Monday 14 October 2019 02:41 PM IST

‘ഇപ്പോൾ മലയാളം കുഴപ്പം പിടിച്ച ഭാഷയാണെന്ന് തോന്നുന്നില്ല’; പ്രാ‍ഞ്ജാൽ പാട്ടീൽ തിരുവനന്തപുരം സബ് കലക്ടര്‍!

Unni Balachandran

Sub Editor

1533202156046 ഫോട്ടോ: ബേസിൽ പൗലോ

അന്ധതയെ ജീവിതത്തിലെ വെളിച്ചം കൊണ്ട് മാറ്റിനിർത്തിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രാ‍ഞ്ജാൽ പാട്ടീൽ. എറണാകുളം അസിസ്റ്റന്റ് കലക്ടറായിരുന്ന പ്രാ‍ഞ്ജാലിന്റെ അടുത്ത യാത്ര തലസ്ഥാനത്തേക്ക്. പ്രാ‍ഞ്ജാൽ പാട്ടീൽ തിരുവനന്തപുരം ജില്ലാ സബ് കലക്ടറായി ഇന്ന് ചുമതലയേറ്റു. കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രാ‍ഞ്ജാൽ.

എറണാകുളം അസിസ്റ്റന്റ് കലക്ടരായിരിക്കെ പ്രാ‍ഞ്ജാൽ ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖം വായിക്കാം; 

പ്രഞ്ജാൽ പാട്ടീലിന്റെ മുംബൈ ഉല്ലാസ് നഗറിലെ വീട്ടിൽ അന്ന് സന്തോഷം കെട്ടടങ്ങിയത് പെട്ടെന്നായിരുന്നു. യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച് ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിലേക്ക് ലഭിക്കേണ്ട ജോലി കാഴ്ചയില്ലെന്ന പേരിൽ പ്രഞ്ജാൽ പാട്ടീലിന് നിഷേധിച്ചു. പ്രയാസമേറിയ മുന്നേറ്റത്തിനും വിജയത്തിനുമവസാനം പ്രാഞ്ജാലിന്റെ കുടുംബത്തിലേക്ക് പടർന്നൊരു വേദനയായി ആ വാർത്ത. എന്നാൽ, വെളിച്ചം തോൽപിച്ചിരുന്ന കണ്ണുകളുമായി പ്രാഞ്ജാൽ വെറുതെയിരുന്നില്ല.

അടുത്ത യുപിഎസ്‌സി പരീക്ഷയിൽ പ്രാജ്ഞാൽ കുതിച്ചെത്തിയത് 124ാം റാങ്കിന്റെ വിജയത്തിലേക്കാണ്. റെയിൽവേയിൽ നഷ്ടമായത് അതിലും മികച്ച റാങ്കിലൂടെ വീണ്ടെടുത്ത പ്രാഞ്ജാൽ ഇപ്പോൾ കൊച്ചിയിലുണ്ട്, അസിസ്റ്റന്റ് കലക്ടറായി. പ്രത്യേകതകൾ ഏറെയുള്ള അസിസ്റ്റന്റ് കലക്ടർക്ക് ഈ വിജയത്തിന്റെ പ്രത്യേക തിളക്കമൊന്നും മുഖത്തില്ല. ചോദിക്കുന്നവരോടിപ്പോൾ പ്രാഞ്ജാൽ പറയും ‘എനിക്കെന്റെ ഇരുട്ടിൽ നിരാശയില്ല.’

