ലോക്ക് ഡൗണിലും വാഹനാപകടം ഉണ്ടാക്കുന്നവരോട്
സീനിയർ സിവിൽ പോലീസ് ഓഫീസറും ഫെയ്‌സ് ബുക്ക് എഴുത്തുകാരനുമായ സുനിൽ ജലീലിന് പറയാനുള്ളത്...
ലോക്ക് ഡൗൺ യഥാർത്ഥത്തിൽ പിടിച്ചുകെട്ടിയത് അപകടമരണങ്ങളെയാണ്. എങ്കിലും വാഹനങ്ങൾ നിരത്തിലുള്ളിടത്തോളം ഒരിക്കലും ആ ഭീതിയൊഴിയുകയില്ല.തിരക്കില്ലാത്ത റോഡുകൾ മരണമുഖങ്ങളാണ്. അതുകൊണ്ടാണ് റൂറൽ ഏരിയകളിലെ അപകടങ്ങളിൽ മരണനിരക്ക് കൂടിയിരിക്കുന്നത്.
ലോക്ക് ഡൗണിൽ വിജനമായ റോഡുകളിലും പോലീസ് ചെക്ക്പോസ്റ്റുകൾക്കിടയിലെ ദൂരത്തിൽ അതിവേഗത പരീക്ഷിക്കുന്ന ചിലരെയെങ്കിലും കാണുന്നുണ്ട്.ശ്രദ്ധിച്ചിട്ടുണ്ടോ..? മെട്രോ വന്നതോടെ അതിനടിയിലെ മീഡിയൻ ഗാപ്പുകളിൽ മിക്കവാറും വണ്ടികൾ കൂട്ടിയിടിച്ചതിന്റെ സാക്ഷ്യപത്രമായി നുറുങ്ങിയ ചില്ലുകളോ വാഹനത്തിന്റെ പൊട്ടിപ്പോയ പാർട്ട്സുകളോ കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ഇതിന്റെ കാരണങ്ങൾ പലതാണ്.
ഒന്നാമത് മെട്രോ കടന്നുപോകുന്ന റോഡുകളെല്ലാം മികച്ചവയാണ്. ഡ്രൈവർമാർക്ക് കുഴികളൊന്നും ശ്രദ്ധിക്കേണ്ട. ബ്രേക്കിംഗ് വേണ്ട... പറക്കാൻ തോന്നും.
രണ്ട് : സ്പീഡ് ട്രാക്കിനെ കുറിച്ചുള്ള തെറ്റായ ബോധം. മീഡിയനോട് ചേർന്ന ലൈൻ വേഗത്തിൽ ഓടിച്ചുപോകാനാണെന്നാണ് പലരുടെയും ധാരണ. യഥാർത്ഥത്തിൽ അത് ഓവർ ടേക്കിംഗിനുള്ളതാണ്. യു ടേൺ എടുക്കാനോ ക്രോസിംഗിനോ വാഹനങ്ങൾ വേഗത കുറക്കുകയോ നിർത്തിയിടുകയോ ചെയ്യുന്നതും ഈ ട്രാക്കിൽ തന്നെയാണ്. സ്വാഭാവികമായും പാഞ്ഞുവരുന്ന ഒരു വാഹനം ഇടിച്ചുകയറാൻ സാധ്യതയുണ്ട്.
മൂന്ന് : ഇതാണ് പ്രധാനം. മെട്രോയുടെ തൂണുകൾ തമ്മിൽ നല്ല അകലമുണ്ടെങ്കിലും റോഡിലൂടെ വാഹനമോടിച്ചുവരുന്ന ഒരു ഡ്രൈവറുടെ കാഴ്ചയുടെ ആംഗിളിൽ അതെല്ലാം കൂടിച്ചേർന്ന് ഒരു വൻമതിലിന് സമമായാണ് കാണുക. എതിർദിശയിൽ വരുന്ന ഒരു ട്രെയിലർ പോലും പലപ്പോഴും കാണാനാവില്ല. അപ്പോഴാവും ശ്രദ്ധിക്കാതെ ഒരാൾ മീഡിയൻ ഗാപ്പിലൂടെ കയറിവരുന്നത്.
