“തികച്ചും അശാസ്ത്രീയമായ പ്രവൃത്തിയാണിത്. ഇങ്ങനെ പല്ലുകളിൽ റബർ ബാൻഡ് ഇടുന്നത് മോണയുടെ ആരോഗ്യം തകരാറിലാകാനും പല്ലുകൾ നഷ്ടപ്പെടാനും വരെ കാരണമാകാം.” കോട്ടയം ഗവൺമെന്റ് ഡെന്റൽ മെഡിക്കൽ കോളജ് ഓർത്തോഡോന്റിക്സ് വിഭാഗം അഡീഷനൽ പ്രഫസർ ഡോ. എൽബി പീറ്റർ പറയുന്നു.
സാധാരണ റബർ ബാൻഡ് വായ്ക്കകത്ത് ഉപയോഗിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്.ഇത്തരത്തിൽ ഒരു റബർ ബാൻഡ് കൈകളിൽ ഇട്ട് നോക്കൂ. രക്തയോട്ടത്തിന് തടസ്സം നേരിടുന്നത് മൂലം കൈകൾക്ക് നീല നിറമുണ്ടാകും. ഇതേ പോലെ റബർ ബാൻഡ് പല്ലുകളിൽ ചുറ്റിയാൽ പല്ലുകൾ തമ്മിലുള്ള മോണയിലെ രക്തയോട്ടം നിലയ്ക്കാൻ സാധ്യതയുണ്ട്. ഇത് പുറമെ നിന്ന് അറിയാൻ കഴിയില്ല. മാത്രമല്ല പല്ലുകൾ നിരയിൽ നിന്ന് താഴേക്ക് ഇറങ്ങി വരാനും സാധ്യതയുണ്ട്. ദന്തൽ ബാൻഡ് എന്നു പറയുന്ന ബാൻഡ് ഉപയോഗിച്ച് പല്ലുകൾക്കിടയിലുള്ള വിടവ് ഇല്ലാതാക്കാമെന്നും ചിലർ വിഡിയോകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇവ പല്ലുകളിൽ ക്ലിപ്പിടുമ്പോൾ ഉപയോഗിക്കുന്നവയാണ്. പല്ലുകളെ ഇങ്ങനെ അടുപ്പിക്കുവാൻ ഉപയോഗിക്കുന്നവയല്ല ഈ ബാൻഡ്. അവ ചെലുത്തുന്ന മർദം എത്രയാകണമെന്ന് ദന്ത ഡോക്ടറുടെ പക്കൽ കൃത്യമായ കണക്കുണ്ട്. അതനുസരിച്ചുള്ള ബാൻഡ് ഡോക്ടർ ക്ലിപ്പുകൾ തമ്മിൽ ബന്ധിപ്പിച്ചാണ് ഉപയോഗിക്കുന്നത്. അല്ലാതെ പല്ലുകളിൽ നേരിട്ടല്ല ഇവ ഉപയോഗിക്കുന്നത്. റബർ ബാൻഡ് ഉപയോഗിച്ച് പല്ലുകൾക്കിടയിലെ വിടവ് അകറ്റാമെന്ന അവകാശവാദമുന്നയിക്കുന്ന വിഡിയോകളിൽ അവതരിപ്പിക്കുന്ന വ്യക്തിയുടെ മുഖം വ്യക്തമായി കാണിക്കുന്നില്ല. ഇതിൽ നിന്ന് തന്നെ ഈ വാദം തട്ടിപ്പാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
പല്ലുകൾക്കിടയിലെ വിടവുകൾ നികത്തുന്നതിന് ക്ലിപ്പിട്ടുള്ള ചികിത്സ ചെയ്ത ശേഷവും ചിലരിൽ പല്പുകൾക്കിടയിൽ വിടവുകൾ കാണാറുണ്ട്. ഇതിന് കാരണങ്ങൾ പലതാണ്. ചികിത്സ പൂർണമാകാത്തതും റീറ്റെയിനറിന്റെ ഉപയോഗക്കുറവും ചിലപ്പോൾ പല്ലുകൾക്കിടയിലെ ദശവളർച്ചയും ആകാം കാരണം. ഇതിന്റെ കാരണം കണ്ടു പിടിച്ച് ശാസ്ത്രീയമായി ചികിത്സിക്കുകയാണ് വേണ്ടത്.
നിരയൊത്ത പല്ലുകളിലൂടെ മുഖസൗന്ദര്യം ഉറപ്പാക്കുന്നതിനൊപ്പം സ്വന്തം പല്ലുകളുടെ ആരോഗ്യം നിലനിർത്തണമെന്നുണ്ടെങ്കിൽ അഞ്ച് വർഷത്തെ ബിഡിഎസ്, മൂന്ന് വർഷത്തെ എംഡിഎസ് ഇവ പൂർത്തിയാക്കിയ സ്പെഷലിസ്റ്റ് ഡോക്ടറെ സമീപിക്കുന്നതാണ് ബുദ്ധി." ഡോ. എൽബി പീറ്റർ വ്യക്തമാക്കുന്നു.