Monday 28 October 2019 12:19 PM IST

റോഡ് സൈഡിലെ വീട്ടിലേക്ക് പൊടി ഇരച്ചു കയറി, പരിഹാരമായി വീടു തന്നെ പൂന്തോട്ടമാക്കി, അഞ്ചു സെന്റിലെ പൂങ്കാവനം ഇതാണ്

Binsha Muhammed

green-home

കൊച്ചു കൊച്ചു പൂക്കളും വള്ളിപ്പടർപ്പുകളും ഫലമൂലാദികളും കൊണ്ട് ഓട്ടയടച്ചെത്തിയ ‘ഈ പറക്കും തളികയിലെ’ ഉണ്ണിയുടെ ‘പറക്കും തളികയെ’ ആരും മറന്നു കാണില്ല. ഒരു കാടിളകി വരുന്നുണ്ടല്ലോ എന്ന് ആത്മഗതം പറഞ്ഞ സിനിമയിലെ കാർന്നോരും പുകയിൽ കുളിപ്പിക്കുന്ന താമരാക്ഷൻ പിള്ള ബസും ഇന്നും മലയാളിയുടെ ചിരിപ്പട്ടികയിലെ അഡാർ ഐറ്റങ്ങളാണ്.

കാടു വെട്ടിത്തളിച്ച് വീടു വയ്ക്കാൻ ശീലിച്ച ബല്ലാത്ത ജാതി മനുഷ്യന്മാരുടെ കാലത്ത് വീട് കാടാക്കിയ ഒരു മനുഷ്യനുണ്ട്. വൃക്ഷ ലതാദികൾ കൊണ്ടും ഫലമൂലാദികൾ കൊണ്ടും വീടിനെ പൊതിഞ്ഞ ഒരു ‘പച്ചമനുഷ്യൻ.’ കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. ‘പച്ചയായ’ ആ സത്യം കാണണമെങ്കിൽ പത്തനംതിട്ടയിൽ നിന്നും കോന്നിയിലേക്കുള്ള വണ്ടിപിടിച്ച് കുമ്പുക്കാടേക്കെത്തണം. അവിടെ കമ്പുക്കാടെന്ന പേരിനെ അന്വർത്ഥമാക്കും വിധം ഒരു വീടങ്ങനെ ഞെളിഞ്ഞു നിൽപ്പുണ്ട്. കോന്നിയിലേക്ക് നൂറേ നൂറ്റിപ്പത്തില്‍ പായുന്ന ഏതു വണ്ടിയും ആ വീട്ടുമുറ്റത്തിനരിലെത്തിയാൽ ഒന്നു സൈഡാക്കും. പിന്നെ ആ പച്ചയിൽ കുളിച്ചു നിൽക്കുന്ന വീട് സമ്മാനിക്കുന്ന ഊർജത്തിൽ അലിഞ്ഞ് അങ്ങനെ നിൽക്കുകയായി.... അതാണ് സീൻ! തലയാട്ടി വിളിക്കുന്ന സ്പൈഡർ പ്ലാന്റിനും, കുളിർകാറ്റ് വീശുന്ന വൈറ്റ് ഡോട്ട്സിനും ചന്തം തികഞ്ഞ ചിറ്റിലപ്പടർപ്പിനും നടുവിൽ അങ്ങനെ നിന്നാൽ അറിയാതെ പറഞ്ഞു പോകും ഇതാണ് സ്വർഗം! ആ സ്വർഗം താണിറങ്ങി വന്ന കഥ വനിത ഓൺലൈനിനോട് പറയാൻ എത്തുന്നതാകട്ടെ പൂവിനും പൂമ്പാറ്റയ്ക്കും കാവലിരിക്കുന്ന വീട്ടുടമസ്ഥൻ പ്രിൻസ് എബ്രഹാം. പൂക്കളേയും പുഴകളേയും പ്രണയിച്ചവൻ ഒരു വീടിനെ ഈ ‘കോലത്തിലാക്കിയതിനു പിന്നിലെ’ കഥയിലുമുണ്ട് ഒരു ഗ്രീൻ ബ്യൂട്ടി!

