അടുത്തുനില്‍ക്കുന്ന ഒരാള്‍ ചുമച്ചാലോ തുമ്മിയാലോ ഇവന് കോവിഡ് എങ്ങാനും ആണോ എന്ന് ആശങ്കനിറച്ചു നോക്കുന്നവര്‍. തൊണ്ട ചെറുതായൊന്നു വരണ്ടാല്‍, ചെറിയൊരു പനിച്ചൂട് പൊതിഞ്ഞാല്‍ വേവലാതിപ്പെട്ട് ഉഴലുന്നവര്‍... കോവിഡ് 19 എന്ന രോഗവ്യാപനത്തെക്കുറിച്ചുള്ള ഭയത്തിന്റെയും ആശങ്കയുടെയും ഉത്കണ്ഠയുടെയും പിടിയില്‍ പെട്ട് ഉഴലുന്നവര്‍ ഒട്ടേറെയാണ്. രോഗത്തെക്കുറിച്ചുള്ള വേവലാതിയില്‍ ഉരുകി വിളിക്കുന്നവരില്‍ ക്വാറന്റീനില്‍ കഴിയുന്നവരും അല്ലാത്തവരുമായ മുതിര്‍ന്നവരും കൗമാരക്കാരുമുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

ഒരല്‍പം ഭയം രോഗത്തെ ഗൗരവത്തോടെ കാണാനും വേണ്ടുന്ന പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തേജനവും ആകുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഈ ഭയം അതിരുകടന്നാല്‍ മനസ്സിന് നല്ലതല്ല. കോവിഡ് 19 കാലത്ത് മാനസിക ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാം എന്നു നോക്കാം.

ഭയം സ്വാഭാവികം

രോഗം മൂലമുള്ള അനിശ്ചിതത്വമാണ് പ്രധാനമായും ഭയം സൃഷ്ടിക്കുന്നത് . രോഗം എവിടെയോ ഒരാളില്‍ അദൃശ്യനായി ഒളിച്ചിരിക്കുകയാണെന്ന ചിന്തയില്‍ സ്വാഭാവികമായും ഭയം അനുഭവപ്പെടാം. കൊറോണയെ സംബന്ധിച്ച ഏറ്റവും വലിയ പ്രശ്‌നം ശാസ്ത്രീയ അറിവിന്റെ കൂടെ ഒട്ടനവധി തെറ്റായ വിവരങ്ങളും പ്രചരിക്കപ്പെടുന്നുണ്ട് എന്നതാണ്. പുതിയതായി വന്ന രോഗമായതുകൊണ്ട് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും പൂര്‍ണമല്ല, ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ. ഇങ്ങനെ പടച്ചുവിടുന്ന നുണകളില്‍ പലതും ആളുകളുടെ ഉള്ളിലെ തീ കൂട്ടുന്നവയാണ്. വെറുതെ വീട്ടില്‍ ഇരിക്കുന്ന സമയമായതുകൊണ്ട് സോഷ്യല്‍ മീഡിയ വഴി ഇതിന് വന്‍തോതില്‍ പ്രചാരണവും ലഭിക്കും.

ഇത്തരെമാരു മഹാരോഗത്തെ നേരിടുമ്പോള്‍ ഭയം സ്വാഭാവികമാണ് എന്ന് സ്വയം അംഗീകരിക്കുക. എനിക്കു മാത്രമല്ല, ചുറ്റുമുള്ളവരിലും ഏറിയും കുറഞ്ഞും ഇതേ ഭയമുണ്ട്. ഇതൊരു പൊതു വിപത്താണ്. ഒരൊറ്റ മനസ്സായി ഈ വിപത്തിനെ കൈകാര്യം ചെയ്യുകയാണ് വേണ്ടത് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ തന്നെ നന്നായി. നിങ്ങളുടെ ആശങ്കകളെ സ്വകാര്യമായി വയ്ക്കാതെ പങ്കുയ്ക്കുകയും തുറന്നു ചര്‍ച്ച ചെയ്യുകയും ചെയ്യുകയാണ് നല്ലത്.

പ്രത്യേകിച്ച് ഭയം അതിരുവിടുന്നുണ്ടോ എന്നു സംശയം തോന്നിയാല്‍, രോഗഭയം ദൈനംദിന ജീവിതത്തിന്റെ താളക്രമം തെറ്റിച്ചാല്‍, ഊണും ഉറക്കവും രോഗഭീതിയില്‍ നഷ്ടമായിത്തുടങ്ങിയാല്‍ ചുറ്റുമുള്ളവരുമായി ഈ പ്രയാസങ്ങള്‍ പങ്കുവയ്ക്കുക. മനസ്സിലെ ഭാരമൊഴിയട്ടെ.

