ഈസ്റ്ററും വിഷുവും ഒരു വഴിക്കാക്കിയ കൊറോണ റംസാന്‍ ലക്ഷ്യമാക്കി നടന്നു നീങ്ങുകയാണ്. മതേതര വാദിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ച കൊറോണയുടെ ലക്ഷ്യം റംസാനും ഓണവുമാണോ എന്നാണ് ട്രോളന്‍മാരുടെ ചോദ്യം. എന്തായാലും ആഘോഷ നാളുകള്‍ ഓര്‍മ മാത്രമാക്കി നെടുവീര്‍പ്പുകളുമായി കഴിച്ചു കൂട്ടുന്ന മലയാളി വേദനയോടെ ചോദിക്കുന്ന ചോദ്യം... ഓണമെങ്കിലും മര്യാദക്ക് ആഘോഷിക്കാനാകുമോ എന്നാണ്. എന്തായാലും ആ ചോദ്യത്തിനുള്ള ഉത്തരം പലരും മനസില്‍ കാണും മുന്നേ മരത്തില്‍ കണ്ടു ഒരു വീട്ടമ്മ. ഓണത്തിന് നാളെണ്ണി കുറിച്ച് കാത്തിരിക്കുന്ന മലയാളിക്ക് മുന്നിലേക്ക് പൊന്‍കസവു തിളക്കത്തില്‍ മാസ്‌ക് തുന്നിയാണ് ലിമി റോസ് ടോം എന്ന വീട്ടമ്മ മാസാകുന്നത്. ലോക് ഡൗണ്‍ വിരസതയുടെ രാപകലുകള്‍ക്കൊടുവില്‍ ലിമിയുടെ തലയിലുദിച്ചൊരു ഐഡിയ. അതാണ് ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്ന ഓണം സ്‌പെഷ്യല്‍ മാസ്‌ക്. സര്‍വ്വോപരി പോസിറ്റീവ് ചിന്താഗതിക്കാരായ മലയാളി, ഓണം സ്‌പെഷ്യല്‍ കസവ് മാസ്‌കിനെ ഹൃദയത്തോടു ചേര്‍ക്കുമ്പോള്‍ പുള്ളിക്കാരി ഹാപ്പിയോടു ഹാപ്പി. ഓണം സ്‌പെഷ്യല്‍ മാസ്‌കിനു പിന്നിലെ 'തലയെ' സാക്ഷാല്‍ ശശിതരൂരും ഏറ്റെടുത്തതോടെ ലിമിയുടെ ലോക് ഡൗണ്‍ അധ്വാനം സഫലം. മലയാളക്കര മനസിലേറ്റിയ മാസ്‌കിന്റെ പിറവിയെക്കുറിച്ച് വനിത ഓണ്‍ലൈന്‍ വായനക്കാരോട് പറയുമ്പോഴും ലിമിയുടെ മുഖത്ത് നിറഞ്ഞ ചാരിതാര്‍ത്ഥ്യമായിരുന്നു.
ഇപ്പ ശര്യാക്കി തരാം
ബോറടി കലശലായ ലോക് ഡൗണ്‍ നാളുകള്‍. ആദ്യമൊക്കെ ഹര്‍ത്താലു പോലെ ആഘോഷമായിരുന്നു. പക്ഷേ ദിവസം കഴിഞ്ഞു പോയപ്പോഴാണ് ബോറടി 'മാസ്‌ക് വയ്ക്കാതെ' പുറത്തു വരുന്നത്- ലിമി ചിരിയോടെ പറഞ്ഞു തുടങ്ങുകയാണ്.

കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജറാണ് ഞാന്‍. എച്ച് ആര്‍ പണിയും മാസ്‌ക് തുന്നലും തമ്മില്‍ എന്ത് ബന്ധമെന്നാണ് ചോദ്യമെങ്കില്‍ ലോക്ഡൗണ്‍ ബോറടിയുടെ ബാക്കിയാണ് എന്ന് പറയേണ്ടി വരും. പിന്നെ മാസ്‌ക് തുന്നാനുള്ള ചേതോവികാരം? കോവിഡ് കാലത്ത് മാസ്‌ക് തുന്നി തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച ഇന്ദ്രന്‍സ് ചേട്ടന്‍ തന്നെയാണ് എന്റെയും വഴികാട്ടി. ലോക് ഡൗണ്‍ ആദ്യ ആഴ്ച പിന്നിട്ടതോടെയാണ് സകല പെണ്ണുങ്ങളുടേയും അഭയ സ്ഥാനമായ തയ്യല്‍ മെഷീന്‍ എന്റെ ശ്രദ്ധയിലും പെടുന്നത്. മാസ്‌ക് തുന്നിയിട്ടേ അടങ്ങൂ എന്ന് ഭര്‍ത്താവ് ടോണി കുരിശിങ്കലിനോട് പറഞ്ഞപ്പോള്‍ പുള്ളിക്കാരന്‍ പ്രോത്സാഹിപ്പിച്ചു. തയ്യല്‍ മെഷീന്‍ സംഭവം പൊടിതട്ടി പുറത്തെടുത്ത് വച്ചെങ്കിലും ദിവസങ്ങള്‍ കുറേ കടന്നു പോയി. ഇപ്പ ശരിയാക്കാം എന്ന് പറഞ്ഞിട്ട് ഇന്നു വല്ലതും നടക്കുമോ കെട്ട്യോന്‍ ചോദിച്ചതോടെ പിന്നെ വൈകിയില്ല. രണ്ടും കല്‍പ്പിച്ചിറങ്ങി. ഇന്നീ കാണുന്ന മാസ്‌കിന്റെ പിറവി അങ്ങനെയാണ്.
