Thursday 08 August 2019 07:29 PM IST

മഴ കനക്കുമ്പോൾ വീട്ടിൽ‌ ഒരു കണ്ണ് വേണേ! വീടിനേയും വീട്ടുകാരേയും ബാധിക്കാതെ മഴയെ പ്രതിരോധിക്കാം

Rakhy Raz

Sub Editor

rain

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്കു പുറത്ത്’ ഏതാണ്ട് ഈ തരത്തിലാണ് കാലാവസ്ഥയിപ്പോൾ. ഇടവപ്പാതിയിൽ പോലും പെയ്യാതെ പറ്റിച്ച മഴ ഒന്നു വേഗം വന്നെത്തിയെങ്കിൽ എന്ന് കൊതിച്ചു. ഒടുവിൽ മഴ പെയ്തുതുടങ്ങുമ്പോൾ ‘എന്തൊരു മഴയാണിത്’ എന്നു പറഞ്ഞുപോകുന്ന അവസ്ഥ.

ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങൾ നമുക്കു മാത്രമല്ല, വീടിനും പല മാറ്റങ്ങൾ വരുത്തുന്നുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങൾ അനുസരിച്ച് വീട് നിർമിച്ചിരിക്കുന്ന മെറ്റീരിയലുകൾക്കു വരുന്ന മാറ്റം ആണ് ‘ഡൈമെൻഷനൽ വേരിയേഷൻ’. റെക്കോർഡ് ചൂട് രേഖപ്പെടുത്തിയാണ് വേനൽ കടന്നു പോയത്. കാലാവസ്ഥയിൽ കടുത്ത മാറ്റം വന്നതിനാൽ തന്നെ വീടിന്റെ പ്രശ്നങ്ങളും രൂക്ഷമാകും.

മഴക്കാലത്തെ നേരിടാനും മഴക്കാല പ്രശ്നങ്ങൾ വീടിനെയും വീട്ടുകാരെയും ബാധിക്കാതെ പ്രതിരോധിക്കാനും ചില വഴികളുണ്ട്. പല തരത്തിലുള്ള ഫിനിഷുകളോടു കൂടിയതാണ് ഓരോ വീടും. ഒാരോന്നിനും അതിനനുസരിച്ചുള്ള സംര ക്ഷണം നൽകണം എന്നതാണു പ്രധാനം. എന്നാലിനി ഒട്ടും വൈകേണ്ട, ഇവയ്ക്കു വേണ്ട അറ്റകുറ്റപ്പണി ചെയ്തു തുടങ്ങാം.

വിള്ളലിനും പൂപ്പലിനും ബൈ ബൈ

ചുവരുകൾക്കു വിള്ളലുകൾ ഉണ്ടെങ്കിൽ അവ പൊളിച്ച് സിമന്റും പുട്ടിയുമിട്ട് തേച്ച് വിള്ളലുകൾ മാറ്റുക. എക്സ്റ്റീരിയർ വോളിൽ ക്ലിയർ വെതർ കോട്ട് പെയിന്റ് അടിക്കുന്നത് നന്നായിരിക്കും.

വലിയ വിള്ളലുകൾ കാണാനാകുമെന്നതിനാൽ എളുപ്പം പരിഹരിക്കാനാകും, എന്നാൽ ചെറിയ വിള്ളലുകൾ അത്ര വേഗം ശ്രദ്ധിൽ പെടില്ല. ഇവയിലൂടെ ഭിത്തിയിലേക്ക് വെള്ളമിറങ്ങാൻ ഇടയാകും. പെയിന്റ് അടിക്കുകയാണ് ഹെയർ ലൈൻ ക്രാക്കുകൾ മൂടാനുള്ള വഴി. വെള്ളമിറങ്ങി ചുമരുകളിൽ പൂപ്പൽ പിടിക്കുന്നത് ഇങ്ങനെ ഒഴിവാക്കാം. മഴയേൽക്കുന്ന ചുവരിൽ സ്റ്റോൺ ക്ലാഡിങ് ചെയ്യുന്നതു നല്ലതാണ്. ചെലവ് കുറയ്ക്കണം എന്നുണ്ടെങ്കിൽ എക്സ്റ്റേണൽ വോളിൽ സിലിക്കൺ കോംപൗണ്ട് അടിക്കാം.

