Thursday 07 May 2020 03:13 PM IST

‘പെണ്ണാളി’ന്റെ ദൃശ്യ ഭംഗിയുമായി ഷൈല തോമസ്! മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ് ശ്രദ്ധേയമാകുന്നു

Sreerekha

Senior Sub Editor

pennal

കുട്ടിക്കാലം തൊട്ടേ കവിതകളോടും പാട്ടുകളോടും സംഗീതത്തിനോടും പ്രണയമായിരുന്നു ഷൈല തോമസിന്. ആ പ്രണയമാണ് 'പെണ്ണാൾ' എന്ന അപൂർവമായ മ്യൂസിക് സീരീസ് ഒരുക്കുന്നതിലേക്ക് ഷൈലയെ എത്തിച്ചിരിക്കുന്നത്. സ്ത്രീജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങൾക്കു ദൃശ്യാവിഷ്കാരമേകുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ് ആയി എത്തിയ 'പെണ്ണാൾ' ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഇതിൽ ആദ്യത്തെ മൂന്നു മ്യൂസിക് വീഡിയോകൾ - ബാല്യം, കൗമാരം, യൗവനം- ആണ് ഇതിനകം റിലീസായിട്ടുള്ളത്. ബാക്കി ഭാഗങ്ങൾ- മാതൃത്വം, വാർദ്ധക്യം - എന്നിവയും പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. 'യൗവനം ' റിലീസ് ചെയ്തത് മോഹൻലാലിന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു. ഇതിലെ ഗാനങ്ങൾ എഴുതിയതും പാടിയതും ഡോ. ഷാനി ഹഫീസ് ആണ്. (നിരവധി അംഗീകാരങ്ങൾ നേടിയ മറുപിറന്താൽ എന്ന തമിഴ് സംഗീത ആൽബത്തിലെ പാട്ടിലൂടെ ശ്രദ്ധേയയായിരുന്നു ഡോ. ഷാനി). മധുവന്തി നാരായണനാണ് സംഗീതം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനേത്രിയായി ശ്രദ്ധ നേടിയ ധന്യ അനന്യയ്ക്ക്ക് ഒപ്പം ആമിയും ഈ സംഗീത ആ‌ൽബത്തിൽ അഭിനയിച്ചിരിക്കുന്നു. പേരു പോലെ തന്നെ വളരെ പ്രത്യേകതകളുള്ളതാണ് 'പെണ്ണാൾ'. കാരണം, ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന മിക്കവാറും പേർ സ് ത്രീകളാണ്. ‍ടൈംസ് വേൾഡും ആയുർധ മീഡിയയും ചേർന്നാണ് നിർമാണം.

ബാല്യം, കൗമാരം എന്നിവ പോലെ തന്നെ, ഏറ്റവുമൊടുവിലിറങ്ങിയ 'യൗവന'ത്തിനും വലിയ പ്രേക്ഷക ശ്രദ്ധ കിട്ടിയതിന്റെ സന്തോഷത്തിലാണ് സംവിധായിക ഷൈല തോമസ്.

''ഒരുപാട് പേർ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. സംവിധായിക അഞ്ജലി മേനോൻ ഈയിടെ വിളിച്ച് 'യൗവനം' ഏറെയിഷ്ടമായെന്നു പറഞ്ഞിരുന്നു. അഞ്ജലി മേനോനെ പോലൊരു സംവിധായികയുടെ നല്ല വാക്കുകൾ കേട്ടപ്പോൾ ഏറെ സന്തോഷം തോന്നി.'' ഷൈല തോമസ് പറയുന്നു.

ഏതാനും വർഷം മുൻപ്, ഷൈല തോമസ് രചിച്ച്, പ്രശസ്ത ഗായകർ ആലപിച്ച ചില ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കിയിരുന്നു. അപ്പോൾ കിട്ടിയ അഭിനന്ദനങ്ങൾ 'പെണ്ണാൾ' ഒരുക്കാൻ ഷൈലയ്ക്കു പ്രചോദനമാവുകയായിരുന്നു.

"കവിത എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോളജ് കാലം തോട്ടേ കവിതയോട് പ്രിയമായിരുന്നു. കവിത എഴുതാനും വായിക്കാനും ഏറെ ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് പാട്ടിലേക്ക് എത്തുന്നത്. ആദ്യത്തെ ഗാനങ്ങൾ പുറത്തു വന്ന ശേഷം ഇനി ഒരു വ്യത്യസ്തമായ തീം വച്ച് പുതിയ പാട്ടുകൾ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് സ്ത്രീ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പ്രമേയമാക്കാം എന്നു ചിന്തിച്ചത്.

സ്ത്രീ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള ഒരു സംഗീത യാത്രയാണിത്. മുൻപ് അങ്ങനെയൊരു സംഗീത ആൽബം മലയാളത്തിൽ വന്നതായി അറിയില്ല. പിന്നെ, എനിക്ക് വളരെ ടാലന്റ്ഡ് ആയ ഒരുപാട് പെൺസുഹൃത്തുക്കളുണ്ട്. അവരുടെ കഴിവുകൾ പുറത്തു കൊണ്ടു വരാൻ ഇതിലൂടെ ഒരു അവസരം ഒരുക്കണമെന്നും ആശിച്ചു, പെൺ കലാകാരികളുടെ കൂട്ടായ്മയിൽ നിന്നു പിറന്നതാണ് 'പെണ്ണാൾ'.

