Friday 21 June 2019 01:09 PM IST

തുടയെല്ല് പൊട്ടുന്ന വേദനയിൽ കൊടുത്തത് മൂവ് സ്പ്രേ, മൂത്രമൊഴിക്കാൻ കുപ്പി; കണ്ണിൽച്ചോരയില്ലാതെ വീണ്ടും കല്ലട!

Binsha Muhammed

kallada

കണ്ണിൽച്ചോരയില്ലാത്ത ‘കല്ലട ജീവനക്കാരുടെ’ വാർത്ത നാം കേട്ടത് കുറച്ച് നാൾ മുമ്പാണ്. ആരെയും കൂസാതെ, യാത്രക്കാരോട് അങ്ങേയറ്റം മൃഗീയമായി പെരുമാറുന്ന അവരുടെ ധാർഷ്ഠ്യം വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. ബസ് കേടായത് ചോദ്യം ചെയ്ത യുവാക്കളായ യാത്രക്കാരെ പതിനഞ്ചംഗ സംഘം മൃഗീയമായി മർദ്ദിച്ചത് സമൂഹത്തെ നടുക്കിയിരുന്നു. പതിനഞ്ചോളം വരുന്ന ‘കല്ലട ഗുണ്ടകൾ’ യുവാക്കളെ ആസൂത്രണം ചെയ്തു തല്ലി ചതയ്ക്കുകയായിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് ആഴ്ചകളോളം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് കല്ലട ബസ് സമ്മാനിച്ച ദുരനുഭവങ്ങൾ മാത്രം.

സംഭവങ്ങളിൽ നിയമ നടപടികൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും അവർ പാഠം പഠിച്ചിട്ടില്ലെന്നതിന്റെ ഏറ്റവു പുതിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഡ്രൈവർ അറസ്റ്റിലായത് കഴിഞ്ഞ ദിവസം. കഥയവിടെ തീർന്നിട്ടില്ല. ബസ്സിന്റെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം യാത്രക്കാരന്‌ ഗുരുതരമായി പരുക്കേറ്റ സംഭവമാണ് അവരുടെ കണ്ണില്ലാത്ത ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണം. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പയ്യന്നൂർ സ്വദേശി മോഹനനാണ് കല്ലടക്കാരുടെ ലക്കും ലഗാനുമില്ലാത്ത പരക്കം പാച്ചിലിൽ പരുക്കേറ്റത്. പതിവു പോലെ പുതിയ സംഭവവും നിയമത്തിനു മുന്നിലേക്ക് പോകുമ്പോൾ മോഹനന്റെ മകൻ സുധീഷ് ‘വനിത ഓൺലൈനി’നോട് സംസാരിക്കുകയാണ്. അന്നു രാത്രി അച്ഛൻ നേരിട്ട കണ്ണില്ലാത്ത ക്രൂരതയുടേയും വേദനയുടേയും കഥ.

kallada-2

‘അവരുടെ (കല്ലട ജീവനക്കാരുടെ) കണ്ണിൽച്ചോരയില്ലാത്ത നടപടികൾ വാർത്തയായപ്പോൾ മുതൽ കരുതിയുറപ്പിച്ചതാണ്. ഇനിയൊരിക്കലും ആ ബസിൽ കയറില്ല എന്ന്. പലപ്പോഴെന്നല്ല, മിക്കപ്പോഴും മറ്റു ബസുകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ അച്ഛൻ യാത്ര ചെയ്യാൻ തീരുമാനിച്ചത് വീക്കെൻഡ് ആയിരുന്നു. ഞായറാഴ്ച പയ്യന്നൂരിൽ നിന്നും ബംഗളുരുവിലേക്കുള്ള എല്ലാ ബസും ഫുൾ! ഗത്യന്തരമില്ലെന്നു കണ്ടപ്പോഴാണ് കല്ലടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.

പുലർച്ചെ 2.30നാണ് സംഭവം. മൈസൂർ ബംഗളുരു ഹൈവേയിൽ ചീറിപ്പാഞ്ഞ് വരികയായിരുന്നു ബസ്. ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ്‌ അച്ഛൻ ഇരുന്നത്‌. ബസ്‌ ഹംപില്‍ ചാടിയപ്പോഴാണ്‌  അപകടം സംഭവിച്ചത്‌. അച്ഛന്റെ തല ബസിന്റെ റൂഫിൽ പോയി ശക്തിയായി ഇടിച്ചു. കൈക്കും നല്ല രീതിയിലുള്ള ഇടിവ് പറ്റി. വേദനയെടുത്ത്‌ അലറിവിളിച്ച്‌ അപേക്ഷിച്ചിട്ട്‌ പോലും ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഖലാസി പാളയത്താണ് അച്ഛന് ഇറങ്ങേണ്ടിയിരുന്നത്. പക്ഷേ ബസ് നേരെ വന്ന് നിന്നത് കല്ലടയുടെ ഡിപ്പോ/ ഓഫീസ് ഉള്ള മടിവാളയിൽ‌. ഈ നിമിഷങ്ങളിലത്രയും വേദന കൊണ്ട് പുളുയുകയായിരുന്നു ആ പാവം. വീണ്ടും ആശുപത്രിയിലേക്കെത്തിക്കുമോ എന്നദ്ദേഹം കെഞ്ചിയപ്പോൾ മൂവ് സ്പ്രേ അടിച്ച് അ‍ഡ്ജസ്റ്റ് ചെയ്യാനാണ് അവർ പറഞ്ഞത്. എല്ലാം പോട്ടെ. മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ ബസ്‌ നിര്‍ത്താതെ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത്‌ അതിലേക്ക്‌ മൂത്രമൊഴിച്ചോളാനായിരുന്നു അവരുടെ അറിയിപ്പ്– സൂധീഷ് രോഷത്തോടെ പറയുന്നു.

kallada-1

പിന്നീട് ഞാൻ സംഭവമറിഞ്ഞ് എത്തി. ബംഗളൂരുവിലെ കൊളംബോ ഏഷ്യന്‍ ആശുപത്രിയില്‍ അച്ഛനെ പ്രവേശിപ്പിക്കുകയും ചെയ്തു. തുടയെല്ല്‌ പൊട്ടിയ അച്ഛന് രണ്ട്‌ സര്‍ജറിയാണ് വേണ്ടിവന്നത്. മൂന്ന്‌ മാസം ബെഡ്‌ റെസ്‌റ്റ്‌ വേണമെന്നാണ്‌ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്‌.

അച്ഛന് പറ്റിയത് ഇനി മറ്റൊരു യാത്രക്കാരനും സംഭവിച്ചു കൂടാ എന്ന് മാത്രമാണ് ആഗ്രഹം. ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ? കേരള ഡിജിപി മുഖാന്തിരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അവർ ആക്ഷൻ എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അച്ഛൻ അനുഭവിച്ച വേദനയിൽ നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ.

kallada-3