Wednesday 22 July 2020 12:28 PM IST

പൊതിച്ചോറ് കഴിക്കാൻ പൂതി ‘ഉണ്ടോ? ; വെറൈറ്റി പൊതിച്ചോറുമായി ‘ഉണ്ടോ?’

V N Rakhi

Sub Editor

food

പൊതിച്ചോറ് നൊസ്റ്റു അടിച്ചിരിക്കുന്നവർ മടിച്ചിരിക്കേണ്ട, പൊതിച്ചോറ് വീട്ടിലെത്തും

വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ കൈയിൽ വച്ചു തരും ഒരു പൊതിച്ചോറ്. ഹോസ്റ്റൽ റൂമിൽ ചെന്നിരുന്ന് പൊതി തുറന്ന് ഓരോ ഉരുളയും വായിൽ വയ്ക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്ന സ്നേഹം... യാത്രയ്ക്കിടയിൽ ട്രെയിനിലിരുന്ന് അമ്മയുെട പൊതിച്ചോറുണ്ണുമ്പോൾ കിട്ടുന്ന തൃപ്തി... ഇതൊന്നും കാശ് കൊടുത്ത് വാങ്ങാനാകില്ലെന്ന് നമുക്കറിയാം. മുട്ട പൊരിച്ചതും സിംപിള്‍ മെഴുക്കുപുരട്ടിയും ഉണ്ടെങ്കിൽ കെങ്കേമം. ഇതൊന്നുമില്ല, വെറും ചമ്മന്തിയും തൈരും ആണെങ്കിൽ പോലും മതി ആ ഫീൽ കിട്ടാൻ. പൊതിച്ചോറ് നമുക്ക് നൊസ്റ്റാൾ‍ജിയയുടെ കൊടും അടയാളമാകുന്നത് ആ ഫീൽ കൊണ്ടു തന്നെയാണ്.

ആ ഫീൽ നൽകാനുള്ളൊരു ശ്രമമാണ് ജസ്റ്റിൻ കുരുവിള ഏബ്രഹാമിന്റെ ‘ഉണ്ടോ?’ പൊതിച്ചോറ് നൊസ്റ്റാൾജിയ അടിക്കുമ്പോൾ കൊച്ചി തമ്മനം കൂത്താപ്പാടിയിലുള്ള ഉണ്ടോയിൽ ചെന്നാൽ മതി. പൊതിച്ചോറിനു മാത്രമായുള്ള റെസ്റ്ററന്റ് ആണിത്. വെജിറ്റേരിയൻ ഊണ്, ഓംലെറ്റ് ഊണ്, ചിക്കൻ ഊണ്, ബീഫ് ഊണ്, ചിക്കനും ബീഫും ഓംലെറ്റും അടിപിടി കൂടുന്ന കോംബോ-1 ഊണ്, ബീഫിനു പകരം മീനിനെ പ്രതിഷ്ഠിച്ച കോംബോ-2 ഊണ്...ഇതൊന്നും വേണ്ടെങ്കിൽ ബിരിയാണി, ഗീ റൈസ് ഇവയിലേതെങ്കിലും.... എല്ലാം പൊതിയുടെ രൂപത്തിൽ മുന്നിലെത്തും. ഊണ് എന്നല്ല, പൊതിച്ചോറ് എന്നേ ഇവിടെ പറയാവൂ. ചിക്കൻ ഊണ് ഇവിടെ ചിക്കൻ പൊതിച്ചോറ് ആണ്.