മഴക്കാലമായാൽ മുറ്റത്തെ ഫ്ലോർ ടൈലുകൾ വഴുക്കലുള്ളതാകും. ഗ്രിപ്പ് ഉള്ള ടൈൽ ഇടുന്നതും ടൈലുകൾക്കിടയിൽ പുല്ല് പിടിപ്പിക്കുന്നതും വഴുക്കൽ കുറയ്ക്കും. ടൈലുകളിൽ ആന്റി ഫംഗൽ ക്ലിയർ കോട്ട് അടിച്ചിടുന്നതും നല്ല വഴിയാണ്. മഴക്കാലത്ത് ഇടയ്ക്കിടെ ബ്ലീച്ചിങ് പൗഡർ ഇട്ട് പായൽ കളയാനും പ്രഷർ വാഷ് ഉപയോഗിച്ച് കഴുകാനും മറക്കേണ്ട.

മേൽക്കൂരയ്ക്കു വേണം സംരക്ഷണം

വീട് പണിയുമ്പോൾ തന്നെ ശ്രദ്ധാപൂർവം വാട്ടർ പ്രൂഫിങ് ചെയ്താൽ മഴക്കാലത്ത് ചർച്ചയും വെള്ളമിറങ്ങി മേൽക്കൂരയുടെ ഉൾവശത്ത് പൂപ്പൽ പിടിക്കുന്നതു തടയാനാകും.

പരന്ന മേൽക്കൂരയെക്കാൾ ചരിഞ്ഞ മേൽക്കൂരയ്ക്കാണ് ചോർച്ചയും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ. ചെരിഞ്ഞ മേൽക്കൂരയ്ക്കു കൂടുതൽ ഏരിയ ഉണ്ടാകുമെന്നതും പ്ലാസ്റ്ററിങ്ങിന്റെ കനക്കുറവും ചോർച്ചയ്ക്കു കാരണമാകാം. സിമന്റ് കൊണ്ടുള്ള പ്ലാസ്റ്ററിങ്ങിന് സുഷിരങ്ങൾ ഉള്ളതിനാ ൽ വാട്ടർ പ്രൂഫിങ് ചെയ്തില്ലെങ്കിൽ തീർച്ചയായും വെള്ളമിറങ്ങും. ചരിഞ്ഞ മേൽക്കൂരയ്ക്കു സ്റ്റീൽ ഫ്രെയിം അല്ലെങ്കിൽ വുഡൻ റീപ്പർ നൽകി ടൈൽ പതിപ്പിക്കുന്നത് മികച്ച വാട്ടർ പ്രൂഫിങ് ആയിരിക്കും.

സ്ലോപ് മേൽക്കൂരയിൽ ഓട് ഉപയോഗിക്കുകയാണെങ്കിൽ സീലിങ് ചെയ്യണം. പായൽ പിടിക്കാതിരിക്കാൻ ക്ലിയർ കോട്ട് അടിക്കുകയും വേണം. ഫോൾസ് സീലിങ്ങിൽ വെള്ളം കെട്ടി നിന്ന് ഫംഗസ് ബാധയുണ്ടാകാം. അതിനാൽ ശരിയായ വാട്ടർ പ്രൂഫിങ് പ്രധാന മേൽക്കൂരയ്ക്ക് ഉണ്ടാകണം. ജിപ്സം, പ്ലാസ്റ്റർ ഒഫ് പാരീസ് തുടങ്ങിയവ കൊണ്ടാണ് ഫോൾസ് സീലിങ് ചെയ്യുന്നതെങ്കിൽ പ്രത്യേകിച്ചും.

ഓടിട്ട വീടുകളിൽ മഴക്കാലത്തിനു മുൻപ് ഓട് ഇളക്കി വീണ്ടും അടുക്കുന്നത് നന്നായിരിക്കും. ശേഷം ക്ലിയർ കോട്ട് അടിച്ചു കൊടുക്കാം. ഇത് പായലിനെയും പൂപ്പലിനെയും തടയും.