പരാതിയില്ലാത്ത ജീവിതം

‘‘പരീക്ഷയിൽ വിജയിച്ചിട്ടും, കാഴ്ചയില്ലാത്തതിന്റെ പേരിൽ ജോലി നിഷേധിച്ചപ്പോൾ വല്ലാതെ ദേഷ്യം തോന്നി. പക്ഷേ, പിന്മാറാൻ ഞാൻ തയാറായിരുന്നില്ല. കുറച്ചൂടെ മികച്ചതായി മുന്നേറി ആദ്യ റാങ്കുകളിലെത്തണമെന്നായി മനസ്സിൽ‍. ആ വാശിയാണ്, എന്റെ ആഗ്രഹം സഫലീകരിച്ചതിന് പിന്നിൽ. ചെറുപ്പം മുതലേ റെറ്റിന ഡിറ്റാച്‌ഡ് ആകുന്ന രോഗമായിരുന്നു എനിക്ക്. അതുകൊണ്ടു വളരെയധികം ശ്രദ്ധിച്ചു വേണം യാത്ര പോലും ചെയ്യാനെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അസുഖമുള്ളതുകൊണ്ട് സൂര്യപ്രകാശം  ഒരുപാട് ഏൽക്കാതെ നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഒരിക്കലും ഒളിക്കാനാകാത്ത സൂര്യനിൽ നിന്ന് ഞാനെങ്ങനെ മറഞ്ഞു നൽക്കും? അങ്ങനെ അഞ്ചാം വയസ്സിൽ ആദ്യത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഒട്ടും ആരോഗ്യമില്ലാത്ത എന്റെ കണ്ണുകളിലേക്ക് ശക്തിയുള്ള സൂര്യപ്രകാശം വീണതായിരുന്നു അത്ര ചെറുപ്പത്തിലെ പകുതി ഇരുട്ട് കൂട്ടു വരാൻ കാരണം. പക്ഷേ, ജീവിതം മുഴുവൻ ഇരുട്ടിലാകാൻ അധികം താമസമില്ലായിരുന്നു.

ആറാം വയസ്സിലായിരുന്നു രണ്ടാമത്തെ കണ്ണിലേക്ക് ഇരുട്ട് വിരുന്നെത്തിയത്. കൂട്ടുകാരൻ തമാശയ്ക്കു വീശിയ സ്കെയിൽ കൊണ്ടത് എന്റെ കണ്ണിലായിരുന്നു. അപ്പോൾ ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ല. വീട്ടിൽ വന്ന് കിടന്നുറങ്ങുകയും ചെയ്തു. പക്ഷേ, ഉറക്കത്തിൽ നിന്നെണീക്കാനായി കണ്ണ് തുറക്കുമ്പോഴും ഞാൻ ഉറക്കത്തിൽ തന്നെയാണൊ എന്നൊരു തോന്നൽ. ചുറ്റും ഇരുട്ട്, എത്ര ശ്രമിച്ചിട്ടും ആ ഇരുട്ട് മാറുന്നില്ല. അപ്പോഴാണ് മനസ്സിലാക്കിയത്, എന്റെ രണ്ടു കണ്ണുകളും ഇരുട്ട് കട്ടെടുത്തെന്നത്.

പിന്നീടായിരുന്നു ജീവിതം പഠിക്കാനായി ഞാൻ സ്കൂളിലേക്കെത്തുന്നത്. കാഴ്ചയില്ലാത്ത കുട്ടികൾക്കുള്ള മുംബൈ ദാദറിലെ കമല മെഹ്ത സ്കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതൽ പത്ത് വരെ പഠിച്ചത്. ബ്രെയ്ൽ ലിപിയിലായിരുന്നു പഠനം. കുത്തുകൾ കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു കോഡ് ഭാഷയാണ് ബ്രെയ്ൽ. പഠനം നന്നായി മുൻപോട്ട് പോയി. പക്ഷേ, പഠനത്തിന്  മുന്നിൽ പുതിയ വെല്ലുവിളകൾ വീണത് പ്ലസ് വണ്ണിലേക്ക് എത്തിയപ്പോഴായിരുന്നു.