കാഴ്ച മറയുന്നതാണ് ഇപ്പോൾ പറഞ്ഞുവരുന്നത്. അതിനൊപ്പം കാറിലൊക്കെ ഡ്രൈവറുടെ വശത്തെ പില്ലർ ( ഫ്രണ്ട് ഗ്ലാസിന്റെ വശത്ത് ഫ്രണ്ട് ഡോർ ചേരുന്ന ഭാഗം ) വലിയൊരു ബ്ലൈൻഡ് സ്പോട്ടാണ്. വലത്തേക്ക് വളഞ്ഞു കൊണ്ടിരിക്കുമ്പോൾ ഒരു ലോറി വന്നാൽ പോലും കാണാൻ പറ്റാത്ത ഒരാംഗിളിലാണത്.
കാഴ്ചയെ മറയ്ക്കുന്ന മറ്റൊന്ന് രാത്രിയാണ്. രാത്രിയിൽ നമ്മുടെ കാഴ്ച ഏതാണ്ട് 80 ശതമാനത്തോളം നഷ്ടമാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതിൻറെ കൂടെ ഹൈ ബീം ഇട്ടുള്ള ആക്രമണവും ചേരുമ്പോൾ പൂർണ്ണമായ അന്ധതയാണ് മിക്കപ്പോഴും ഫലം.
എന്നാൽ എന്തൊക്കെ, എത്രയൊക്കെ പറഞ്ഞാലും അപകടങ്ങളുടെ പ്രധാന കാരണങ്ങൾ അമിതവേഗവും അശ്രദ്ധയും തന്നെയാണ്.
ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളം എംജി റോഡിൽ ഉണ്ടായ കാറപകടം അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഭാഗ്യവശാൽ ആളപായം ഉണ്ടായില്ല. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും ഒരു വൈദ്യുതി പോസ്റ്റും ഇടിച്ചു തകർത്ത ശേഷം കാർ തലകുത്തനെ മറിയുകയായിരുന്നു.
ഇത്തരക്കാരോട് ചിലത് പറയാനുണ്ട്. അൽപം ക്രൂരമാണ്. അതായത്.. ആക്സിഡൻറ് അൽപമെങ്കിലും സീരിയസ് ആണെങ്കിൽ നിങ്ങൾ മരിക്കാൻ സാധ്യത വളരെ കൂടുതലാണ്.
ഒരു കാരണമെന്തെന്നാൽ, കൊറോണ ലോക് ഡൗൺ മൂലം മനുഷ്യരാരും റോഡിലില്ലാത്ത സമയമാണ്. നാട്ടുകാരാണ് പലപ്പോഴും ഓടിക്കൂടി അപകടത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിക്കുന്നത്. അവരെല്ലാം വീടുകളിൽ തന്നെയാണ്.
അഥവാ ആരെങ്കിലും കണ്ടാൽ തന്നെ കൊറോണയെ കുറിച്ചുള്ള ഭീതിയിൽ ആരും അടുത്തുവരാനോ നിങ്ങളെ തൊടാനോ തയാറാവണമെന്നില്ല. പോലീസും പലയിടത്താണ്. സ്റ്റേഷനുകളിൽ കോൾ വന്നാലും അപകട സ്ഥലത്തേക്ക് എത്തൽ വൈകാൻ സാധ്യതയുണ്ട്. ആംബുലൻസുകളും യഥാസമയം ലഭിക്കാൻ സാധ്യത കുറവാണ്.
ആശുപത്രികൾ പരിമിതസൗകര്യങ്ങളിൽ കിതച്ചു കിതച്ചാണ് ഈ ദുരന്തകാലത്ത് പ്രവർത്തിക്കുന്നത്. ഉള്ള ആൾബലം പോലും മതിയാകാത്ത അവസ്ഥയാണ്.
ഇതിനിടെ ചിലരുടെയൊക്കെ കാലബോധമില്ലാത്ത പ്രവർത്തിയുടെ ഫലം ആത്യന്തികമായി ആരെയൊക്കെയാണ് സമ്മർദ്ദത്തിലാക്കുകയെന്നോർക്കുക. മാത്രമല്ല, ഒരു പാൻഡമിക് കാലത്ത് അപകടത്തിൽപെട്ടവന്റെ വീട്ടുകാരൊക്കെ ആശുപത്രിയിലേക്ക് നിലവിളിച്ചു കൊണ്ട് കയറി വരുന്നത് ഒട്ടും നല്ലതിനല്ല.
വാൽക്കുറി : ഇത്രയൊക്കെ പറഞ്ഞാലും തലയിൽ കയറാത്ത ആ വിവേകരാഹിത്യം ഉണ്ടല്ലോ... ലോകത്തൊരു സ്കാനിംഗിലും അത് കിട്ടുകയുമില്ല. അത് മണ്ണിൽ തന്നെയേ തീരൂ...