gh-7

കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല

അഞ്ചുസെന്റ് പുരയിടത്തിൽ കുടുംബം കെട്ടിപ്പെടുക്കുന്നവന് പൂന്തോട്ടവും പൂജാമുറിയും ലാൻസ്കേപ്പും വേണമെന്ന് വാശി പിടിക്കാൻ ആകുമോ. ഇത്തിരിയുള്ള സ്ഥലത്ത് ഒരു വീട് റെഡിയാക്കിയെടുക്കുന്നവനേ അതിന്റെ ബുദ്ധിമുട്ടറിയൂ. ഈ പറഞ്ഞതാണ് നമ്മുടെ സാഹചര്യം. പക്ഷേ അതിന്റെ പേരിൽ ഒരു കുഞ്ഞിച്ചെടി പോലും വയ്ക്കാതെ പുകയ്ക്കും പൊടിയ്ക്കും നടുവിൽ ശ്വാസം മുട്ടി ജീവിക്കാൻ എന്നെ കിട്ടില്ല. കൊല്ലാം പക്ഷേ തോൽപിക്കാനാകില്ലെന്ന് പരിമിതികളെ നോക്കി പഞ്ച് ഡയലോഗ് അടിച്ച് ഞാൻ അങ്ങിറങ്ങി. രണ്ടും കൽപ്പിച്ച്.–ഒരു വീട് പച്ചിലക്കാടായി മാറിയ കഥ അവിടെ തുടങ്ങുകയാണ്.

റോഡ് സൈഡിലാണ് താമസം. വണ്ടിയുടെ പുകയും പൊടിയും എന്നു വേണ്ട സകലമാന സംഗതികളും നേരെ ‘വണ്ടിപിടിച്ചു’ വരുന്നത് നേരെ ഞങ്ങളുടെ വീട്ടിലേക്ക്. ഇതിനെയൊക്കെ പ്രതിരോധിക്കാൻ ചെടിയോ മരങ്ങളോ ഒന്നും ഇല്ലതാനും. ആ സങ്കടം തീർക്കാൻ തുനിഞ്ഞിറങ്ങുകയായിരുന്നു. സ്ഥലമില്ലെങ്കിൽ ടെറസിലും ചാക്കിലും ചട്ടിയിലുമൊക്കെ വളർത്തിക്കൂടേ...ഇജ്ജാതി സാഹസം വേണോ എന്ന് പലരും ചോദിക്കും. അതിനു മറുപടി എന്റെ വീടിനു മൂന്നിൽ വീശുന്ന കുളിർകാറ്റ് മറുപടി പറയും. കമ്പുക്കാട് വഴി ബസിലൊക്കെ കടന്നു പോകുന്നവർ എന്നെക്കാണുമ്പോൾ പറയാറുണ്ട്. എന്റെ വീടിന്റെ മുന്നിലെത്തുമ്പോൾ വല്ലാത്തൊരു ആമ്പിയൻസ് ആണെന്ന്. ഈ ആ പച്ചപ്പ് ദൈവം നമുക്ക് പണ്ടേ തന്നതല്ലേ എന്ന് ഞാൻ തിരികെ ചോദിക്കും. അത് നമ്മൾ എവിടെയോ നഷ്ടപ്പെടുത്തി എന്ന് മാത്രം.  

gh-3

വീട്ടിലെ സൂപ്പർസ്റ്റാറുകൾ

നിലവിൽ ബെഡ്റൂമിലൊഴിച്ച് വീടിന്റെ മുക്കിലും മൂലയിലും ചെടികളുണ്ട്. സ്പൈഡർ പ്ലാന്റ്, മദർ ഇൻ ലോസ് ടംഗ്, പീസ് ലില്ലി, ഫിംഗർ പാം, എന്നീ സൂപ്പർസ്റ്റാറുകൾ വീടിൽ പലയിടിത്തായി ഇടംപിടിച്ചിരിക്കുന്നു. ഇത്തിരിയുള്ള ഉമ്മറവും ചുറ്റുമതിലും വള്ളിപ്പടർപ്പുകളാലും അലങ്കാരച്ചെടികളാലും പൊതിഞ്ഞു. അകത്തേക്കെത്തുമ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഡാർക് ഗ്രീൻ, വൈറ്റ് ഡോട്സ്, സ്നേക് പ്ലാന്റ് എന്നീ ചെടികൾ. ജനൽ പാളികളിലൂടെ കിടക്കയിലേക്ക് കയന്നു വരുന്ന കാറ്റിനെ വെൽക്കം ചെയ്യാനുമുണ്ട് ഇക്കൂട്ടത്തിലെ പ്രമുഖർ. ചട്ടിയിലും കുഞ്ഞു കുഞ്ഞ് കവറുകളിലുമായി ചെടികൾ ടെറസിൽ ക്രമീകരിച്ചിട്ടുണ്ട്. റൂഫിൽ നിന്നും വീടിനു മുന്നിലേക്ക് തോരണം പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന വള്ളിപ്പടർപ്പുകൾ വേറെ. മുറ്റം മുതൽ സിറ്റ് ഔട്ട് വരെ...ടെറസ് മുതൽ ചുമരുകൾ വരെ പച്ചപടർന്നു കിടക്കുന്നൊരു വീടുണ്ടെങ്കിൽ അതിവിടെ മാത്രമായിരിക്കും. ടെറസിലേക്ക് കയറുന്ന ഗോവണിയിൽ പോളി കാർബണേറ്റ് സെറ്റ് ചെയ്ത് അതിൽ വള്ളിച്ചെടികൾ വളർത്തി വിടുക എന്നതാണ് അടുത്ത പ്ലാൻ. ഇതിനിടയ്ക്ക് പലരും ചോദിക്കുന്നുണ്ട് ബെഡ്റൂമിലും ഇങ്ങനെയാണോ എന്ന്, കളിയാക്കിയുള്ള ചോദ്യമാണത്. ചുമരുകളില്‍ തൂക്കിയിടാവുന്ന തരത്തിലുള്ള ജനൽ കമ്പികളിൽ പടർത്തി വിടാവുന്ന മണി പ്ലാന്റുകളും, ഫേൺസുകളും ഉടൻ ഞങ്ങളുടെ ബെഡ്റൂമിൽ ഇടം പിടിക്കും. ചെടി തെരഞ്ഞെടുക്കുമ്പോള്‍ അവ ഓക്സിജൻ കടത്തി വിടുന്നതാണോ എന്നു മാത്രം ഉറപ്പു വരുത്തുക.