ഏറ്റവും ശ്രദ്ധ വേണ്ടതു തടിക്ക്

കട്ടള, ജനലിന്റെ ഫ്രെയിം, ഫർണിച്ചർ, കാബിനറ്റുകൾ തുടങ്ങി തടി കൊണ്ടുള്ള ഒട്ടേറെ നിർമിതികൾ ഉള്ളതാണ് ഓരോ വീടും. മഴക്കാലത്തെ ഈർപ്പം ഏറ്റവും ബാധിക്കുന്നതും തടിയെയാണ്. കട്ടള ചെറുതായി വീർത്ത് വാതിലുകളും ജനലുകളും അടയാതാകുക പ്രധാന പ്രശ്നമാണ്. സീസൺ ചെയ്ത തടി ഉപയോഗിച്ചാണ് കട്ടളയുടെയും ജനൽ ഫ്രെയിമുകളുടെയും നിർമിതിയെങ്കിൽ പ്രശ്നം കുറയും.

തടിയിലെ അമിത ഈർപ്പം വലിച്ചെടുത്ത് ആവശ്യമായ അ ളവിൽ മാത്രം ഈർപ്പം നിലനിർത്തുകയാണ് സീസണിങ്ങിലൂടെ ചെയ്യുന്നത്. സീസണിങ് ചെയ്ത തടി ആണെങ്കിലും അല്ലെങ്കിലും അവയ്ക്ക് ലാക്കർ ക്ലിയർ കോട്ട് അടിച്ചു കൊടുക്കുന്നത് നന്നായിരിക്കും. തടിയിലെ സുഷിരങ്ങൾ അടയാൻ ഈ കോട്ടിങ് സഹായിക്കുന്നതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കുന്നത് ഒരുപരിധിവരെ തടയും.

ഫർണിച്ചറിനും ലാക്കർ കോട്ട് അടിക്കണം. എൻജിനീയേ ഡ് വുഡ് ഉപയോഗിച്ചുള്ള ഫർണിച്ചറിനെ മഴക്കാലം അത്ര ബാധിക്കില്ലെങ്കിലും അവയ്ക്കും ഈ കോട്ടിങ് കൊടുക്കാം. ഫർണിച്ചറിന്റെ എല്ലാ ഭാഗത്തും കോട്ടിങ് നൽകാൻ ശ്രദ്ധിക്കണം. സോളിഡ് വുഡ് ഫർണിച്ചർ മാത്രമല്ല എൻജിനീയേഡ് വുഡ് കൊണ്ട് നിർമിച്ചവയും വെള്ളം ഉപയോഗിച്ചു തുടയ്ക്കരുത്.

പ്രളയ സാധ്യത ഉള്ള ഇടങ്ങളിൽ എൻജിനീയേഡ് വുഡ് കൊണ്ടുള്ള ഫർണിച്ചർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാബിനറ്റുകൾക്ക് എൻജിനീയേഡ് വുഡ്, പ്ലൈ വുഡ്, എംഡിഎഫ്, എച്ച്ഡിഎഫ് പോലുള്ള മെറ്റീരിയൽ ഉപയോഗിക്കുന്നതിനു പകരം മൾട്ടി വുഡ് ഉപയോഗിക്കുന്നതാകും നല്ലത്. മികച്ച വാട്ടർ പ്രൂഫിങ് നൽകുന്ന മെറ്റീരിയലാണ് മൾട്ടി വുഡ്.

ഭൂജല നിരപ്പ് ഉയർന്ന് തറയ്ക്കും ചുവരുകൾക്കും ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തടി ഫർണിച്ചർ ചുവരിൽ തൊടാത്ത വിധം ഇട്ടാൽ പൂപ്പൽ ഒഴിവാക്കാം. നിർമാണ ഘട്ടത്തിൽ തറയിൽ വാട്ടർ പ്രൂഫിങ് ചെയ്തിട്ടുണ്ടെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ല. മഴക്കാലം കേരളത്തിലെ ആവർത്തിക്കുന്ന കാലാവസ്ഥ ആയതിനാൽ നിർമാണ ഘട്ടത്തിൽ തന്നെ വാട്ടർ പ്രൂഫിങ് കേരളത്തിലെ വീടുകൾക്ക് ഏറെ ആവശ്യമാണ്. ജല സ്രോതസ്സുകളുടെ അടുത്തായി പണിയുന്ന വീടുകളുടെ തറയിൽ വാട്ടർ പ്രൂഫിങ് ലെയർ നൽകുന്നത് വളരെ നന്നായിരിക്കും.

