Thursday 16 April 2020 02:27 PM IST

ഭർത്താവ് പൊലീസും ഭാര്യ നഴ്‌സും, ഒരു മാസത്തോളമാകുന്നു തമ്മിൽ കണ്ടിട്ട്; കാവലും കരുതലും തീര്‍ത്ത കൊറോണക്കാലം, നന്മക്കഥ!

Binsha Muhammed

police-nurse55676767

'കഴിഞ്ഞ ഓണം ഞങ്ങള്‍ക്ക് നഷ്ടമായി... ദേ ഇപ്പോ വിഷുവും. ഒരു മാസത്തോളമാകുന്നു ഞാനവളെ കണ്ടിട്ട്... ഇതിപ്പോ കൊറോണയായതു കൊണ്ടാണ്. അല്ലെങ്കിലും ഉത്തരവാദിത്തങ്ങള്‍ എന്നും ഞങ്ങളെ അകറ്റി നിര്‍ത്തിയിട്ടേ ഉള്ളൂ. എന്തും വരട്ടെ, ഈ പോരാട്ടം അവസാനിക്കുന്നതു വരേയ്ക്കും പിരിഞ്ഞിരിക്കാനാണ് നിയോഗമെങ്കില്‍ അതങ്ങനെ തന്നെ, ഈ യുദ്ധവും നമ്മള്‍ ജയിക്കും'- ഡ്യൂട്ടി സമയത്തെപ്പോഴോ വീണു കിട്ടിയ ഇടവേളയിലാണ് തൃശൂര്‍ എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഹരി ഗണേശ് വനിത ഓണ്‍ലൈനോട് സംസാരിക്കുന്നത്.  

ഇരുദേശങ്ങളിലിരുന്ന് നാടിന് കരുതലും കാവലുമൊരുക്കുന്ന തന്റെയും പ്രിയപ്പെട്ടവളുടേയും കഥ സോഷ്യല്‍ മീഡിയ ആഘോഷിച്ചതൊന്നും ഹരി അറിഞ്ഞിട്ടില്ല. കലണ്ടറും സമയ സൂചികകളും നോക്കാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള പരക്കം പാച്ചിലിനിടയില്‍ സോഷ്യല്‍ മീഡിയ നേരമ്പോക്ക് ആകുന്നതെങ്ങനെയെന്ന് പൊലീസ് സ്‌റ്റൈലില്‍ ഹരിയുടെ മറുചോദ്യം. 

തൃശൂരിന്റെ മുക്കിലും മൂലയിലും കണ്‍ചിമ്മാതെ ഹരി കാവലിരിക്കുമ്പോള്‍ ഇങ്ങ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊറോണ മുറിവേല്‍പ്പിച്ച നാടിനെ സാന്ത്വനം കൊണ്ട് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഹരിയുടെ നല്ലപാതി ശരണ്യ. സോഷ്യല്‍ മീഡിയ പരതുന്ന ആ വൈറല്‍ ജോഡിയാണ് തങ്ങളെന്നറിഞ്ഞതോടെ ഗൗരവം നിറഞ്ഞ മുഖത്ത് നിറഞ്ഞ സന്തോഷം. ഒടുവില്‍ ആ വൈറല്‍ ചിത്രം പിറന്ന കഥ വനിത ഓണ്‍ലൈനോട് സരസമായ വാക്കുകളിലൂടെ പങ്കുവച്ചു ഹരി. പൊലീസ് ഭര്‍ത്താവ് കാവലും നഴ്‌സായ ഭാര്യ കൊറോണക്കാലത്ത് കരുതലും തീര്‍ത്ത നന്മക്കഥ....   