തുണയായി അമ്മയുടെ ക്ലാസ്സുകൾ

1533202139714

പ്ലസ് വണ്‍ പഠിച്ച മുംബൈയിലെ ചണ്ഡിബായ് കോളജിൽ ബ്രെയ്ൽ ലിപി ഉണ്ടായിരുന്നില്ല. ഒപ്പം പഠിക്കുന്ന കുട്ടികൾ ആരുടെയെങ്കിലും നോട്ട് ബുക്സ് വാങ്ങി വേണം പഠിക്കാൻ. അപ്പോഴായിരുന്നു അമ്മ ജ്യോതി പാട്ടീൽ എന്റെ പഠനസഹായിയായി മാറുന്നത്. ഞാൻ കൊണ്ടുവരുന്ന പുസ്തകങ്ങൾ അമ്മ എനിക്കായി വായിക്കും, അത് കേട്ട് ഞാൻ എഴുതും. പക്ഷേ, എല്ലാ പ്രാവശ്യവും ഒരേ കുട്ടിയുടെ പക്കൽ നിന്ന് നോട്ട് ബുക്ക് ലഭിക്കില്ലല്ലൊ. ഓരോ കുട്ടിയുടെയും കയ്യക്ഷരം വ്യത്യാസമായതുകൊണ്ട് അമ്മ അതൊക്കെ വായിച്ചെടുക്കാൻ ബുദ്ധിമുട്ടി. എനിക്കും ആ സമയത്ത് ഇംഗ്ലിഷ് തീരെ വശമില്ലായിരുന്നു. പറയുന്ന വാക്കുകൾ ശരിയാണോ എന്നുപോലും ഉറപ്പിക്കാൻ പറ്റാത്ത അവസ്ഥ.

അവസാനം ഞങ്ങൾ ഒരു സൂത്രം പ്രയോഗിച്ചു. ഓരോ വാക്കും അമ്മ ഉച്ചത്തിൽ പറഞ്ഞു നോക്കും, അത് എഴുതാൻ ഞാനും ശ്രമിക്കും. അതിലെന്തെങ്കിലും തെറ്റുണ്ടെങ്കിൽ വാക്കുകൾ ആവർത്തിച്ചു വീണ്ടുമൊന്ന് ശ്രമിക്കും. പൂർത്തിയായ വാചകങ്ങൾ വായിച്ചുനോക്കുമ്പോൾ തെറ്റ് തോന്നിയാൽ അമ്മയത് ഡിക്‌ഷനറിയിൽ നോക്കി തിരുത്തും. ആ സമയത്ത് എല്ലാ ദിവസവും അമ്മയായിരുന്നു എന്നെ കോളജിൽ കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും. തിരികെ വീട്ടിൽ വന്നാലുടനെ പണികളെല്ലാം അമ്മ ധൃതിയിൽ ചെയ്തുവയ്ക്കും, എന്നാലല്ലേ വൈകിട്ട് എന്റെയൊപ്പമിരുന്ന് പാഠങ്ങൾ പറഞ്ഞുതരാൻ സാധിക്കൂ. സ്കൂളിൽ നിന്ന് തിരികെയെത്തിയാൽ തുടർച്ചായായി എട്ടു മണിക്കൂറോളം ഇരുന്നാണ് ഞങ്ങൾ പഠിച്ചിരുന്നത്. ആ സമയത്ത് എന്റെ അമ്മയുടെ ഇംഗ്ലിഷ്  ഞാൻ പറയുന്നതിനേക്കാൾ എത്രയോ  മികച്ചതായിരുന്നു.

മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ എത്തിയപ്പോഴേക്കും ഞാൻ കംപ്യൂട്ടർ ഉപയോഗിക്കാൻ നന്നായി പഠിച്ചു. അതോടെ പഠനം കൂടുത ൽ എളുപ്പമായി. ചില കീ സ്ട്രോക്കുകൾ പഠിച്ചാൽ മതി. സ്ക്രീ നിലുള്ളതെല്ലാം നമുക്കായി സോഫ്റ്റ്‌വെയർ തന്നെ വായിച്ചു തരും. പിന്നീട് മാസ്റ്റേഴ്സും എം.ഫിൽ പഠനവുമൊക്കെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ നിന്നായിരുന്നു. അവിടെ എനിക്ക് മലയാളി സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നു. ഞാനവരുമായി മിക്കപ്പോഴും വഴക്കിടും, മലയാളത്തിന്റെ പേരിൽ. മറ്റു ഭാഷകൾ പോലെ അല്ലല്ലൊ മലയാളം, പറയാൻ തീരെ വഴങ്ങില്ല. മാത്രമല്ല, മലയാളത്തിൽ എന്റെ പേര് അവർ എപ്പോഴും  തെറ്റിക്കും. ‘പ്രാഞ്ജാൽ’ എന്ന പേര് ‘ബ്രാഞ്ജൽ’ എന്നാണ് അവർ വിളിച്ചിരുന്നത്.

