ആഘോഷവും ആവേശവും തല്ലുമാലകളുമല്ല, സഹജീവി സ്നേഹത്തിന്റെ നന്മ മുഖമാണ് ഈ ഓണപ്പായസ ചലഞ്ച്. രണ്ട് വിദ്യാർഥികൾക്ക് വീടൊരുക്കാൻ ഓണക്കാലത്ത് സ്കൂളില്‍ പായസചാലഞ്ച് നടത്തി മലപ്പുറം പോരൂർ ചെറുകോട് കെഎംഎംഎയുപി സ്കൂള്‍. രണ്ട് ലക്ഷം രൂപയാണ് പായസ ചാലഞ്ചിലൂടെ സമാഹരിക്കുന്നത്.
2000 ലീറ്റർ പാലട പ്രഥമനാണ് ചാലഞ്ചിനായി ഒരുക്കിയത്. രണ്ട് ലീറ്റർ, ഒരു ലിറ്റർ പാക്കറ്റുകൾക്ക് 200, 100 രൂപ നിരക്കാണ് ഈടാക്കിയത്. സ്കൂളില്‍ തയാറാക്കിയ പായസം അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്നാണ് പാഴ്സലാക്കി എത്തിക്കുന്നത്. പായസം പാക്കറ്റുകളിലാക്കി വിദ്യാര്‍ഥികളുടെ വീടുകളില്‍ എത്തിക്കാനുളള ഒാട്ടത്തിലാണ് അധ്യാപകര്‍.

വിദ്യാലയത്തിലെ 2 വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ ചെലവഴിച്ചാണ് വീടുകൾ നിർമിക്കുന്നത്. ഇതിൽ ഒരു വീട് ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സുമായി ചേർന്നാണ് നിർമിക്കുന്നത്. രണ്ടാമത്തെ വീടിന്‍റെ നിർമാണത്തിന് പണം കണ്ടെത്താനാണ് ചാലഞ്ച് നടത്തുന്നത്. വീടു നിർമാണത്തിനുള്ള ബാക്കി തുക സുമനസുകളിൽ നിന്നാണ് സമാഹരിക്കുന്നത്. ഈ വർഷം തന്നെ വീട് നിർമാണം പൂര്‍ത്തിയാക്കി കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും പിടിഎയും.