Friday 21 August 2020 04:57 PM IST

ബീഫ് ദം ബിരിയാണി മുതൽ സ്‌പെഷൽ ‘മോണിക്ക ചിക്കൻ’ വരെ; സലീമിക്കാന്റെ ബിരിയാണി ഹൗസ് ഉഷാറാണ്!

V N Rakhi

Sub Editor

special-monicaeedd

മോണിക്ക ചിക്കന്‍...!!! ങേ? ആളെ വലിയ പരിചയം പോരാ...  പേരു കേട്ട് ആരെ ഓര്‍ത്താലും ശരി, സംഗതി ഇത്തിരിയല്ല ഒരിത്തിരി സ്‌പെഷ്യല്‍ തന്നെയാണെന്ന് മനസ്സിലായിക്കാണുമല്ലോ. ഇനി, ഈ മോണിക്ക എവിടെക്കിട്ടും എന്നാണ് ചിന്തയെങ്കില്‍ പറയാം, ഇതങ്ങനെ അവിടെയും ഇവിടെയുമൊന്നും കിട്ടൂല മോനേ... ദുനിയാവില് ഇതു കിട്ടുന്ന ഒരേ ഒരു സ്ഥലമേയുള്ളൂ. നേരെ വണ്ടിയെടുത്ത് പെരിന്തല്‍മണ്ണയ്ക്ക് വിട്ടോളിന്‍. പാലക്കാട്- കോഴിക്കോട് എന്‍എച്ചില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് താഴേക്കോട് എത്തിയാല്‍ വണ്ടിയുടെ വേഗത കുറയ്ക്കാം. സലീമിക്കാന്റെ ബിരിയാണി ഹൗസ് എന്ന ബോര്‍ഡ് കണ്ടാല്‍ പിന്നെ ഒന്നും നോക്കണ്ട, അവടെ നിര്‍ത്തിക്കോളീ...

ബീഫ് ദം ബിരിയാണിയാണ് ഇവിടത്തെ മെയിന്‍ അട്രാക്ഷന്‍. മന്തി റൈസും നെയ്‌ച്ചോറും ഒക്കെ  വേണെങ്കില്‍ നേരത്തേ ഓര്‍ഡര്‍ കൊടുത്താല്‍ മതി. മോണിക്ക ചിക്കനോ ബീഫ് കനലില്‍ ചുട്ടതോ ഷായി ചിക്കന്‍ കുറുമയോ ചേര്‍ത്ത് ഒരു പിടിയങ്ങട് പിടിച്ച് നോക്കിക്കോളിന്‍. നാവിന്‍തുമ്പത്ത്ന്ന്  ജീവിതകാലത്തില് പോകൂലാ ആ രുചി. ചിക്കന്‍ ഫ്രൈ ചെയ്ത് പിന്നീട് വെണ്ണയും തൈരും മുട്ടയുമെല്ലാം ചേര്‍ത്ത് പ്രത്യേകരീതിയില്‍ ഉണ്ടാക്കുന്ന, സലീമിക്ക തന്നെ കണ്ടുപിടിച്ച, സ്‌പെഷ്യല്‍ റെസിപിയിലാണ് മോണിക്ക ഒരുങ്ങുന്നത്. ടേസ്റ്റിന്റെ കാര്യം ഇനി പ്രത്യേകം പറയേണ്ടല്ലോ. ഹോട്ട് ആന്‍ഡ് സ്വീറ്റ് എന്ന് ചുരുക്കിപ്പറയാം. വായ തുറന്നാല്‍ ഉമിനീര് പുറത്തു ചാടും, അമ്മാതിരി കൊതിപ്പിക്കുന്ന ബല്ലാത്തൊര് മണോം ആ നെറോം... എല്ലാം കൂടെയാകുമ്പോ ആകെ ജഗപൊക. എരിവിന് എരിവ്, മധുരത്തിന് മധുരം, പുളിക്ക് പുളി... കാണാനും സുന്ദരി. മെയിന്‍ ഡിഷുകള്‍ കൂടാതെ കേക്ക്, പുഡ്ഡിങ് പോലുള്ള കൂള്‍ ഡിസേര്‍ട്ടുകളും ഇളനീര്‍ പായസം പോലുള്ള വെറൈറ്റി പായസങ്ങളും ഷീര്‍ ഖുര്‍മ പോലുള്ള സ്‌പെഷ്യല്‍ ഇനങ്ങളും സലിമിന്റെ മെനുവില്‍ ഉണ്ട്.