gh-2

പാമ്പുകൾക്ക് വേറെ മാളമുണ്ട്

കാടു പിടിച്ചു കിടക്കുന്ന വീട്ടിൽ പാമ്പു കയറില്ലേ എന്നതാണ് പലരുടേയും ചോദ്യം. വീട്ടിൽ വാവ സുരേഷിന് കൂടി ഒരു കുടിൽ പണിഞ്ഞു കൊടുക്കേണ്ടി വരും എന്ന് കമന്റടിച്ചവര്‍ വരെയുണ്ട്. അത്തരം പേടികളൊന്നും ഞങ്ങൾക്ക് ഇല്ലേയില്ല. ആകെ വന്നിട്ടുള്ളത് ചേരയാണ്. അതെന്റെ ചെടികളെ നോട്ടമിട്ടല്ല, കോഴിക്കൂടിനെ ലക്ഷ്യമാക്കിയാണ്. പിന്നെ പാമ്പു വന്നാൽ തന്നെ അതിനെ തുരത്താൻ വെളുത്തുള്ളി ചതച്ച് രണ്ടാഴ്ചയോളം വീടിന്റെ പലയിടങ്ങളിലും വയ്ക്കാറുണ്ട്. കോട്ടൺ തുണിയിൽ പുരട്ടി വീടിന്റെ പലസ്ഥലങ്ങളിലും വയ്ക്കാവുന്ന ഒരു പ്രത്യേക തരം ജെല്ലുണ്ട്. അതുണ്ടെങ്കിൽ പാമ്പ് മൂന്നാമാസത്തേക്ക് വീട്ടിലെന്നല്ല ആ വഴിയേ വരില്ല. പിന്നെ ഗ്രൂപ്പുകളും സോഷ്യൽ മീഡിയയുമൊക്കെ വീടിനെ ഏറ്റെടുത്തെന്നറിയുമ്പോൾ സന്തോഷം. സ്ഥലമില്ലെന്ന് പരാതി പറയുന്നവർക്കു മുമ്പിലേക്ക് ഞാനെന്റെ കുഞ്ഞ് വീട് ഡെഡിക്കേറ്റ് ചെയ്യുകയാണ്. അവർക്കിത് പ്രചോദനമാകട്ടെ. അവരുടെ വീടുകളിലും പൂക്കൾ വിരിയട്ടെ– പ്രിൻസ് പറഞ്ഞു നിർത്തി.

gh-4

കാർത്തികപള്ളി സെൻറ് തോമസ് സ്കൂളിൽ അധ്യാപകനാണ് പ്രിൻസ്. ഭാര്യ സോണിയ കോളേജ് അധ്യാപികയാണ്. സെറാഫിം, എഫ്രായിം എന്നിങ്ങനെ രണ്ടു മക്കൾ. കൊക്ക ഡാമ എന്ന ജാപ്പനീസ് ഇൻസ്റ്റലേഷൻ ആർട്ടിന് ഈ വർഷത്തെ ലിംക ബുക്ക് ഓഫ് റെക്കോഡ് പ്രിൻസിന് ലഭിച്ചിട്ടുണ്ട്.

gh-1