ലോക്ഡൗൺ കാലത്തിന് മുൻപ് രാജേഷ് ഒരു പാരൽ കോളജ് അധ്യാപകനായിരുന്നു. ജീവിത ഉപാധിയായി അധ്യാപനവും എഴുത്തും മാത്രം മുന്നിൽ കണ്ടിരുന്ന സാധാരണക്കാരൻ . എല്ലാവരെയും അപ്രതീക്ഷിതമായി ഞെട്ടിച്ച കൊറോണ രാജേഷിനെയും ഒന്ന് പേടിപ്പിച്ചു. കോളജിലെ ജോലി പോയി, എഴുത്തുകൾ പബ്ലിഷ് ചെയ്യാനായി ആളുകൾ ഇല്ലാതെയായി. കണ്ണിൽ ഇരുട്ടുകേറിയ നേരം രാജേഷ് ചിന്തിച്ചത്, നിറങ്ങളെക്കുറിച്ചാണ്. എന്നോ മറന്നു വച്ച നിറങ്ങളങ്ങനെ രാജേഷിന് പുതിയ ജീവിതം നൽകുകയായിരുന്നു.

മലപ്പുറം കീഴ്ശ്ശേരി സ്വദേശിയായിരുന്ന രാജേഷിന് മുന്നിലേക്ക് ആദ്യമായി ചിത്രകലയെത്തിയത് സ്കൂളിൽവച്ചായിരുന്നു. സ്കൂളിലെ ബ്ലാക്ബോർഡിൽ ടീച്ചർ പകർത്താൻ പറഞ്ഞ ഒരു കുതിരയിലൂടെ രാജേഷ് വരയുടെ ലോകത്തേക്ക് എത്തി. പെയിന്റില്ലാതിരുന്നപ്പോൾ മണ്ണിൽ നിന്നും കല്ലിൽ നിന്നും ഇലയിൽ നിന്നുമൊക്കെ നിറങ്ങളുണ്ടാക്കി രാജേഷ് വര തുടർന്നു. പക്ഷേ, കുതിരയിൽ തുടങ്ങിയ വരയുടെ ആവേശത്തിന് കുതിരുയുടെ വേഗമോ ദൂരമോ കിട്ടിയില്ല സമയക്കുറവെന്ന ‘മടിക്കള്ളം’ പറഞ്ഞ് രാജേഷ് നിറങ്ങളുപേക്ഷിച്ചു. പാരലൽ കോളജ് അധ്യാപനത്തിനൊപ്പമുള്ള നോവൽ എഴുത്തുകളുമായി മുൻപോട്ടു പോയി. പക്ഷേ, ഇരുട്ടടി പോലെ കൊറോണ വില്ലനായപ്പോൾ മിന്നലടിച്ച വേഗത്തിൽ കോളജും പൂട്ടി, പബ്ലിക്കേഷൻസും അടച്ചു.

‘പാരലൽ കോളജ് അധ്യാപകനായതുകൊണ്ട് എന്തായാലും ഓൺലൈൻ ക്ലാസുകളിലൂടെയുള്ള രക്ഷപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.  ഞങ്ങളൊക്കെ മണിക്കൂറ് കണക്കാക്കിയാണ്ലലൊ ഫീസ് ചാർജ് ചെയ്യുക.  കിട്ടിയ സമയത്തിന് പൂർത്തിയാക്കിയ നോവൽ , ലോക് ഡൗൺ കഴിഞ്ഞാലെ വെളിച്ചം കാണൂ എന്നു കൂടി പറഞ്ഞപ്പോൾ ആകെപ്പാടെ ബുദ്ധിമുട്ടായി. അങ്ങനെയിരിക്കെ ഫെയ്സ്ബുക്കിൽ പരതിയപ്പോഴാണ് ചിത്രങ്ങൾ ഓൺലൈനിൽ വിൽക്കുന്നതായി കണ്ടത്. സുഹൃത്തായ രാസി റോസാരിയോയുമായി സംസാരിച്ചപ്പോൾ കൂടുതൽ ധൈര്യം കിട്ടി. ആർട് ഗാലറികളിൽ പ്രദർശനത്തിന് വച്ച് ചിത്രങ്ങൾ വിൽക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്ന എനിക്ക് ഓൺലൈനായി ചിത്രം വിൽക്കാൻ സാധിക്കും എന്നത് പുതിയ അറിവായിരുന്നു. രണ്ട് ലക്ഷവും മറ്റും എന്റെ ചിത്രങ്ങൾക്കായി ലഭിക്കുമെന്ന് ചിന്തിച്ചിരുന്ന പഴയ നാളുകളെക്കുറിച്ചോർത്ത് സ്വയം പുച്ഛിച്ച്, ഞാൻ വരച്ച് തുടങ്ങി. അക്രിലിക്, ഓയിൽ പേസ്റ്റൽ, വാട്ടർ കളർ എന്നിവയെല്ലാം ഉപയോഗിച്ച് ആർട്ടിസ്റ്റ് പാഡ്, A4, കാൻവാസ് ക്ലോത്ത് ഇവയിലാണ് ചിത്രങ്ങൾ ചെയ്യുന്നത്. മിക്കവാറും ചിത്രങ്ങൾ ഒരു സീരീസ്സായാണ് വരയ്ക്കാറുള്ളത്.

എന്ത് വരച്ചാലും എന്റേതായ രീതിയിൽ വരയ്ക്കണം എന്ന വാശിയുണ്ട്. ചിലർ ദൈവത്തിന്റെ ചിത്രങ്ങൾ വരയ്ക്കാനെത്തുമ്പോൾ ഞാൻ പറയും. കൃഷ്ണനെ വരയ്ക്കാം, പക്ഷേ അത് എന്റെ മാത്രം കൃഷ്ണനായിരിക്കുമെന്ന്. ലോക്ഡൗണിലെ മെയ് ആറാം തീയതി മുതലാണ് ഞാൻ വരയ്ക്കാൻ തുടങ്ങിയത് . ഇപ്പോൾ ഏകദേശം അമ്പത് ദിവസമാകുമ്പോൾ അൻപത്തി രണ്ടോളം ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു, അതിൽ മിക്കതും വിറ്റുപോയി. ചുരുക്കം പറഞ്ഞാൽ ജീവിതത്തിന്റെ ഇരുട്ടിലേക്ക് നിറങ്ങളെത്തിയതെടെ, എല്ലാം ഓകെയായി രാജേഷ് പറഞ്ഞു നിർത്തി

ഭാര്യ ധന്യയും ശിവരഞ്ജൻ ദിൽഷൻ, നവോമിക പാർവതി എന്നിവരും ചേർന്നതാണ് രാജേഷിന്റെ കൂടുംബം. അറിവരുൾ, തെരു എന്നിങ്ങനെ രണ്ട് നോവലുകളും രാജേഷിന്റെേതായി പുറത്തിറങ്ങാനുണ്ട്. എന്തായാലും ഇനി ചിത്രകലയും ജീവിതത്തിന്റെ ഭാഗമായി മുൻപോട്ട് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് രാജേഷ്. സമയക്കുറവെന്ന് പറഞ്ഞ്, പണ്ട് ഉപേക്ഷിച്ചു പോയതിന് ഒരു പ്രായിഛിത്തമെന്ന പേരിൽ .