മനസ്സില്‍ തള്ളിക്കയറിവരുന്ന ആശങ്കകള്‍ക്കു പലതിനും അടിസ്ഥാനമുണ്ടാകില്ല. അതുകൊണ്ട് അത്തരം ചിന്തകളില്‍ നിന്നും മനപൂര്‍വമായി ശ്രദ്ധമാറ്റുക. നല്ലൊരു സിനിമ കണ്ടോ പാട്ടു കേട്ടോ മനസ്സിനെ ഉല്ലാസഭരിതമാക്കുക.

ഒളിപ്പിച്ചു വയ്ക്കരുത്, ഒറ്റപ്പെടില്ല

രോഗലക്ഷണങ്ങളെന്നു സംശയിക്കാവുന്ന ശാരീരിക മാറ്റങ്ങള്‍ കണ്ടാല്‍ മറച്ചുവയ്ക്കുകയല്ല വേണ്ടത്. അതിന്റെ പേരില്‍ ഒറ്റപ്പെടുമെന്ന ഭയം തോന്നാം. പക്ഷേ, ഭയംകൊണ്ട് രോഗം ഒളിപ്പിച്ചുവയ്ക്കരുത്. അത് സമൂഹത്തോടും സഹജീവികളോടും ചെയ്യുന്ന വലിയ തെറ്റാകും. ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുക. അവരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.

ആശങ്ക കൂട്ടുന്ന വായന വേണ്ട

നിങ്ങള്‍ സ്വതവേ ആശങ്ക പ്രകൃതമുള്ളയാളാണെങ്കില്‍, ചെറിയ പ്രശ്‌നങ്ങള്‍ പോലും വേവലാതി ഉളവാക്കുമെങ്കില്‍ കൊവിഡ് സംബന്ധിച്ച വാര്‍ത്തകളുടെയും സമൂഹമാധ്യമ വിവരണങ്ങളുടെയും പുറകേ പോകരുത്. വ്യാജപ്രചാരണങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കാം. ഭയത്തെ തോല്‍പിക്കാനുള്ള പ്രധാനമാര്‍ഗം രോഗത്തെ ശാസ്ത്രീയമായി അറിയുകയാണ്. ഇതിന് ലോകാരോഗ്യ സംഘടന പോലെ ആധികാരികമായ ഏതെങ്കിലും ഒന്നോ രണ്ടോ വെബ്‌സൈറ്റുകള്‍ മാത്രം നോക്കുക.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍

ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ആകുലത വര്‍ധിച്ച് വീട്ടിലെ കാര്യങ്ങളിലും തൊഴില്‍പരമായും ഉള്ള ഉള്‍വലിയല്‍, വിഷാദത്തിന് അടിമപ്പെടുക, പാനിക് അറ്റാക്ക് വരിക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ആധി കൈവിട്ടുപോകുന്നു എന്നു മനസ്സിലാക്കാം. പേടി അതിരുകടക്കുന്നതായി കണ്ടാല്‍ വിദഗ്ധ സഹായം തേടാന്‍ മടിക്കരുത്.

മനസ്സുകളെ ചേര്‍ത്തുവയ്ക്കാം

രോഗം ആരുടെയും കുറ്റമല്ല. സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നത് ശരീരം കൊണ്ടുള്ള അകലമാകണം. മനസ്സുകൊണ്ടാകരുത്. രോഗവുമായി അകലുമ്പോള്‍ രോഗിയുമായി മാനസികമായി അകന്നുപോകരുത്. പരിചയക്കാരോ ബന്ധുക്കളിലോ ക്വാറന്റീനില്‍ കഴിയുന്നത് നമുക്കു വേണ്ടികൂടിയാണ് എന്ന് മറക്കരുത്. അവരുമായി ആശയവിനിമയം നിലനിര്‍ത്തണം. ഒറ്റയ്ക്കല്ല എന്നു ധൈര്യം പകരണം. നമ്മളെല്ലാവരും രോഗസാധ്യത ഉള്ളവരാണ് എന്നത് മറക്കേണ്ട.

രോഗസാധ്യത കൂടുതല്‍ ഉള്ളവരെ സ്‌നേഹത്തോടെയും ആദരവോടെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി സ്വയം സാമൂഹിക അകലം പാലിക്കാന്‍ പ്രേരിപ്പിക്കുക. 65 വയസ്സിനു മുകളില്‍ലുള്ളവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍, ഹൃദ്രോഗികള്‍, അവയവം മാറ്റിവച്ചതിനെ തുടര്‍ന്ന് രോഗപ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവര്‍ എന്നിവര്‍ അപകടസാധ്യതാഗ്രൂപ്പില്‍ പെടുന്നു.

