Friday 22 March 2019 12:33 PM IST

സ്വപ്നങ്ങളും ആത്മവിശ്വാസവും നൽകുന്ന ധൈര്യത്തിൽ നൂർ ജലീൽ വളരുകയാണ്, മറ്റാരെക്കാളും മികവോടെ!

Unni Balachandran

Sub Editor

noor001 ഫോട്ടോ: ബാദുഷ.പി.ടി

‘കുട്ടിയെ കാണണോ?’ പ്രസവമുറിക്ക് പുറത്ത് ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്ന കോഴിക്കോട് കുന്നമംഗലംകാരൻ അബ്ദുൾ കരീമിനോട് ഡോക്ടർ ചോദിച്ചു. കൈക്കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ ചെവി കൂർപ്പിച്ച് നിൽക്കുകയായിരുന്നു അബ്ദുൾ കരീം.

പല നിറങ്ങളുള്ള പുത്തൻ കളിപ്പാട്ടങ്ങൾ വാങ്ങണം, മൂത്ത മകൾ അയിഷയുടെ കളിപ്പാട്ടങ്ങളൊന്നും വേണ്ട.  അത്തരം ആലോചനകളിൽ മുഴുകി നിൽക്കുമ്പോഴാണ് അകത്തേക്ക് വരാൻ ഡോക്ടർ അബ്ദുൾ കരീമിനോട് പറഞ്ഞത്.

ഡോക്ടറുടെ മുഖഭാവം കണ്ടപ്പോൾ ഭാര്യ അസ്മാബിക്ക് എന്തെങ്കിലും സംഭവിച്ചോ എന്നുപോലും അദ്ദേഹം ഭയന്നു. ഡോക്ടറിനൊപ്പം ചെന്ന് കുഞ്ഞിനെ കണ്ട ആ അച്ഛൻ നിസ്സഹായനായി. കുട്ടിയുടെ രണ്ട് കൈകൾക്കും ഒരു കാലിനും മുട്ട് വരെ മാത്രമേ വളർച്ചയുള്ളൂ, രണ്ടാമത്തെ കാലിനു പാദമുണ്ടെങ്കിലും കാൽപത്തിയില്ല.

‘സങ്കടപ്പെടരുത്. ഈ കുഞ്ഞിനെ ഇനിയും കാണണമെന്നു തോന്നുന്നുണ്ടോ?’ ഡോക്ടറുടെ ആ ചോദ്യത്തിന് ആ അച്ഛൻ നൽകിയ മറുപടിയാണ്, ഇന്ന് നൂർ ജലീല എന്ന പതിനേഴുകാരിയുടെ സന്തോഷങ്ങൾക്കും നേട്ടങ്ങൾക്കും പിന്നിൽ.

ബാപ്പാന്റെ മുത്ത്

‘‘അന്ന് ബാപ്പ കുട്ടിയെ കാണണ്ടാ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ തന്നെ ഏതെങ്കിലും ലാബിലെ പ്രദർശന വസ്തുവായിട്ടാകും.’’ നഷ്ടങ്ങളുടെ കണക്കുകളെ തോൽപിക്കുന്ന ചിരിയോടെ നൂർ ജലീൽ പറഞ്ഞു തുടങ്ങി.

‘‘ഭക്ഷണം കഴിക്കാൻ പോകുമ്പോൾ ഞാൻ ചോദിക്കും. എല്ലാവർക്കും കൈമുട്ട് കഴിഞ്ഞ് നീളവും, അഞ്ച് വിരലുമൊക്കെയുണ്ടല്ലോ. എനിക്കെന്താ അതൊന്നും ഇല്ലാത്തതെന്ന്. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഇത്താത്ത പറഞ്ഞു, പ്രായമാകുമ്പോഴാണ് കൈയും കാലുമൊക്കെ വളരുന്നത്, ചെറുപ്പത്തിൽ ഇത്രയും മാത്രമേ വലുതാകൂ എന്ന്. അതു കേട്ടപ്പോൾ  എനിക്ക് സന്തോഷമായി. വലുതാകുമ്പോൾ വിരലുകൾ വരും, ഇത്താത്തയെ പോലെ നീളൻ കൈകൾ വരും...

