്ട് പോകുമെന്ന് തോ ന്നിപ്പിച്ച ദിവസം. ടിവി ചാനലിൽ വിഡിയോ എഡിറ്ററാണ് കിച്ചൻ. ഞാൻ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ട്.

അന്ന് ഉച്ചയ്ക്കാണ് എനിക്ക് വിളി വന്നത്. കിച്ചന്റെ ഓഫിസിലെ സുഹൃത്ത് ഫോണിൽ പറഞ്ഞു. ‘ കൃഷ്ണന് സുഖമില്ല. ഇതിനു മുൻപ് ഫിറ്റ്സ് വന്നിട്ടുണ്ടോ?. വേറെ പ്രശ്നമൊന്നുമില്ല. ഞങ്ങൾ ആശുപത്രിയിൽ കൊണ്ടു പൊയ്ക്കോളാം.’ ഞാൻ ടെൻഷൻ ആകാതിരിക്കാനാകണം അങ്ങനെ പറഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. തലച്ചോറിൽ രക്തം കട്ട പിടിച്ചിരിക്കുന്നു. ബ്രെയിൻ ഡെത്തിലേക്കാണ് നീങ്ങുന്നത്.

കാര്യങ്ങൾ വിശദമായി പിന്നീടാണ് അറിയുന്നത്. വർക്ക് ചെയ്യുന്നതിനിടെ എഡിറ്റ് സ്യൂട്ടിൽ ബോധം കെട്ടു വീണതാണ്. ഒരു മണിക്കൂർ ആരുമറിയാതെ അവിടെ തന്നെ കിടന്നു. തലച്ചോറിൽ ബ്ലഡ് ക്ലോട്ട് ആയിട്ടുണ്ട്. സംസാരിക്കാനാകുന്നില്ല. വലതു വശം പൂർണമായി തളർന്നു. ഓർമകൾ മങ്ങിത്തുടങ്ങുന്നു. ഉടനെ എന്തെങ്കിലും ചെയ്യണം. ഡോക്ടർ പറഞ്ഞതിൽ നിന്നും ഒന്നു മാത്രം മനസ്സിലായി. ഒരു തുലാസിന്റെ നടുക്കാണ് കിച്ചന്റെ ജീവിതം. ഒരു വശത്ത് മരണം. മറുവശത്ത് ജീവച്ഛവം പോലൊരു അവസ്ഥ. എന്നോട് മനസ്സിലാക്കണം എന്ന് ഡോക്ടർ പറഞ്ഞ അവസ്ഥ അതായിരുന്നു.

തലച്ചോറില്‍ കട്ടപിടിച്ച ഫ്ലൂയിഡ് നീക്കം ചെയ്യുന്ന ത്രോംബക്ടമിക്ക് (Mechanical Thrombectomy) കിച്ചനെ വിധേയനാക്കുമ്പോൾ ടെൻഷനും സമ്മർദവും കാരണം ബോധം നഷ്ടപ്പെട്ട അവസ്ഥയിലായി ഞാൻ.

എന്നെക്കാളേറെ വികാരാധീനരായി കണ്ടത് കിച്ചന്റെ സുഹൃത്തുക്കളെയാണ്. ആക്ടീവായി മാത്രം അവരുടെ ഇടയിൽ ഉണ്ടായിരുന്ന ഒരാൾ ശിഷ്ടകാലം കിടന്ന കിടപ്പിൽ നരകിക്കുന്നത് കാണേണ്ടി വരുമോയെന്ന് സങ്കടത്തിലായിരുന്നു അവർ. ക്രേനിയക്ടമി (craniectomy) എന്ന അടിയന്തര ശസ്ത്രക്രിയയാണ് ഇനിയുള്ള ഏക പിടിവള്ളി. ഓപ്പറേഷൻ തിയറ്ററിനു പുറത്ത് കരഞ്ഞു തളർന്നിരിക്കുമ്പോൾ ഡോക്ടർ വീണ്ടും പറഞ്ഞു. ‘അഞ്ചു ശതമാനം സാധ്യത മാത്രമാണ് ഉളളത്. ചിലപ്പോൾ ഒാർമ നഷ്ടപ്പെടാം. അനങ്ങാൻ വയ്യാത്ത നിലയിൽ കിടപ്പിലാകാം.’ ഡോക്ടർ വിശദീകരിച്ചു.