ഓണത്തിനൊരുങ്ങാന്‍ മാസ്ക്
സോഷ്യല്‍ മീഡിയയില്‍ കണ്ട വിഡിയോയില്‍ നിന്നാണ് മാസ്‌ക് ഉണ്ടാക്കുന്നതിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. കസവ് തുണിയിലെ മാസ്‌ക് കുറച്ച് ആഢംബരം അല്ലേ...എന്നായിരുന്നു പലരുടേയും ചോദ്യം. പക്ഷേ ആ മാസ്‌ക് ഉണ്ടായ വിധം എങ്ങനെയെന്ന് പറഞ്ഞാല്‍ സംഗതി ക്ലിയറാകും. പൊടിപിടിച്ച് അലമാരായില്‍ ആര്‍ക്കും വേണ്ടാതിരുന്ന സാരിയില്‍ നിന്നാണ് ആ മാസ്‌കിന്റെ ജനനം. ഇനിയും സിമ്പിളാക്കണോ...അതിനും ഉത്തരമുണ്ട്, എല്‍കെജിയില്‍ പഠിക്കുമ്പോ എന്റെ കുഞ്ഞിന് തുന്നിക്കൊടുത്ത കുഞ്ഞുടുപ്പിന്റെ ബാക്കി. അതായത് വെട്ടുതുണി കഷണം, അതും മാസ്‌കിനായി തെരഞ്ഞെടുത്തു. അപ്പോ പിന്നെ ആഡംബരം കൂടിപ്പോയി എന്ന പരാതിയും ഇല്ല.

കഷ്ടപ്പെട്ട് പഠിച്ച് തുന്നിയെടുത്ത മാസ്‌ക്, സംഭവം കിടുവാണല്ലോ എന്ന് തോന്നിയ നിമിഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പിറ്റേ ദിവസമായപ്പോള്‍ എനിക്ക് മെസേജുകളുടെ ബഹളമായി. ഈ പോസിറ്റീവ് അപ്രോച്ചിനെ അഭിനന്ദിച്ച് നിരവധി പേരെത്തി. ലൈക്കുകള്‍ കുന്നു കൂടി. ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തു. കൂട്ടത്തില്‍ ചിലര്‍ മാസ്‌കിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ നോക്കിയതോടെയാണ് ഞാന്‍ മറനീക്കി പുറത്തു വന്നത്. അല്ലെങ്കിലും നമ്മളുണ്ടാക്കിയ മാസ്‌കിന്റെ മാതൃത്വം മറ്റൊരാള്‍ എടുക്കുന്നത് ശരിയല്ലല്ലോ. ലോട്ടറി അടിച്ചത് ശശി തരൂര്‍ സാറിന്റെ ട്വീറ്റോടെയാണ്. ഇത്രയും പ്രശസ്തനായ ഒരാള്‍ നമ്മുടെ വര്‍ക്കിനെ അംഗീകരിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനം. സംഭവം ക്ലിക്കായപ്പോള്‍.... മാസ്‌ക് എന്ത്യേ എന്ന് ചോദിച്ച പ്രിയഭര്‍ത്താവിനെ നോക്കി, ദേ കണ്ടില്ലേ...മനുഷ്യാ എന്നായിരുന്നു അഭിമാനത്തോടെയുള്ള കമന്‍റ്.
ഓണത്തിനും മാസ്‌ക് വച്ച് പുറത്തിറങ്ങേണ്ടി വരുമോ എന്ന് പലരും നെറ്റിചുളിച്ച് ചോദിക്കുന്നുണ്ട്. കൊറോണ ഭീതി വിട്ടൊഴിഞ്ഞാലും ഇനിയുള്ള നാളുകള്‍ മാക്‌സ് ശീലമാക്കുന്നത് നല്ലതാണെന്ന് മാത്രമാണ് അതിനുള്ള ഉത്തരം. ഓണത്തിന് മാത്രമല്ല, ഓരോ സന്ദര്‍ങ്ങള്‍ക്കും ഇണങ്ങുന്ന മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ ശീലമാക്കുന്നത് നല്ലതാണെന്ന് മാത്രമേ പറയുന്നുള്ളൂ. വിപണി മുന്നില്‍ കണ്ടുള്ള ഭഗീരഥ പ്രയത്‌നം ഒന്നും അല്ലിത്. എന്നെപ്പോലെ ഏതൊരു വീട്ടമ്മയ്ക്കും മാതൃകയാക്കാവുന്ന ഒന്നായി മാത്രമേ ഈ മാസ്‌ക് നിര്‍മ്മാണത്തേയും കാണുന്നുള്ളൂ. പേടിയില്ലാതെ...ആശങ്കയില്ലാതെ ഒരോണം ആഘോഷിക്കാന്‍ കഴിയട്ടേ എന്നു മാത്രം ആശംസിക്കുന്നു- ലിമി പറഞ്ഞു നിര്‍ത്തി.