പത്ത് വയസ്സൊക്കെയാകുമ്പോഴേക്കും കയ്യും കാലുമൊക്കെ വളരും എന്നായിരുന്നു പറഞ്ഞ് വിശ്വസിപ്പിച്ചത്. പ്രായമെത്തിയിട്ടും കയ്യൊന്നും വളരാഞ്ഞപ്പോൾ മനസ്സിലായി എല്ലാവരും കൂടെ എന്നെ പറ്റിക്കുകയായിരുന്നെന്ന്.

noor002

പിന്നീട് ഞാൻ വേറെ കുട്ടികളെ കാണുമ്പോൾ വീട്ടിലുള്ളവരോട്  ചോദിക്കും. എന്താണ് എല്ലാവർക്കും കയ്യും കാലുമൊക്കെ ഉണ്ടായിട്ടും എനിക്ക് മാത്രം ഇങ്ങനെയെന്ന്. അപ്പോൾ ബാപ്പ പഴയ പത്രങ്ങൾ എടുത്തുകൊണ്ട് വരും. അതിൽ എന്നെക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ, അംഗപരിമിതരുടെ ചിത്രവും വാർത്തയുമുണ്ടാകും. എന്നിട്ടെന്നോട് ബാപ്പ വീണ്ടും ചോദിക്കും, ‘നീ മാത്രമാണോ ഇവിടെയിങ്ങനെ?’ ‘അല്ലെ’ന്ന് ഞാൻ മറുപടി പറയും. എന്റെ ഓരോ ചോദ്യങ്ങൾക്കും അത്തരത്തിൽ ബാപ്പ മറുപടി കണ്ടെത്തിക്കൊണ്ടേയിരുന്നു. പത്രങ്ങളിൽ ചിത്രങ്ങൾ കാണുമ്പോൾ അവർക്കുള്ളയത്ര പ്രശ്നങ്ങൾ എനിക്കില്ലല്ലോ, അപ്പോൾ അവരെക്കാൾ ധൈര്യത്തോടെ മുൻപോട്ട് പോകാനാകില്ലേ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ച് തുടങ്ങി. ആ ചിന്തയുടെ ബലത്തിലാണ് ഞാൻ വളർന്നത് ’’ നൂർ പറഞ്ഞിടത്തു നിന്ന് അബ്ദുൽ കരീം തുടർന്നു.

‘‘കടലുണ്ടി ട്രെയിൻ അപകടം നടന്ന സമയത്താണ് ഇവളുടെ ജനനം. എന്റെ മകളുടെ ദുരവസ്ഥയോർത്ത് വിഷമിച്ചിരുന്നപ്പോഴാണ് ആ അപകടത്തിന്റ ദൃശ്യങ്ങൾ എന്റെ മനസ്സിൽ വന്നത്. ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അങ്ങനെ ഞങ്ങൾ ചിന്തിച്ചു നോക്കിയപ്പോൾ വിഷമിക്കാൻ തോന്നിയില്ല. പകരം എല്ലാത്തിനും മുൻനിരയിലേക്ക് മകളെ എത്തിക്കണമെന്ന ചിന്ത മാത്രമെ ഉണ്ടായുള്ളൂ. പുതിയങ്ങാടി സ്കൂളിൽ നഴ്സറിയും, സെന്റ് നൊബേർത്ത ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വരെയും പഠിച്ചു. പിന്നീട് മൂന്നാം ക്ലാസ്സിൽ കുന്നമംഗലം നവജ്യോതി സ്കൂളിലേക്ക് മാറി. അതോടെയാണ് അവളുടെ ജീവിതത്തിൽ  സന്തോഷങ്ങളുണ്ടായത്, മാറ്റങ്ങളുണ്ടായത്’’ അബ്ദുൾ കരീം ഓർക്കുന്നു.

noor005

വളരാനുണ്ട് സ്വപ്നങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് നൂറിന് ആർട്ടിഫിഷൽ ലിംബ്സ് വച്ചുപിടിപ്പിച്ചത്. അതുപയോഗിക്കുന്നതുകൊണ്ട് നടക്കാനിപ്പോൾ വലിയ കുഴപ്പമില്ല. എങ്കിലും വീട്ടിനുള്ളിൽ അതെല്ലാം ഊരിമാറ്റി, തറയിൽ നിരങ്ങുന്നതാണ് ശീലം. ഒന്നിനെയും അരുതെന്ന് പറഞ്ഞ് വിലക്കാറില്ല നൂറിന്റെ കുടുംബം. ആ പ്രോത്സാഹനമാണിന്ന് നവജ്യോതി സ്കൂളിലെ  പ്ലസ് ടൂ വിദ്യാർഥി നൂറിനെ സ്കൂൾ ലീഡറായി വളർത്തിയത്.