ഫർണിച്ചറിന്റെ കാലുകൾക്ക് ബുഷ് പിടിപ്പിച്ച് തറയിൽ തൊടാത്ത വിധത്തിൽ ഇടാം. ഫർണിച്ചർ വാക്വം ക്ലീൻ ചെയ്യുന്നതാണ് നല്ലത്. തടി അലമാരകളിൽ നനവുള്ള വസ്ത്രങ്ങൾ മടക്കി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രങ്ങളും ഒപ്പം അലമാരയും സംരക്ഷിക്കാൻ ഇതുവഴി കഴിയും.

മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങട്ടെ

ടെറസ്സിൽ വീഴുന്ന മഴവെള്ളം ഒഴുകിപ്പോകാനായി നിർമിച്ചിരിക്കുന്ന ഓവുകൾ വൃത്തിയാക്കിയിടണം. വേനൽക്കാലത്ത് ടെറസ്സിലും പാരപ്പറ്റിലും വീണുകിടക്കുന്ന ഇലകൾ വാരി കളയണം. ഓവുകളിൽ പൊടിയും പായലും അടിഞ്ഞ് വെള്ളം കെട്ടിക്കിടന്നാൽ ഭിത്തിയിലേക്ക് ഈർപ്പമിറങ്ങും. അതിനാൽ അടഞ്ഞിരിക്കുന്ന ഓവുകളെല്ലാം തുറന്നിടണം.

ഒഴുകിയിറങ്ങുന്ന വെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിനാ യി മഴക്കുഴികളും മഴവെള്ള സംഭരണത്തിനായുള്ള മാർഗങ്ങളും സ്വീകരിക്കുന്നതു നന്നായിരിക്കും.

ഫാബ്രിക്കിന് സ്കോച്ച് ഗാർഡ്

മഴക്കാലത്ത് ഈർപ്പവും അഴുക്കും പിടിച്ച് പ്രശ്നം സൃഷ്ടി ക്കുന്ന വസ്തുക്കളിൽ പ്രധാനമാണ് സോഫ്റ്റ് ഫർണിഷിങ്ങിനായി ഉപയോഗിക്കുന്ന ഫാബ്രിക്കുകൾ. ഫാബ്രിക് അപ്ഹോൾസ്റ്ററി ഉള്ള ഫർണിച്ചറും കാർപറ്റുകളും, ഫാബ്രിക് സോഫകളും കാർപെറ്റുകളും മഴക്കാലത്ത് നന്നായി വാക്വം ചെയ്യണം. ആഹാര സാധനങ്ങളോ പാനീയങ്ങളോ വീണ് സോഫയിലും മറ്റും നനവ് പറ്റിയാൽ വൃത്തിയാക്കിയ ശേഷം വാക്വം ക്ലീനറിന്റെ ഡ്രയർ ഉപയോഗിച്ച് ഉടനടി ഉണക്കുന്നത് നല്ലതായിരിക്കും. അപ്ഹോൾസ്റ്ററിയിലും കാർപറ്റിലും സ്കോച്ച് ഗാർഡ് ഫാബ്രിക് അടിക്കുന്നത് ഈർപ്പം പിടിക്കാതിരിക്കാൻ സഹായിക്കും.

മഴക്കാലത്ത് കർട്ടനുകളും ഡ്രേപ്പുകളും നനയാതെ ശ്ര ദ്ധിക്കുക. വേഗം ഉണങ്ങുന്ന സിന്തറ്റിക് ഫാബ്രിക് കൊണ്ടുള്ള കർട്ടനുകളോ പ്ലാസ്റ്റിക് ബ്ലൈൻഡ് കർട്ടനോ ആണ് മഴക്കാലത്ത് നല്ലത്.

മുറ്റത്തു നിന്ന് ഈർപ്പം അകത്തേക്കു കയറാതിരിക്കാനുള്ള നടപടികൾ ചെയ്യണം. ഷൂ റാക്കുകൾ പുറത്തു വയ്ക്കുക. പുറത്തെ ചവിട്ടികൾ പ്ലാസ്റ്റിക് കൊണ്ടുള്ളതോ റബർ കൊണ്ടുള്ളതോ ആക്കുക. വീടിനകത്തേക്കു കടക്കുന്ന ഭാഗത്ത് നന്നായി വെള്ളം വലിക്കുന്ന ചവിട്ടികൾ ഇടുക എന്നിവ ചെയ്യുന്നത് നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്:
സൈറ മാത്യുആർക്കിടെക്റ്റ്
മാത്യു ആൻഡ് സൈറ ആർക്കിടെക്റ്റ്സ്
കൊച്ചി