ആദ്യ ആൽബമായ ബാല്യത്തിൽ ശ്രേയയുടെ ഗാനാലാപനത്തിന്റെ വിഷ്വലുകളായിരുന്നു. രണ്ടാമത്തെ ഘട്ടം വിവരിക്കുന്ന 'കൗമാരം' സംവിധാനം ചെയ്തത് അഭിനേത്രിയായ സുരഭി ലക്ഷ്മിയാണ്. നങ്ങ്യാർകൂത്തിന്റെ മനോഹാരിത കൂടി ഉൾപ്പെടുത്തിയാണ് സുരഭി ഈ ആൽബത്തിനു ദൃശ്യ സൗന്ദര്യം പകർന്നത്. 'കൗമാര'ത്തിലെ ഗാനം പാടിയത് ഡോ. ഷാനി ഹഫീസ് ആണ്.

ശരിക്കും 'യൗവനം' ഷൂട്ട് ചെയ്തപ്പോഴാണ് മ്യൂസിക് ആൽബം സംവിധാനം ചെയ്യുന്നതിന്റെ അധ്വാനവും ത്രില്ലും അനുഭവിച്ചറിഞ്ഞത്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള പത്മശ്രീ ഗോപിനാഥ് മാഷിന്റെ കൈത്തറി യൂണിറ്റിലായിരുന്നു ചിത്രീകരണം. 'യൗവന'ത്തിന്റെ പ്രമേയം പ്രണയമാണ്. പക്ഷേ, പുരുഷനെ കാണിക്കാതെ തന്നെ പ്രണയം കാണിക്കുന്നതിലെ പുതുമ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. രണ്ടു ദിവസം കൊണ്ട് കൃത്യമായ പ്ലാനിങ്ങോടെ ചിത്രീകരണം പൂ‍ർത്തിയാക്കാനായി. സിനിമാട്ടോഗ്രഫർ പാപ്പിനുവാണ് ക്യാമറ ചെയ്തത്. എഡിറ്റിങ് ടിജു സിറിയക്ക്. സ്പോട്ട് എഡിറ്റിങ് ചെയ്തതിലൂടെ വളരെ സമയം ലാഭിച്ച് കൃത്യ സമയത്ത് ഷൂട്ടിങ് പൂർത്തിയാക്കാനായി. അസോസിയേറ്റ് ഡയറക്ടർ വിനോദ് ഗംഗയാണ്. സ്റ്റുഡിയോ വിഷ്വൽസ് ചിന്നു കുരുവിള.

'പെണ്ണാളി'ലെ അഞ്ചു സംഗീത വീഡിയോകളിൽ നാലെണ്ണത്തിന്റെയും ഗാനരചന നിർവഹിച്ചിരിക്കുന്നതും ഞാനാണ്. പിന്നണി ഗായികയായ ഗായത്രി സുരേഷ് ആണ് നാലു ഘട്ടങ്ങളിലെ പാട്ടുകളുടെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ചു ഭാഗങ്ങൾ കൂടാതെ, ബോണസ് ട്രാക്കായി ഒരു ഗസൽ കൂടി ഒരുക്കുന്നുണ്ട്. ഇതിന്റെ രചന സ്മിത സലീമും സംഗീതം അ‍ർച്ചന ഗോപിനാഥും ആണ്. എന്റെ അടുത്ത സുഹൃത്തുക്കളെ മാത്രമല്ല, ഏറെ പെൺ പ്രതിഭകളെ പെണ്ണാളിനു പിന്നിൽ ഒന്നിച്ചു കൊണ്ടു വരാനായതിൽ വലിയ അഭിമാനം തോന്നുന്നു. ഇന്ത്യയിലെ പ്രഗൽഭ വനിതാ തബലിസ്റ്റ് രത്നശ്രീ അയ്യരും വയലിനിസ്റ്റ് രൂപ രേവതിയും പെണ്ണാളിന്റെ ഭാഗമായി പ്രവർത്തിച്ചതും വലിയ സന്തോഷം. ആൽബത്തിന്റെ റിലീസിനു ശേഷം എല്ലായിടത്തു നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. " ഷൈല പറയുന്നു.

വർഷങ്ങളായി ദുബായിൽ താമസിച്ചു വരുന്ന ഷൈലയും കുടുംബവും അവിടെ സ്വന്തമായി ഐ ടി ബിസിനസ് നടത്തുകയാണ്. ഭർത്താവ് ടോമി വർഗീസ് ഷൈലയുടെ സംഗീത സ്വപ്നങ്ങൾക്കു പിന്തുണയേകുന്നു. മക്കൾ മീര തോമസ്. രാഹുൽ തോമസ്.

നാട്ടിൽ തിരുവനന്തപുരത്താണ് ഷൈല സെറ്റിൽ ചെയ്തിരിക്കുന്നത്. നാട്ടിലേക്കു വരുന്ന യാത്രകളുടെ ഇടവേളകളിൽ പാട്ടിനും സംഗീതത്തിനുമൊക്കെ സമയം കണ്ടെത്തുന്ന ഷൈലയുടെ മനസ്സിൽ ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ട്.

"ബാക്കി ആൽബങ്ങൾ- മാതൃത്വം, വാർദ്ധക്യം- ഇവ കൂടി പൂർത്തിയാക്കാനുള്ള ജോലികളിലാണ്. പിന്നെ എന്റെ കുറച്ച് കവിതകൾക്കു ദൃശ്യാവിഷ്കാരം നൽകണം... എല്ലാ സ് ത്രീകളും അവരുടെ കഴിവുകൾ മിനുക്കിയെടുത്ത് സ്വപ്നങ്ങൾ സ്വന്തമാക്കാനായി മുന്നോട്ടു വരണമെന്നാണ് ഞാനാശിക്കുന്നത്. "

വർഷങ്ങൾക്കു മുൻപ് ബാലജനസഖ്യം സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്ത് കൂടിയുള്ള ഷൈല പറയുന്നു.