കാക്കേ കാക്കേ കൂടെവിടെ... കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ???... സൂക്ഷിച്ചു നോക്കണ്ട... നമ്മുടെ നാട്ടിൻ പുറത്തെ കാക്കയുടെ കാര്യം തന്നെയാണ് കുഞ്ഞു റയാൻ പറയുന്നത്. മൂന്ന് വയസു മാത്രമേ ഉള്ളൂ എങ്കിലും ഒന്ന് മുതൽ പത്തു വരെ എണ്ണാനും, പല കുഞ്ഞി പാട്ടുകളുടെ ഈരടികളും റയാൻ പഠിച്ചു വെച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി പ്രവീൺ നായരുടെയും അമേരിക്കൻ യുവതിയായ കെല്ലിയുടെയും ഒറ്റ മോളാണ് ഈ കുഞ്ഞു കാന്താരി. ഇപ്പൊ മനസിലായില്ലേ മലയാളം വന്ന വഴി..
2014 സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോഴാണ് പ്രവീൺ കെല്ലിയെ പരിചയപ്പെടുന്നത്. സുഹൃത്തുക്കളായി, പതിയെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുകയായിരുന്നു. 2015 ഇൽ പ്രവീണിന്റെ വീട്ടുകാരെ കാണാൻ കെല്ലി കേരളത്തിൽ എത്തി. ഒരു മാസത്തോളം കേരളത്തെ അറിയാനായി ജീവിച്ചു. അതിനു ശേഷം രണ്ടു കുടുംബങ്ങളുടെയും ആശിർവാദത്തോടെ വിവാഹം. 2017 ലാണ് റയാൻ ഉണ്ടാകുന്നത്.
അമ്മയുടെ യൂ എസ് ഇംഗ്ലീഷും അച്ഛന്റെ തിരുവനതപുരം മലയാളവും റയാന് പ്രിയപ്പെട്ടതാണ്. കാണാൻ അമ്മയെ പോലെ ആണെങ്കിലും സ്വഭാവത്തിൽ റയാൻ അച്ഛന്റെ തനി പകർപ്പാണെന്നു കെല്ലിയും പറയുന്നു. മൂവരും ഇപ്പോൾ അമേരിക്കയിലെ ലൂയിസ്‌വില്ലയിൽ സെറ്റിൽഡ് ആണ്.