ഏത് അവസ്ഥയിലാണെങ്കിലും എനിക്ക് കിച്ചനെ ജീവനോടെ വേണമായിരുന്നു. ഡോക്ടറോടും അതു മാത്രമാണ് കരഞ്ഞു പറഞ്ഞത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പക്ഷേ, പഴയ കിച്ചനെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഒരു കൊച്ചു കുട്ടി ഈ ഭൂമിയിലേക്ക് എങ്ങനെ കടന്നു വരുമോ അതു പോലെ അദ്ദേഹം തിരികെ വരികയാണ്.

n2

ആശുപത്രി അധികൃതരോട് പ്രത്യേകം അനുവാദം വാങ്ങിഅദ്ദേഹത്തെ കിടത്തിയിരിക്കുന്ന ഐസിയു വാർഡിൽ ഡ്യൂട്ടി എടുത്തു ഞാൻ. ഓരോ ദിവസവും സിടി സ്കാൻ ഉൾപ്പെടെയുള്ള ടെസ്റ്റുകൾ, പരിശോധനകൾ. മൂന്ന് ദിവസമായപ്പോഴേക്കും ആശ്വാസത്തിന്റെ ചെറുകിരണം കാണായി. തലച്ചോർ സ്വാഭാവിക പ്രവൃത്തികളിലേക്ക് തിരികെ വന്നു. കിച്ചൻ കണ്ണു തുറന്നപ്പോൾ സർവം മറന്ന് തുള്ളിച്ചാടാനാണ് തോന്നിയത്.

കണ്ണുകൾ ചലിപ്പിക്കുന്നതിനപ്പുറം ഒരു വിരൽ പോലും അനക്കാൻ കഴിയുന്നില്ല. മുഖത്തിന്റെ വലതു ഭാഗം കോടിപ്പോയി. എന്നെപ്പോലും തിരിച്ചറിയാൻ കഴിയുന്നില്ല. കിടന്ന കിടപ്പിൽ ഒരു മാസം. ശസ്ത്രക്രിയ കഴിഞ്ഞിട്ടും നാളുകൾ നീണ്ട നിരീക്ഷണം. കൃത്യമായ ഇടവേളകളിൽ ടെസ്റ്റുകൾ. ദിവ സങ്ങൾ കടന്നു പോയപ്പോൾ ആ ചുണ്ടിന്റെ കോണിലെവിടെയോ ഒരു ചിരി പ്രത്യക്ഷപ്പെട്ടു. ആ നിമിഷം വരെയും മുഖത്തേക്ക് കണ്ണു നട്ടിരുന്ന ഞാൻ മാത്രമാണ് ആ സുന്ദരമായ കാഴ്ച കണ്ടത്.

ചിതറിപ്പോയ ഓർമകൾ

ആശുപത്രി വാസം കഴിഞ്ഞു വീട്ടിലേക്കു വന്നപ്പോഴാണ് നെഞ്ചു പിടയുന്ന ഓർമകൾ വീണ്ടും തികട്ടി വന്നത്. ഉമ്മറത്ത് കിച്ചന്റെ ബുള്ളറ്റ് പൊടിയും മാറാലയും പിടിച്ചിരിക്കുന്നു. ആ മനുഷ്യനെ പറ്റിച്ചേർന്ന് അതിനു പുറകിലിരുന്ന് എത്രയോ യാത്ര നടത്തിയതാണ്.