‘എലിസബത് ടീച്ചറോടാണ് ജീവിതത്തിൽ ഞാനേറെ കടപ്പെട്ടിരിക്കുന്നത്. നിനക്ക് കുറവുകളല്ല കഴിവുകളാണ് കൂടുതൽ എന്ന് ടീച്ചർ എപ്പോഴും പറയും. വയ്യാത്ത കുട്ടി എന്ന സ ഹതാപവും കാണിക്കാറില്ല.

ബസിൽ പോകുമ്പോൾ ചിലർ ചോദിക്കും. ‘എന്താ, മോളെ പറ്റിയത്’ എന്നൊക്കെ. കാര്യം പറഞ്ഞു കഴിഞ്ഞാൽ പിന്നെ, സഹതാപമാണ് എല്ലാവർക്കും. പഠിക്കുന്നുണ്ടെന്നു പറയുമ്പോൾ  അടുത്ത  ചോദ്യം വരും. ‘എങ്ങനെയാ എഴുതുന്നത്’ എന്ന്. ഒരു വട്ടം അങ്ങനെ ചോദിച്ചപ്പോൾ ഞാൻ തിരിച്ചു മറുപടി കൊടുത്തു, എഴുതാൻ പറ്റാതെ ഞാനെങ്ങനെ നാലാം ക്ലാസ് വരെയെത്തിയെന്ന്. അതിന് ശേഷം ചോദ്യങ്ങൾ  കുറഞ്ഞു വന്നു. ഉറച്ച മനസ്സോടെ സംസാരിക്കാൻ  എന്നെ പ്രാപ്തയാക്കിയത് എലിസബത് ടീച്ചറാണ്.  

noor003

വിജയത്തിന്റെ നിറം

അങ്ങനെയിരിക്കെ ഒരു ദിവസം  ഇത്താത്ത റിക്കോർഡ് ബുക്ക് എന്റെ മുന്നിൽ വച്ചിട്ട് പോയി. അതിലെ പടങ്ങളൊക്കെ കണ്ടപ്പോൾ കഥാപുസ്തകം പോലെയാണ് തോന്നിയത്. അവിടെ കണ്ട ക്രയോൺസ് രണ്ട് കൈമുട്ടിന്റെയും ഇടയിൽ വച്ച് അതിൽ വരയ്ക്കാൻ തുടങ്ങി. കുറച്ചധികം വരച്ചു ബുക്ക് കുളമാക്കിയപ്പോഴാണ് ഉപ്പയും ഉമ്മയും അത് കണ്ടത്.

ഇത്താത്തയുടെ റിക്കോർഡ് ചീത്തയാക്കിയതിന്റെ വിഷമം അവർക്കുണ്ടായെങ്കിലും ആരുമെന്നെ വഴക്ക് പറഞ്ഞില്ല. വയ്യാത്ത കുട്ടിയായതുകൊണ്ടാകും ഒന്നും  പറയാതിരുന്നതെന്ന് വിചാരിച്ചിരിക്കുമ്പോൾ എന്റെ മുന്നിലേക്ക് ദാ, വരുന്നു വെളുത്ത പേപ്പറും ക്രയോണുകളും വാട്ടർ കളറുകളും.

 ‘മോള് വരച്ച് നോക്ക്, ബാപ്പയൊന്ന് കാണട്ടെ’ ബാപ്പയുടെ ആ ചോദ്യവും നിൽപും കണ്ടപ്പോൾ ആദ്യം അമ്പരപ്പാണ് തോന്നിയത്. പക്ഷേ, അന്നു തുടങ്ങിയ ശ്രമമാണ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഐസിഎസ്എസി സ്കൂളുകളുടെ ഓൾ ഇന്ത്യ ലെവലിലുള്ളൊരു  പെയിന്റിങ് മത്സരം വരുന്നത്. അവർ തരുന്ന പടങ്ങൾ നോക്കി വരയ്ക്കുകയാണ് വേണ്ടത്, ഞാനതുപോലെ വരച്ചു. അതിലെനിക്ക് ഒന്നാം സമ്മാനം കിട്ടി ആദ്യം വല്യ അദ്ഭുതമായിരുന്നു. എന്നേക്കാൾ ആഹ്ലാദം ബാപ്പയ്ക്കായിരുന്നു. ആർക്കും കൊടുക്കാത്ത കുറെ കഴിവ് എന്റെ മോൾക്ക് പരമകാരുണികനായ അല്ലാഹു തന്നിട്ടുണ്ടെന്ന് ബാപ്പ പറയാറുണ്ട്.