പിരിഞ്ഞിരുന്ന് പോരാട്ടം

ഉത്തരവാദിത്തങ്ങള്‍ അകറ്റി നിര്‍ത്തിയിട്ടേ... ഉള്ളൂ... ആ പറഞ്ഞതില്‍ അതിശയോക്തി ഒന്നും തന്നെയില്ല. തൃശൂര്‍ എ ആര്‍ ക്യാമ്പിലാണ് എനിക്ക് ഡ്യൂട്ടി. ശരണ്യ, കോവിഡ് ആശുപത്രിയായി മാറുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നഴ്‌സാണ്. മാസത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ ദിവസത്തെ അവധിയിലാണ് നാട്ടിലെത്താറുള്ളത്. നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരു ദിവസം എടുക്കുമെന്നിരിക്കേ... രണ്ടിലൊരു ദിവസം പോയിക്കിട്ടും. കൊറോണ ആയതോടെ ആ കൂടിച്ചേരലും പോയിക്കിട്ടി. 

നാടും നഗരവും നിശ്ചലമാകുമ്പോള്‍ എങ്ങനെ ചെല്ലാനാണ്. ദേ... ഇന്നേക്ക് ഒരു മാസത്തിലേറെ ആകുന്നു ഞാന്‍ ശരണ്യയെ കണ്ടിട്ട്. സത്യം പറഞ്ഞാല്‍ വിവാഹ ശേഷം ഒന്നര മാസം പോലും ഞങ്ങള്‍ തികച്ചു നിന്നിട്ടില്ല, അതാണ് ഞങ്ങളുടെ ജീവിതം. കഴിഞ്ഞ ഓണത്തിന് എനിക്ക് അവളുടെത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വിഷുവിന് എത്തിച്ചേരുമെന്ന് വാക്കു കൊടുത്തതാണ്. എന്തു ചെയ്യാം... വാക്കുകളും വാഗ്ദാനങ്ങളുമെല്ലാം കൊറോണയില്‍ മുങ്ങിപ്പോയി. 

bcyefyvbvueghu6

വീണ്ടും ഒരുമിക്കും

എന്നെക്കാളും ഞാന്‍ പേടിച്ചത് പുള്ളിക്കാരിയുടെ കാര്യം ഓര്‍ത്തിട്ടാണ്. കൊറോണ വാര്‍ഡിലെ ജോലി, ചെറിയ ഇടവേള മാത്രം എടുത്തുള്ള ഷിഫ്റ്റുകള്‍. പക്ഷേ എന്തു ചെയ്യാനാണ് ഞങ്ങളുടെ ജോലി ഇതായിപ്പോയില്ലേ... പരസ്പരം ജോലിയുടെ സ്വഭാവം മനസിലാക്കുന്നതു കൊണ്ട് തന്നെ ഒരി പരിധി വരെ അമിത ടെന്‍ഷനില്ല. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ അടുത്തായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകാറുണ്ട്. 

പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്... പ്ലസ്ടുവിന് മുതല്‍ ഒരുമിച്ച് പഠിച്ചവര്‍. ഇത്രയും കാലത്തെ സ്‌നേഹബന്ധത്തിനിടയില്‍ പരസ്പരം ഒരുപാട് മനസിലാക്കിയിട്ടുണ്ട്.  ഈ ഘട്ടത്തിലും അത് കൂടുതല്‍ സഹായിച്ചിട്ടുണ്ട്. വരട്ടേ... ഈ പോരാട്ടത്തിന്റെ അവസാനം വരേയ്ക്കും ഞാനും അവളും മുന്നിലുണ്ടാകും. ഒരു കാര്യം ഉറപ്പാണ്, എല്ലാം അതിജീവിച്ചു കഴിഞ്ഞുള്ള ഞങ്ങളുടെ കൂടിക്കാഴ്ച അതു സ്‌പെഷ്യലായിരിക്കും. വെരി വെരി സ്‌പെഷ്യല്‍... 

വാക്കുകള്‍ക്ക് വിരാമമിട്ട ഹരി ശരണ്യയെ വിളിക്കാനോര്‍ത്ത് മൊബൈല്‍ കയ്യിലെടുത്തു. മനസ് അനുവദിക്കാതെ ഒടുവില്‍ ആത്മഗതം... 'അവള്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയിട്ടേ ഉണ്ടാകൂ... പാവം ഉറങ്ങട്ടേ... വിളി പിന്നീടാകാമല്ലോ...

Tags:
  • Spotlight