കുറച്ച് നാൾ പിന്നിട്ടപ്പോൾ മറ്റൊരാളുടെ സഹായത്തോടെ എഴുന്നേറ്റു നടക്കാമെന്നായി. ഒാർമ മാത്രം അപ്പോഴും പിടി തരാതെ നിന്നു. കേൾക്കുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെ ഞാൻ അദ്ദേഹത്തിന് ഇഷ്ടമുള്ള വിഷയങ്ങൾ തന്നെ പറഞ്ഞു കൊണ്ടേയിരുന്നു. അദ്ദേഹത്തെ തിരികെ തന്ന ദൈവം ആ ഓർമകളെയും തിരികെ തന്നാലോ എന്ന് ആശിച്ചായിരുന്നു എന്റെയീ സാഹസങ്ങൾ?

മാസങ്ങൾ നീണ്ട പ്രാർഥനയും പ്രയത്നവും ഫിസിയോ തെറപിയും സ്പീച്ച് തെറപിയും ഒക്കെ പതിയെ ഫലം കണ്ടു. വലംകൈ ഒഴിച്ചുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ സ്വാഭാവിക രീതിയിലേക്ക് മെല്ലെ വന്നു തുടങ്ങി. സർജറി കഴിഞ്ഞ് മൂന്നാം മാസം സുഹൃത്തുക്കളെയും പഴയ ജീവിത സാഹചര്യങ്ങളെയും കിച്ചൻ തിരിച്ചറിഞ്ഞു തുടങ്ങി. കിച്ചൻ ചികിത്സയിലായിരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബുള്ളറ്റ് സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു. പെട്ടെന്നൊരു ദിവസം അത് തിരികെ കിട്ടിയപ്പോഴുള്ള ആ മനുഷ്യന്റെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.

‘ഓകെ’... ‘ഉണ്ടായിരുന്നു’ ഈ രണ്ട് വാക്കുകളിലൂടെ മാത്രമാണ് പുള്ളിയുടെ കമ്യൂണിക്കേഷൻ. എന്ത് കാര്യം പറയണമെന്നു കരുതിയാലും ഈ രണ്ടു വാക്കുകൾ ഉണ്ടാകും. അ തിൽ നിന്നു പുളളി പറയുന്ന കാര്യങ്ങൾ ഗ്രഹിച്ചെടുക്കുക എന്നത് തുടക്കത്തിൽ വല്യ ബുദ്ധിമുട്ടായിരുന്നു.‘ശരി, മതി, യെസ്, എവിടെ, വേണ്ട’ എന്നിവയാണ് കിച്ചൻ പുതുതായി പഠിച്ച വാക്കുകൾ.

ആറു മാസം കഴിയുമ്പോഴേക്കും പരസഹായമില്ലാതെ നടക്കാൻ തുടങ്ങി. പരിചയക്കാരെ കണ്ടാൽ ഷേക്ക് ഹാൻഡ് നൽകും. കിച്ചന്റെ ഭാഷയിൽ‌ വർത്തമാനം പറയും. ദേഷ്യവും പിണക്കവും സന്തോഷവുമെല്ലാം പ്രകടിപ്പിക്കും. ഒന്നുമില്ലായ്മയിൽ നിന്ന് ഇത്രയെങ്കിലും ആയില്ലേ. തോറ്റു പോകുമായിരുന്ന നിമിഷത്തിൽ നിന്നു വിധി കിച്ചനെ തിരികെ നൽകിയില്ലേ. ഇതിൽപ്പരം വേറെന്തു വേണം.