ഇക്കോ ഫ്രണ്ട്‌ലി പൊതികൾ

undo

പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കാതെ കറികളെല്ലാം ചോറിൽത്തന്നെ വിളമ്പിയ ഇക്കോ ഫ്രണ്ട്‌ലിയായ പൊതികളാണ് ഉണ്ടോ?യിലേത്. ഉച്ചയ്ക്ക് 12 മുതൽ പൊതി തീരുന്നതു വരെ ചോറ് കിട്ടും. മാസാവസാനമാകുമ്പോൾ ‘മണി മാറ്റർ ’ പരുങ്ങലിലാകുന്നവർക്കായി ഇപ്പോൾ കുട്ടിപ്പൊതിച്ചോറുകളും നൽകുന്നുണ്ട്. ചിക്കൻ, ബീഫ് വെറൈറ്റികൾക്കേ കുട്ടിപ്പൊതികളുള്ളൂ. കൂടാതെ, റെസ്റ്ററൻറ് കസ്റ്റമേഴ്സിനു വേണ്ടി തുടങ്ങിയ ബാർബിക്യൂ പ്രിപറേഷൻ ചിക്കൻ അടങ്ങിയ കരിക്കലം ബിരിയാണിയും ഇപ്പോൾ ഓൺലൈൻ ഡെലിവറിയായി നൽകുന്നുണ്ട്. മസാല ടീയും സോഡയും കോമ്പിനേഷനായുള്ള ഉണ്ടോ സ്പെഷൽ ‘ടീ-സോ’ കൂൾ ഡ്രിങ്കും ഇവിടെ കിട്ടും.

രണ്ടാം വരവിലും നല്ല സ്വീകരണം

‘ലെമൺ മിന്റ് മീഡിയ എന്ന അഡ്വർട്ടൈസിങ് ഏജൻസിയായിരുന്നു എനിക്ക്. പൊതിച്ചോറ് എന്റെ ഫേവറിറ്റ് ഇനമാണ് എന്നും. സ്കൂളിലും വെക്കേഷന് വീട്ടിലിരുന്നു പോലും പൊതിച്ചോറ് ഉണ്ടാക്കിക്കഴിക്കുമായിരുന്നു. 2016 നവംബറിൽ സ്റ്റാർട്ട് അപ് ആയാണ് ഉണ്ടോ? തുടങ്ങിയത്. അന്ന് ഹോം ഡെലിവറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിച്ചണിൽ നിന്ന് റെസ്റ്ററന്റിലൂടെയല്ലാതെ നേരിട്ട് കസ്റ്റമറുടെ വീട്ടിലേക്ക് ഭക്ഷണമെത്തിക്കുന്ന ‘ക്ലൗഡ് കിച്ചൺ’ ആശയമൊന്നും അന്നിത്ര പ്രചാരത്തിലായിട്ടില്ല. സ്വിഗ്ഗിയും സൊമാറ്റോയുമൊന്നും കൊച്ചിയിൽ വന്നിട്ടില്ല.’ ഉണ്ടോയുടെ ഹിസ്റ്ററിയിൽ നിന്ന് ജസ്റ്റിൻ തുടങ്ങി.

‘ഞാനും അച്ഛനും കൂടി കാറിലും ടൂവീലറിലുമൊക്കെയായിട്ടാണ് ഡെലിവറി ചെയ്തിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പറ്റാതായി. രണ്ടു വർഷത്തോളം സംരംഭം നിന്നു പോയി. പക്ഷേ അപ്പോഴും ഇതൊന്നുമറിയാതെ ഫെയ്സ്ബുക്കിലും മറ്റും ഞങ്ങളുടെ പഴയ പോസ്റ്റുകൾ പലരും ഷെയർ ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് 2018ൽ വീണ്ടും തുടങ്ങിയപ്പോഴും ഞങ്ങൾക്ക് കസ്റ്റമേഴ്സിന് ക്ഷാമമുണ്ടായില്ല. രണ്ടാം വരവിൽ തമ്മനത്തെ തൊണ്ണൂറ് വർഷം പഴക്കമുള്ള ഒരു തറവാടെടുത്ത് റെസ്റ്ററന്റും സെൻട്രൽ കിച്ചനും തുടങ്ങിയത്. കാക്കനാട് ഒരു ഔട്ട്‌ലെറ്റും കലൂരും ഇടപ്പള്ളിയിലും ഓരോ ഫ്രാഞ്ചൈസികളും ഉണ്ടിപ്പോൾ. ടേക്ക എവേയും ഓൺലൈൻ ഡെലിവറിയുമുണ്ട്. പല സ്ഥാപനങ്ങളും മീറ്റിങ്ങുകൾക്ക് ഇവിടെ നിന്ന് പൊതിച്ചോറ് ഓർഡർ ചെയ്യാറുണ്ട്.’

Tags:
  • Spotlight