ഒറ്റ ചിത്രംകൊണ്ട് ലോകത്തെ ഏറ്റവും വലിയ നാടകകൃത്തായ ഷെയ്ക്സ്പിയറിന്റെ  ചരിത്രം മുഴുവനിറിയിക്കുന്ന ജാലവിദ്യ.  ഷേക്സ്പിയറിന്റെ എല്ലാ സൃഷ്ടികളും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളും ഉപയോഗിച്ചുകൊണ്ട്  മാത്രം, അദ്ദേഹത്തിന്റെ പോയട്രിക്കൽ പോർട്രെയിറ്റ് ഒരുക്കിയിരിക്കുകയാണ് വർഷ. വെറും നാല് മണിക്കൂർകൊണ്ട് പൂർത്തിയാക്കിയ ചിത്രം എട്ട് റെക്കോർഡുകളോളം  ഇപ്പോൾ തന്നെ സ്വന്തമാക്കി കഴിഞ്ഞു.  ലിറ്ററേച്ചർ ഗവേഷണ വിദ്യാർഥിയായ വർഷ ബിൻത്ത് സെയ്ഫ് പോർട്രെയിറ്റിന്റെ വിശേഷങ്ങൾ വനിത ഓൺലൈനോട് പങ്കുവയ്ക്കുന്നു...

ചെറുപ്പത്തിലെ തമാശ

"ചെറുപ്പം മുതലേ പേരുകൾകൊണ്ട് ഞാനെന്തെങ്കിലുമൊക്കെ രൂപം വരയക്കുമായിരുന്നു. മുഖമൊന്നുമല്ല, പേരിന് വഴങ്ങുന്ന എന്തെങ്കിലും രൂപത്തിലേക്ക് ആക്കാനുള്ള ശ്രമം. പഠിച്ചിട്ടൊന്നുമില്ലെങ്കിലും പണ്ട് മുതലേ അക്രലിക് പെയിന്റിങ് ചെയ്ത് വീട്ടിൽ ഫ്രെയിം ചെയ്ത് വയ്ക്കാറുണ്ട്. കൊറോണയിൽ എല്ലാവരെയും പോലെ ബോറഡിച്ചപ്പോഴാണ് ഞാനും ഒരു ആവേശത്തിന് വരയ്ക്കാമെന്ന് കരുതിയത്.

വരയുടെ വഴി

ചുവപ്പ്,കറുപ്പ്,പച്ച എന്നീ നിറങ്ങളുള്ള ബോൾ പോയന്റ് പേനയും, നോർമൽ പെൻസിലും ഉപയോഗിച്ചാണ് മുഖം മുതൽ നെഞ്ച് വരെ വലുപ്പമുള്ള  ഷെയ്ക്സ്പിറിന്റെ ചിത്രം ഒരുക്കിയത്. ചിത്രത്തിന് ബാക്ഗ്രൌണ്ടിലേക്ക് വില്യം ഷെയ്ക്സ്പിയർ എന്നെഴുതാൻ ചുവപ്പ് നിറവും, പച്ച നിറം  വസ്ത്രങ്ങൾക്കുമായാണ് നൽകിയിരിക്കുന്നത്. കണ്ണ്, കൺപീലി, ചുണ്ട്, മീശ, താടിയിലുമൊക്കെയായി അദ്ദേഹത്തിന്റെ പ്രശ്സതമായ വർക്കുകളുടെ ടൈറ്റിലാണ് കൊടുത്തിരിക്കുന്നത്. അവയ്ക്കെല്ലാം കറുപ്പ് നിറവും.  മുഖത്തിന്റെ ഉള്ളിലായി അദ്ദേഹത്തെ കുറിച്ചുള്ള ബയോഗ്രഫിക്കൽ ഡീറ്റെയ്ലുകൾ നൽകിയിരിക്കുന്നിടത്ത് പെൻസിൽ വരകളുമാണുള്ളത്. ബാക്കി ഭാഗങ്ങളെല്ലാം അദ്ദേഹത്തിന്റെ 196-ഓളം വരുന്ന വർക്കുകളുടെ ടൈറ്റിൽ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.