ഒരിക്കൽ കോളജ് ലൈബ്രറിയിൽ ഇരിക്കുമ്പോഴാണ് കൂട്ടുകാരി സിവിൽ സർവീസിനെ പറ്റി പറയുന്നത്, ശ്രമിച്ചുനോക്കാമെന്ന് അപ്പോഴെ മനസ്സിൽ വിചാരിച്ചു. അതിനായി പരിശ്രമം തുടങ്ങുകയും ചെയ്തു. ഭർത്താവ് കോമൾ സിങ് പാട്ടീലിന്റെയും അച്ഛൻ എൽബി പാട്ടീലിന്റെയും സഹായത്തോടെയാണ് റഫറൻസ് പുസ്തകങ്ങൾ ഞാൻ സംഘടിപ്പിച്ചത്. പക്ഷേ, റഫറൻസ് പുസ്തകങ്ങൾ  മാത്രം പോരല്ലൊ എനിക്ക് പഠിക്കാൻ. പുസ്തകങ്ങൾ എല്ലാം സ്കാൻ ചെയ്തു,

അതിന് ശേഷം അവയെല്ലാം സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കേട്ടു പഠിച്ചു. വേറൊരു പ്രശ്നം നല്ല വേഗത്തിൽ  എഴുതാൻ സഹായിക്കുന്ന ഒരു സ്ക്രൈബിനെ കണ്ടെത്തുക എന്നതായിരുന്നു. വിദുഷിയെന്ന സുഹൃത്താണ് സഹായിച്ചത്. ഞാൻ പറയുന്ന വേഗത്തിൽ തന്നെ വിദുഷ പേപ്പറിലേക്ക് ഉത്തരങ്ങൾ പകർത്തും. പരീക്ഷയ്ക്ക്  വിജയിക്കുകയും റെയിൽവേയിൽ ജോലി പ്രതീക്ഷിക്കുകയും ചെയ്ത സമയത്തായിരുന്നു കാഴ്ച വൈകല്യം കാരണം ജോലി ലഭിക്കില്ലെന്ന് മ നസ്സിലായത്. ഫുൾ ബ്ലൈൻഡ്നെസ് ഉള്ളവർക്ക് റെയിൽവേയിൽ ജോലിചെയ്യാൻ അനുവാദമില്ല എന്നത് പുതിയ അറിവായിരുന്നു.  