ഗള്‍ഫില്‍ കുക്ക് ആയിരുന്നു സലിം. അവധിക്ക് നാട്ടില്‍ വന്നതാണ്. പിന്നെ പോകാന്‍ പറ്റിയില്ല. ലോക്ക്ഡൗണ്‍ തന്നെ കാരണം. എന്നാല്‍ പിന്നെ അവിടെ ചെയ്യുന്ന പണി ഇവിടെയും ഒന്നു പരീക്ഷിച്ചു നോക്കിയാലെന്താ എന്നൊരു തോന്നല്‍. അങ്ങനെ തുടങ്ങിയതാണ് ബിരിയാണി ഹൗസ്. ആദ്യമൊക്കെ ചങ്ങാതിമാരുടെ വീടുകളില്‍ ചടങ്ങുകള്‍ക്ക് ഉണ്ടാക്കിക്കൊടുത്തു. എല്ലാര്‍ക്കും പറയാനൊന്നേയുണ്ടായുള്ളൂ. സംഗതി ജോറായിരിക്കണ് സലീമേന്ന്. അത് വല്യോര് ഇന്‍സ്പിരേഷന്‍ ആയി. അങ്ങനെ പുറത്തു നിന്നും ഓര്‍ഡര്‍ എടുത്തു തുടങ്ങി. 

'ഞാനും ഉപ്പയും ഉമ്മയും ഭാര്യയും മക്കളുമെല്ലാം ചേര്‍ന്നാണ് എല്ലാം ചെയ്യുന്നത്. സഹായത്തിന് ആളില്ല. പുറമേയ്ക്കുള്ള ഓര്‍ഡറുകള്‍ കൂടാതെ ഇപ്പോള്‍ വീടിനോടു ചേര്‍ന്ന് ചെറിയൊരു ബാംബൂ ഹട്ടില്‍ ഇരുന്ന് കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് ആയതുകൊണ്ട്  ചെറിയ ഒന്നോ രണ്ടോ ഫാമിലി ഒക്കെ വന്നാല്‍ ഇരുന്നു കഴിക്കാമെന്നല്ലാതെ കൂടുതല്‍ പേര്‍ക്കായി റെസ്റ്ററന്റ് തുറക്കുന്നില്ല ഇപ്പോള്‍. ഡെലിവെറി ഓര്‍ഡറുകളേ എടുക്കുന്നുള്ളൂ. ഒരു ദിവസം ഏറിയാല്‍ ഒരു നൂറു പേര്‍ക്ക്. 12 മണിക്ക് ഡെലിവെറി തുടങ്ങിയാല്‍ രണ്ടരയാകുമ്പോഴേക്കും ബിരിയാണി തീരും. ഈവനിങ് പാര്‍ട്ടി ഓര്‍ഡറുകളും ചെയ്തു കൊടുക്കാറുണ്ട്.' സലിം പറഞ്ഞു. 'എണ്ണയും മസാലയുമൊക്കെ ഏറ്റവും ഗുണമേന്മയുള്ളതു മാത്രമേ ഉപയോഗിക്കാറുള്ളൂ്. ഗുണവും രുചിയും അതുകൊണ്ടു തന്നെ ഗ്യാരണ്ടി. '- ഇതാണ് സലിമിന്റെ ഉറപ്പ്.

എന്നാലും ഈ മോണിക്ക... ആ പേരിന്റെ  രഹസ്യം അറിയാനൊരു ആഗ്രഹം തികട്ടി വരുന്നില്ലേ? 'അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. അല്‍പം വ്യത്യസ്തമായ രുചിയല്ലേ, അപ്പോ വ്യത്യസ്തമായ പേരായിക്കോട്ടെ എന്നു കരുതി വെറുതെയൊരു പേരിട്ടതാ...' ചിരിയോടെ  സലിം പറഞ്ഞു.

Tags:
  • Spotlight