img3

റെക്കോർഡുകൾ

ഇത്തരത്തിൽ ശ്രമങ്ങളൊന്നും മുൻപ്  നടന്നിട്ടില്ലെന്ന് അറിയാമായിരുന്നു, വരച്ചാൽ റെക്കോർഡാണെന്നും ഉറപ്പായിരുന്നു. എങ്കിലും ഒന്നുകൂടെ ഉറപ്പിക്കാനായി ഞാൻ ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്സിൽ വിളിച്ചു ചോദിച്ചു.  വരയ്ക്കുന്നതിന്  മുഴുവൻ വിഡിയോ കവർ വേണമെന്നും, ഫോട്ടോ അയക്കകുയും, ഉപയോഗിക്കുന്ന വസ്തുക്കളും ചിത്രത്തിന്റെ അളവും തരണമെന്ന് അവർ പറഞ്ഞു. മാത്രമല്ല ചിത്രം വര തുടങ്ങിയവസാനിക്കും വരെ ഒരു സാക്ഷികൂടിയുണ്ടാകണമെന്ന നിബന്ധനയുമുണ്ടായിരുന്നു. ട്രയലൊന്നും നോക്കാതെയുള്ള വരയായിരുന്നു, പ്രശ്നമൊന്നുമില്ലാതെ നാല് മണിക്കൂറിൽ പൂർത്തിയാക്കാൻ പറ്റി.

20.8 സെന്റിമീറ്റർ വലിപ്പമുള്ള ചിത്രം 154 സോണറ്റുകളും, 10 ട്രാജടികളും, 17 കോമഡികളും , 10 ഹിസ്റ്റോറിക്കൽ വർക്കും,5 കവിതയും ചേർത്താണ് ഒരുക്കിയിരിക്കുന്നത്. ഇപ്പൊ എട്ട് റെക്കോർഡ്സ്  കിട്ടിയിട്ടുണ്ട്. ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്, ഇന്റർനാഷനൽ ബുക് ഓഫ് റെക്കോർഡ്, യൂറോപ്യൻ ബുക് ഓഫ് റെക്കോർഡ്, ഹൈ റെയ്ഞ്ച് ബുക് ഓഫ് റെക്കോർഡ്, വേൾഡ് ബുക് ഓഫ് റെക്കോർഡ് (യുകെ), ബെസ്റ്റ ഓഫ് ഇന്ത്യൻ റെക്കോർഡ്, അമേരിക്കൻ ബുക് ഓഫ് റെക്കോർഡ് എന്നിവയിലാണ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുള്ളത്.  ലിംകാ ബുക് ഓഫ് റെക്കോർഡ്സിലേക്കും ഗിന്നസിലേക്കും ഇനി അയയ്ക്കാനാണ് പ്ലാൻ.

ലിറ്ററേച്ചറിനോട് താൽപര്യമുള്ളതുകൊണ്ടാണ് പ്ലസ് ടുവിൽ സയൻസ് ബാച്ചായിരുന്നിട്ട് കൂടിയും ഡിഗ്രി മുതൽ ലിറ്ററേച്ചർ എടുത്തത്.  ഷെയ്ക്സ്പിയറിനോട് ഒരുപാട് ഇഷ്ടമായിരുന്നു. അദ്ദേഹത്തിനോടുള്ളൊരു ട്രിബ്യൂട്ടായാണ് ഈ വർക് ചെയ്തിരിക്കുന്നത്." വർഷ പറഞ്ഞു.

കുടുംബം

തൃശ്ശൂർ മാള സ്വദേശിയായ വർഷയുടെ വീട്ടിൽ ഭർത്താവ് നജീഹും ബാപ്പ സെയ്ഫു്ദ്ദീനും ഉമ്മ ഫെമിനയും അനിയത്തി ഹർഷയുമാണ് ഉള്ളത്. റെക്കോർഡ് നേട്ടത്തിന്റെ ഞെട്ടലിലാണ് കുടുംബമിപ്പോഴും. തൃശ്ശൂർ സെന്റ് ആലോഷ്യസ് കോളജിലാണ് വർഷ പിഎച്ചഡി പഠിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മൂലം വൈകിപ്പോയ, യുകെയിലെ സ്കോഷർഷിപ്പ് പഠിത്തവും വിസിറ്റിങ്  റിസർച്ചർ ജോലിയും ചെയ്യാനായി കോവിഡ് മാറാനുള്ള കാത്തിരിപ്പിലാണ് വർഷയിപ്പോൾ.