noor006

പുതിയ ചിറകുകൾ

ഏഴാം ക്ലാസിലെത്തിയപ്പോൾ ചൊവ്വാഴ്ച അവസാനത്തെ രണ്ട് പീരിയഡ് എക്സ്ട്രാ കരിക്കുലർ ആക്ടവിറ്റിയുടേതാണ്. വയലിൻ പഠിക്കാമെന്ന് തീരുമാനിച്ചപ്പോൾ വീട്ടിൽ ബാപ്പയ്ക്കും ഉമ്മയ്ക്കും സംശയമായി, ഞാനെങ്ങനെയിത് വായിക്കുമെന്ന്. പക്ഷേ, എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ബാപ്പ ചെറിയൊരു വയലിൻ വാങ്ങി തന്നു.

എങ്ങനെ വയലിൻ പിടിക്കുമെന്നറിയാൻ യുട്യൂബിൽ സെർച് ചെയതപ്പോഴാണ്, ‘സെല്ലോ’ എന്നൊരു ഇൻസ്ട്രമെന്റ്  കണ്ടത്, വയലിൻ ഫാമിലിയിൽ പെട്ടൊരു ഇൻസ്ട്രമെന്റാണത്.  പക്ഷേ, വയലിനിലും വലുപ്പമുണ്ട്. അത് മുട്ടിനിടയിൽ വച്ച്, തിരിച്ചു പിടിച്ചാണ് വായിക്കുന്നത്, ഞാനത് ശ്രദ്ധിച്ചു. എന്തുകൊണ്ടെനിക്ക് വയലിൻ അങ്ങനെ വായിച്ചുകൂടാ. അങ്ങനെ ഞാൻ മുടി കെട്ടുന്ന ബൺ കൈയിൽ കെട്ടിയിട്ട് ‘ബോ’ അതിലേക്കു വച്ചു, എന്നിട്ട് വയലിൻ തലതിരിച്ചു പിടിച്ച് ഒരു പരീക്ഷണമെന്നവണ്ണം വായിച്ചു. ആദ്യമൊക്കെ കൈ മുറിഞ്ഞു. മുട്ടിന് വേദനയെടുത്തു. പക്ഷേ, നന്നായി പരിശീലിച്ചപ്പോൾ എന്റെ കയ്യിൽ വയലിൻ വഴങ്ങി തുടങ്ങി.’’ ‘കണ്ണൈ കലൈമാനെ’ എന്ന് പാട്ടാണ് വയലിനിൽ നൂറിന് ഏറെ ഇഷ്ടം.

നൂറിന് ആഗ്രഹങ്ങളൊന്നുമില്ല, ഉറപ്പുകൾ മാത്രമാണുള്ളത്. പഠിച്ച് ഇംഗ്ലിഷ് പ്രഫസറാകണം, അതിന് ശേഷം ഐഎഎസ്. ആ ഉറപ്പുകൾക്ക് ആത്മവിശ്വാസം കൂട്ടാനായി നൂർ സ്വയം പറയും, ‘ഇഫ് ദെയർ ഈസ് എ വിൽ , ദെയർ ഈസ് എ വേ’. അന്ന്  ഓപറേഷൻ തിയറ്ററിനു മുന്നിൽ  ആ അച്ഛൻ മകൾക്കായി  കരുതിവച്ചത് ‘വെളിച്ചം’ എന്ന് അർഥം വരുന്ന അറബി വാക്ക് ‘നൂർ’ ആയിരുന്നു. ആ പേരിടീൽ അർഥവത്താകുകയാണിന്ന്. നൂർ എന്ന പ്രകാശിക്കുന്ന പെൺകുട്ടി.