ഒരു കൊച്ചുകുട്ടി എങ്ങനെ വാശി പിടിക്കുമോ അതേ മാതിരിയായിരുന്നു കിച്ചന്റെ പ്രകൃതവും. ഒരു കാര്യം വേണമെന്ന് വാശി പിടിച്ചാൽ‌ അത് അപ്പോൾ കിട്ടണം. രാത്രി 12 മണിക്കും ഒരു മണിക്കും സിറ്റിയിലേക്കു പോകണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിൽ നിന്ന് പാതിരാത്രി കിച്ചനെ സ്കൂട്ടിയില്‍ ഇരുത്തി ഞാൻ നൈറ്റ് റൈ‍ഡിന് ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് സന്തോഷം നൽകുന്ന കാര്യങ്ങളൊന്നു പോലും മിസ്സാക്കിയില്ല എന്നു വേണം പറയാൻ. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും കിച്ചനെ യാത്ര കൊണ്ടു പോകാൻ കാറ് മേടിച്ചു എന്നു മാത്രമല്ല. ഡ്രൈവിങ് പഠിച്ചു. ഒരിക്കൽ സിറ്റിയിലെ ബ്ലോക്കിൽ നട്ടംതിരിഞ്ഞ് കരഞ്ഞു പോയിട്ടുണ്ട് ഞാൻ. കിച്ചനെയും കൊണ്ടുള്ള യാത്രകളിലൂടെ ഞാനിപ്പോൾ എക്സ്പെർട് ഡ്രൈവറായി.

ദൈവത്തിന്റെ പരീക്ഷണങ്ങൾ

ഒരു കുഞ്ഞില്ലാത്ത വിഷമം വർഷങ്ങളോളം ഞങ്ങളെ അലട്ടിയിരുന്നു. ആ വിഷമം ഞാനിന്ന് മറക്കുന്നത് അദ്ദേഹത്തെ പരിചരിക്കുമ്പോഴാണ്. ഒരു കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ കിച്ചനെ ഇതുപോലെ സ്നേഹിക്കാനും കെയർ ചെയ്യാനും കഴിയുമായിരുന്നോ എന്നത് സംശയമാണ്. ചില നേരത്ത് ദൈവത്തിന്റെ പരീക്ഷണങ്ങൾ നമുക്ക് അനുഗ്രഹമായി മാറാറുണ്ട്. ഇന്ന് കിച്ചന് ഞാൻ ഭാര്യയേക്കാളുപരി അമ്മയാണ്. ആ മനുഷ്യന്റെ വാശി ഇഷ്ടപ്പെടുന്ന, കുസൃതി ഇഷ്ടപ്പെടുന്ന അമ്മ.

പഴയ അവസ്ഥയിൽ നിന്നു കിച്ചൻ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. വലം കൈക്ക് അൽപം വയ്യായ്ക ഉണ്ടെങ്കിലും സ്കൂട്ടിയും സൈക്കിളും അദ്ദേഹം ഈസി ആ യി ഓടിക്കാറുണ്ട്. ജോലി ചെയ്ത പഴയ സ്ഥാപനത്തിലേക്ക് അദ്ദേഹം തിരികെ കയറി എന്നതാണ് പുതിയ സന്തോഷം. കിച്ചയ്ക്കും എനിക്കും ഇനിയും ഏറെ ദൂരം പോകാനുണ്ട്.

നിഷയുടെ വാക്കുകളെ മുറിച്ചത് കിച്ചന്റെ ‘അമ്മാ..’ എന്ന വിളിയാണ്. ഓർമകൾ ചികഞ്ഞെടുത്തുള്ള യാത്രയിൽ പുതുതായി ഒരു വാക്കു കൂടി നിഷയുടെ കിച്ചൻ പഠിച്ചെടുത്തിരിക്കുന്നു. ‘ഓ–റ്‍–ഞ്ച്...അമ്മാ ഓറ്ഞ്ച്’ വിജയിയുടെ ഭാവത്തിൽ കൃഷ്ണകുമാർ അതു പറയുമ്പോൾ കൺപീലികൾക്കിടയിലൂടെ ഇടതൂർന്നിറങ്ങിയ തുള്ളികളെ മറയ്ക്കാൻ പാടുപെടുകയായിരുന്നു നിഷ.

ഫോട്ടോ: അരുൺ സോൾ

Tags:
  • Relationship