അനുഷ്ഠാനം പോലെ ചെയ്യാം

സോഷ്യല്‍ ഡിസ്റ്റന്‍സിങിനെ ഒരു അസൗകര്യമായി കാണരുത്. ഇതിനെ ഒരു വ്രതം പോലെയോ അനുഷ്ഠാനം പോലെയോ കാണുവാനും ആ നിഷ്ഠയോടെ പിന്‍തുടരുവാനും കഴിയണം. രോഗഭീതി ഇല്ലാത്ത ഒരു ഭാവിജീവിതത്തിന് ഇപ്പോള്‍ ഇത്തിരി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതായുണ്ട്.

മാനസിക ആരോഗ്യം ദുര്‍ബലരായുള്ളവരും ഒസിഡി പോലെയുള്ള മാനസികപ്രശ്‌നങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരും രോഗം സംബന്ധിച്ചുള്ള നാരുകീറിയുള്ള ചര്‍ച്ചകള്‍ക്കും വായനയ്ക്കും പോകാത്തതാണ് നല്ലത്. ചിലരില്‍ ഇത് നിലവിലുള്ള നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം.

ക്വാറന്റീന്‍ വേണ്ടവിധം നടപ്പാക്കാത്തവരെ വിമര്‍ശിക്കുമ്പോള്‍ അവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുക. രോഗത്തോട് ചേര്‍ത്തു പറയുകയോ വ്യക്തിയെ വിമര്‍ശിക്കുകയോ ചെയ്യരുത്. അല്ലെങ്കില്‍ അത് കൂടുതല്‍ സാമൂഹികമായ തൊട്ടുകൂടായ്മയ്ക്ക് കാരണമാകാം.

വീട്ടിലിരിപ്പ് ബോറടിയോ?

ദിവസങ്ങളോളം വീട്ടില്‍ ഇരിക്കുമ്പോഴുള്ള വിരസതയും മുഷിച്ചിലും അകറ്റാന്‍ ദിനചര്യ തന്നെ ഒന്നു പുനക്രമീകരിക്കുക. എപ്പോഴും ഭക്ഷണം കഴിക്കലും ഉറക്കവും മാത്രമായാല്‍ മടുപ്പാകും. കുടുംബത്തോടൊത്ത് കൂടുതല്‍ സമയം പങ്കിടുക. വ്യായാമത്തിനും വിനോദത്തിനും വീട്ടില്‍ തന്നെ സാഹചര്യം കണ്ടെത്തുക. ശരീരം കൊണ്ട് അകന്നാണെങ്കിലും പ്രിയപ്പെട്ടവരെ ഫോണില്‍ വിളിച്ച് സംസാരിക്കുക. പരസ്പരം ആത്മവിശ്വാസം പകരുക.

സോഷ്യല്‍ മീഡിയ ഉപയോഗം അമിതമായാല്‍ അത് ഭാവിയില്‍ അഡിക്ഷന് ഇടയാക്കാം. അതുകാണ്ട് വീട്ടിലായിരിക്കുമ്പോള്‍ ഈ ഉപയോഗത്തിന് ഒരു സമയപരിധി സ്വയം വയ്ക്കുകയും അതനുസരിച്ച് മാത്രം ഉപയോഗിക്കുകയും ചെയ്യുക.

കുട്ടികളെ ചേര്‍ത്തുപിടിക്കാം


ചില കുട്ടികളില്‍ പേടിയും ടെന്‍ഷനും അനുഭവപ്പെടാം. എപ്പോഴും മാതാപിതാക്കള്‍ കൂടെ വേണമെന്നു വാശി പിടിക്കാം. അത് സ്വാഭാവികമാണ്. കുട്ടിയുടെ പ്രായത്തിന് അനുസരിച്ച് രോഗത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും കൈ കഴുകല്‍ പോലുള്ള പ്രതിരോധ നടപടികള്‍ ശീലിപ്പിക്കുകയും ചെയ്യാം. പതിവു ദിവസങ്ങളിലെ പോലെ തന്നെയുള്ള ദിനചര്യ തുടരുന്നതാണ് നല്ലത്. വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴും കളികളിലോ ക്രിയാത്മക പ്രവര്‍ത്തികളിലോ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക. കുട്ടിയുടെ പേടി അതിരുകടക്കുന്നതായി കണ്ടാല്‍ വിദഗ്ധ സഹായം തേടാന്‍ മടിക്കരുത്.

വിവരങ്ങള്‍ക്ക് കടപ്പാട്;

ഡോ. സി. ജെ. ജോണ്‍

മാനസികാരോഗ്യ വിദഗ്ധന്‍, മെഡി. ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി