Monday 17 June 2019 04:04 PM IST

‘തന്നിഷ്ടക്കാരി, അഹങ്കാരി വിളിയൊന്നും മൈൻഡ് ചെയ്യാറില്ല; കാരണം, വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല’

Lakshmi Premkumar

Sub Editor

rima-paru778 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ ഈ പഴഞ്ചൊല്ല് മനസ്സിൽ ഓർത്തു വേണം എന്നോട് നീ ചോദ്യം ചോദിക്കാൻ...’ ഹൈവോൾട്ടേജ് ചോദ്യങ്ങളുമായി റെഡിയായിരിക്കുന്ന പാർവതിയോട് റിമ പറഞ്ഞു. ചോദിക്കാനും പറയാനും മലയാളത്തിന്റെ ബ്യൂട്ടിഫുൾ നായികമാർ റെഡിയായി. ആകാശത്തിനു ചുവടെയുള്ള എന്തിനെക്കുറിച്ചും ചോദിക്കാൻ മടിയില്ലാത്ത പാർവതി, കട്ടയ്ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍. തുടക്കത്തിൽ തന്നെ പാർവതി പറഞ്ഞു. ‘‘ഇതൊരു പക്ഷിമാനസം ഇന്റർവ്യൂ ആയിരിക്കും. പക്ഷിയുടെ മനസു പോലെ ഒഴുകി, വിമാനം പോലെ പവർഫുളായി പറന്ന്...’ 

അന്യോന്യം സഹായിക്കാത്ത സ്ത്രീകൾക്കായി നരകത്തിൽ പ്രത്യേക സ്ഥലമുണ്ടെങ്കിൽ..? 

ഇത്രയും വിഷമമുള്ള ചോദ്യം നീ മനഃപൂർവം ചോദിക്കുന്നതല്ലേ? എനിക്കു നല്ല വിഷമമുണ്ടു േകട്ടോ. മറ്റൊരു വ്യക്തിയെ വിഷമിപ്പിച്ചാലും  നരകത്തിൽ പോകും എന്നല്ലേ പറയുക. ഈ ചോദ്യം എന്നോടു ചോദിച്ചതു കൊണ്ട് നരകത്തിൽ സീറ്റ് നിനക്ക് റെഡിയായിട്ടുണ്ട്. ഓക്കെ, കാര്യത്തിലേക്ക് വരാം.

കഴിഞ്ഞ കാൻ ഫിലിംഫെസ്റ്റിവലില്‍ ഏറ്റവും മനസിനെ സ്പർശിച്ച ഒരു കാഴ്ചയായിരുന്നു 82 സ്ത്രീകൾ ഒന്നിച്ചെത്തിയത്. വർഷങ്ങളായി വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമേ കാൻ ഫിലിം ഫെസ്റ്റിവലിലെ വിജയികളായിട്ടുള്ളൂ. അത് അറിയിക്കാനാണ് സിനിമാപ്രവര്‍ത്തകരായ അവര്‍ 82 പേരും ഒന്നിച്ചെത്തിയത്. ആ കൂട്ടായ്മ കാണുമ്പോഴുള്ള സന്തോഷം വേറെയാണ്. 

അതുപോലെ തന്നെ ലൈംഗികചൂഷണത്തിനെതിരെയുള്ള  ‘ടൈംസ് അപ് മൂവ്മെന്റ്’  എടുത്താലും ഏറ്റവും മുതിർന്ന സംവിധായകർ തുടങ്ങി പ്രായഭേദമന്യേ നടിമാരും നിർമാതാക്കളും എല്ലാം ഒന്നിച്ചു നിൽക്കുന്നത് നമ്മൾ കാണുകയാണ്. വണ്ടർ വുമണിന്റെ സംവിധായിക പാറ്റി ജെൻകിൻസ് ഒക്കെ അതിൽ സജീവമായുണ്ട്. എനിക്കതു കാണുമ്പോൾ കൊതിയാകും. നമുക്കും ഇവിടെയങ്ങനെ വേണം, ‘ശ്ശെടാ, ഇവരെ ന്തൊരു അടിപൊളിയാണെ’ന്നൊക്കെ തോന്നും. ഇവിടെ സ്ഥിതി അങ്ങനെയല്ല. പരസ്പരം സഹായിക്കാത്തതു കൊണ്ടു നരകത്തിലേക്ക് പോവുകയല്ല, ഭൂമിയിൽ തന്നെ നരകം സൃഷ്ടിക്കുകയാണ് പലരും ചെയ്യുന്നത്.

രണ്ട് വർഷമായി കുറച്ചുപേർ മനസ്സുകൊണ്ടെങ്കിലും ഒരുമിച്ച് നിൽക്കുന്നു. ‘കുറച്ചു പേർ’ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും ഒന്നിക്കാത്തതിൽ ദേഷ്യം തോന്നിയിട്ടുണ്ടോ ? 

ദേഷ്യം േതാന്നിയിട്ടു വലിയ കാര്യമില്ല. മാറി നിൽക്കുന്നവർ മനസ്സിലാക്കേണ്ട കാര്യമുണ്ട്. ഞങ്ങള്‍ സംസാരിക്കുന്നത് ഇപ്പോഴുള്ള കുറച്ചു പേർക്കു വേണ്ടി മാത്രമല്ല. ഈ മേഖലയിലേക്ക് ഇനി വരാന്‍ പോകുന്ന എല്ലാവ ര്‍ക്കും കൂടി വേണ്ടിയുള്ള പ്രവര്‍ത്തനമാണിത്. തന്നിഷ്ടക്കാരി, അഹങ്കാരി എന്നൊക്കെ പലരും വിളിക്കുമ്പോഴും അതു മൈൻഡ് ചെയ്യാത്തത്, വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്തതു കൊണ്ടാണ്. അവസാനം നാം വിജയത്തിലെത്തുമ്പോൾ ഫലം അ നുഭവിക്കുന്നത് ഈ മാറി നിൽക്കുന്നവരും ഇനി വരാൻ പോകുന്നവരും എല്ലാമാണ്. ഇതൊരു ചരിത്രമാണ്, വിപ്ലവമാണ്. പലരും അതു തിരിച്ചറിയാത്തതിൽ വേദനയുണ്ട്.

ജീവിതത്തിൽ ചെയ്ത കാര്യത്തിൽ റിമയ്ക്ക്  കുറ്റബോധം തോന്നിയിട്ടുള്ളത് എപ്പോഴാണ്. ? 

അതെന്റെ അച്ഛനമ്മമാരോടാണ്. നിങ്ങൾ കാണുന്നയാളായിരുന്നില്ല യഥാർഥ റിമ. ‘ഐ വാസ് സച്ച് എ ടെറർ’. ഭയങ്കര റിബൽ ആയിട്ടുള്ള രീതികളായിരുന്നു. ആ സമയത്ത് എന്റെ കാര്യത്തിൽ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് എനിക്ക് ഇപ്പോൾ അറിയാം. അന്ന് അതൊന്നും ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. 

ഡാൻസാണ് കരിയറായി എടുക്കുന്നതെന്നു പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഞെട്ടി. രാവിലെ ആറു മണിക്കാണ് ഡാൻസ് ക്ലാസ്. അതറിഞ്ഞപ്പോൾ തന്നെ അച്്ഛൻ അമ്മയോട് പറഞ്ഞു ‘പേടിക്കേണ്ട. രണ്ടു ദിവസമേ ഇവള്‍ പോവുകയുള്ളൂ.’ കാരണം രാവിലെ എണീക്കുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. 

പക്ഷേ, എന്റെ ആഗ്രഹം തീവ്രമായിരുന്നു. പതുക്കെ അവ ർ അതു മനസിലാക്കി. അന്ന് അവർ നൃത്തം വേണ്ടെന്ന് പറഞ്ഞാൽ തീർന്നു. പിന്നെ, ഞാൻ ഫുൾ പ്രശ്നമുണ്ടാക്കും. ഇപ്പോൾ തിരിച്ചറിയുന്നുണ്ട്, എന്തുകൊണ്ടാണ് അവർ അന്ന് എന്റെ തീരുമാനങ്ങളെ എതിർത്തതെന്ന്. സ്വാഭാവികമായും ഭാവിയിൽ മകൾ എന്തായി തീരും എന്ന ടെൻഷൻ ആവോളം അവർക്കുണ്ടായിരുന്നു. 

ഇപ്പോഴത്തെ റിമയെ പഴയ ജീവിതത്തിൽ കൊണ്ടുചെന്നു നിർത്തിയാൽ ?

ഇപ്പോഴുള്ള എന്റെ ചിന്തകളും ജീവിത പരിചയവും വച്ചാണെങ്കിൽ അവരെ പറഞ്ഞ് മനസ്സിലാക്കാൻ എങ്കിലും ശ്രമിക്കും. എന്തുകൊണ്ടാണ് ഞാനീ തീരുമാനം എടുക്കുന്നത്, എന്തുകൊ ണ്ട് ഞാനത് ഇഷ്ടപ്പെടുന്നു എന്നെല്ലാം. പഴയ ഞാൻ അ ങ്ങനെയായിരുന്നില്ല. അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടില്ല എന്ന് അറിയാമായിരുന്നെങ്കിലും ഞാനത് പരിഗണിച്ചിരുന്നി ല്ല. ഐ ഡോണ്ട് കെയർ. എനിക്ക് എന്റെ കാര്യം, ദാറ്റ്സ് ഓൾ. മൈ വേ, ഹൈ വേ.  ഇപ്പോഴാണെങ്കിൽ പറയും. ‘അമ്മാ, ഇതാണ് എന്റെ ഇഷ്ടം.’. പണ്ട് ഇങ്ങനെയൊരു വിശദീകരണം കൊടുക്കാനുള്ള സാവകാശം പോലും കാണിച്ചിരുന്നില്ല.

rima-int223

അന്നു മുതല്‍ തന്നെ റിമ സ്വതന്ത്ര ബുദ്ധി ആയിരുന്നുവെന്നു പറയാമോ?

തീർച്ചയായും. അങ്ങനെ നിലനിൽക്കാനുള്ള സ്പേസ് അച് ഛനും അമ്മയും തന്നുവെന്നതും പ്രധാനമാണ്. ഒരു പതിനെട്ടുകാരിയുടെ തീരുമാനങ്ങളെയും ചിന്തകളെയും അവർക്കു കണ്ടില്ലെന്നു നടിക്കാമായിരുന്നു. കൂടുതൽ സമ്മർദങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാമായിരുന്നു. അത് ചെയ്യാതിരുന്നതാണ് അവർ എനിക്കു തന്ന സ്നേഹം. അതിന്റെ പേരിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒരുപാട് കുത്തുവാക്കുകളും കളിയാക്കലുകളും അച്ഛനുമമ്മയ്ക്കും കേൾക്കേണ്ടി വന്നിട്ടുണ്ട്. അവരെ സമ്മതിച്ചു കൊടുത്തേ പറ്റൂ. ദെ നെവർ ബ്രോക്ക് മൈ സ്പിരിറ്റ്. 

ഫിഷ്ഫ്രൈ വിവാദം വീട്ടിൽ കൊടുങ്കാറ്റായോ? 

ഫിഷ് ഫ്രൈ പ്രശ്നത്തോടെ എല്ലാവരും കരുതുന്നത് വീട്ടിൽ ഞാൻ സ്വാതന്ത്ര്യമില്ലാതെ ജീവിച്ച ഒരാളാണ് എന്നാണ്. ഭയങ്കര വേർതിരിവ് ഉള്ള വീട്ടിലാണ് വളർന്നത് എന്ന ധാരണയും പരന്നു. ഒരു വലിയ പ്രസംഗത്തിലെ രണ്ടോ മൂന്നോ വാക്ക് എടുത്തായിരുന്നു ആ കോലാഹലം.

ഒരു മീൻ ഉണ്ടായിരുന്നപ്പോൾ അത് ചേട്ടനു കൊടുത്തു. എന്ന കുട്ടിക്കാലത്തെ സംഭവം ഉദാഹരണമായി പറഞ്ഞതാണ്. എനിക്കന്നു പത്തു വയസു പോലുമില്ല. ‘നിനക്കതേയുള്ളൂ, മിണ്ടാതെയിരുന്ന് ഭക്ഷണം കഴിക്ക്...’ എന്നല്ലായിരുന്നു അച്ഛന്റെയും അമ്മയുടെയും പ്രതികരണം.

‘എന്തിനാ വിഷമിക്കുന്നെ. സാരമില്ല, ഒരെണ്ണമല്ലേ ഉണ്ടായിരുന്നുള്ളൂ അത് ചേട്ടന് കൊടുത്തു പോയി.  ഇനിയൊരിക്കലും ഇങ്ങനെയുണ്ടാകില്ല’ എന്നാണ് അവർ എന്നോട് പറഞ്ഞത്.

അന്നു വീട്ടിൽ അമ്മയെ കൂടാതെ അച്ഛനും അച്ഛമ്മയുമൊക്കെയുണ്ട്. അവരിലാരെങ്കിലും ആയിരിക്കും ആ മീൻ ചേട്ടന് കൊടുക്കാമെന്ന് തീരുമാനിച്ചത്. പക്ഷേ, അവസാനം കുറ്റക്കാരി അമ്മ മാത്രമായി. പിന്നീട് ഈ ചർച്ചയൊക്കെ വന്നപ്പോൾ അമ്മ പറഞ്ഞു. ‘അന്ന് അവിടെയുള്ള ആരോ എടുത്ത് വെച്ചതാണ് ആ മീന്‍ കഷണം അവന്റെ പ്ലേറ്റിലേക്ക്. അതിപ്പോൾ ഇത്ര ചർച്ച ചെയ്യേണ്ട കാര്യമെന്താണ് ?’

പിന്നീട് അതേക്കുറിച്ച് കൂടുതൽ സംസാരങ്ങളൊന്നും വീട്ടിൽ നടന്നിട്ടില്ല. എപ്പോഴും അമ്മ എനിക്കു തരുന്ന സ്പേസ് വളരെ വലുതാണ്. ഒരിക്കൽപോലും എന്നോട് അടുക്കളയിൽ കയറ്, പണി ചെയ്യ് എന്നൊന്നും അമ്മ പറഞ്ഞിട്ടില്ല. നിന്റെ ആഗ്രഹത്തിനനുസരിച്ച് പഠിക്കുക എന്നേ പറഞ്ഞിട്ടുള്ളൂ. 

അമ്മയാണോ ഏറ്റവും പ്രിയപ്പെട്ട വ്യക്തി? 

എന്റെ നേരെ വിപരീത സ്വഭാവമുള്ള പാവം സ്ത്രീയാണ് അമ്മ. ഇപ്പോഴും ഇടയ്ക്കിടെ അമ്മ എന്നോടു ചോദിക്കും. ‘നിനക്ക് ഒരു പിജി എഴുതി എടുത്തൂടെ?’ ഞാൻ ഇപ്പോൾ അമ്മയ്ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കു ന്നു. ഇതുവരെ അമ്മ ഞങ്ങൾക്കു വേണ്ടി ജീവിച്ചു. ഇനി അമ്മയ്ക്ക് വേണ്ടി കുറച്ചു ജീവിക്കട്ടെ എന്നാണ് ഞങ്ങളുടെ ആ ഗ്രഹം. അമ്മയിപ്പോൾ തിരുവാതിര പഠിക്കാൻ പോകുന്നുണ്ട്. അതിന്റെ മത്സരങ്ങളിൽ പങ്കെടുക്കാൻ തയാറാകുന്നു. ഇഷ്ടമുള്ള അമ്പലങ്ങളിലെല്ലാം പോകുന്നു. ഞാൻ ഈശ്വരവിശ്വാസിയല്ല. ചെറുപ്പം മുതലേ അമ്മയും അച്ഛനും നിർബന്ധിച്ചി ട്ടുമില്ല. അമ്മ അമ്പലത്തിൽ പോകാന്‍ തയാറെടുക്കുമ്പോള്‍ ഞാൻ അച്ഛനോട് പറയും, ‘നമ്മളിൽ നിന്നൊന്നും ലഭിക്കാ ത്ത എന്തോ സമാധാനവും സന്തോഷവും അമ്മയ്ക്ക് അവിെട നിന്നു തീര്‍ച്ചയായും കിട്ടുന്നുണ്ട്...’

നമ്മളടക്കം പലരും അമ്മമാർക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ? 

ഉറപ്പായും. അതിപ്പോൾ നമ്മൾ നടിമാരായതു കൊണ്ടോ, തിരക്കായതു കൊണ്ടോ ഒന്നുമല്ല. നമ്മൾ തന്നെ വിചാരിക്കുകയാ ണ് അതൊക്കെ മതി. അമ്മയല്ലേ കുഴപ്പമില്ല എന്നൊക്കെ.  അ മ്മ എന്ന കണ്‍സപ്റ്റിനെ നമ്മള്‍ വല്ലാതെ മഹത്വവത്കരി ച്ചിട്ടുണ്ട്, അവര്‍ എന്തും ത്യജിക്കും എന്തും സഹിക്കും എ ന്നൊക്കെ പറഞ്ഞ്... എന്നിട്ട് അമ്മയുെട എന്തെങ്കിലും കാര്യം വരുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കും.  എങ്ങനെ പെരുമാറിയാലും ആ പാവങ്ങള്‍ സഹിച്ചോളുമല്ലോ. 

ഞങ്ങളുടെ വീട്ടിൽ ആഴ്ചയില്‍ നാലു ദിവസവും അമ്മ വ്രതമായിരിക്കും. അന്ന് പക്കാ വെജാണ്. ഇപ്പോൾ തൃശ്ശൂരിൽ നിന്നു കൊച്ചിയിലൊക്കെ വരുമ്പോൾ അമ്മയ്ക്ക് വേറെ ഭക്ഷണമുണ്ടാക്കണം. ജീവിതത്തിൽ അമ്മ ആകെ ആവശ്യപ്പെടുന്ന കാര്യങ്ങൾ അതൊക്കെ മാത്രമേ യുള്ളൂ. 

പണ്ടൊക്കെ ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ അമ്മ വീ ട്ടിൽ ഇല്ലെങ്കിൽ ആകെ പ്രശ്നമാണ്. ഞാൻ അച്ഛനോട് ചോദിക്കും. ‘ഞാൻ വരുമ്പോൾ അമ്മ ഇവിടെ വേണെന്ന് അറിയില്ലേ?’ അതായത് അമ്മ എല്ലാവരുടേതുമാണ്. എന്നാൽ അമ്മ മറ്റൊരു പഴ്സനാണ്. അമ്മയ്ക്ക് അമ്മയുടേതായ കാ ര്യങ്ങളുണ്ട്, അതേ കുറിച്ചൊന്നും ചിന്തിച്ചിട്ടു പോലുമില്ല. 

rima-int222

എനിക്ക് വിവാദങ്ങളിൽ പിടിച്ചു നിൽക്കാൻ ധൈര്യം തന്നത് റിമയാണ്. ഹേറ്റേഴ്സിനെ റിമ നേരിടുന്നത് എങ്ങനെയാണ്?

വളരെ ചെറുപ്പം മുതലേ ആളുകൾ എന്നെ കുറിച്ച് എന്തു പ റയും, എന്തു വിചാരിക്കും എന്ന ചിന്തയില്ലാത്ത ആളാണ് ഞാൻ. കാരണം എനിക്കറിയാം ഞാൻ ആരാണെന്ന്. അതാണെന്‍റെ ആറ്റിറ്റ്യൂഡ്. മുല്ലപ്പെരിയാർ വിഷയം സംസാരിച്ചതു മുതലാണെന്നു തോന്നുന്നു എന്റെ നേരെ ചിലർ തിരിഞ്ഞു തുടങ്ങിയത്. പിന്നെ, ‘കസബ’ പ്രശ്നം. ‘എന്റെ വക അഞ്ഞൂറ്’. അങ്ങനെ ആഷിഖ് പറഞ്ഞതോെട സൈബർ ആക്രമണങ്ങൾക്ക് ഞാൻ ഇരയായിട്ടുണ്ട്. 

നിമിഷങ്ങൾ കൊണ്ടു ലക്ഷക്കണക്കിന് ആളുകളാണ് ഒരു പ്രശ്നത്തിൽ ഇടപെടുന്നത്. അപകീർത്തികരമായി സംസാരിക്കുന്നത്. എന്റെ സിനിമ നല്ലതല്ലെങ്കിൽ നിങ്ങൾക്ക് പറയാം. എന്റെ അഭിനയം മോശമാണെങ്കിൽ കാശു കൊടുത്ത് ടിക്ക റ്റെടുത്ത് സിനിമയ്ക്ക് കയറുന്ന നിങ്ങൾക്ക് ചൂണ്ടികാട്ടാം.  അ തല്ലാതെ ഞാൻ എന്ന വ്യക്തിയെ ആക്രമിക്കാൻ എന്തവകാ ശമാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. 

ഓൺലൈനിൽ ചീത്ത വിളിക്കുന്നതും ഹരാസ് ചെയ്യുന്നതും തെറ്റും കുറ്റവുമാണ് എന്നു മനസിലാക്കേണ്ട വലിയ വിഭാഗം നമുക്കിടയിലുണ്ട്. അവർക്കത് മനസിലാകണമെങ്കി ൽ നിയമം ശക്തമായേ പറ്റൂ. നമ്മൾ ഇതു പറഞ്ഞു കൊണ്ടിരി ക്കുന്നതിനിടെ ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിൽ വ ലിച്ചു കീറപ്പെടുന്നുണ്ടാകാം. ഒരാളുടെ സ്വകാര്യ തീരുമാനത്തി ലേക്ക്, ജീവിതത്തിലേക്ക് സൈബർലോകം ഇടിച്ചു കയറിയതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് റിമി ടോമി. 

നമ്മൾ സ്വന്തമായി അഭിപ്രായം പറഞ്ഞാൽ കഴിഞ്ഞു കഥ. അതിപ്പോൾ ജോലിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ആണുങ്ങൾക്ക് ഇത്ര പ്രതിഫലം ആവശ്യപ്പെ ടാം. സ്ത്രീ ചോദിച്ചാൽ അവൾ അഹങ്കാരിയായി. 

ബൈ ദ ബൈ,  ഒരു കരാറില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പ്രതിഫലം പറഞ്ഞു തീരുമാനിക്കുമല്ലോ. റിമ അങ്ങനെ തന്നെയാണോ ഇപ്പോഴും ചെയ്യുന്നത്?

ആദ്യമൊക്കെ പ്രതിഫലം ചോദിക്കാറില്ലായിരുന്നു. കഥ ഇ ഷ്ടപ്പെട്ട് കമ്മിറ്റായി കഴിഞ്ഞാൽ കൺഫ്യൂഷനാണ്. ഇനിയിപ്പോൾ പ്രതിഫലത്തിന്റെ പേരിൽ വേണ്ടെന്ന് വയ്ക്കേണ്ടി വരുമോ എന്ന്. ഇപ്പോൾ എന്റെ പ്രതിഫലം ഇത്രയാണെന്ന് ഉറപ്പിച്ച് പറയും. സമ്മതമെങ്കില്‍ വർക് ചെയ്യാം. അതല്ലങ്കിൽ വേണ്ട.

സ്വതവേ ഒരുപാട് മിസ്കണ്‍സപ്ഷന്‍സ് ഉണ്ട് സ്ത്രീയുെട ശരീരത്തെ െചാല്ലി. ഒരു പ്രത്യേക ശരീരവടിവുള്ളവര്‍ക്കു മാത്രമേ സുന്ദരി ആകാന്‍ സാധിക്കൂ എന്നൊരു ധാരണ. അതെക്കുറിച്ച് റി മയ്ക്ക് എന്താണ് അഭിപ്രായം?

അതൊക്കെ ഓരോരുത്തരുടേയും പഴ്സനൽ ചോയ്സാണ്. 36–24–36 ഇതാണ് ബെസ്റ്റ്ഷേപ്പ്, ഇങ്ങനെയുള്ളവർക്കു മാ ത്രമേ ബോഡിഷേപ്പുള്ളൂ, അവരേ നായികമാരാകൂ,  എനി ക്ക് മനസിലാകാത്ത കാര്യമാണ്, ഇതൊക്കെ ആരാണ് തീരു മാനിക്കുന്നത്?  

ഒരാളുടെ തടി, ശരീരവടിവ് ഇതേക്കുറിച്ചൊക്കെ എന്തിനാ ണു മറ്റുള്ളവർ ടെൻഷനടിക്കുന്നത്. അപ്പോൾ ബാക്കിയുള്ളവരുടെ ഇമോഷൻസ്, അവരുടെ കഥകൾ, കോംപ്ലക്സുകൾ, അതൊക്കെ നമ്മൾ എവിടെയാണ് സംസാരിക്കേണ്ടത്?

ചെറിയ പ്രശ്നങ്ങളെപ്പോഴും വലിയ പോരായ്മ ആയി പ റയുന്നതാണ് പലരുടേയും ശീലം. ഉദാഹരണത്തിന് വളരെ കാലത്തിന് ശേഷം കാണുന്നൊരാൾ ‘അയ്യോ തടിച്ചല്ലോ, മെലിഞ്ഞല്ലോ, ക്ഷീണിച്ചല്ലോ’ എന്നു പറഞ്ഞല്ലേ തുടങ്ങൂ. അതല്ലാതെ ‘ഹായ് സുന്ദരിയായല്ലോ’ എന്ന് പറയാറുണ്ടോ?.

rima-int221

മലയാള  സിനിമയിലിപ്പോൾ കുറച്ചെങ്കിലും മാറ്റം ഉണ്ടെന്നു കരുതുന്നുണ്ടോ ? 

പ്രേക്ഷകരെ സംബന്ധിച്ച് ശരീരത്തിന്റെ വടിവും ഭംഗിയും, സൗന്ദര്യവും ഒന്നും ഇപ്പോൾ അത്രയും മാനദണ്ഡമല്ലെന്നു തോന്നുന്നു. ഒരു ആക്ടർ എന്നു പറയുമ്പോൾ അഭിനയമാ യിരിക്കണം അവരുടെ ശക്തി. എല്ലാ കഥാപാത്രങ്ങളും ചെ യ്യാൻ കഴിയുമോ എന്നതായിരിക്കണം അവരുടെ പവർ. എല്ലാവരേയും പിടിച്ച് ഒരേ അച്ചിലേക്കിടുന്നതു കൊണ്ടാണ് ഇവിടെ സിനിമയിൽ വെറൈറ്റി ഇല്ലാത്തത്. 

ജൻഡറിന്റെ പേരിൽ, മതത്തിന്റെ പേരിൽ, എന്തിന് ഇം ഗ്ലിഷ് സംസാരിക്കാൻ അറിയാമോ ഇല്ലയോ എന്നതിന്റെ പേരിൽ ഒക്കെ നമ്മളെ താഴ്ത്താൻ ശ്രമിക്കുന്ന ചിലരാണ് ചുറ്റും. ഈ പറയുന്നവരൊക്കെ ഒരു തെറ്റും ചെയ്യാത്തവരാ ണെങ്കിൽ ഓക്കെ, നിങ്ങൾക്ക് മറ്റൊരാളെ വിമർശിക്കാം. അ ല്ലാതെ എന്തവകാശമാണ് മറ്റൊരാളുടെ ലൈഫിൽ കയറി  അഭിപ്രായം പറയാന്‍ അവര്‍ക്കുള്ളത്. സോ, മാറ്റം വരും. ന മ്മൾ ഒരു പുതിയ ലോകം വാർത്തെടുക്കും അതിന്റെ ആദ്യ പ ടിയാണ് നമ്മുടെ വിമൻ കളക്ടീവ് ഇൻ സിനിമ.

