ഡാൻസിനും പാട്ടിനുമൊരു ‘പ്രായം’, വീടും കുടുംബവും നോക്കാനൊരു ‘പ്രായം’. അങ്ങനെയൊക്കെ  ചിന്തിച്ചിരിക്കുന്നവർ ഇനി സ്വയം ഒന്നും നുള്ളി നോക്കിക്കോളൂ. പ്രായത്തിന്റെയും അസുഖങ്ങളുടെയും മുകളിൽ ചിലങ്കകെട്ടി മനസ്സ് തുറന്നു നൃത്തമാടുകയാണ് പുതുപ്പള്ളിയെ കലാകളരി നൃത്തസംഘത്തിെല ‘അമ്മഗ്യാങ്’. നാൽപത് വയസ്സ് മുതൽ എഴുപത് വയസ്സ് വരെയുള്ള ഗ്യാങിൽ, അമ്മമാരും മുത്തശ്ശിമാരും മുതുമുത്തശ്ശിമാരും ഒരേ താളത്തിൽ ഭരതനാട്യത്തിന് ചുവടുകൾ വയ്ക്കുകയാണ്. 

ഡാൻസിനോടുള്ള അമിതമായ ഇഷ്ടം കാരണം മക്കളെ ഡാൻസ് സ്കൂളിൽ ചേർക്കാൻ വന്നവരാണിവിടത്തെ അമ്മമാർ ഏറെയും. പക്ഷേ, മക്കളിൽ പലരും മടിപിടിച്ചും ഡാൻസിനോട് ഇഷ്ടമില്ലെന്നും പറഞ്ഞ് തിരികെ പോന്നു. അപ്പോഴാണ് എപ്പോഴൊ അണിയാൻ മറന്ന ചിലങ്കയുടെ താളങ്ങൾ അമ്മമാരെ മോഹിപ്പിച്ചത്. അവരുടെ ഇഷ്ടം മനസിലാക്കാനും കൂടെ നിന്നു നല്ല കിടിലൻ മോട്ടിവേഷൻ തരാനും ‘കലാകളരി’യിലൊരു ടീച്ചറുമുണ്ടായി, അഞ്ജലി ഹരി.

മൂന്ന് വയസ്സ് മുതലേ ഡാൻസ് പഠിക്കാനിറങ്ങറിയ തൃശ്ശൂരുകാരി ടീച്ചറിനും പറയാനുണ്ട് ഒരു അമ്മക്കഥ. അമ്മ ജ്യോതിയുടെ പ്രോത്സാഹനത്തിലാണ് അഞ്ജലി ഡാൻസിന്റെ ലോകത്തേക്ക് എത്തിയത്. പിന്നീട്, തൃശ്ശൂരിലെ പഠനത്തിനൊപ്പം സുരേഖ ടീച്ചറിന്റെ ഡാൻസ് ക്ലാസ്സുകൾ കൂടി ആയതോടെ പത്താം ക്ലാസ് എത്തിയപ്പോഴേ അഞ്ജലി ഡാൻസ് ടീച്ചറായി.  ക്ലാസ്സ് തുടങ്ങാൻ  ആലോചിച്ച നാൾ തൊട്ട് അഞ്ജലി ശ്രദ്ധിച്ചിരുന്നൊരു കാര്യമുണ്ട്, പരസ്യ ബോർഡുകളില്‍ ഡാൻസ് ക്ലാസ്സുകൾക്കായി നൽകിയിരുന്നു പ്രായം. അവിടെ പലപ്പോഴും ഡാൻസ് പഠിക്കാൻ  അമ്മമാരെ ഒഴിവാക്കിയിരുന്നതായി തോന്നി. അതുകൊണ്ട് ഡാൻസ് ക്ലാസ് തുടങ്ങാൻ ആലോചിച്ചപ്പോഴേ അഞ്ജലി തീരുമാനമെടുത്തു, എഴുപത് വയസ്സ് വരെ എല്ലാവർക്കും  ക്ലാസ്സ് ഒരുക്കുമെന്ന്. ആഗ്രഹം പോലെ അ‍ഞ്ജലിക്ക് ആദ്യ സ്‍റ്റുഡന്റിനെകിട്ടി, തൃശ്ശൂരുള്ള ഷൈലജ വെങ്കിട്ടരാമൻ, 65 വയസ്സ്. ഇപ്പോൾ എറണാകുളത്തും കോട്ടയത്തുമായി അ‍ഞ്ജലിയുടെ ‘കലാകളരി’ക്ക് ഡാൻസ് സ്കൂളുകളുണ്ട്.

‘ചാരീസ്’ നൃത്തശൈലി വഴി സ്ത്രീകളുടെ ശരീരത്തിന് അഴകും മെയ്‌വഴക്കവും കൂട്ടുകയും ചെയ്യുന്നുണ്ട് കലാകളരിയിവടെ. പലതരം രോഗങ്ങളുള്ളവർ ഡാൻസ് ക്ലാസ്സിൽ എത്തിയശേഷം, രോഗങ്ങളിൽ നിന്നു രക്ഷപെട്ടു തുടങ്ങിയിട്ടുണ്ട്.  ‘ഫിറ്റ്നെസ്സിനൊപ്പം ഡാൻസെന്നാണ്’ ഇതിന് അമ്മഗ്യാങ്  നൽകുന്ന വിശേഷണം.

ഡാൻസ് പഠിക്കാനെത്തുന്ന ചെറിയ കുട്ടികൾക്ക് നൽകുന്ന ശ്രദ്ധയിലും കൂടുതൽ സമയം ഞങ്ങൾക്ക് ടീച്ചർ  നൽകാറുണ്ട്. അതിനൊടൊപ്പം നിന്ന് ശ്രദ്ധയോടെ ടീച്ചറിനെ നോക്കി പഠിക്കാറുമുണ്ട് ഞങ്ങളെല്ലാവരും. അപ്പോൾ ഞങ്ങൾക്ക് തോന്നും, കാലമൊട്ടും കടന്നുപോയിട്ടില്ല. ഞങ്ങൾക്കിപ്പോഴും ചെറുപ്പമാണെന്ന്’  ഒരു ഗ്രൂപ്പ്ചിരി പാസ്സാക്കി അമ്മ ഗ്യാങ് പറഞ്ഞവസാനിപ്പിച്ചു.