Thursday 26 December 2019 06:42 PM IST

‘മുപ്പതിനായിരം പോയിട്ട് മുപ്പതു രൂപ പോലും കയ്യിലില്ല’; ആ കരച്ചിൽ കണ്ടപ്പോൾ എന്റെ പത്താംക്ലാസ് കാലമാണ് ഓർമ വന്നത്!

Roopa Thayabji

Sub Editor

aparnattt അപർണ ലവകുമാർ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, തൃശ്ശൂർ

കാക്കിയിട്ടാൽ പിന്നെ, പൊലീസുകാർക്ക് കാർക്കശ്യം മുഖത്തുവരുമെന്ന് പറയാതെ പറയാറുണ്ട്. എന്നാൽ ഇനിയതു തിരുത്താം. മുഖം മാറുന്ന കേരള പൊലീസിന്റെ തിളക്കം കൂട്ടുന്ന ഒരു ചുവടുവയ്പ് ഈയിടെ നടന്നു. 37 വനിതകൾ ഉൾപ്പെട്ട 121 സബ് ഇൻസ്പെക്ടർമാരുടെ ബാച്ച് തൃശൂർ പൊലീസ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് പാസ് ഔട്ടായി, കേരള പൊലീസിന്റെ ചരിത്രത്തിലാദ്യമായാണ് വനിതാ എസ്ഐമാരുടെ നേരിട്ടുള്ള നിയമനം നടക്കുന്നത്. പെൺതിളക്കം ഇനിയുമുണ്ട്. കൊച്ചിയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ മഹിളാ മണിയും, തൃശൂര്‍ റൂറല്‍ വനിത പൊലീസ് സ്റ്റേഷനിലെ അപർണ ലവകുമാറും, ഇന്ത്യയിൽ നിന്ന് ഹജ് ഡ്യൂട്ടിക്കായി മക്കയിലേക്കു പോയ മലയാളികളായ വനിതാ പൊലീസും നെഹ്റു ട്രോഫി വള്ളം കളിയിൽ ഒന്നാം സ്ഥാനം നേടിയ പൊലീസ് വനിത ടീമും കേരള പൊലീസിലെ തിളങ്ങുന്ന ‘രത്ന’ങ്ങളാണ്.

‘അന്ന് ഓർമ വന്നത് എന്റെ മുഖമായിരുന്നു’- അപർണ ലവകുമാർ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, തൃശ്ശൂർ

എന്റെ പത്താംക്ലാസ് പരീക്ഷാകാലം. കടുത്ത പനി ബാധിച്ച് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള അച്ഛന് കൂട്ടിരിക്കുന്നതു ഞാനാണ്. ഒരു ദിവസം മരുന്നു പുറത്തുനിന്നു വാങ്ങാൻ ഡോക്ടർ കുറിച്ചുതന്നു. കയ്യിൽ ഒറ്റ പൈസയില്ല, എന്റെ വെപ്രാളം കണ്ടിട്ടാകും തൊട്ടടുത്തുള്ള ചേട്ടൻ പൈസ തന്നിട്ട് പോയി മരുന്നുവാങ്ങാൻ പറഞ്ഞു. അതിനു മുൻപോ ശേഷമോ ആ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. എനിക്കൊരു ആവശ്യം വന്നപ്പോൾ മുഖം നോക്കാതെ സഹായിച്ച ആ മനുഷ്യനെയാണ് വേദനിക്കുന്ന ഓരോ മുഖം കാണുമ്പോഴും ഓർക്കുക. 

തൃശൂരിൽ ആമ്പല്ലൂരിലാണ് എന്റെ വീട്. ചിമ്മിനി ഡാമിന്റെ പണി നടക്കുന്ന കാലത്ത് അച്ഛൻ ലവകുമാർ അവിടെ ചായക്കടയിട്ടു. അമ്മ ശാന്തയും ഞാനും അനിയൻ അനീഷും ചായക്കടയിൽ തന്നെ ഊണും ഉറക്കവുമെല്ലാം. ഡാം പണി കഴിഞ്ഞപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പണി നടക്കുന്നയിടത്തേക്ക്. ഇങ്ങനെ ഓടി നടക്കുന്നതിനിടെ എന്നെ അമ്മവീട്ടിലേക്ക് മാറ്റി. പഠിപ്പിക്കാനുള്ള കാശൊന്നും അച്ഛന്റെ കയ്യിലില്ല. ഞാൻ ക്രൈസ്റ്റ് വില്ല പുവർ ഹോം ഓർഫനേജിൽ നിന്ന് പഠിക്കാൻ തുടങ്ങി. ഏഴാം ക്ലാസ് മുതൽ സേക്രട്ട് ഹാർട് സ്കൂളിലെ സിസ്റ്റർമാരും  കൂട്ടുകാരുമൊക്കെയാണ് എനിക്ക് നല്ല വസ്ത്രങ്ങളും ഭക്ഷണവും തന്നത്. പ്രീഡിഗ്രി  കഴിഞ്ഞ് സർവേയർ കോഴ്സ് പാസായി. 

സങ്കടങ്ങളിൽ തളരാതെ

അതിനിടെയാണു കല്യാണം, ഭർത്താവ് രാജന് ഗൾഫിലായിരുന്നു ജോലി. അന്നൊന്നും ഞാൻ ജോലിയെ കുറിച്ച് ചിന്തിച്ചില്ല. പിന്നെയാണ് പിഎസ്‍സി പരീക്ഷ എഴുതാൻ തീരുമാനിച്ചത്. ആദ്യത്തെ ടെസ്റ്റ് തന്നെ പാസായി, അങ്ങനെ 2002ൽ എന്റെ 26–ാമത്തെ വയസ്സിൽ സിവിൽ പൊലീസ് ഓഫിസറായി ജോലിക്കു കയറി. മക്കളോടൊപ്പം സന്തോഷത്തോടെ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടെയാണ് അതു സംഭവിച്ചത്. നാട്ടിൽ തുടങ്ങിയ ബിസിനസ് പൊട്ടിയതോടെ ഭർത്താവിന് വലിയ കടം വന്നു. ബാങ്ക് ജപ്തി നോട്ടിസ് അയച്ചതിനു പിന്നാലെ 2009 ൽ അദ്ദേഹം ആത്മഹത്യ ചെയ്തു. ഞാനും മക്കളും തനിച്ചായി.  

അങ്ങനെയിരിക്കെ ഒല്ലൂർ സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെ ജില്ലാ ആശുപത്രിയിലെത്തിയപ്പോൾ ഐസിയുവിനു മുന്നിൽ ആൾക്കൂട്ടം. വെന്റിലേറ്ററിൽ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ അറുപതിനായിരം രൂപ അടയ്ക്കണമത്രേ. ഉടനെ സ്റ്റേഷനിലേക്കു വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ആശുപത്രി അധികൃതരുമായി സിഐ സംസാരിച്ച് തുക പകുതിയാക്കി. അപ്പോഴാണ് മരിച്ച സ്ത്രീയുടെ സഹോദരൻ എന്റെ കൈപിടിച്ച് കരഞ്ഞത്, ‘മുപ്പതിനായിരം പോയിട്ട് മുപ്പതു രൂപ പോലും കയ്യിലില്ല...’ ആ കരച്ചിൽ കണ്ടപ്പോൾ എന്റെ പത്താംക്ലാസ് കാലമാണ് ഓർമ വന്നത്. പിന്നെയൊന്നും ആലോചിച്ചില്ല. കയ്യിൽ കിടന്ന മൂന്നു സ്വർണവള ഊരിക്കൊടുത്തു. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് അയാൾ  നന്ദി പറയാൻ വന്നു, തിരിച്ചെടുത്ത വളകളുമായിട്ടായിരുന്നു ആ വരവ്. ആരൊക്കെയോ സഹായിച്ച തുക കൊണ്ടാണ് അയാൾ പണയം എടുത്തതത്രേ.  

പണം  കൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടും  വാക്കുകൾ കൊണ്ടും സഹായങ്ങൾ ചെയ്യണം. സ്കൂളുകളിലും ക്ലാസെടുക്കാൻ പോകാറുണ്ട്. ഒരു ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരു പയ്യൻ കാണാൻ വന്നു. കീമോ തെറപി കഴിഞ്ഞപ്പോൾ അവന്റെ മുടിയൊക്കെ പോയി. ചികിത്സ കഴിഞ്ഞ് വന്നപ്പോൾ കൂട്ടുകാരുടെ കളിയാക്കൽ കാരണം സ്കൂളിൽ വരാൻ അവന് മടിയാണെന്ന്. അതു കേട്ടപ്പോൾ കണ്ണുനിറഞ്ഞു. ആദ്യമായി മുടി ദാനം ചെയ്യുന്നത് അങ്ങനെയാണ്. തൊട്ടടുത്ത വർഷം എന്റെ രണ്ടു പെൺമക്കൾ കൂടി സ്വമേധയാ മുടി ദാനം ചെയ്തു.

തൃശൂര്‍ റൂറല്‍ വനിത പൊലീസ് സ്റ്റേഷനിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറാണിപ്പോൾ. മൂത്ത മകൾ ദേവിക മംഗലാപുരത്ത് എംഎസ്‍സിക്ക് പഠിക്കുന്നു, ഇളയവൾ ഗൗരി പത്താം ക്ലാസ്സിലും. പ്രവർത്തന മികവിനും പ്രശസ്ത സേവനത്തിനുമുള്ള 2015ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കിട്ടി. ഇത്തവണ മുടി കൊടുക്കുന്ന കാര്യം ആലോചിച്ചപ്പോൾ ഒരു മോഹം, മൊട്ടയടിച്ചാലോ. തൃശൂർ അമല ഹോസ്പിറ്റലിലെ രോഗികൾക്ക് വിഗ്ഗുണ്ടാക്കാനാണ് ഇക്കുറി മുടി നൽകിയത്. മുടി പോയതിൽ വിഷമമില്ല. നന്മ ചെയ്യാൻ ഇനിയൊരാൾക്ക് കൂടി പ്രചോദനമാകുമെങ്കിൽ അതിലും വലിയ പ്രതിഫലമൊന്നും എനിക്കു വേണ്ട.’

Tags:
  • Spotlight
  • Inspirational Story