റിമ എപ്പോഴും ഒരു സേഫ് സോണിലാണ് എന്നു കരുതുന്നവരോട് എന്താണ് പറയാനുള്ളത്? അങ്ങനെ ഒരു തെറ്റിധാരണ ഉള്ളതായി തോ ന്നുന്നുണ്ടോ?

എന്താണ് ഈ സേഫ് സോൺ? പലരുടേയും തെറ്റായ ധാരണ യാണത്. വിവാഹശേഷം പേര് പോലും മാറ്റാൻ ഇഷ്ടപ്പെടാ ത്ത വ്യക്തിയാണ് ഞാൻ. ഞാനും ആഷിഖും ഭാര്യയും ഭ ര്‍ത്താവുമാണ്. അതോടൊപ്പം രണ്ടു വ്യക്തികളുമാണ്. എന്റെ അഭിപ്രായങ്ങൾ എന്റേതു മാത്രമാണ്. റിമ ഒരു അഭിപ്രായം പ റഞ്ഞതു കൊണ്ടു റിമയുടെ ഭർത്താവിന്റെ സിനിമ കാണണ്ട എന്ന് ആളുകൾ തീരുമാനിക്കുമോ? ഒരിക്കലുമില്ല. നല്ല സിനിമയാണെങ്കിൽ ആളുകൾ കാണും. നല്ല അഭിനയമാണെങ്കിൽ ആളുകൾ കയ്യടിക്കും. ഞാൻ ഡബ്ല്യൂസിസിയുടെ ആക്ടീവ് മെംബറായത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. ഇനിയെങ്കിലും സിസ്റ്റം മാറണം. അതേയുള്ളൂ. േവട്ടയാടപ്പെടുന്ന ഒരാളെ സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ തന്നിഷ്ടക്കാരികളാണെങ്കിൽ, ‘യെസ്... വീ ആർ.’ 

ഡാന്‍സ്, അഭിനയം എന്നീ മേഖലകളില്‍ വലിയ നിലയില്‍ എത്തിയ േശഷം സിനിമാ നിര്‍മാതാവ് എന്ന പുതിയ മേഖലയിലേക്കു മാറുമ്പോള്‍ എന്താണു റിമയുെട ഫീലിങ്സ്?

ഒാര്‍ക്കുന്നുണ്ടാവും ആ നിപ്പ പനിക്കാലം. കേരളം മുഴുവനും വിറയലോടെ നേരിട്ട കുറച്ചു ദിവസങ്ങൾ. പത്രത്തിൽ ഓരോ വാർത്ത വരുമ്പോഴും ഏറ്റവും വിഷമത്തോടെയും ആശങ്കയോ െടയുമാണ് അതിനെ സ്വീകരിച്ചത്. അന്നേ ഇതിെന അവലംബിച്ചൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. എനിക്കോർമയുണ്ട്, ഒരു ദിവസം ആഷിഖ് തിരുവനന്തപുരത്തേക്കു കാറിൽ പോ കുന്നതിനിടിയലാണ് തൃശ്ശൂരിൽ നിപ്പ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്ത വന്നത്. ഞാൻ ആഷിഖിനെ വിളിച്ചു പറ‍ഞ്ഞു. ‘പുറത്തേക്ക് ഇറങ്ങരുത്. പുറത്തു നിന്നു ഭക്ഷണം കഴിക്കരുത്’  എന്നൊക്കെ. 

ശരിക്കും തൃശ്ശൂർ ‌എറണാകുളത്തിനും അപ്പുറമാണ്. എന്നിട്ടും നമ്മൾ അത്രയും പരിഭ്രാന്തരായി. ആ സമയത്ത് ഏറ്റവും സെൽഫിഷുമായിരുന്നു നമ്മൾ. കാരണം, മരണഭയം തന്നെയാണ്. അത്രയും സങ്കീർണമായ വിഷയം അവതരിപ്പിക്കുന്ന സിനിമയാണ് ‘വൈറസ്’. അതുകൊണ്ടു തന്നെ അതു നിർമി ക്കാം എന്നു തീരുമാനിക്കുകയായിരുന്നു. നിർമാതാവിന്റെ ജോലി വച്ച് നോക്കുമ്പോൾ അഭിനയം യാതൊരു റിസ്കും ഇല്ലാത്ത സിംപിള്‍ ജോലിയാണ്.

ആഷിഖും റിമയും ഒന്നിച്ചിരുന്നാണോ എന്നെ കാസ്റ്റ് ചെയ്തത്? 