തിരിച്ചടിക്കാൻ ശക്തി നേടി

1533202118123

മനസ്സ് വല്ലാതെ വിഷമിച്ച സമയമായിരുന്നുവത്. ഏറെ ബുദ്ധിമുട്ടി വിജയിച്ചപ്പോഴും നേരിടേണ്ടി വന്ന പ്രതിസന്ധി വല്ലാതെ വിഷമിപ്പിച്ചു. ഒരുപാട് ആളുകളോട് സംസാരിച്ചു എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കി, വീണുപോകാതിരിക്കാൻ ധാരാളം പുസ്തകങ്ങൾ വായിച്ചു. ആത്മകഥകൾ ഒരുപാട് ഇഷ്ടമുള്ള ഞാൻ ആ ഇടയ്ക്കാണ് നെൽസൺ മണ്ടേലയുടെ ‘ലോങ് വാക് ടു ഫ്രീഡം’ എന്ന പുസ്തകം വായിച്ചത്. മണ്ടേലയുടെ 27 വർഷക്കാലം നീണ്ട തടവു ജീവിതത്തെ പറ്റിയാണതിൽ പറയുന്നത്.  ഒരിക്കൽ അദ്ദേഹം തന്റെ തടവുമുറി മുഴുവൻ തുടയ്ക്കുകയും തുണികളെല്ലാം  കഴുകി വൃത്തിയാക്കുകയും ചെയ്തു. വളരെയധികം ആസ്വാദ്യകരമായിരുന്നു ആ ജോലിയെന്നാണ് അദ്ദേഹം അതിനെ പറ്റി പറയുന്നത്. ആ വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു. തടവറയിൽ കിടക്കുന്ന മനുഷ്യൻ സ്വന്തം ആവശ്യത്തിനായി ചെയ്ത ചെറിയൊരു കാര്യം അദ്ദേഹത്തെ ഇത്രയധികം സന്തോഷിപ്പിച്ചു എന്ന ചിന്ത എനിക്കു നല്ല പ്രചോദനമായി.

നമ്മൾ എത്ര പ്രശ്നങ്ങൾക്കുള്ളിൽ അകപ്പെട്ടിരിക്കുകയാണെങ്കിലും സ്വന്തം സന്തോഷത്തിന് വേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കണം എന്നെനിക്കു തോന്നി. എന്റെ സന്തോഷത്തിന് വേണ്ടി മാത്രമെങ്കിലും ഒന്നു കൂടി ശ്രമിക്കണമെന്നു തോന്നി.  പിന്നെ, ആദ്യത്തെ തവണ റാങ്ക് കുറഞ്ഞതുകൊണ്ടാണല്ലോ റെയിൽവേയിൽ ചേരേണ്ടി വന്നത്. കൂടുതൽ നന്നായി പഠിച്ച് കൂടുതൽ നല്ല റാങ്ക് വാങ്ങിയാൽ ആഗ്രഹിച്ചതുപോലെ െഎഎഎസ് തന്നെ സ്വന്തമാക്കാൻ കഴിയുമല്ലോ. ആ ധൈര്യത്തിലാണ് സിവിൽ സർവീസിലെ രണ്ടാമങ്കത്തിന് തയാറെടുത്തത്.

ഐഎഎസ് ലഭിച്ചെന്നറിയുമ്പോൾ ഞാൻ ഡൽഹിയിലായിരുന്നു. അച്ഛനും അമ്മയും വല്ലാതെ ഇമോഷനലായിരുന്നു എന്ന് എല്ലാവരും എന്നോട് പറഞ്ഞു. കുറച്ചു നേരത്തേക്ക് അവർക്ക് രണ്ടാൾക്കും ഒന്നും സംസാരിക്കാനാകുന്നില്ലായിരുന്നു, കരച്ചിൽ മാത്രമായിരുന്നത്രേ. അത് കേട്ടപ്പൊ അവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചു.  ഉടൻ തന്നെ മുംബൈയിലേക്കെത്തി. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. സിവിൽ സർവിസിന് പഠിച്ചിരുന്ന സമയം ചിന്തിച്ചിരുന്നത് മുഴുവൻ ഇന്ത്യയുടെ പ്രശ്നങ്ങളെ പറ്റിയായിരുന്നു. പക്ഷേ, പോസ്റ്റിങ് കിട്ടിയത് താരതമ്യേന പ്രശ്നങ്ങൾ കുറവുള്ള കേരളത്തിലേക്കും. ഇപ്പോൾ മലയാളം ഒരു കുഴപ്പം പിടിച്ച ഭാഷയാണെന്ന് തോന്നുന്നില്ല. കേരളത്തോടും ഭാഷയോടും ഇവിടുത്തെ മനുഷ്യരോടും ഇപ്പോൾ ഇഷ്ടം മാത്രം.

Tags:
  • Spotlight
  • Inspirational Story