ആഷിഖിന്റെ സിനിമയിൽ ഒരു പ്രത്യേകതയുണ്ട്, ആർക്കും അഭിപ്രായങ്ങൾ പറയാം. ആഷിഖ് സ്വീകരിക്കും. തിരക്കഥാ കൃത്തുക്കളും ഞങ്ങളും ചേർന്നാണ് ഭൂരിപക്ഷവും  അഭിനേതാക്കളേയും തീരുമാനിച്ചത്. ശരിക്കും ചലഞ്ചിങ്ങായിരുന്നു. പക്ഷേ, എത്ര ചെറിയ റോളിനു വേണ്ടിയും ആരെ വിളിച്ചാലും എല്ലാവരും ഓക്കെ പറഞ്ഞു. ചില കഥാപാത്രങ്ങൾ റിയൽ സ്‌റ്റോറിയിൽ നിന്നു വ്യത്യസ്തമാണ്. കുറച്ചുപേരെ കൂട്ടി ചേർത്തിട്ടുണ്ട്. സിസ്റ്റർ ലിനി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. 

പൊതുവേ എല്ലാവരുടേയും ധാരണ നിങ്ങൾ മാതൃകാ ദമ്പതികൾ ആണെന്നാണ്?

ഓ, മൈ ഗോഡ്. എന്തിനാണ് ആളുകൾ അങ്ങനെ ചിന്തിക്കുന്നത് ? ഞാനും ആഷിഖും തമ്മിൽ എല്ലാ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന അത്രയും അല്ലെങ്കിൽ അതിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകാറുണ്ട്. പക്ഷേ, എപ്പോഴും പരസ്പര ബഹുമാ നം കാത്തു സൂക്ഷിക്കാറുമുണ്ട്. പല കാര്യങ്ങളിലും ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാറുണ്ട്. അടിയുണ്ടാകുന്നത് പരസ്പരം അത്രയും സ്പേസ് നൽകുന്നതു കൊണ്ടാണ്. ഭർത്താവ് പറ യുന്നത് മുഴുവൻ അടിമയെപോലെ കേൾക്കുന്ന ഭാര്യയാണെങ്കിൽ അവിടെ അടിപിടി ഉണ്ടാകേണ്ട കാര്യമില്ലല്ലോ.  

ഭാവിയിലെ കുറച്ചു സർപ്രൈസ് പ്ലാനുകളെ കു റിച്ചു പറഞ്ഞാലോ ? 

ഡാൻസ് കൂടുതൽ പഠിക്കണം. ഒരു പെർഫോമെൻസ് പ്ലാൻ െചയ്യുന്നുണ്ട്. പിന്നെ അഭിനയമൊഴികെ സിനിമയുടെ എല്ലാ തലങ്ങളിലും കൈവെച്ചാൽ കൊള്ളാമെന്നുണ്ട്. ചിലപ്പോൾ ആർട് ഡയറക്ഷനാകാം, കോസ്റ്റ്യൂം ഡിെെസനിങ് ആകാം. ഇതൊന്നുമല്ലെങ്കിൽ തിരക്കഥയുമാകാം.  

ഓക്കെ. പാറൂ, ഇനി ഞാനൊന്നു ചോദിക്കട്ടെ... ഞാൻ ക ഥയെഴുതുന്ന സിനിമ ഡയറക്ട് ചെയ്യുന്നോ? 

(എന്താകും പാർവതിയുെട മറുപടി?  പാർവതിയുടെ ഇന്റർവ്യൂ വായിക്കാം ഇതോെടാപ്പമുള്ള വനിതയിൽ )

റാപ്പിഡ് ഫയർ 

∙ ബുക്സ് ‌ or  ഫിലിംസ്  ?   ബുക്സ് 

∙ സ്വിമ്മിങ് or  ട്രക്കിങ് ?  ട്രക്കിങ് 

∙ ഫിക്ഷൻ‌ or നോൺ ഫിക്ഷൻ ? നോണ്‍ ഫിക്ഷൻ 

∙ കുക്കിങ് ‌ or  റൈറ്റിങ് ? റൈറ്റിങ് 

∙ മധുരം or എരിവ്  ?  എരിവ് 

∙ മ്യൂസിക് ‌ or  സൈലൻസ് ? സൈലൻസ് 

∙ കളർഫുൾ ഡ്രസ്സ് ‌ or  ബ്ലാക്ക് ആൻഡ് െെവറ്റ് ? ബ്ലാക്ക് ആൻഡ് വൈറ്റ് 

∙ സ്ലീപ് ലേറ്റ്നൈറ്റ് or  ടോക് വിത് ഫ്രണ്ട്സ് ? 

ലേറ്റ് നൈറ്റ് ടോക് വിത് ഫ്രണ്ട്സ്